2009-02-02

രാജ്യം എങ്ങനെ തീറെഴുതും ?

ശിഥിലചിന്തകളിലെ ഒരു പോസ്റ്റില്‍ കമന്റ് എഴുതിയ മനോജ് ഇങ്ങനെയും ചോദിച്ചു: “ മന്മോഹനും, ചിദംബരവും വിദേശിയര്‍ക്ക് തീറെഴുതുന്നതിനെ കുറിച്ച് താങ്കള്‍ ഒന്നും പറയാത്തത് എന്തേ? ”. നേതാക്കള്‍ തങ്ങളുടെ വയറ്റുപ്പിഴപ്പിന്റെ ഭാഗമായി സ്റ്റേജിന്റെ മുകളില്‍ കയറിയാല്‍ പലതും വിളിച്ചുപറയും. അതൊക്കെ വിശ്വസിച്ച് നമ്മള്‍ സാധാരണ പൌരന്മാര്‍ ഒരു സംവാദത്തില്‍ ഏര്‍പ്പെടുന്നത് ഒരു തരം ആത്മവഞ്ചനയാണ്. രാഷ്ട്രീയക്കാര്‍ വരച്ചുകാണിക്കുന്നതല്ല ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം. നമ്മള്‍ അത് തിരിച്ചറിയേണ്ടേ? മാത്രമല്ല ഒരേതൂവല്‍ പക്ഷികള്‍ എന്ന നിലയില്‍ രഷ്ട്രീയക്കാര്‍ തമ്മില്‍ അഗാധമായ ആത്മബന്ധവുമുണ്ട്. പലപ്പോഴും ഒരേ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കാണ് അന്യോന്യം ശത്രുതയുണ്ടാവുക. കാരണം പാര സ്വന്തം പാളയത്തില്‍ നിന്നല്ലെ വരൂ. മനോജിന് ഞാന്‍ എഴുതിയ മറുപടി ഇവിടെ ഇന്നത്തെ പോസ്റ്റ് :

ജന്മനാ ഒരു മതത്തിലോ ജാതിയിലോ ഉള്‍പ്പെട്ട് ആ മതത്തിനും ജാതിക്കും വേണ്ടി സംസാരിക്കുന്ന പോലെ ജന്മനാ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ അനുയായി ആയി പിന്നെ ആ പാര്‍ട്ടിയുടെ നേതാക്കാള്‍ എന്ത് പറയുന്നുവോ അതേറ്റു പറയുകയും ആ നേതാക്കളെ ആരാധ്യരായി കാണുകയും ചെയ്യുന്ന ഒരു രാഷ്ട്രീയശൈലിയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. നേതാക്കളാകട്ടെ മീന്‍ ചന്തയിലെ വില്പനക്കാരെ പോലെ പരസ്പരം തെറി വിളിക്കുകയും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍ പരസ്പരം സഹായിച്ചും ബഹുമാനിച്ചുമാണ് അവരുടെ രാഷ്ട്രീയപ്പണി നടത്തിക്കൊണ്ടുപോകുന്നത്. അവര്‍ സ്റ്റേജില്‍ കയറി പ്രസംഗിക്കുന്നത് അണികളെ ആവേശം കൊള്ളിച്ച് തങ്ങളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്.

