2009-02-07

ഇവര്‍ ജനാധിപത്യ വഞ്ചകര്‍ !

അങ്കിളിന്റെ സര്‍ക്കാര്യം കാര്യം ബ്ലോഗ് ബൂലോഗത്ത് മാത്രമല്ല മാധ്യമങ്ങള്‍ക്കിടയിലും നെറ്റിസണ്‍സിന്റെ ഇടയിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ലാവലിന്‍ ഇടപാട് മലയാളം ബ്ലോഗില്‍ ആധികാരികമായി തലനാരിഴ കീറി പരിശോധിക്കുന്നത് അങ്കിളിന്റെ ബ്ലോഗില്‍ മാത്രമാണെന്നത് കൊണ്ടാണത്. ഞാന്‍ ഒടുവില്‍ അവിടെ എഴുതിയ കമന്റ് പ്രസക്തമായത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഏതായാലും സംഗതി ഇപ്പോള്‍ എല്ലാവര്‍ക്കും പിടി കിട്ടിക്കാണുമെന്ന് തോന്നുന്നു. ഇനി ടെക്ക്നിക്കാലിയയെ സംബന്ധിക്കുന്ന ദുരൂഹതകളാണ് പുറത്ത് വരാനുള്ളത്. അതിന് കുറ്റപത്രം സമര്‍പ്പിച്ചു കേസ് വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കരാര്‍ പ്രകാരം ലാവലിന്‍ കമ്പനി കാനഡയില്‍ നിന്ന് സംഘടിപ്പിച്ചു തരുന്ന ഗ്രാന്റ് സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. കാരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണല്ലൊ 374 കോടി ലാവലിന് നല്‍കിയത്. അപ്പോള്‍ ആ ഗ്രാന്റ് കൈപ്പറ്റാന്‍ ടെക്കിനിക്കാലിയ എന്ന ചെന്നൈയിലെ സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നത് ഏത് വകുപ്പില്‍ പെടും. തോക്ക് ഇല്ലാതെ ഉണ്ട ബാഗില്‍ സൂക്ഷിക്കുന്നത് പോലെ ലാഘവമുള്ള കാര്യമാണോ അത്? ഇത്രയായിട്ടും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് കരുതാതെ മന്ത്രിമാര്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഇറക്കുന്നതും പ്രസംഗിക്കുന്നതും നാം കേരളീയര്‍ ഇമ്മാതിരി നേതാക്കളെയും മന്ത്രിമാരെയും മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നത് കൊണ്ടല്ലെ.

മറ്റൊരു കാര്യം കൂടി ഇതിനിടയില്‍ പൊന്തി വന്നിട്ടുണ്ട്. പാര്‍ട്ടി ഇല്ലെങ്കില്‍ മന്ത്രിയുമില്ല,മുഖ്യമന്ത്രിയുമില്ല അത്കൊണ്ട് പാര്‍ട്ടിക്കൊരു പ്രശ്നം വന്നാല്‍ ഭരണഘടനയെ അല്ല നോക്കേണ്ടത് പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് വേണ്ടത്, അതിന് പകരം നിഷ്പക്ഷനായി നിന്നാല്‍ അഞ്ച് കൊല്ലം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ പാര്‍ട്ടിയുണ്ടാവില്ല. എന്നൊക്കെ ഭരണഘടനാനുസൃതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പ്രസംഗിച്ച് നടക്കുന്നതും സാക്ഷര-പ്രബുദ്ധകേരളം കേട്ടുകൊണ്ടിരിക്കുന്നു. ഇമ്മാതിരി പ്രസംഗങ്ങള്‍ മറ്റ് പാര്‍ട്ടിക്കാര്‍ നടത്തിയിരുന്നുവെങ്കില്‍ എന്ത് കോലഹലങ്ങള്‍ ഇവിടെ നടക്കുകയില്ല. ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം ഓര്‍ക്കുക.

മാത്രമല്ല ഭരണഘടനയും പാര്‍ട്ടിതാല്പര്യവും പൊരുത്തപ്പെടാത്ത സന്ദര്‍ഭം ഏര്‍പ്പെട്ടാല്‍ ഭരണഘടനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗ്ഗവഞ്ചകര്‍ ആണെന്ന് മാര്‍ക്സിസത്തിന് പുത്തന്‍ വ്യാഖ്യാനവും ചമച്ചിരിക്കുന്നു ഇക്കൂട്ടര്‍. ഏത് വര്‍ഗ്ഗത്തിന്റെ വഞ്ചകര്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണോ. അതെ പോലും! സോമനാഥ ചാറ്റര്‍ജിയാണ് പോലും ആ വര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ വഞ്ചകന്‍. സത്യത്തില്‍ ഇമ്മാതിരി പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ ജനാധിപത്യവഞ്ചകരാണ്. ഇവരൊക്കെ ഏത് സ്ക്കൂളിലാണ് ജനാധിപത്യം പഠിച്ചത്?

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അയാള്‍ ഏത് പാര്‍ട്ടി അംഗമായാലും ആ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതിന് അയാള്‍ക്ക് ജനങ്ങള്‍ പ്രതിഫലവും നല്‍കുന്നു. ഖജനാവിലെ പണം ജനങ്ങള്‍ നല്‍കുന്ന നികുതിയാണല്ലൊ. ജനാധിപത്യത്തിന്റെ പ്രാഥമികതത്വമാണിത്. പിന്നെ മന്ത്രിമാരുടെയും സ്പീക്കര്‍മാരുടെയും കാര്യം പറയാനുണ്ടൊ. അപ്പോള്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പീക്കറെയോ മുഖ്യമന്ത്രിയെയോ വര്‍ഗ്ഗവഞ്ചകന്‍ എന്ന് പറയുന്നവരുടെ തല പരിശോധിക്കേണ്ടേ? പിന്നെ എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഇവരൊക്കെ സംസാരിക്കുന്നത്? ജനങ്ങള്‍ അസംഘടിതരാണ്,അവര്‍ക്ക് അഞ്ച് കൊല്ലം കൂടുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ക്യൂ നിന്ന് സീല്‍ കുത്താന്‍ മാത്രമേ കഴിയൂ എന്ന ധാരണയില്‍ നിന്നല്ലെ ഇത്തരം ജല്പനങ്ങള്‍ നടത്താന്‍ മന്ത്രിമാര്‍ക്കും ഒരു ചില നേതാക്കള്‍ക്കും ധൈര്യം കിട്ടുന്നത്. രാഷ്ട്രീയക്കാര്‍ ജനസേവകരോ അല്ല്ല ജനങ്ങളുടെ യജമാനന്മാരോ എന്ന് ഇനിയെങ്കിലും തീരുമാനിക്കേണ്ടേ?

2 comments:

ചാണക്യന്‍ said...

മാഷെ,
ശരിയായ ചിന്തകള്‍....
ആശംസകള്‍......
വോട്ട് തെണ്ടുമ്പോള്‍ മാത്രമാണ് ജനത്തെ യജമാനന്മാരായി രാക്ഷ്ട്രീയക്കാര്‍ കാണുന്നത്...
അത് കിട്ടിക്കഴിഞ്ഞാല്‍ ജനത്തെ കഴുതകളായാണ് കണക്കാക്കുന്നത്....

Sureshkumar Punjhayil said...

"Keralam oru branthalayam" .....!!!!