2009-07-13

ലാല്‍ സലാം വി.എസ്സ് !


വാക്ക് എന്ന മലയാളം കമ്മ്യൂണിറ്റിയില്‍ ഞാന്‍ ഇപ്പോള്‍ എഴുതിയ കമന്റ് താഴെ:

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഈ രാജ്യത്ത് താരതമ്യേന ചെറിയ ഒരു പാര്‍ട്ടിയാണ് സി.പി.എം. എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നത് കൊണ്ട് വലിയ പാര്‍ട്ടിയാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിനും ബംഗാളിനും പുറത്ത് സാധാരണക്കാര്‍ സി.പി.എം.എന്ന പാര്‍ട്ടിയെക്കുറിച്ച് ഓര്‍ക്കുന്നേയില്ല. ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച മുരടിച്ചു. ഇന്ത്യയിലും സി.പി.എം. ഇതിനപ്പുറം വളരാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞു വരുന്നത് വി.എസ്സിനെ തരം താഴ്ത്തിയ നടപടി സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം എന്നതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരപ്രധാനസംഭവമാണെന്നാണ്. നമ്മുടെ ജനാധിപത്യരാഷ്ട്രീയസമ്പ്രദായത്തിന് സി.പി.എമ്മീന് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ വി.എസ്സിനെ തഴയുന്ന നടപടി ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക തന്നെ ചെയ്യും. ഇതില്‍ പ്രത്യയശാസ്ത്രപരമോ ധാര്‍മ്മികമായതോ ആയ പ്രശ്നങ്ങള്‍ ഒന്നുമില്ല. വി.എസ്സിന്റെ വലം‌കൈ ആയി നിന്ന് സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കിയ പിണറായി അവസരം ലഭിച്ചപ്പോള്‍ വി.എസ്സിനെ തഴഞ്ഞ് പാര്‍ട്ടിയെ സ്വന്തം സ്ഥാപനമായി മാറ്റാന്‍ തുനിഞ്ഞതാണ് വി.എസ്സ്-പിണറായി മത്സരത്തിന്റെ അടിസ്ഥാനം. പിണറായി അത്ര ദൂരം പോകാതെ വി.എസ്സിനെ സമഭാവനയോടെയെങ്കിലും കണ്ടിരുന്നുവെങ്കില്‍ ഇന്ന് ലാവലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ വി.എസ്സ്.മുന്‍‌നിരയില്‍ ഉണ്ടാകുമായിരുന്നു. സ്വന്തം പ്രതിരോധത്തിന് കച്ചിത്തുരുമ്പെന്ന പോലെ വി.എസ്സ്. ലാവലിന്‍ കേസ് ഉപയോഗപ്പെടുത്താന്‍ നോക്കിയത് പി.ബി.യില്‍ തോല്‍പ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞു. പി.ബി./സി.സി. എന്നൊക്കെ പറയുന്നത് കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ചു നിലനില്‍ക്കുന്ന ദുര്‍ബ്ബലമായ സംവിധാനങ്ങള്‍ മാത്രമാണ്. കാരാട്ടിന് പിണറായിക്കെതിരെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. കേരളത്തില്‍ സി.പി.എം. എന്നാല്‍ പിണറായി മാത്രമായിക്കഴിഞ്ഞു. അതിന്റെ കാരണം സി.പി.എം. എന്നാല്‍ വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ല. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, കോടികളുടെ ഇടപാട് നടത്തുന്ന ഒരു സ്ഥാപനം കൂടിയാണ്. പിണറായി താഴെ ഇറങ്ങിയാല്‍ സ്ഥാപനം അനാഥമായിപ്പോകുമോയെന്ന് പിണറായിയുടെ കൂടെ നില്‍ക്കുന്നവര്‍ ഭയപ്പെടുന്നു. വെറും ആദര്‍ശം പറഞ്ഞുകൊണ്ട് ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കാന്‍ കഴിയില്ല.

സി.പി.എം. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്നതിലപ്പുറം മതവിശ്വാസത്തിന് സമാനമായ ഒരു വിശ്വാസത്താല്‍ നയിക്കപ്പെടുന്ന ലക്ഷക്കണക്കിന് അനുഭാവികളുള്ള സംഘടന കൂടിയാണ്. അതിനാല്‍ താല്‍ക്കാലികമായ ഒരു തിരിച്ചടി ഉണ്ടായാല്‍ പോലും പാര്‍ട്ടിയുടെ ഇന്നത്തെ അടിത്തറ തകരില്ല. എന്നാല്‍ ക്രമേണ സാധാരണക്കാര്‍ ഈ പാര്‍ട്ടിയില്‍ നിന്ന് അകലും. എല്‍.ഡി.എഫ്. ശിഥിലമാവും. അതിന്റെ ആരംഭം തുടങ്ങിക്കഴിഞ്ഞു.

