2008-12-07

മതമില്ലാത്ത തീവ്രവാദം

ശിഥിലചിന്തകളില്‍ എഴുതിയ കമന്റ് :

എനിക്ക് ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല എല്ലാ മതങ്ങളോടും അനല്പമായ വിദ്വേഷമുണ്ട്. മതം മനുഷ്യമനസ്സിനെ വികൃതമാക്കുന്ന വിഷമാണെന്നും അഭിപ്രായമുണ്ട്. ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ അവന് മതമില്ല. മനുഷ്യനോടുള്ള സ്നേഹം നിമിത്തമാണ് എനിക്ക് മതത്തോട് വെറുപ്പ് തോന്നുന്നത്. മതം എന്നത് മനുഷ്യമനസ്സില്‍ കടന്നു കൂടുന്ന വിശ്വാസം മാത്രമാണ്. മനസ്സിന്റെ പുറത്ത് മതത്തിന് നിലനില്‍പ്പില്ല. ഞാന്‍ ഇന്ന മതക്കാരനാണ് എന്ന് കരുതുമ്പോള്‍ അയാള്‍ ആ മതക്കാരനാവുന്നു. ഞാന്‍ വെറും ഒരു മനുഷ്യന്‍ മാത്രമാണെന്ന് കരുതിയാല്‍ അയാള്‍ മനുഷ്യനായി. പിന്നെ ശേഷിക്കുന്നത് കിത്താബുകളും എടുപ്പുകളും ആണ്. അതൊക്കെ മനുഷ്യന്റെ കൈ കൊണ്ട് അച്ചടിക്കുന്നതും പടുത്തുയര്‍ത്തപ്പെടുന്നതുമാണ്. മനുഷ്യന് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്നും പകരം ഉയര്‍ന്ന സാമൂഹ്യബോധവും കളങ്കരഹിതമായ മന:സാക്ഷിയുമാണ് ആവശ്യം എന്നും കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ പറയുന്നുണ്ട്. ഇതൊരു പുതിയ വര്‍ത്തമാനവുമല്ല. എത്രയോ മനുഷ്യസ്നേഹികള്‍ നൂറ്റാണ്ടുകളായി പറഞ്ഞുവരുന്നത് ഞാനും ഏറ്റുപറയുന്നു എന്ന് മാത്രം.

തീവ്രവാദത്തിന്റെ പേരില്‍ ഇന്ന് ഇസ്ലാം മതം പ്രതിക്കൂട്ടില്‍ തന്നെയാണ്. അത് നിഷേധിക്കാന്‍ കഴിയില്ല. അതിനര്‍ത്ഥം ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം തീവ്രവാദികള്‍ ആണെന്നല്ല. അങ്ങനെ ആരും പറയുന്നുമില്ല. ഇസ്ലാം തീവ്രവാദികള്‍ക്ക് പ്രചോദനം ലഭിക്കുന്നത് ഇസ്ലാം മതത്തില്‍ നിന്നാണ്. കോടിക്കണക്കിന് ഇസ്ലാം സഹോദരന്മാര്‍ക്ക് സമാധാനപൂര്‍വ്വം ജീവിയ്ക്കാനുള്ള പ്രചോദനവും ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുമുണ്ട്. എന്ന് വെച്ച് ഇസ്ലാം തീവ്രവാദികള്‍ ഇസ്ലാം തീവ്രവാദികള്‍ അല്ലാതായിപ്പോകുമോ? ഇസ്ലാമിന്റെ വ്യാഖ്യാനം തന്നെയാണ് ചിലരെ തീവ്രവാദികളും പലരെ സമാധാനവാദികളുമാക്കുന്നത്. തീവ്രവാദികളാക്കുന്ന വ്യാഖ്യാതാക്കളെ ഒറ്റപ്പെടുത്താന്‍ സമാധാനവാദികളായ ഇസ്ലാം സഹോദരന്മാര്‍ മുന്നോട്ട് വരേണ്ടതുണ്ടായിരുന്നു. എന്നാല്‍ അത് കാണുന്നില്ല. പകരം തീവ്രവാദത്തിന്റെ വക്താക്കള്‍ തന്നെ സമാധാനത്തിന്റെ മുഖമൂടിയണിഞ്ഞ് വേഷപ്രച്ഛന്നമായ തീവ്രവാദം നിശബ്ദമായി പ്രചരിപ്പിക്കുന്നത് കാ‍ണാനുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്ന മതേതരമൂല്യങ്ങളില്‍ വിശ്വാസമുള്ള ഇസ്ലാം സുഹൃത്തുക്കളെ ഇസ്ലാം വിരുദ്ധരായി ബ്രാന്‍ഡ് ചെയ്യപ്പെടുന്നുമുണ്ട്. 30.11.08ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനം വായിച്ചു നോക്കുന്നത് നല്ലതാണ്.

ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ പോലെ തീവ്രവാദികള്‍ക്ക് ആത്യന്തികമായി ഒന്നും നേടാന്‍ കഴിയില്ല, കുറെ നിരപരാധികളുടെ ജീവന്‍ അപഹരിക്കാമെന്നല്ലാതെ. തീ‍വ്രവദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെ. എല്‍.ടി.ടി.ഇ.യെ തമിഴ് തീവ്രവാദികള്‍ എന്നും കമ്മ്യൂണിസത്തിന്റെ പല വിഭാഗങ്ങളെ മാവോയിസ്റ്റ് തീവ്രവാദികള്‍ എന്നും നക്സല്‍ തീവ്രവാദികള്‍ എന്നും ഹിന്ദു തീവ്രവാദികളെ അങ്ങനെയും ഇനി യുക്തിവാദികള്‍ തീവ്രവാദികള്‍ ആയാല്‍ അവരെ റേഷനാലിസ്റ്റ് ടെററിസ്റ്റുകള്‍ എന്നും പറയും. ഇസ്ലാം തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളേണ്ടതില്ല. ആധുനിക ലോകം ഇസ്ലാം തീവ്രവാദത്തിന്റെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഇത:പര്യന്തമുള്ള മാനവസംസ്കൃതി തച്ചു തകര്‍ക്കാനുള്ള പ്രഹരശേഷി അവര്‍ക്കുണ്ട്. ആണവശക്തിയും തീവ്രവാദവും ഒന്നിച്ചാല്‍ ലോകത്തിന്റെ ഗതി എന്താകും? ഇത് ഒരു സാങ്കല്‍പ്പിക ചോദ്യമല്ല. നാളെ അഭിമുഖീകരിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. ബീരാന്‍ മേലെ ചൂണ്ടിക്കാണിച്ച 11 കാര്യങ്ങള്‍ കൊണ്ട് ഈ വിപത്തിനെ നേരിടാന്‍ കഴിയുമോ?

ഇതൊന്നും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളല്ല എന്നതിനാല്‍ വ്യക്തിപരമായി എടുക്കാതിരിക്കുക.

(അധികവായനയ്ക്ക്)
(മറ്റൊന്ന്)

5 comments:

ചാപ്പൂണ്ണി said...

You said it master.I felt my thought put into words.Polite request to follow the link below. http://www.faithfreedom.org

ഞാന്‍ said...

തീവ്രവാദികള്‍ - ഭീകരവാദികള്‍ , രണ്ടും വ്യത്യസ്തങ്ങളല്ലേ? ഭീകരവാദി ഒരു തീവ്രവാദി ആയിരിക്കാം, പക്ഷെ തീവ്രവാദി ഒരു ഭീകരവാദി ആകേണമോ? ഉദാഹരണത്തിന് ഞാനൊരു "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തീവ്രവാദിയാണ്". എന്നെ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഭീകരവാദി" എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി ചാപ്പൂണ്ണീ ,ഞാ‍ന്‍ ആ സൈറ്റ് വായിക്കാറുണ്ട്...

തീവ്രവാദികള്‍ - ഭീകരവാദികള്‍ രണ്ടും വ്യത്യസ്തങ്ങല്ലെ എന്ന ചോദ്യം ഭാഷാപരമായോ വൈയ്യാകരണീയമായോ പരിശോധിക്കേണ്ടതല്ലെ “ഞാന്‍”? അതവിടെ നില്‍ക്കട്ടെ. എന്തിനാണ് “ഞാന്‍” സ്വതന്ത്രസോഫ്റ്റ്വേര്‍ തീവ്രവാദിയാവുന്നത് , അതിന്റെ പ്രചാരകനായാല്‍ പോരേ? സ്വതന്ത്രസോഫ്റ്റ്വേറും പ്രചരിക്കട്ടെ,സ്വകാര്യസോഫ്റ്റ്വേറും നിലനിന്നോട്ടെ. സ്വതന്ത്രസോഫ്റ്റ്വേര്‍ മാത്രം മതി എന്ന മനോഭാവമാണോ സ്വതന്ത്രസോഫ്റ്റ്വേര്‍ തീവ്രവാദം എന്ന പ്രയോഗം കൊണ്ട് “ഞാന്‍” അര്‍ത്ഥമാക്കുന്നത്? എങ്കില്‍ കരുതിയിരിക്കുക അത് അപകടകരമായ ഭീകരവാദമായി പരിണമിക്കാനിടയുണ്ട്. ശരിക്ക് പറഞ്ഞാ‍ല്‍ ഭീകരവാദികള്‍ എന്ന പ്രയോഗം തന്നെയാണ് ശരി. ഇത് പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ടെന്ന് തോന്നുന്നു :)

ഞാന്‍ said...

അതൊരു ഉദാഹരണത്തിന് ഞാന്‍ പറഞ്ഞതാണ്. എന്നിരുന്നാലും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തീവ്രവാദിയാകുന്നതില്‍ തെറ്റൊന്നുമില്ല. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ എന്റെ, നിന്റെ, അവന്റെ എന്നൊക്കെയുള്ള വികാരങ്ങളല്ലാതെ നമ്മുടെ എന്നൊന്ന് സൃഷ്ടിക്കുന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പറ്റി റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ കുറെയേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ഒന്ന് വായിക്കുകയാണെങ്കില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ സമൂഹത്തിലുണ്ടാക്കുന്ന അസമത്വങ്ങളെ പറ്റിയൊക്കെ ഒരു വിവരം ലഭിക്കും.

ഇതൊന്ന് വായിക്കണം സമയം കിട്ടുമ്പോള്‍. ഇവിടെ സ്റ്റാള്‍മാന്റെ വളരെയധികം ലേഖനങ്ങള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് വെച്ചിട്ടുമുണ്ട്.

അപ്പോള്‍ വര്‍ഗ്ഗീയവാദത്തെയൊക്കെപ്പോലെ തന്നെ പ്രൊപ്രൈറ്ററി വാദത്തെയും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് മനസ്സിലാക്കാം.

പിന്നെ ഞാനിപ്പോള്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനാണ്. എന്നാലും തീവ്രവാദിയാകുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് എന്റെ നിലപാട്.

Sharepoint the Great said...

Hi. I do not know the script for Malayalam.

You are pointing my Blog : vijaybalajithecitizen (Blog tech)

Thank you sir

by

Sharepoint The Great(VBTC)