2009-02-17

ജനാധിപത്യത്തില്‍ ആരാണ് ഉന്നതര്‍ ?

ബി.ആര്‍.പി.യുടെ ബ്ലോഗില്‍ "ഉന്നതന്മാരും അവരുടെ സന്തതികളും” എന്ന പോസ്റ്റ്.


അവിടെ ഞാന്‍ എഴുതിയ കമന്റ് :

സത്യത്തില്‍ ആ വാര്‍ത്ത അന്ന് രാവിലെ ഹിന്ദുവില്‍ വായിച്ച ഉടനെ തന്നെ എന്റെ മനസ്സിലും ഉയര്‍ന്ന ചോദ്യം ഇത് തന്നെയാണ്. പൌരബോധമുള്ള ആരുടെ മനസ്സിലും ഈ ചോദ്യം ഉയരുക സ്വാഭാവികം. ഒരു എം.എല്‍.ഏ.യും സാധാരണക്കാരും തമ്മില്‍ ഇത്രമാത്രം അന്തരമോ? സാധാരണക്കാരില്‍ നിന്ന് വിഭിന്നമായി എം.എല്‍.ഏ.മാര്‍ക്ക് നിയമസഭയ്ക്ക് പുറത്ത് അധികമായ അവകാശാധികാരങ്ങളുണ്ടോ?

എന്നാല്‍ എല്ലാവര്‍ക്കുമറിയാം. നേതാക്കന്മാര്‍ തങ്ങളെ ജനങ്ങളുടെ യജമാനന്മാര്‍ എന്നാണ് കരുതുന്നതെന്ന്. ജനങ്ങളും അത് അംഗീകരിക്കുന്നുണ്ട്. ഒരു നേതാവിനെ സമീപിക്കുമ്പോള്‍ തല ചൊറിഞ്ഞുപോകാത്ത എത്ര പേരുണ്ട് നാട്ടില്‍? ഇതൊരു അഖിലേന്ത്യാ പ്രതിഭാസമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഈ മനോഭാവം കൂടുതലാണെന്ന് കാണാം. പാര്‍ട്ടി നേതാക്കളും(അവര്‍ എത്ര താഴെത്തട്ടിലുള്ള കമ്മറ്റിയുടേതായാലും) സാധാരണക്കാരും തമ്മിലുള്ള ബന്ധം ഇന്നും മേലാള-കീഴാള ബന്ധമാണ്.

എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ ഇവിടെ പങ്ക് വയ്ക്കാം. കമന്റ് നീണ്ടുപോവുകയാണെങ്കില്‍ ക്ഷമിക്കുക. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പിണറായിയില്‍ ഒരു വിവാഹത്തിന് പന്തലില്‍ ഇരിക്കുകയാണ് ഞാനും. പൊടുന്നനെ എല്ലാവരും എഴുന്നേറ്റ് ഭവ്യതയോടെ നില്‍ക്കുന്നു.ഇന്നത്തെ സംസ്ഥാനസെക്രട്ടരി അന്ന് ജില്ലാ നേതാവ് മാത്രമായിരുന്നു.അദ്ദേഹവും പരിവാരങ്ങളും കടന്നു വരുന്നത് കൊണ്ടാണ് വൃദ്ധന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നത്. ഞാന്‍ മാത്രം എഴുന്നേറ്റില്ല. പൊതുസദസ്സില്‍ നേതാക്കളെ എഴുന്നേറ്റ് ബഹുമാനിക്കുന്ന സ്വഭാവം എനിക്കില്ലാത്തത്കൊണ്ടായിരുന്നു അത്. രംഗം പൊതുവേ വീക്ഷിച്ച നേതാവ് എന്നെയൊന്ന് നോക്കി. ഇവനാരെടായെന്ന മട്ടിലുള്ള ആ നോട്ടത്തില്‍ ക്രൂദ്ധത നിഴലിച്ചതായി എനിക്ക് തോന്നി. മറ്റൊരു അനുഭവം ഒരു മരണവീട്ടിലായിരുന്നു, പഞ്ചായത്ത് പ്രസിഡണ്ട് എഴുന്നള്ളുമ്പോള്‍ ഞാന്‍ മാത്രം എഴുന്നേല്‍ക്കാത്തത് ഗൃഹനാഥന് വിഷമം ഉണ്ടെന്ന് മനസ്സിലാക്കി ഞാന്‍ വേഗം എഴുന്നേറ്റ് സ്ഥലം കാലിയാക്കി.

ഇത് ഇവിടെ എടുത്ത് പറയാന്‍ കാരണം ഇപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല എന്നത് കൊണ്ടാണ്. ആനയ്ക്ക് തന്റെ ശക്തി അറിയില്ല എന്നത് പോലെയാണ് ജനത്തിന്റെ കാര്യം. ഒരുത്തന്‍ നേതാവായല്‍ പിന്നെ അവന്‍ തന്റെ ഉടമയാണ് എന്ന ജന്മിത്വബോധമാണ് സാദാ പൌരന്റെ മനസ്സില്‍. താന്‍ ജന്മിയാണെന്നാണ് നേതാവിന്റെയും മനസ്സില്‍. നേതാക്കളുടെ ശരീരഭാഷയില്‍ നിന്ന് പോലും ആ ധാര്‍ഷ്ട്യം വായിച്ചെടുക്കാന്‍ പറ്റും. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആരും ഇന്നും ചോദിക്കുന്നില്ല. ഒരു സാദാ പോലീസ് കോണ്‍സ്റ്റബിളിനെ പോലും ആളുകള്‍ക്ക് ഇന്നും ഭയമാണ്. ലോക്കല്‍ നേതാവിന്റെ കൂടെയേ ഒരു സാധാരണക്കാരന്‍ ഇന്നും പോലീസ് സ്റ്റേഷന്റെ പടി കയറൂ. ഈയൊരു ഭയബഹുമാനങ്ങള്‍ നമ്മുടെ നേതാക്കള്‍ ആവോളം ആസ്വദിക്കുന്നുമുണ്ട്.

പല നേതാക്കളും സാധാരണ കുടുംബങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരുന്നത്. ഒച്ച വെച്ച് സംസാരിക്കാനും അങ്ങനെ മൈക്കിന്റെ മുന്‍പില്‍ നിന്ന് സഭാകമ്പമില്ലാതെ പ്രസംഗിക്കാനുമുള്ള ഒരേയൊരു കഴിവ് മാത്രമാണ് ഇവരെ നേതൃപദവിയില്‍ എത്തിക്കുന്നത്. അങ്ങനെ എത്തിപ്പെടുന്നവര്‍ക്ക് സ്വതസിദ്ധമായി അബോധമനസ്സിലുള്ള അപകര്‍ഷതാബോധം കോമ്പന്‍സേറ്റ് ചെയ്യാനാണ് ഇമ്മാതിരി മാടമ്പിത്തരം പ്രകടിപ്പിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഈ പ്രവണതയില്‍ ഏറ്റക്കുറച്ചിലോടെ എല്ലാ രാഷ്ട്രീയക്കാരും ഒരേ കണക്കാണ്.

ഈ ഒരു പശ്ചാത്തലത്തില്‍ നിന്ന് വേണം പ്രസ്തുത എം.എല്‍.ഏ.യുടെ ചോദ്യം വിലയിരുത്താന്‍. സാധാരണക്കാര്‍ക്ക് സംഭവിക്കുന്നതൊന്നും തങ്ങള്‍ക്ക് സംഭവിക്കരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. എന്നിട്ട് ഇതാണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എങ്കില്‍ സാധാരണക്കാരുടെ ഗതിയെന്ത് എന്ന് വിലപിക്കുന്നു. സാധാരണക്കാരോടുള്ള സഹതാപമാണ് അതില്‍ പ്രത്യക്ഷത്തില്‍ പ്രതിഫലിക്കുന്നത് എങ്കിലും പരോക്ഷമായി തങ്ങളുടെ സവിശേഷാവകാശങ്ങള്‍ ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിക്കുന്ന ധിക്കാരമാണത്.

No comments: