2009-08-18

ആസിയന്‍ ആകുലതകള്‍

തറവാടിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

കേരളത്തില്‍ ഇത്തിരി മാതം ഉല്പാദിപ്പിച്ച് വരുന്ന നാണ്യവിളകളാണ് കേരളത്തിന്റെ സമ്പത്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് എന്നൊരു അന്ധവിശ്വാസം ഇപ്പോഴും രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് എത്രയും വേഗം തിരുത്തണം. കേരളം അക്ഷരാര്‍ത്ഥത്തില്‍ ജീവിയ്ക്കുന്നത് മറുനാട്ടില്‍ ജോലിയോ ബിസിനസ്സോ ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് മാത്രമാണ്. ആ പണം ഇല്ലെങ്കില്‍ നാണ്യവിളക്കാരനും പട്ടിണിയിലാവും.നാണ്യവിളക്കാരന്‍ തന്നെ ജോലിയ്ക്ക് ആളെ കിട്ടാത്തത്കൊണ്ടും,ഉയര്‍ന്ന കൂലികൊണ്ടും,ആളെ കിട്ടിയാല്‍ തന്നെയും പണിയില്‍ ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ടും നട്ടം തിരിയുകയാണ്.

നാണ്യവിളകൊണ്ട് കേരളത്തിന് ലഭിക്കുന്ന തുകയുടെ എത്രയോ ആയിരം ഇരട്ടി തുകയാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വേണ്ടി കേരളം അയല്‍‌സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ പണം മറുനാടന്‍ മലയാളികളാണ് മുടങ്ങാതെ എത്തിക്കുന്നത്. ഇതിനിടയില്‍ കച്ചവടക്കാര്‍ ശരിക്കും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. സാധനങ്ങളുടെ വില ഇന്ന് ആരും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കള്ളക്കണക്കും,അളവ് തൂക്കത്തില്‍ കൃത്രിമവും മായം ചേര്‍ക്കലും എല്ലാം ജനം സഹിക്കുന്നു. വിയര്‍പ്പ് ചിന്താതെ കിട്ടുന്ന പണം ആയതിനാലാവും ആര്‍ക്കും വേവലാതി ഇല്ലാത്തത്. ഗള്‍ഫില്‍ ചൂടില്‍ പൊരിയുന്നവര്‍ നാട്ടില്‍ തങ്ങളുടെ കഷ്ടപ്പാട് ആരെയും അറിയിക്കാറുമില്ല.

ഞാന്‍ പറഞ്ഞുവരുന്നത് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ഉപഭോക്താക്കളുടെ കാര്യമാണ് സംസാരിക്കേണ്ടത്. ജനകീയാസൂത്രണത്തില്‍ ചെലവാക്കിയ കോടികള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ആസിയന്‍ കരാര്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭിക്കാന്‍ ഉപകാരപ്പെടുമെങ്കില്‍ കേരളം രക്ഷപ്പെടും. നാണ്യവിളക്കാരന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കട്ടെ. അല്ലാതെ ഉള്ള വിളവിന് പരിധിയില്ലാത വില കിട്ടണം എന്നാഗ്രഹിച്ചാല്‍ ഇനിയത്തെ കാലത്ത് അത് നടപ്പില്ല.കേരളത്തില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി ഇരുനൂറ് തേങ്ങ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കേരകര്‍ഷകന് അതിന്റെ പത്തിരട്ടിയോളം ലഭിക്കും. മാത്രമല്ല തെങ്ങിന്‍ തടങ്ങളില്‍ ഇടവിളയും കൃഷി ചെയ്യും. ഇപ്പോഴിതാ ഓണത്തിന് പൂക്കളമിടാന്‍ വാടാമല്ലിയും ജമയന്തിയും ഒക്കെ പാകമായി. ഇതൊന്നും കേരളത്തിലെ നാണ്യവിളക്കാരനോ തൊളിലാളികള്‍ക്കോ വയ്യ. പണം കിട്ടണം എന്ന് മാത്രം

11 comments:

Joker said...

