2009-02-05

ലാവലിന്‍ കോഴ; ഒരു വിവാദം

കേരള രാഷ്ട്രീയത്തില്‍ പഴയ ബോഫേര്‍സ് ഇടപാടിനെ അനുസ്മരിപ്പിക്കും വിധം ലാവലിന്‍ കോഴ സംഭവം ചൂട് പിടിച്ചു വരികയാണല്ലൊ. അങ്കിള്‍ എന്ന ബ്ലോഗറുടെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗില്‍ ലാവലിന്‍ ചര്‍ച്ച സജീവമായി തുടരുന്നു. ഞാന്‍ അവിടെ എഴുതിയ കമന്റ്:


ഈ പോസ്റ്റും ഇതിലെ കമന്റുകളും പൂര്‍ണ്ണമായി വായിച്ചാല്‍ ലാവലിന്‍ അഴിമതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും. ഇതിനോടനുബന്ധിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ. രാഷ്ട്രീയം തന്നെയാണ്. സി.പി.ഐ(എം) എന്ന പാര്‍ട്ടി ഇപ്പോള്‍ പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബ്ബിയുടെ കൈകളിലാണ്. പാര്‍ട്ടിയെ ഉപയോഗിച്ച് പരമാവധി ബിസിനസ്സ് നടത്തി സമ്പത്ത് ആര്‍ജ്ജിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് ഈ കണ്ണൂര്‍ ലോബ്ബി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു വിവിധോദ്ദേശ പരിപാടിയാണ്. പണത്തിന് പണം, നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുക വഴി എന്തിനും തയ്യാറായ കേഡര്‍മാര്‍. നേതാക്കള്‍ക്ക് രാജകീയമായ സുഖസൌകര്യങ്ങളും അനേകം പേര്‍ക്ക് തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് അനുപമമായ മിടുക്ക് ഉണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് തലശ്ശേരിയില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലം നികത്തി സിറ്റിസെന്റര്‍ എന്ന കൂറ്റന്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിച്ചത്. അതിന് നായനാരുടെ പേര് നല്‍കാന്‍ തുനിഞ്ഞപ്പോള്‍ നായനാരുടെ പത്നി ശാരദ ടീച്ചര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് കൊണ്ട് പിന്മാറി. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ വരെ നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സ്വന്തമായുണ്ട്.


തൊഴിലാളി പ്രേമം പറയുന്ന പാര്‍ട്ടി, അവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പരമാവധി തൊളിലാളികളെ ചൂഷണം ചെയ്യുകയാണ് പതിവ്. ഒരു ചെറിയ ഉദാഹരണം നോക്കുക : റബ്‌കോ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി വേതനം ഇല്ല. മാസത്തില്‍ 26ദിവസത്തെ കൂലിയാണ് ശമ്പളമായി നല്‍കുന്നത്. അത്ഭുതം തോന്നുന്നില്ലെ? തൊഴിലാളികള്‍ പാര്‍ട്ടിപത്രത്തിന്റെ വരിക്കാരനാവുകയും കൃത്യശതമാനം ബോണസ്സ് ഫണ്ട് നല്‍കുകയും നിര്‍ബ്ബന്ധമാണ്. ഒരേയൊരു യൂനിയനെയുള്ളൂ അവിടെ. കണ്ണൂര്‍ ജില്ലയിലെ സര്‍വ്വ പാര്‍ട്ടി സ്ഥാപനങ്ങളുടെയും തലപ്പത്ത് പിണറായിയുടെ വിശ്വസ്തരാണുള്ളത് എന്നത് യാദൃച്ഛികമാവാനിടയില്ലല്ലൊ. വിസ്താരഭയം നിമിത്തം കൂടുതല്‍ എഴുതുന്നില്ല.


ലാവലിന്‍ ഏര്‍പ്പാട് വീണുകിട്ടിയപ്പോള്‍ പിണറായി ഒരേയൊരു കാര്യം മാത്രമേ ആലോചിച്ചിട്ടുണ്ടാവൂ. എങ്ങനെ തന്റെ അധീനതയിലുള്ള പ്രദേശത്ത് ഒരു സ്ഥാപനം കൊണ്ടുവരാമെന്ന്. അങ്ങനെയാണ് മലബാര്‍ കേന്‍സര്‍ സെന്റര്‍ എന്ന പദ്ധതി രൂപം കൊണ്ടിട്ടുണ്ടാവുക. അതിന് അദ്ദേഹം നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായതിനാലാണല്ലൊ ഇപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ ഒറ്റ പരിശ്രമം മൂലമാണ് ഈ കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഇടയായത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്തരം ഒരു കേസ് പിണറായിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെടണം എന്ന് താല്പര്യമുണ്ടാവാന്‍ ഒരു വഴിയുമില്ല. മാത്രമല്ല പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ ശ്രമിച്ചിരുന്നു എന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് പൌരജനത്തിന്റെ സമാന്യയുക്തിയെ പരിഹസിക്കലാണ്.

ഈ ബ്ലോഗ് കൂടി വായിക്കുക:

ലാവലിന്‍ ബ്ലോഗ്

3 comments:

ചാണക്യന്‍ said...

" ലാവലിന്‍ ഏര്‍പ്പാട് വീണുകിട്ടിയപ്പോള്‍ പിണറായി ഒരേയൊരു കാര്യം മാത്രമേ ആലോചിച്ചിട്ടുണ്ടാവൂ. എങ്ങനെ തന്റെ അധീനതയിലുള്ള പ്രദേശത്ത് ഒരു സ്ഥാപനം കൊണ്ടുവരാമെന്ന്..."

മാഷെ ഈ ഒറ്റ പുരോഗമന ലക്ഷ്യം മാത്രമേ ആ ഇടപാടില്‍ പിണറായിക്ക് ഉണ്ടായിരുന്നുള്ളൂ..:):)

അപ്പിക്കുട്ടി said...

good

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ചാണക്യാ, സ്ഥാപനങ്ങള്‍ എല്ലാം പാര്‍ട്ടിക്ക് സ്വന്തം! പാര്‍ട്ടി എന്നാല്‍ പിണറായി ആണെന്ന് ഇ.പി.ജയരാജന്‍(ദേശാഭിമാനി ഫെയിം)പ്രസ്ഥാവിച്ചത് ചേര്‍ത്ത് കൂട്ടി വായിക്കുക. സംഗതി പിടി കിട്ടും. നിലാവുണ്ടെന്ന് വെച്ച് പുലരുന്നത് വരെ കക്കരുത് എന്നൊരു ചൊല്ല് നാട്ടിലുണ്ട്.. നോക്കാം !