വി.എസ്സ്. ഇനി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് വിശ്രമിക്കുന്നതാണ് നല്ലത്. എന്തായാലും താമസം വിനാ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കും. അത് വരെ ആ സ്ഥാനത്ത് അദ്ദേഹം കടിച്ചു തൂങ്ങിനില്‍ക്കുന്നത് ഭൂഷണമല്ല. കൂടം അടിച്ചു കീടം തെറിച്ചു. സൈദ്ധാന്തികമായോ പ്രത്യയശാസ്ത്രപരമായോ സാംസ്ക്കാരികമായോ കേരള പൊതുസമൂഹത്തില്‍ ഇനി സി.പി.എമ്മിന് ഒന്നും ചെയ്യാനില്ല. പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൊതുജനങ്ങളില്‍ നിന്ന് അകന്ന് ഇനിയെത്ര കാലം നിലനില്‍ക്കും എന്നേ അറിയാനുള്ളൂ.

ലാല്‍ സലാം വി.എസ്സ്!

ഇത് കൂടി വായിക്കുക: (ഇനി പാര്‍ട്ടി ജനങ്ങളില്ലാതെ)

8 comments:

ചാണക്യന്‍ said...

പണത്തിന് മുകളില്‍ സി പി എമ്മും പറക്കില്ല അല്ലെ..മാഷെ...
ഹിഹിഹിഹിഹിഹിഹിഹിഹിഹി...

നാട്ടുകാരന്‍ said...

ഒരു പഞ്ചതന്ത്രം കഥ :

ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര്‍ കൂടിയാലോചിച്ചു.
മഹാബുദ്ധിമാനായ ഒരു കുരങ്ങന്‍ ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
അവരുടനെ അത് നടപ്പിലാക്കി.
വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
സഹികെട്ട കുരങ്ങന്മാ‍ര്‍ സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.

ഓ.വി വിജയന്‍ പറഞ്ഞു :

"ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാ‍ഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"


ലാല്‍‌സലാം സഖാവേ............

മറ്റൊന്നും പറയാനില്ല!

imprints.com said...

"സൈദ്ധാന്തികമായോ പ്രത്യയശാസ്ത്രപരമായോ സാംസ്ക്കാരികമായോ കേരള പൊതുസമൂഹത്തില്‍ ഇനി സി.പി.എമ്മിന് ഒന്നും ചെയ്യാനില്ല."

You said it rightly.
CPM and left politics is outdated.
All these incidents are just a reflection of its decay.

Unknown said...

“വാക്കി”ല്‍ John Chacko പറഞ്ഞത്:
സുകുമാരന്‍ സാര്‍.,
താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കുന്നു...
പി.ബി, കേന്ദ്ര കമ്മറ്റി എന്നൊക്കെ പറഞ്ഞു വെറുതെ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുക എന്നതല്ലാതെ...
വേറെ കാര്യം ഒന്നും ഇല്ല... വി.എസ് മാന്യമായി രാജി വച്ച് മാറി നില്‍ക്കട്ടെ. ഈ പ്രായത്തില്‍ അദ്ധേഹത്തിനു പാര്‍ട്ടിയെ തിരുത്താന്‍ ആവില്ല. ..
പാര്‍ട്ടിയുടെ ഗതി തല്ക്കാലം പിണറായി യുടെ കൈകളില്‍ തന്നെ... വേറെ ഒരു നേതാവ് ഉയര്‍ന്നു വരുന്നത് വരെ....

Unknown said...

“വാക്കി”ല്‍ Nissahayan എന്ന പേരില്‍ മറ്റൊരു സുഹൃത്ത് പ്രതികരിക്കുന്നു:

ശ്രി കെ.പി.സുകുമാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സാധാരണക്കാരില്‍ പ്രത്യാശയുണ്ടാക്കി പിറന്നുവീണ പാര്‍ട്ടി മൂന്ന് സ്റ്റേറ്റുകളില്‍ മാത്രമെ നിലനില്‍ക്കുന്നുള്ളു. ഇത്രയും വര്‍ഷമായിട്ടും മറ്റ് സംസ്ഥാനങ്ങിളിലേയ്ക്ക് വേരോടാന്‍ കഴിയാത്ത പാര്‍ട്ടിക്ക് ഗുരുതരമായ തകരാറുകള്‍ ഉണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. ഭാരതത്തിന്റെ മാത്രം സ്വന്തമായ, വിചിത്രമായ ജാതീയതയെ അഭിമുഖീകരിക്കാനും, അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിക്കൊടുക്കാനും കഴിയാത്ത പാര്‍ട്ടി ഇനിയുമുള്ള നാളുകളില്‍ ശോഷിച്ചുകൊണ്ടേയിരിക്കും.

4000-കോടിയിലധികം സ്വത്ത് സമ്പാദിച്ച പാര്‍ട്ടിക്ക് ഇനി ജനങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല. പാര്‍ട്ടിയെ വളര്‍ത്താന്‍ നേതാക്കള്‍ക്ക് തുടക്കകാലത്തെന്നപോലെ ത്യാ‍ഗം സഹിക്കാനൊന്നും വയ്യ.
നിധികാക്കുന്ന ഭൂതങ്ങളായി ഈ സ്വത്തും ഭരിച്ച് നേതാക്കള്‍ക്ക് ആര്‍ഭാടമായി ജീവിച്ചുപോകാം.എസ്റ്റാബ്ലിഷ്മെന്റുകള്‍ ഉണ്ടാക്കുന്ന അപകടം !! ഭരണത്തിന്റെ സാധ്യതയ്ക്കായി ജനപിന്തുണനേടുവാന്‍ നേര്‍ച്ചസമരങ്ങളും ഹൈടെക്ക് പ്രചരണവും നടത്തിയാല്‍മതി. ഭരണം കിട്ടുന്നതുവരെ ജനത്തിന് സ്വൈര്യം കൊടുക്കാതിരുന്നാല്‍ പോരെ !!

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തില്‍ ,ലോകത്തിന്റെ ഇതരഭാ‍ഗങ്ങളിലുണ്ടായ സോഷ്യലിസ്റ്റ്പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കില്‍ കൂടി ലെനിനെപ്പോലെയോ,മാവോയെപ്പോലെയോ,ഹോചിമിനെപ്പോലെയൊ, എന്തിന് ജനാധിപത്ത്യല്‍കൂടി അചിന്ത്യമായ കാര്യങ്ങള്‍ ചെയ്യുന്ന വെന്വിസുലയിലെ ഭാവനാശാലിയായ ഹ്യൂഗോഷാവേസിനെപ്പോലെയോ, ധീരനായ, സമുന്നതനായ ഒരു നേതാവുപോലും ഉണ്ടായിട്ടില്ലെന്നതാണ് അത് നേരിടുന്ന മറ്റൊരു വെല്ലുവിളി.

കേവലം ആദര്‍ശം മാത്രം കൈമുതലായുള്ള വി.എസ്സിന് ഈ പോരാട്ടത്തില്‍ വിജയിച്ചാല്‍പോലും അതുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനോ, ഇന്ത്യയൊട്ടാകെയുള്ള പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കോ വഴിതെളിക്കാനാകില്ല. ശരീരഭാഷയിലൂടെ തന്നെ ഒരുകുറ്റവാളിയെന്ന് വിളംബരം ചെയ്യുന്ന പിണറായിപ്പോലുള്ളവരുടെ കൈകളില്‍ ഇത് പെട്ടന്ന് അന്ത്യശാസം വലിക്കും. മറ്റൊരു പാര്‍ട്ടി ജനിക്കുകയെന്നതാണ് ഇനിസാധ്യമായിട്ടുള്ളത്. അത് അതിവിദൂരമോ അസാധ്യമോ ആണുതാനും.

ajeeshmathew karukayil said...

പാര്‍ട്ടിയുടെ ഗതി തല്ക്കാലം പിണറായി യുടെ കൈകളില്‍ തന്നെ, വേറെ ഒരു നേതാവ് ഉയര്‍ന്നു വരുന്നത് വരെ....
ലാല്‍‌സലാം സഖാവേ ലാല്‍‌സലാം..

msntekurippukal said...

kurudanmaar aanayekkandapole ennu kettittundo?

Anonymous said...

കാലം പാര്‍ട്ടിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തടയാന്‍ ഒരു വീയെസ്സിനും സാധിക്കില്ല. ആ മാറ്റങ്ങള്‍ മാത്രം മാറ്റമില്ലാതെ തുടരും.. ഇടതുപാളയത്തു നിന്ന് സി പി എം എന്നേ പുറപ്പെട്ടുകഴിഞ്ഞു? അവര്‍ എന്നാണു വലതു പാളയമാകുക എന്ന് മാത്രം ആലോചിക്കാം..