മന്‍‌മോഹന്‍സിങ്ങും ചിദംബരവും നാട് വിദേശീയര്‍ക്ക് തീറെഴുതിക്കൊടുക്കുന്നു എന്ന് കാരാട്ടും യെച്ചൂരിയും പിണറായിയും തൊണ്ട പൊട്ടുമാറ് നിലവിളിക്കുന്നത് അവരുടെ പണിയുടെ ഭാഗമായിട്ടാണ്. മറ്റൊരു ജോലിയും അറിയില്ലല്ലൊ. കാരാട്ടാദി പ്രഭൃതികള്‍ അങ്ങനെ പറയുന്നത് തങ്ങളെ പോലെ തന്നെ സ്വന്തം ജോലിയുടെ ഭാഗമാണെന്ന് സോണിയാദി പ്രഭൃതികള്‍ക്ക് അറിയാമെന്നത് കൊണ്ട് അവരൊന്നും അത് കാര്യമാക്കുകയില്ല. മനോജിനെപ്പോലെയുള്ളവര്‍ തീറെഴുതിക്കൊടുത്തത് സത്യമാണെന്ന് വിശ്വസിച്ച് ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്. അങ്ങനെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുക്കുന്ന അന്താരാഷ്ട്ര ഏര്‍പ്പാട് നിലവിലില്ല എന്ന് ദയവായി മനസ്സിലാക്കുക. പിന്നെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം കരാറിലേര്‍പ്പെടുന്ന പതിവുണ്ട്. ഇന്ത്യ ഒപ്പ് വെച്ച പോലെ എല്ലാ കരാറുകളും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ വിഭാവനം ചെയ്ത മിശ്രസാമ്പത്തിക നയം ശരിയായിരുന്നു എന്ന് കഴിഞ്ഞ 60 വര്‍ഷത്തെ വളര്‍ച്ചയും പുരോഗതിയും തെളിയിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍. നമുക്കെവിടെയും തെറ്റ് പറ്റിയിരുന്നില്ല. എന്നാല്‍ തെറ്റായ നയം എന്ന് ഇടതുകള്‍ സദാ ഉരുവിടുന്നുമുണ്ട്. അതാണ് തെറ്റ്. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് ഇന്ത്യയുടെ ഭരണാധികാരം കിട്ടിയിരുന്നതെങ്കില്‍ അവരുടെ നയം മൂലം ഇന്ത്യന്‍ ജനത തെണ്ടിയേനേ. രണ്ട് കൊല്ലം മുന്‍പ് വരെ കല്‍ക്കത്തയില്‍ പോയവര്‍ക്ക് അത് ബോധ്യമാവും. ഇപ്പോഴും അവിടെ സ്ഥിതി അത്ര നല്ലതൊന്നുമല്ല. ഞാന്‍ വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവും നിലപാടുകളുമാണ് തെറ്റ്. അവരാണ് തിരുത്തേണ്ടത്. തിരുത്തിയില്ലെങ്കിലും ഒരു കുഴപ്പവും നമ്മുടെ രാജ്യത്തിന് വരാനില്ല താനും. നമ്മുടെ സാമ്പത്തിക ഘടന മാത്രമല്ല ജനാധിപത്യവും അത്രയും ശക്തമാണ്. ചില പരിഷ്ക്കാരങ്ങളും കാലോചിതമായ നവീകരണവും വേണം. അതാണ് എന്നെ പോലെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും പുച്ഛിച്ചുകൊണ്ട് മാറി നില്‍ക്കുന്ന സാഹചര്യം രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്ക് ശക്തി പകരുന്നു എന്നാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ശുദ്ധീകരിക്കപ്പെടണമെങ്കില്‍ വിദ്യാസമ്പന്നരും ചിന്താശീലരും രാഷ്ട്രീയത്തില്‍ ഇടപെടണം. കുറഞ്ഞ പക്ഷം എല്ലാവരും വോട്ട് ചെയ്യുകയെങ്കിലും വേണം. കക്ഷിരാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റാന്‍ വേണ്ടി തീറെഴുതുക, അമേരിക്കക്ക് പരമാധികാരം പണയം വെക്കുക തുടങ്ങിയ വിതണ്ഡവാദങ്ങള്‍ പൌരന്മാര്‍ ഏറ്റുപിടിക്കുന്നത് കൊണ്ട് നമ്മള്‍ എവിടെയുമെത്തുകയില്ല. പകരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് വേണ്ടത്.

3 comments:

SNair said...

enthenkilum okke pranju bahalam vachillenkil aa party thanne illathakkum ennu neethakkanmarkkariyam. communistukal enthukandaalum ethirkunnathum athukondaanu.shariyaayi padichathukondulla ethirppalla marichu njangalum ivideyokke thanne undeeeee ennu janangalee onnu ormippikkan veedi maathram. janathinu kashtam thooni naalu oottu sangadippikkeendeee

അനില്‍@ബ്ലോഗ് // anil said...

മാഷ്,
പഴയ ഫോമിലെത്തിയതിലും തമാശകള്‍ പറയാന്‍ തുടങ്ങിയതിലും സന്തോഷമുണ്ട് കേട്ടോ.
:)

Unknown said...

ഞാന്‍ പറയുന്നത് തമാശകളായി എടുത്തതില്‍ എനിക്കും സന്തോഷം അനിലേ... എന്റെ നാട്ടിലൊക്കെ ഇങ്ങനെ പറയുന്നതിനെ “വട്ട്” എന്നാണ് പറയുക :)