2009-01-31

കൈപ്പള്ളിയും പുസ്തകശേഖരവും !

മലയാളം ബ്ലോഗിലും ഇന്റര്‍നെറ്റിലും എന്നും പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കാറുള്ള കൈപ്പള്ളിയുടെ മറ്റൊരു ഉദ്യമം ശ്രദ്ദേയമാണ്. അത് കൈപ്പള്ളിയുടെ വാക്കുകളില്‍ ഇങ്ങനെ:

“ഒരു പരമ്പര തുടങ്ങിയിട്ടുണ്ടു്. അതിനായി താങ്കളുടെ പുസ്തക ശേഖരത്തിന്റെ കുറച്ചു ചിത്രങ്ങൾ അയച്ചു തരിക. പലരുടെയും ശേഖരങ്ങൾ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇതിലൂടെ പുസ്തക വായന പ്രോത്സാഹിപ്പിക്കപ്പെടും എന്നു് കരുതുന്നു. മാത്രമല്ല പുസ്തകങ്ങളെ കുറിച്ചുള്ള നല്ല ചർച്ചകൾക്കും ഒരു തുടക്കം ഉണ്ടാകും. മലയാളം ബ്ലോഗിൽ സ്ഥിരം നടക്കുന്ന തറ വിവാദങ്ങളിൽ നിന്നും ഒരല്പം മോചനവും കിട്ടും.”

എനിക്ക് പക്ഷെ കൈപ്പള്ളിക്ക് പുസ്തകശേഖരങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. പുസ്തകങ്ങളെ ജീവനെ പോലെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍,എന്നിട്ടും! അത് എനിക്ക് എങ്ങനെയും പ്രകാശിപ്പിക്കണമായിരുന്നു. അതിനാല്‍ കൈപ്പള്ളിയുടെ ബ്ലോഗില്‍ താഴെ കാണും പോലെ ഒരു കമന്റ് എഴുതി:

എന്റെ പുസ്തകശേഖരം മുഴുവന്‍ അഞ്ചരക്കണ്ടിയിലെ എന്റെ പുതുക്കിപ്പണിത വീടിനോടനുബന്ധിച്ചുള്ള ഷെഡില്‍ ഇരട്ടവാലന്‍ എന്ന ജീവികള്‍ തിന്നു തീര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് വ്യസനസമേതം പറയട്ടെ. വീട്ടുപണി തീര്‍ത്തിട്ടും അവ വീട്ടില്‍ യഥാസ്ഥാനത്ത് അടുക്കി വെക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എന്റെ പുസ്തകപ്രേമത്തെ പരോക്ഷമായെങ്കിലും ബാധിച്ചു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

സാമാന്യം നല്ല ഒരു നിഖണ്ടു ശേഖരം എനിക്കുണ്ടായിരുന്നു. എന്നെ ദു:ഖിപ്പിക്കുന്നത് പക്ഷെ മറ്റൊന്നാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് വളരെ മനോഹരമായ മിനുസമുള്ള കടലാസില്‍ അച്ചടിച്ച നന്നായി ബൈന്‍ഡ് ചെയ്ത, ലളിതമായ ഇംഗ്ലീഷില്‍ വിവരിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളുടെയും മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും ശേഖരവും ഇരട്ടവാലന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഇനി നമുക്ക് സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍ കിട്ടുകയില്ലല്ലൊ. ഏതായാലും കമന്റ് നീണ്ടുപോയി. ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ, ഒന്ന് കൂടി.

കേരള സര്‍ക്കാറിന്റെ ഒരു പ്രൊജക്റ്റ് ആയിരുന്നു 20വാല്യങ്ങളായി സര്‍വ്വവിജ്ഞാനകോശം എന്ന റഫറന്‍സ് ഗ്രന്ഥം പ്രസിദ്ധീകരിക്കുക എന്നത്. എന്നാണ് അത് തുടങ്ങിയത് എന്നോര്‍ക്കുന്നില്ല. ആദ്യം 150രൂപ ആയിരുന്നു ഒരു വാല്യത്തിന്റെ വില,പിന്നിടത് 300രൂപയായി വര്‍ദ്ധിപ്പിച്ചു. ഞാന്‍ 9-)മത്തെ വാല്യം വരെ വാങ്ങിയിരുന്നു. പത്താമത്തെ വാല്യം ഇറങ്ങിയത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും വാങ്ങിയില്ല. വാല്യങ്ങള്‍ ഇറങ്ങുന്നതിനിടയിലെ കാലവിളംബം എന്നില്‍ മടുപ്പ് ഉളവാക്കിയത് കൊണ്ട് പിന്നെ ആ ഭാഗം ശ്രദ്ധിച്ചില്ല. ഇപ്പോള്‍ പിന്നെ അത്തരമൊരു ഗ്രന്ഥങ്ങളുടെ ആവശ്യമില്ലല്ലൊ,മൌസ് കൊണ്ട് ഒന്ന് ക്ലിക്കിയാല്‍ പോരേ. ആ 9വാല്യങ്ങളും ഇരട്ടവാലന് കുറെക്കാലം തിന്നാനുണ്ടാവും. റീ-ബൈന്‍ഡ് ചെയ്ത് വല്ല ഗ്രന്ഥശാലയ്ക്കും കൊടുക്കാമായിരുന്നു,പക്ഷെ സര്‍ക്കാറിന്റെ ആ സര്‍വ്വവിജ്ഞാനകോശം ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോഴുമുണ്ടോ പതിനൊന്നാമത് മുതല്‍ വാല്യങ്ങള്‍ പബ്ലിഷ് ചെയ്തിരുന്നുവോ എന്നറിയില്ലല്ലൊ.

പേപ്പറില്‍ അച്ചടിക്കുന്നത് മൂലം വനനശീകരണം സംഭവിക്കുന്നതിനാല്‍ കൈപ്പള്ളി പേപ്പര്‍ പുസ്തകങ്ങള്‍ക്ക് എതിരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ പക്ഷെ പുസ്തകവും വായനയും മരിച്ചു പോകരുത് ,അത് മനുഷ്യസംസ്കൃതിയുടെ അസ്തിവാരമാണ് എന്ന ആശയക്കാരനാണ്. വനവല്‍ക്കരണം കൊണ്ട് വനനശീകരണത്തെ ഓവര്‍കം ചെയ്യുകയല്ലെ അഭികാമ്യം? അതൊരു ഐഡിയല്‍ കണ്ടീഷന്‍ ആണ് എന്ന് അറിയാഞ്ഞിട്ടല്ല,ചുമ്മാ...:)

അനുബന്ധം


കൈപ്പള്ളിയുടെ ബ്ലോഗിലുള്ള ഒരു പുസ്തകശേഖരത്തിന്റെ ചിത്രമാണ് മുകളില്‍ കാണുന്നത്. അതിന്റെ മുകളില്‍ കാണുന്ന പത്മരാജന്റെ “വാടകയ്ക്ക് ഒരു ഹൃദയം” എന്ന പുസ്തകം കണ്ടപ്പോള്‍ ഓര്‍മ്മകളിലൂടെ കാലത്തിലേക്ക് ഞാന്‍ വീണ്ടും ഒരു മടക്കയാത്ര നടത്തി. ഇത് ഏതോ ഒരു പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. വായന എന്നെയൊരു പിരാന്ത് പോലെ വേട്ടയാടിയ കൌമാരപ്രായം എന്നെ കൊണ്ടു ചെന്നെത്തിച്ചത് മദ്രാസിലെ കോടംബാക്കത്ത്. തെന്നിന്ത്യയിലെ ഹോളിവുഡ് ആയിരുന്നു അന്ന് കോടംബാക്കം. കോളിവുഡ് എന്ന വാക്ക് ഇപ്പോഴെപ്പോഴോ പ്രചാരത്തില്‍ വന്നതാണ്. സിനിമാമോഹവും എന്നെ കലശലായി ബാധിച്ചിരുന്നു. ഇപ്പോഴോര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു. ഒരു തിരക്കഥയുടെ ഔട്ട് ലൈന്‍ എഴുതി മഞ്ഞിലാസിന്റെ ഓഫീസില്‍ ചെന്ന് എം.ഓ.ജോസഫിനെ കണ്ടത്, പ്രേംനസീറിന്റെ വീട്ടില്‍ പോയത് അങ്ങനെ പലതും...

ഒരിക്കല്‍ രാജശ്രീ പിക്ചേര്‍സിന്റെ ഉടമയായിരുന്ന ആര്‍.കെ.നായരുടെ വീട്ടില്‍ അതിരാവിലെയെത്തി എന്തെങ്കിലും ജോലി തരണമെന്ന് കോളിങ്ങ് ബെല്‍ അമര്‍ത്തി വാതില്‍ തുറപ്പിച്ചു അദ്ദേഹത്തോട് ചോദിച്ചു. അതിന് വീട്ടിലാണോ വന്ന് ശല്യം ചെയ്യേണ്ടത് ,ഓഫീസില്‍ വരരുതോ എന്ന് അദ്ദേഹം ക്ഷോഭിച്ചു. മനസ്സ് തകര്‍ന്ന ഞാന്‍ കോടംബാക്കത്ത് നിന്ന് ഒരു സൈക്കിള്‍ വാടകയ്ക്കെടുത്ത് നിര്‍ത്താതെ ഒറ്റ പോക്ക്. ദിവസങ്ങള്‍ കഴിഞ്ഞ് ആന്ധ്രപ്രദേശത്തിലെ കടപ്പയിലെത്തി. അസഹ്യമായ ചൂട് നിമിത്തം സൈക്കിള്‍ അവിടെ റയില്‍‌വേസ്റ്റേഷനില്‍ ഉപേഷിച്ച് കള്ളവണ്ടി കയറി കോടംബാക്കത്ത് തിരിച്ചെത്തി സൈക്കിള്‍ കടക്കാരനോട് സൈക്കിള്‍ ആക്സിഡന്റില്‍ നുറുങ്ങിപ്പോയി എന്ന് പറഞ്ഞു തടിയൂരി.

കോടമ്പാക്കത്ത് ഞാന്‍ ഒരു മലയാളം സര്‍ക്യുലേറ്റിങ്ങ് ലൈബ്രറി തുടങ്ങി മലയാളികളുടെ വീടുകളില്‍ പോയി വരിക്കാരായി ചേര്‍ത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന പുസ്തകമായിരുന്നു “വാടകയ്ക്കൊരു ഹൃദയം”. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് പത്മരാജനെയായിരുന്നു. ലോട്ടറി(അന്ന് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ലോട്ടറി ഉണ്ടായിരുന്നു,ഇന്നില്ല)അടിച്ചാല്‍ പത്മരാജന്റെ “ഇതാ ഇവിടെ വരെ”യും, “വാടകയ്ക് ഒരു ഹൃദയ”വും സിനിമയാക്കുമെന്ന് ഞാന്‍ കിനാവ് കാണാറുണ്ടായിരുന്നു. ഏറെത്താമസിയാതെ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തികപ്രയാസം നിമിത്തം ലൈബ്രറി ഉപേക്ഷിച്ച് ട്രെയിനില്‍ ടിക്കറ്റെടുത്ത് ഞാന്‍ നാട്ടിലെത്തുകയും ആ നോവലുകള്‍ സിനിമയാവുകയും ചെയ്തു. ഇപ്പോള്‍ കൈപ്പള്ളിയുടെ ബ്ലോഗില്‍ പുസ്തകങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഓ.എന്‍.വി എഴുതിയ പോലെ “ ഒരു വട്ടം കൂടിയാ പുസ്തകങ്ങള്‍ ചുമന്ന് മദ്രാസിലെ തെരുവുകളില്‍ അലയാന്‍ മോഹം” വെറുതെയാണെങ്കിലും!

4 comments:

അഞ്ചല്‍ക്കാരന്‍ said...

എത്ര തിരക്കും ബുദ്ധിമുട്ടും ഉണ്ടെങ്കിലും പുസ്തകങ്ങള്‍ ഇരട്ടവാലനു തിന്നാല്‍ കൊടുത്തത് മാപ്പര്‍ഹിയ്ക്കുന്നില്ല. കഴിയുന്നതും വേഗം ബാക്കിയുള്ളതെങ്കിലും രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കണം.

അനില്‍ശ്രീ... said...

അഞ്ചല്‍‍ക്കാരനെ പിന്താങ്ങുന്നു. ഒന്നും പറ്റുന്നില്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളിന്റെ ലൈബ്രറിക്ക് കൊടുത്തു കൂടേ?

Kaippally കൈപ്പള്ളി said...

ഈ പോസ്റ്റിൽ ഒരു മെഗാസീരിയലിന്റെ കഥയ്ക്കുള്ള scope ഉണ്ടു്. അണ്ണൻ എഴുതണം.

അഗ്രജന്‍ said...

കൈപ്പള്ളി പറഞ്ഞതു പോലെ താങ്കൾ ആ കാലത്തെ കുറിച്ച് എഴുതണം... വെറും രണ്ടു പാരഗ്രാഫുകൾക്ക് പോലും ഇത്രയ്ക്കും പറയാൻ കഴിയുമെങ്കിൽ ആ കാലത്തിനു മൊത്തം എന്തൊക്കെ പറയാൻ കാണും... താങ്കളെഴുതണം...