2009-02-20

ഈ ചരിത്രം സഖാക്കള്‍ വായിക്കരുത് !

മലയാളത്തില്‍ രാഷ്ട്രീയം പറഞ്ഞാല്‍ അതില്‍ സ്വാഭാവികമായും കമ്മ്യൂണിസവും മാര്‍ക്സിസവും സി.പി.എമ്മും കടന്നുവരും. മാര്‍ക്സിസ്റ്റ് വിരുദ്ധരെന്നും മാര്‍ക്സിസ്റ്റ് അനുകൂലികളെന്നും കേരളസമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന് പുറത്ത് രാഷ്ട്രീയത്തില്‍ മാര്‍ക്സിസവും കമ്മ്യൂണിസവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു പക്ഷെ ബംഗാളിലും ത്രിപുരയിലും മാത്രമായിരിക്കും. അതും അത്ര ശരിയായിരിക്കണമെന്നുമില്ല. കാരണം കേരളത്തില്‍ കുറച്ചുകൂടി ധൈര്യപൂര്‍വ്വം മാര്‍ക്സിസ്റ്റ് വിരുദ്ധചിന്താഗതി സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയും. ഭരണം മാറിമാറി വരുന്ന പ്രതിഭാസം നിലവിലുള്ളത് കൊണ്ടാണത്. കേരളത്തില്‍ എവിടെയും വിവിധപാര്‍ട്ടിക്കാര്‍ ഇടകലര്‍ന്നാണ് ജീവിയ്ക്കുന്നത്. പാര്‍ട്ടിഗ്രാമങ്ങള്‍ ബംഗാളിലേയും ത്രിപുരയിലേയും പോലെ കേരളത്തില്‍ വിരളമാണ്. എന്നാലും തങ്ങളുടെ മേധാവിത്വം ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിക്കാന്‍ കഴിയാറുണ്ട്. അതിന് കാരണം മറ്റ് പാര്‍ട്ടിക്കാര്‍ക്ക് 24മണിക്കൂറും രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടുനടക്കാന്‍ കഴിയില്ല എന്നതാണ്.

സാധരണയായി മറ്റ് ബ്ലോഗുകളിലും എന്റെ ബ്ലോഗില്‍ തന്നെയും ഞാന്‍ എഴുതാറുള്ള കമന്റുകളാണ് ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യാറുള്ളത് . ഇത്തവണ മാതൃഭുമി വാരികയുടെ ഫിബ്രവരി 22-28 ലക്കത്തില്‍ കെ.വേണു എഴുതിയ “സഖാക്കളെ,ഇതൊക്കെയാണ് ഈ പാര്‍ട്ടിയുടെ ചരിത്രം” എന്ന ലേഖനത്തെ പറ്റി ബ്ലോഗ് വായനക്കാരെ അറിയിക്കാനാണ് ഈ പോസ്റ്റ്. ലേഖനം സ്കാന്‍ ചെയ്ത് ഞാന്‍ അന്യത്ര ചേര്‍ക്കുന്നുണ്ട്. വേണുവിനെ മലയാളികള്‍ക്ക് പരിചയപെടുത്തേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ മൌലികമായി ചിന്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് സ്വാഭാവികമായി ഉണ്ടാവുന്ന ചിന്താപരമായ പരിവര്‍ത്തനത്തിലൂടെ ജനാധിപത്യവാദിയായി മാറിയ ഒരു നല്ല കമ്മ്യൂണിസ്റ്റ് കാരനാണ് കെ.വേണു. മാര്‍ക്സിസ്റ്റുകാര്‍ക്ക് കേട്ടാല്‍ അറപ്പ് തോന്നിയേക്കാവുന്ന പേരായിരിക്കാം വേണു എന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പറ്റി ഇത്രയും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് ചിന്തകന്‍ ഇന്ന് ഇന്ത്യയിലുണ്ടോ എന്ന് സംശയമാണ്. വേണുവിനെ ഇന്നും ഒരു നല്ല കമ്മ്യൂണിസ്റ്റ്കാരനായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം ഒരു നല്ല കമ്മ്യൂണിസ്റ്റിന് മാത്രമേ ഒരു നല്ല ജനാധിപത്യവാദി ആവാന്‍ കഴിയൂ‍ എന്ന് ഞാന്‍ കരുതുന്നു. ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയാവാനും കമ്മ്യൂണിസ്റ്റിന് മാത്രമേ കഴിയൂ എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്വേച്ഛാധിപത്യപ്രവണതയുടെ പാരമ്പര്യം പേറുന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍.

വേണുവിന്റെ ലേഖനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം സംക്ഷിപ്തമായി എന്നാല്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഈ പോസ്റ്റിന് “പിണറായി മുതല്‍ പിണറായി വരെ” എന്ന തലവാചകമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പിണറായിയിലാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത്. ഇപ്പോള്‍ പിണറായി തന്നെ പാര്‍ട്ടിയായി വളരുകയും ചെയ്തു. അന്വര്‍ത്ഥമാവുമായിരുന്നു തലക്കെട്ട്. പക്ഷെ ഈ ലേഖനം സഖാക്കള്‍ വായിക്കരുത് എന്ന ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നി. വായിച്ചാലും ഒന്നും മനസ്സിലാവില്ല എന്നത് മറ്റൊരു കാര്യം. എന്നാലും കുറഞ്ഞപക്ഷം രാജീവ് ചേലനാട്ടെങ്കിലും വായിച്ചെങ്കില്‍ എന്ന നിഗൂഢമായ ഒരു ആഗ്രഹം എനിക്കില്ലാതില്ല. ഞാന്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ കമന്റുകളായി പലപ്പോഴായി എഴുതിയിട്ടുള്ളതിനെ ശരിവെക്കുന്നതാണ് വേണുവിന്റെ ലേഖനം. കണ്ണൂരിലെ പാര്‍ട്ടി ബിസിനസ്സ് വരെ.

കമ്മ്യൂണിസ്റ്റ്കാരല്ലാത്തവര്‍ എല്ലാവരും ഈ ലേഖനം നിര്‍ബ്ബന്ധമായും വായിച്ചിരിക്കണം. എന്താണ് ഈ പാര്‍ട്ടി എന്ന് മനസ്സിലാക്കണ്ടെ. സത്യത്തില്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു വായിക്കേണ്ടിയിരുന്നത്. എന്താണ് തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ചരിത്രം എന്ന് അവരും മനസ്സിലാക്കണമല്ലൊ. പക്ഷെ അതിന് മാത്രം സഹിഷ്ണുതയോ സ്വയംവിമര്‍ശനപരതയോ ഇന്നത്തെ പുത്തന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാവാന്‍ വഴിയില്ല. അതാണ് തലക്കെട്ട് ഉന്നം വയ്ക്കുന്ന മുന്നറിയിപ്പ്. ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പൂര്‍ണ്ണരൂപം താഴെ:
(ഓരോ ഇമേജും ക്ലിക്ക് ചെയ്ത് വലുതാക്കി വായിച്ചു വീണ്ടും Back വരേണ്ടിവരും.)
മഹത്തായ ഒരു ദര്‍ശനമായാണ് മാര്‍ക്സിസം ഇന്നും ലോകത്ത് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രത്തില്‍ ഏറ്റവും ക്രൂരതകള്‍ ചെയ്തവരും മാര്‍ക്സിസത്തിന്റെ അപ്പോസ്തലന്മാരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ആയിരുന്നു എന്ന് ചരിത്രം രേഖപെടുത്തിയിട്ടുണ്ട്. ഇതൊരു വൈരുദ്ധ്യം തന്നെ. ആ ചരിത്രങ്ങള്‍ പലരും വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല. George Mason University യില്‍ Museum of Communism എന്ന പേരില്‍ ഒരു ഓണ്‍‌ലൈന്‍ ആര്‍ക്കൈവ് സൂക്ഷിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കുപ്രസിദ്ധമായ അടിച്ചമര്‍ത്തലുകളുടെ നാള്‍വഴികള്‍. ഇതാണ് ലിങ്ക്:
http://www.gmu.edu/departments/economics/bcaplan/museum/comfaq.htm

5 comments:

അനില്‍@ബ്ലോഗ് said...

കോള്ളാം.
ക്വോട്ടുവാന്‍ പറ്റിയ ആളുതന്നെ !

ധ്രഷ്ടദ്യുമ്നന്‍ said...

കമ്യൂണിസ്റ്റുകളുടെ പരിമിതിയാണു പ്രതിപക്ഷ ബഹുമാനം കാണിക്കുക എന്നതു. അത് ഒരു സെമറ്റിക് പാരമ്പര്യം ആണു. മാര്‍ക്സിസ്റ്റും, ക്രിസ്ത്യാനിറ്റിയും, ഇസ്ലാമും ഇക്കാര്യത്തില്‍ ഒരേമുഖമാണു. കേരളത്തില്‍ നമ്മുടെ കാമ്പസുകള്‍ നോക്കുക, തിണ്ണമിടുക്ക് കാണിച്ച് ജനാധിപത്യ സംഘടനകളെ പുറത്താക്കി കേരളയുവത്വത്തെ ഷണ്ഡമ്മാരാക്കിയതു SFIയും സഭയും അല്ലേ. ഇപ്പോള്‍ അവിടെ SFI Campus Front, ABVP, RSS, SIMI എന്നിവരും കുറച്ചു ജാതീയ മത സംഘടനകളും മാത്രമല്ലെ.യുവത്വം ലാല്‍-മമ്മൂട്ടി ഫാനുകളായി ശിഷ്ട് ജീവിതം കഴിക്കുന്നു. തൊഴില്‍ സംഘടനകള്‍ നോക്കുക, CITUവിന്റെ പ്രവര്‍ത്തന ശൈലി മറ്റുള്ളവയെ വരിഞ്ഞുമുറുക്കുമ്പോള്‍ കത്തോലിക്കാ സഭ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായമയും, കര്‍ഷകത്തോഴിലാളിയുടെ കൂട്ടായ്മയും, ഇസ്ലാമിക സംഘടനകള്‍ അവരുടെതായ സമൂഹം സ്രിഷ്ടിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തന്നെ ലേഖനം വായിച്ച ഒരാളെന്ന നിലയീൽ ഞാൻ ചോദിയ്ക്കട്ടെ..എന്താണിതിൽ പുതിയതായി വേണു എഴുതിയിട്ടുള്ളത്?തലക്കെട്ടു കാണുമ്പോൾ തന്നെ ഉള്ളടക്കം നമുക്കു മനസ്സിലാകും.കാര്യങ്ങളെ തനിയ്ക്കനുകൂലമായ ഭാഷയിൽ വളച്ചൊടിച്ച് അവതരിപ്പിച്ചിരിയ്ക്കുന്നു.

കെ.വേണുവിന്റെ ഉത്തമനായ കമ്മ്യൂണിസ്റ്റ്കാരൻ ആയി വിശേഷിപ്പിച്ച താങ്കളൂടെ തൊലിക്കട്ടി സമ്മതിയ്ക്കുന്നു.അല്ലെങ്കിൽ തന്നെ കേരളത്തിലെ പാർട്ടിയെ എതിർത്ത് എഴുതുന്നവരെല്ലാം ഇന്നിപ്പോൾ “ഉത്തമ കമ്മ്യൂണിസ്റ്റുകളും” പാർട്ടിയ്ക്കുള്ളിൽ ഉള്ളവരെല്ലാം “വിഡ്ഢി”കളുമാണല്ലോ.

അതിവിപ്ലവം പ്രസംഗിച്ചു നക്സലൈറ്റായി,ക്ലച്ച് പിടിയ്ക്കാതെ വന്നപ്പോൾ അതും വിട്ട് , അവസാനം ഗൌരിയമ്മയുടെ ഈർക്കിൽ പാർട്ടിയിൽ അംഗമായി , പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ മത്സരിച്ച് തോറ്റു തൊപ്പിയിട്ട, “പാർലിമെന്ററി വ്യാമോഹം” “തീരെ ഇല്ലാത്ത” കെ.വേണു തന്നെയാണു പാർട്ടിയെ വിശകലനം ചെയ്യാൻ ഏറ്റവും യോഗ്യൻ...! കേരളത്തിൽ എട്ടു പത്തു ചാനലുകളും, അവയിലെല്ലാം ന്യൂസ് അവർ ചർച്ചകളും ഉള്ളതുകൊണ്ട് രാവിലെ മുതൽ കുളിച്ചൊരുങ്ങി റെഡിയായി ഇരുന്നു സി.പി.എംവിരോധം അലറിവിളിച്ചു നടക്കുന്നതായിരിയ്ക്കും താങ്കൾ ഇദ്ദേഹത്തിൽ കാണുന്ന ഉത്തമ കമ്മ്യൂണിസ്റ്റ് ദർശനം...!

നേരത്തെ ഒരു കമന്റിൽ പറഞ്ഞിരിയ്ക്കുന്നത് പോലെ ‘ക്വോട്ടുവാൻ പറ്റിയ ആ‍ളു’തന്നെ....!

രാജേഷ് സൂര്യകാന്തി said...

എഴുതുവാന്‍ വേണുവും ഉദ്ധരിക്കുവാന്‍ അന്ജരക്കണ്ടി സുകുവും.. നല്ല കോമ്പിനേഷന്‍.. നയിക്കുവാന്‍ അച്ചുവിനെ കിട്ടിയില്ലെങ്കിലും വിമതരെ വേണു നയിചോളും... നന്ന്..നന്ന്... ഇത്തരം ചരിത്രം ഇനിയും കുറെ എഴുതേണ്ടിവരും...

JareeN/NeeraJ said...

വര്‍ത്തമാനകാലത്തില്‍ ആരാണ്‌ കമ്മ്യുണിസ്‌റ്റ്‌ ? കനേഡിയന്‍ കമ്പനികളുടെയും ബഹുരാഷ്ട്രകുത്തകകളുടേയും വാലായി മാറുന്ന സി.പി.എമ്മോ ?

അതുപോലുള്ള സി.പി.എമ്മിനെ വിമര്‍ശിച്ചാല്‍ ആന്റി-കമ്മ്യൂണിസ്റ്റായി മാറുന്ന കാലമാണിത്‌.
(ഇവരേക്കാളൊക്കെ എത്ര മെച്ചമാണ്‌ വേണു. . അനിലും സുനിലും വേണുവിനെ ഒരു ദേശാഭിമാനി വായന വായിക്കുകയാണ്‌.)


(മാര്‍ക്‌സിസത്തെ ഒരു സയന്‍സായി കണ്ട്‌, അതിനെ മുന്നോട്ടു നയിക്കാനും പിഴവിനെ തള്ളിക്കളയാനും കാമ്പുള്ള ആരാണ്‌ വര്‍ത്തമാന കാലത്ത്‌ നമുക്കുള്ളത്‌ ?)