നാണ്യവിളകൊണ്ട് കേരളത്തിന് ലഭിക്കുന്ന തുകയുടെ എത്രയോ ആയിരം ഇരട്ടി തുകയാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വേണ്ടി കേരളം അയല്‍‌സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ പണം മറുനാടന്‍ മലയാളികളാണ് മുടങ്ങാതെ എത്തിക്കുന്നത്. ഇതിനിടയില്‍ കച്ചവടക്കാര്‍ ശരിക്കും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. സാധനങ്ങളുടെ വില ഇന്ന് ആരും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കള്ളക്കണക്കും,അളവ് തൂക്കത്തില്‍ കൃത്രിമവും മായം ചേര്‍ക്കലും എല്ലാം ജനം സഹിക്കുന്നു. വിയര്‍പ്പ് ചിന്താതെ കിട്ടുന്ന പണം ആയതിനാലാവും ആര്‍ക്കും വേവലാതി ഇല്ലാത്തത്. ഗള്‍ഫില്‍ ചൂടില്‍ പൊരിയുന്നവര്‍ നാട്ടില്‍ തങ്ങളുടെ കഷ്ടപ്പാട് ആരെയും അറിയിക്കാറുമില്ല.
========================
100 മാര്‍ക്ക് ഞാനൊരു പ്രവാസിയായത് കൊണ്ട് പ്രത്യേകിച്ചും. ആസിയാനുമായി ചേര്‍ത്തു കെട്ടേണ്ട്റ്റതില്ലെങ്കിലും നമ്മള്‍ മലയാളികള്‍ ദിനം പ്രതി വെറും മടിയന്മാരാകുന്നു എന്നത് ഒരു യാഥാര്‍ത്യമാണ്. എങ്കിലും ക്യഷിയില്‍ കൂടി ജീവിതം പുലര്‍ത്തുന്നവര്‍ ഉണ്ട് എന്ന കാര്യം മറക്കരുത്. നമ്മള്‍ വെറും ഉപഭ്ബോഒക്താക്കള്‍ മാത്രമായി മാറ്രുന്നതിന്‌ നിര്‍ബാധമുള്ള് ഉല്പന്ന ലഭ്യത കാരണമായിട്ടില്ലേ ?
തുറന്ന വിപണികളില്‍ ഇപ്പോള്‍ തന്നെ ഉല്പാദന ചിലവ് കൂടിയ നമ്മുടെ ഉല്പന്നങ്ങള്‍ക്ക് മറ്റ് നാടുകളിലെ ഉലപന്നങ്ങള്‍ കൂടി വരുന്നതോടെ മല്‍ സരിക്കാന്‍ വയ്യാത്ത അവസ്ഥയാകും. എന്നാണ് എനിക്ക് തോന്നുന്നത്.

വിദേശ മലയാളിയുടെ മടിശ്ശീല അഴിയുമ്പോള്‍ കാര്യങ്ങള്‍ പിടി വിടും എന്നാണ് തോന്നുന്നത്. ഇപ്പോഴുള്ള പത്രാസ്( മൊബൈല്‍, ബൈക്ക്, കള്ള് കുടി ) എല്ലാം അവസാനിക്കും. മലയാളി പിന്നെയും നന്നാകുമോ എന്നുള്ളതാണ്നോക്കെണ്ടത്.

Unknown said...

ജോക്കര്‍, നാട്ടില്‍ യാഥാര്‍ഥ്യങ്ങള്‍ ആരും ഉറക്കെ തുറന്ന് പറയുന്നില്ല അതാണ് ഏറ്റവും കഷ്ടം. രാഷ്ട്രീയക്കാര്‍ ചില റെഡിമെയിഡ് വിഷയങ്ങള്‍ അല്ലാതെ ഒന്നും മിണ്ടുന്നില്ല. പ്രവാസികളെ കറവപ്പശുക്കളായിട്ടാണ് കേരളം കാണുന്നത്. മറ്റൊന്ന് അവിദഗ്ദ്ധ തൊളിലാളികള്‍ കൂട്ടത്തോടെ ഗള്‍ഫില്‍ കുടിയേറിയത്കൊണ്ട് കാര്‍ഷികത്തൊഴിലിന് നാട്ടില്‍ ആളെ കിട്ടാനുമില്ല. ഏതായാലും ഈ സ്ഥിതിയില്‍ അടുത്തൊന്നും മാറ്റം വരില്ല. ആസിയന്‍ കരാറുകള്‍ വരട്ടെ. അതിജീവനത്തിന് മലയാളികള്‍ സജ്ജമാകട്ടെ. ഇടത്പക്ഷ രീതികള്‍ നമ്മെ മത്സരസജ്ജരാക്കുന്നില്ല ഒട്ടും. മലയാളിക്ക് ആവശ്യത്തിലധികം അവകാശബോധം പകര്‍ന്ന് നല്‍കിയ ഇടത് പക്ഷം അശേഷം ചുമതലാബോധം നല്‍കിയില്ല. നാട് വിട്ടാല്‍ എല്ലാ ജോലിയും ആത്മാര്‍ത്ഥതയോടെ മലയാളികള്‍ ചെയ്യും. എന്നാല്‍ നാട്ടില്‍ ഭക്ഷണം,വിശ്രമം,മൊബൈല്‍,കള്ളു ഇത്യാദി തന്നെ ജോലി ചെയ്യല്‍... പണിക്ക് വിളിച്ചാല്‍ പണിക്കാരെ ഭയപ്പെടേണ്ട അവസ്ഥ. മിണ്ടിയാല്‍ നാളെ വന്നില്ലെങ്കിലോ!

prashanth said...

ഒന്ന്: നമ്മുക്ക് നമ്മുടെ പ്രധാനമന്ത്രിയെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

രണ്ട്: കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞ 6 വര്‍ഷമായി ഇരുപക്ഷവും ശ്രമിക്കുന്നു. ഈ 6 വര്‍ഷമായി എന്തുകൊണ്ട് സര്‍വ്വകക്ഷി യോഗങ്ങളും, ഫെഡറല്‍ സംവിധാനത്തെ സംസ്ഥാനങ്ങളുമായി ഇതെപറ്റി ചര്‍ച്ച ചെയ്തില്ല?

മൂന്ന്: തറവാടി പറഞ്ഞപോലെ, ഈ പറഞ്ഞ നാണ്യവിളകളൊന്നുമല്ല കേരളത്തെ താങ്ങുന്നത്... ആ കാര്യം ചെയ്യുന്നത് അന്യ നാട്ടില്‍ പോയി പണി ചെയ്ത്, അവിടെ ജീവിച്ച് മെച്ചം പിടിക്കുന്ന കാശ് നാട്ടിലേക്ക് അയക്കുന്നവര്‍ ആണ്.

നാല്: എവിടെ കുറെ പേരുണ്ട്. പുതിതായി ഒന്നും കൊണ്ടുവരുകയുമില്ല, മറ്റ് പുതിയ എല്ലാ കാര്യങ്ങളെയും കണ്ണും പൂട്ടി എതിര്‍ക്കും.(പഴയ ഉദാഹരണങ്ങളായ ട്രാക്റ്റര്‍, കമ്പ്യൂട്ടര്‍ എന്നിവ ഓര്‍ക്കുക. ) അത്തരക്കാര്‍ പറയുന്നത് മുഖവിലക്ക് എടുക്കാതിരിക്കാം.

Unknown said...

പ്രശാന്ത്, ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ നാം വിശ്വസിച്ചേ പറ്റൂ. ജനാധിപത്യത്തിന്റെ ഈ പ്രാഥമികമര്യാദ രാഷ്ട്രീയക്കാര്‍ അംഗീകരിച്ചാല്‍ തന്നെ അനാവശ്യ ബഹളങ്ങള്‍ ഒഴിവാകും. ഇപ്പോള്‍ വെറുതെ പുകമറ സൃഷ്ടിച്ച് മുതലെടുക്കാനാണ് പാര്‍ട്ടികള്‍ക്ക് താല്പര്യം. ഇടത്പക്ഷങ്ങക്ക് പിന്നെ ജനാധിപത്യം ബാധകമല്ല. അവര്‍ ചെരുപ്പ് ആദ്യമേ തയ്ച്ച് വെച്ചിട്ടുണ്ട്.കാലുകള്‍ ചെത്തി ശരിയാക്കാനാണ് പാഴ്ശ്രമം.

അശോക് കർത്താ said...

സബാഷ്. കാര്യങ്ങൾ പച്ചയായി തുറന്ന് പറയപ്പെടട്ടെ. ചർച്ച ചെയ്യപ്പെടട്ടെ.

Manoj മനോജ് said...

സുകുമാര്‍ജി,
ആസിയന്‍ കരാര്‍ കേരളത്തിന് വേണ്ടിയുള്ളതാണെന്ന് ചുരുങ്ങി ചിന്തിക്കുന്നത് ഇനിയെങ്കിലും ഒഴിവാക്കികൂടേ!
സമയക്കുറവ് കൊണ്ട് ഒരു കാര്യം മാത്രം... 1995 മുതല്‍ 2005 വരെയുള്ള 10 കൊല്ലത്തെ കണക്ക് ലഭ്യമാണ്. ഒന്ന് ഓടിച്ച് നോക്കിയാല്‍ താങ്കല്‍ഊടെ ഈ അഭിപ്രായം മാറും തീര്‍ച്ച. അതും കര്‍ഷക ആത്മഹത്യകളുമായി താരതമ്യം ചെയ്താല്‍ താങ്കളുടെ ഇപ്പോഴത്തെ “അതിജീവനത്തിന്റെ“ ചിത്രം വ്യക്തമാകും. ഞാന്‍ ഇന്ത്യന്‍ ക്യാന്വാസ് മനസ്സില്‍ കണ്ട് കൊണ്ടാണ് പറയുന്നത് :)

ഒന്ന് കൂടി... ഞമ്മള്‍ വാങ്ങി കഴിക്കുന്ന പയറ് വര്‍ഗ്ഗങ്ങള്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയുമോ? 2007-08ല്‍ എത്രമാത്രം പയറ് വര്‍ഗ്ഗങ്ങള്‍ ഇറക്ക് മതി ചെയ്യപ്പെട്ടു. അപ്പോള്‍ വിപണിയില്‍ കാശ് കൂടുതല്‍ കൊടുത്ത് വാങ്ങി കൊണ്ടിരിക്കുന്നതിന്റെ ലാഭം ആരിലാണ് ചെന്ന് എത്തിയിരിക്കുന്നത്? ഇന്ത്യയിലെ ഇമ്പോര്‍ട്ട് ചെയ്യുന്ന ബിസിനസ്സ് മാഗ്നറ്റിന്റെ കയ്യിലല്ലേ?????? :)

കൂടുതല്‍ വഴിയേ... :)

Unknown said...

മനോജ്, ആസിയന്‍ കരാര്‍ കേരളത്തിന്റെ മരണമണി ആണെന്ന മട്ടില്‍ചില നേതാക്കളുടെ പ്രസംഗം കേട്ടത്കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

നമ്മള്‍ അഞ്ച് വര്‍ഷക്കാലം ഭരണനിര്‍വ്വഹണം നടത്താന്‍ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നു. വേറെ മാര്‍ഗ്ഗം ഒന്നുമില്ലല്ലൊ. ആ സര്‍ക്കാരിനെ വിശ്വസിക്കാന്‍ നമുക്ക് ബാധ്യതയുണ്ട് എന്ന് ഞാന്‍ കരുതുന്നു. നമുക്ക് വ്യത്യസ്തമായ രാഷ്ട്രീയാഭിപ്രായം ഉണ്ടാകാം,അത് വേണം താനും. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം പരമാധികാരം പണയം വെക്കല്‍,ജനദ്രോഹം എന്നിങ്ങനെ പ്രചരണം നടത്തുമ്പോള്‍ അത്തരം വാദങ്ങള്‍ ആരും വിലവെക്കുകയില്ല.

ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്. 120 കോടിയോളം വരുന്ന ജനതയെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കുകയും അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുകയും ചെയ്യുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതേ സമയം രാജ്യാന്തരകരാറുകളില്‍ നിന്ന് മാറി നില്‍ക്കാനും കഴിയില്ല. ഇതിലൊക്കെ ചുമതലപ്പെടുത്തപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിശ്വസിച്ചേ പറ്റൂ. നമ്മള്‍ അതിജീവിയ്ക്കുക തന്നെ ചെയ്യും. തെറ്റുണ്ടെങ്കില്‍ തിരുത്തിക്കൊണ്ടല്ലാതെ പൂര്‍ണ്ണമായും ശരി ചെയ്തു മുന്നേറുക അസാധ്യമെന്ന് തോന്നുന്നു.

Unknown said...

വിപണി നിയന്ത്രിക്കാന്‍ ഫലപ്രദമായ സംവിധാനം വേണം. എതിര്‍പ്പിന്റെ സ്ഥാനത്ത് സമന്വയമായിരുന്നു വേണ്ടിയിരുന്നത് :)

Manoj മനോജ് said...

"എതിര്‍പ്പിന്റെ സ്ഥാനത്ത് സമന്വയമായിരുന്നു വേണ്ടിയിരുന്നത്"
2003ല്‍ ആസിയനുമായി വാജ്പെയി ബാലിയില്‍ ഒപ്പിട്ടത് മുതല്‍ എന്ത് കൊണ്ട് ആരും ഒന്നും പറഞ്ഞിരുന്നില്ല. എന്ത് കൊണ്ട് ഗവണ്മെന്റിലുള്ള ആന്റണിയും വയലാര്‍ രവിയും ആശങ്ക പ്രകടിപ്പിച്ചു!

ഇത് ഒപ്പിടുന്ന സമയത്ത് പോലും ഒപ്പിടുന്നത് നീട്ടുമെന്ന ധാരണയിലായിരുന്നു അവിടെ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികള്‍ പ്രസ്താവനകള്‍ നടത്തി കൊണ്ടിരുന്നത്!!!

“ഇതിലൊക്കെ ചുമതലപ്പെടുത്തപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിശ്വസിച്ചേ പറ്റൂ. നമ്മള്‍ അതിജീവിയ്ക്കുക തന്നെ ചെയ്യും.“
10 കൊല്ലത്തിനുള്ളില്‍ എക്സ്പോര്‍ട്ടിനേക്കാള്‍ കൂടുതലാണ് ഇമ്പോര്‍ട്ട്. ഇനിയും ആരെ വിശ്വസിക്കണം? നെഗറ്റീവ് കാറ്റഗറി പരസ്യപ്പെടുത്താന്‍ ധൈര്യമില്ലാത്തവരെയോ?

ശരിയായിരിക്കാം ഈ കരാര്‍ വഴി സര്‍വീസ് മേഖലയില്‍ ബില്ല്യണ്‍ കണക്കിന് കരാര്‍ കിട്ടും പക്ഷേ അതേ സമയം 2% പ്പൊലും വളര്‍ച്ചയില്ലാത്ത കാര്‍ഷിക രംഗത്തിന് എന്ത് സംഭവിക്കും? 2019ല്‍ ഈ നെഗറ്റീവ് കാറ്റഗറി സാധനങ്ങള്‍ എല്ലാം തന്നെ 40-50% വരെ തീരുവ കുറയ്ക്കണം എന്നിരിക്കേ എന്ത് പ്രതിരോധമാണ് ഗവണ്മെന്റിന്റെ കയ്യിലുള്ളത്? ഈ കരാര്‍ താമസിക്കുവാന്‍ കാരണം ഇന്ത്യ ക്രൂഡ് പാം ഓയിലിന് തിരുവ കുറയ്ക്കില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. എന്നാല്‍ അതിനും ഇന്ത്യ വഴങ്ങി!

ഇനിയിപ്പോള്‍ ആസിയന്‍+6 രാജ്യങ്ങളുമായിട്ടാണ് അടുത്ത ഫ്രീ ട്രേഡ്!!!!!!!!!

Unknown said...

മനോജിന് കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. പക്ഷെ സര്‍ക്കാരിന് ഉപഭോക്താക്കളുടെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഉള്ളിയ്ക്ക് വില കൂടിയപ്പോള്‍ എന്തായിരുന്നു പുകില്.ഇവിടെ ആവശ്യത്തിന് ഭഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നില്ല. മറ്റൊന്ന് നാണ്യവിളകള്‍ കയറ്റുമതി ചെയ്യുകയും വേണം. അപ്പോള്‍ കയറ്റുമതിയും ഇറക്കുമതിയും ഏത് രാജ്യത്തിനും അനിവാര്യമാണ്.കരാറുകളിലൂടെയേ ഇത് നടക്കുകയുള്ളൂ.

നമ്മള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു,കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നു.ഇവിടെ നമ്മുടെ നിലപാട് എന്തായിരിക്കും?കശുവണ്ടി കുറഞ്ഞ വിലയ്ക്ക് കിട്ടണം എന്നായിരിക്കില്ലെ? അസംഘടിതരായത്കൊണ്ട് ഉപഭോക്താക്കളുടെ കാര്യം ആരും പറയുന്നില്ല. കച്ചവടക്കാര്‍ക്ക് രാഷ്ടീയമായും അല്ലാതെയും സംഘടനകളുണ്ട്.അവരും സമരം ചെയ്യുന്നു. നിശ്ചിതവരുമാനക്കാരായ മഹാഭൂരിപഷം വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനു നോക്കിയേ പറ്റൂ.

ഉല്പാദനച്ചെലവ് കുറച്ച്,ഉല്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്രവിപണിയില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം എന്നേ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് എനിക്ക് പറയാന്‍ കഴിയൂ. കര്‍ഷകരുടെയും കച്ചവടക്കാരുടെയും കുത്തകയില്‍ നിന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുണ്ട്. ഇത് വ്യത്യസ്തമായ സ്വരമാണെന്ന് അറിയാം. പിന്നെ ഞങ്ങള്‍ ഉപഭോക്താക്കള്‍ എന്ത് പറയണമായിരുന്നു, കര്‍ഷകര്‍ക്ക് പരിധിയില്ലാത്ത വില നല്‍കി ഞങ്ങള്‍ ഉപഭോക്താക്കളെ ജീവിയ്ക്കാന്‍ അനുവദിക്കാതിരിക്കൂ എന്നോ? ഇപ്പോള്‍ മാര്‍ക്കറ്റില്‍ മത്സ്യത്തിനും പഴം പച്ചക്കറികള്‍ക്കും പയര്‍ വര്‍ഗ്ഗങ്ങള്‍ക്കും എന്താ വിലയെന്നറിയാമോ? കര്‍ഷകവിലാപം നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ കാര്യം കൂടി പറഞ്ഞു ജീവിയ്ക്കൂ,ജീവിയ്ക്കാന്‍ അനുവദിക്കൂ എന്നൊരു സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ തരക്കേടില്ലായിരുന്നു.

Manoj മനോജ് said...

സുകുമാര്‍ജി,
ഉപഭോക്താവിന് വില കുറച്ച് സാധനം വേണം. അതായിരിക്കണം ലക്ഷ്യം. പക്ഷേ എന്ത് കൊണ്ട് ഉപഭോക്താവ് വില കൂടുതല്‍ നല്‍കുന്നു എന്ന് ചിന്തിക്കേണ്ടേ. നമ്മള്‍ കൊടുക്കുന്ന വിലയുടെ എത്ര ശതമാനം അത് ഉല്‍പ്പാദിപ്പിച്ച കര്‍ഷകന് ലഭിച്ചിട്ടുണ്ട് എന്ന് നോക്കിയാല്‍! അപ്പോള്‍ കര്‍ഷകനെയും, ഉപഭോക്താവിനെയും പിഴിഞ്ഞ് കൊള്ള ലാഭം ഉണ്ടാക്കുന്ന മദ്ധ്യസ്ഥരാണ് വില്ലന്മാര്‍. വങ്കിട താപ്പാനകളായ അവരെയാണ് ഒതുക്കേണ്ടത്. 2007-2008ല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക സാധനങ്ങള്‍ നമ്മള്‍ ഇറക്ക് മതി ചെയ്തിരുന്നു. എന്നിട്ടും എന്ത് കൊണ്ട് വിപണിയില്‍ വില കുറഞ്ഞില്ല? അരി ക്ഷാമം ഉണ്ടായപ്പോള്‍ എന്താണ് നടന്നത്? അരി വില കൂട്ടിയത് കര്‍ഷകരോ വങ്കിട വില്‍പ്പനക്കാരോ?

ഈ വര്‍ഗ്ഗം എല്ലായിടത്തുമുണ്ട്. ഇന്ത്യ അരി കയറ്റ്മതി ചെയ്യുന്നത് നിരോധിച്ചപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ കടകളില്‍ $10ന് കിട്ടിയിരുന്ന അരി $30 ആയി. പഴയ വിലയ്ക്ക് ഈ കടക്കാര്‍ സ്റ്റോക്ക് ചെയ്തിരുന്ന അരിക്കാണ് ഉപഭോക്താവ് കൂടുതല്‍ നല്‍കുന്നത് എന്നത് ഓര്‍ക്കുക. ബസുമതി ഇപ്പോള്‍ ഇന്ത്യ കയറ്റ് മതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും കടക്കാര്‍ ആ പഴയ $10ലേയ്ക്ക് മടങ്ങിയില്ല! $5 കുറച്ച് $25ന് അവര്‍ ഇപ്പോഴും വിറ്റ് കൊണ്ടിരിക്കുന്നു!!!! ഈ പ്രശ്നത്തില്‍ അരി ഉല്‍പ്പാദിപ്പിച്ച കര്‍ഷകന് എന്ത് നേട്ടം കിട്ടി?

യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കുന്നത് തന്നെയാണ് ഉപഭോക്താവിന് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നത്. കൊള്ള ലാഭം ഉണ്ടാക്കുന്ന വങ്കിട ഇടനിലക്ക്കാരെയാണ് ഇല്ലാതാക്കേണ്ടത്. അതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് തയ്യാറാകുമോ? പൊന്മുട്ടയിടുന്ന താറാവിനെയാണ് അവര്‍ക്കാവശ്യം.