2009-02-05

ഉപകരണങ്ങളെ ആരാധിക്കാമോ ?

ശിഥിലചിന്തകളില്‍ സുനിലിന് എഴുതിയ മറുപടി:

സുനില്‍, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് താല്പര്യമില്ല. എന്റെ കമ്മ്യൂണിസ്റ്റ് വിരോധം ഞാന്‍ ഒരിക്കലും മറച്ചു വെച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് വിരോധി തന്നെയാണ് ഞാന്‍. അത് പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടല്ല,പാര്‍ട്ടികളോടാണ്. അതാണ് ഞാനും സുനിലും തമ്മിലുള്ള വ്യത്യാസം. ലോകത്തെ കമ്മ്യൂണിസ്റ്റ് സമൂഹക്രമത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ ശരിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. അതേ സമയം ഇത് വരെ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഗ്രൂപ്പുകളിലും ഏറ്റക്കുറച്ചിലോടെ ശരികളുമുണ്ട്. അത് തള്ളിക്കളയാനും എനിക്കാവുന്നില്ല. ഉദാഹരണത്തിന് നക്സല്‍ ഗ്രൂപ്പുകളുടെ ജനകീയവിചാരണ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതേസമയം ജന്മികളെ വധിക്കുക എന്ന നയവും ഇരുട്ടില്‍ ഒളിഞ്ഞിരുന്നു നടത്തുന്ന രീതിയോടും എനിക്ക് യോജിപ്പില്ല. എല്ലാം പകല്‍ വെളിച്ചത്തില്‍ ജനമധ്യത്തില്‍ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. എഴുതിയാല്‍ കുറെ നീണ്ടുപോകും ഇപ്പോള്‍ അതിന് തുനിയുന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ സി.പി.എം മാത്രമാണെന്ന് സുനില്‍ കരുതുന്നു. നക്സല്‍ ഗ്രൂപ്പുകള്‍ മുതലായ എത്രയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് സി.പി.എമ്മിന് വിരോധമുണ്ട്. അപ്പോള്‍ സി.പി.എമ്മുകാരനല്ലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍. ഞാനാകട്ടെ, സി.പി.എം അടക്കമുള്ള എത്രയോ പാര്‍ട്ടികളോടും ഗ്രൂപ്പുകളോടും ഭാഗികമായി യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് ഇന്ത്യയെ ഇക്കാണുന്ന രൂപത്തില്‍ ഏകോപിപ്പിച്ച് നിര്‍ത്തുന്നത് എന്നും ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പകരം വെക്കാന്‍ ഏത് പാര്‍ട്ടിയാണുള്ളത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ മറ്റ് പാര്‍ട്ടിക്കാരെ വകവരുത്തി ഏകകക്ഷിഭരണക്കുത്തക സ്ഥാപിക്കും. ഞാനതിനെ അനുകൂലിക്കണോ? സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എനിക്ക് ഈ ജീവിതം തന്നെ വേണ്ട. പിന്നെ ബി.ജെ.പി. അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിന്നെ മതന്യൂനപക്ഷങ്ങളുടെ ഗതി? എന്നാല്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ദേശീയപ്പാര്‍ട്ടികള്‍ ക്ഷയിച്ച് പ്രാദേശികപ്പാര്‍ട്ടികള്‍ക്ക് മുന്‍‌തൂക്കം കിട്ടിയാലോ അവര്‍ ഇന്ത്യയെ പങ്കിട്ടെടുക്കും. ഇത് സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമാ‍യാല്‍ പകരം ബി.ജെ.പി.വരട്ടെ എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇതൊക്കെ മനസ്സിലാക്കാന്‍ സുനിലിന് കഴിഞ്ഞെന്നു വരില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടികള്‍ എനിക്ക് പ്രശ്നമേയല്ല. ജനങ്ങളാണ് എനിക്ക് പ്രശ്നം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളാണ് എനിക്ക് പാര്‍ട്ടികള്‍. ഉപകരണങ്ങളെ ആരെങ്കിലും ആരാധിക്കാറുണ്ടോ?

No comments: