2008-11-25

മാറ്റുവിന്‍ പരിപാടികളെ ......

Dear dropsofrain,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. മൂല്യ ശോഷണം എന്നത് ഇന്ന് സമൂഹത്തെ ആകെ ബാധിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ മൂല്യബോധമുള്ളവരാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പണം ഒരു അത്യാവശ്യഘടകമായി വന്നു, ആവശ്യങ്ങള്‍ പെരുകി. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്തയാണ് ഇന്ന് എല്ലാവര്‍ക്കും. എല്ലാവരും അത് തങ്ങളുടെ കഴിവിനനുസരിച്ച് ചെയ്യുന്നു. നിയമവാഴ്ച ഉള്ളത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കൂടുന്നില്ല എന്നേയുള്ളൂ.ജനനനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോള്‍, ആവശ്യങ്ങളും പരിധിയില്ലാതെ പെരുകുമ്പോള്‍ മൂല്യബോധം എത്രമാത്രം സംരക്ഷിക്കപ്പെടാന്‍ കഴിയും എന്നത് സംശയമാണ്.


സി.പി.എം.എന്ന പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയത്തിലും എല്ലാ പാര്‍ട്ടികളിലും അപചയം സംഭവിച്ചു. മനുഷ്യര്‍ തന്നെ ആണല്ലൊ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഒരു നിര്‍ദ്ധിഷ്ട ഐഡിയോളജി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്നിക്കുന്ന പാര്‍ട്ടികള്‍ ഇന്നില്ല എന്ന് പറയാം. അഥവാ എന്തെങ്കിലും ഐഡിയോളജി ആരെങ്കിലും മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഒരു മുഖം മൂടിയായി ഉപയോഗപ്പെടുത്തുന്നതാണ്. കാലികമായി പ്രസക്തമാവുന്ന ഒരു ഐഡിയോളജി ഇന്ന് നിലവിലില്ല എന്ന് എനിക്ക് തോന്നുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് നെഗറ്റീവാണ്. അത് കൊണ്ടാണ് തീവ്രവാദികള്‍ ഉണ്ടാവുന്നത്. തീവ്രവാദികള്‍ പ്രതിനിധാനം ചെയ്യുന്ന ഐഡിയോളജികള്‍ ഒന്നും പ്രായോഗികമല്ല. അതിനാല്‍ തന്നെയാണ് അസഹിഷ്ണുത മൂത്ത് അവരൊക്കെ തീവ്രവാദികളാവുന്നത്.

കാലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഏറ്റെടുത്ത് കൊണ്ട് അതാത് കാലത്ത് പുത്തന്‍ ഐഡിയോളജികളും പുതിയ പ്രസ്ഥാനങ്ങളും ആവിര്‍ഭവിക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. മനുഷ്യര്‍ പൊതുവെ ഭൂതകാലത്തില്‍ ഒട്ടിപ്പിടിക്കാനുള്ള വാസനയാണ് കാണിക്കുന്നത്. സത്യം പറഞ്ഞാല്‍ കമ്മ്യൂണിസം അടക്കം ഇന്നും പ്രചാരത്തിലുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതാത് കാലത്ത് പ്രസക്തിയുണ്ടെങ്കിലും ഇക്കാലത്തേക്കോ, വരും കാലത്തേക്കോ അവ പ്രസക്തമല്ല്ലാത്ത വിധം കാലഹരണപ്പെട്ടു എന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്. അത് തെറ്റോ ശരിയോ എന്നത് വേറെ കാര്യം. എന്നാല്‍ ഓരോ കാലത്തും ഓരോ ഇസങ്ങള്‍ ഉടലെടുത്തുവെങ്കില്‍ എന്ത് കൊണ്ട് ഇക്കാലത്ത് നമുക്ക് ഒരു പുതിയ പ്രത്യയശാസ്ത്രത്തെ പറ്റി ആലോചിച്ചു കൂട? ഇന്ന് പല പ്രത്യയശാസ്ത്രങ്ങളെ അന്ധമായി പിന്‍‌തുടരുന്നവരുടെ ശാഠ്യങ്ങളും അതില്‍ നിന്നുണ്ടാവുന്ന സംഘര്‍ഷങ്ങളുമാണ് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത്.

ആഗോളവല്‍ക്കരണമാണ് ഇന്നത്തെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന മട്ടില്‍ പലരും പറയുന്നത് കേള്‍ക്കുന്നുണ്ട്. എനിക്കതിന്റെ അര്‍ത്ഥം ശരിക്ക് മനസ്സിലായിട്ടില്ല. ആഗോളവല്‍ക്കരണം എന്നത് ആരെങ്കിലും നടപ്പിലാക്കിയ ഒരു നയമായിരുന്നോ അതോ ലോകത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയോ? ഒരു രാജ്യത്തിനും മറ്റ് രാജ്യങ്ങളുമായി കൊടുക്കല്‍ വാങ്ങല്‍ നടത്താതെ നിലനിന്ന് പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. ആ സാഹചര്യമല്ലേ ആഗോളവല്‍ക്കരണം? അത്തരം ഒരു സാഹചര്യത്തില്‍ നിന്ന് ഒരു തുരുത്തിലെന്ന പോലെ ഏതെങ്കിലും രാജ്യത്തിന് മാറിനില്‍ക്കാനാവുമോ? ഞാന്‍ മനസ്സിലാക്കുന്നത് ആഗോളവല്‍ക്കരണം എന്നത് ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ഫലമായി സംഭവിച്ച സ്വാഭാവികമായ ഒരു ലോകപരിണാമം എന്നാണ്. അത് ഒഴിവാക്കാനാകുമായിരുന്നോ എന്നെനിക്കറിയില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് ആണ് പാര്‍ട്ടിയും പാര്‍ട്ടി നയിച്ച സര്‍ക്കാറുകളും ഏകാധിപത്യപ്രവണത കാണിക്കാന്‍ കാരണമെന്നും ആ ഏകാധിപത്യപ്രവണത തന്നെയാണ് സോവിയറ്റ് യൂനിയന്റെ അടക്കം പതനത്തിലേക്ക് നയിച്ചതെന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. അതാണ് ശരിയെന്ന് ഞാനും കരുതുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന പരിപാടിയുടെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസത്തോട് എനിക്കിന്ന് യോജിപ്പില്ല. ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും വിധം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരിപാടി മാറ്റണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് പാര്‍ട്ടിയുടെ കെട്ടുറപ്പിന് ഗുണം ചെയ്യും എന്നും ജനാധിപത്യ വികേന്ദ്രീകരണം എന്ന തത്വം അതിന്റെ സ്പിരിറ്റില്‍ നടപ്പിലാവും എന്നും എനിക്ക് തോന്നുന്നു. അതേ പോലെ തന്നെ ഈ ഒരു മാറ്റത്തോടെ ഇന്ത്യയിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയക്കാര്‍ക്കും ഒരേ കൊടിക്കീഴില്‍ അണിനിരക്കാനും ഈ മാറ്റം വഴി തുറക്കും.

എന്റെ ഈ അഭിപ്രായം എല്ലാവരും പുച്ഛിച്ച് തള്ളുകയേയുള്ളൂ എന്നെനിക്കറിയാം. അത് ഭൂതകാലത്തിന് മനുഷ്യമനസ്സുകളുടെ മേലുള്ള പിടുത്തത്തിന്റെ കാഠിന്യം നിമിത്തമാണ്. നടന്നില്ലെങ്കിലും വേണ്ടില്ല ഈ ആശയം എനിക്ക് പ്രിയപ്പെട്ടതായിപ്പോയി അതിനാല്‍ ഞാനിത് ഉപേക്ഷിക്കില്ല എന്ന് മനസ്സ് പറയും. അതിനെ ധിക്കരിക്കാന്‍ പലര്‍ക്കും കഴിയില്ല. പിന്നെ ഇന്നത്തെ നിലയില്‍ അതിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുന്ന സ്ഥാപിതതാല്പര്യക്കാര്‍ ഏതൊരു മറുപരിശീലനത്തെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും.

പുതിയ ചിന്തകളെ, പുതിയ ഒരു മൂവ്‌മെന്റിനെ കാത്തിരിക്കുന്ന ആളാണ് ഞാന്‍. അത് നിര്‍ദ്ദേശിക്കാനുള്ള ധിഷണ എനിക്കില്ല എന്ന് വിനയപൂര്‍വ്വം പറയട്ടെ. അത് കൊണ്ട് ഈ ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കരുത് എന്നെന്നോട് പറയരുത്. കമ്മ്യൂണിസം മാത്രമാണ് നല്ല ആശയം എന്നെനിക്ക് തോന്നുന്നില്ല. ഗാന്ധിസത്തിലും നബിയിസത്തിലും കൃസ്ത്യനിസത്തിലും ബുദ്ധിസത്തിലും ഒക്കെ നല്ല ആശയങ്ങളുണ്ട്. ആശയങ്ങള്‍ അവ നല്ലതായാല്‍ സ്വാംശീകരിക്കണം എന്ന് തോന്നുന്നു. ജനാധിപത്യപരമായ ഒരു സമന്വയമാണ് ആവശ്യം. ഒരു ആശയം മാത്രം സാര്‍വ്വലൌകികമായി നടപ്പിലാക്കാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ല. അവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്തി. അത് കൊണ്ടാണ് ഇനി ജനാധിപത്യത്തിന്റെ കാലമാണ് എന്ന് പറയുന്നത്. ജനാധിപത്യം എന്ന് പറയുന്നത് അഞ്ച് കൊല്ലം കൂടുമ്പോള്‍ വോട്ട് ചെയ്യാനുള്ള അവസരമല്ല. അത് സഹനത്തിന്റെയും സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയാണ്, ഒരു സംസ്ക്കാരമാണ്.

നമുക്കിനിയും സംവദിക്കാമല്ലൊ,
സ്നേഹപൂര്‍വ്വം,

7 comments:

neeraj said...

ശ്രീ സുകുമാരന്‍ജീ, സ്വന്തം പരിസരത്തെ മൂല്യശോഷണത്തെക്കുറിച്ച്‌ അങ്ങക്ക്‌ ബോധ്യമുണ്ടോ, ഇല്ലെങ്കില്‍ നിങ്ങളുടെ കൂട്ടുകാരനും ബ്ലോഗ്‌ അക്കാദമി തലതൊട്ടപ്പനുമായ ശ്രീമാന്‍ ചിത്രകാരന്റെ ഈ പോസ്‌റ്റിലെ അദ്ദേഹത്തിന്റെ മറുപടി കമന്റ്‌ ഒന്ന്‌ വായിച്ചു നോക്കൂ :
http://nisaram.blogspot.com/2008/11/blog-post_24.html

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ നീരജ് , സ്വന്തം ഉത്തരവാദിത്വത്തിലാണ് ചിത്രകാരന്‍ ബ്ലോഗ് പോസ്റ്റുകളും കമന്റുകളും എഴുതുന്നത്. എന്റെ കൂട്ടുകാരനായിപ്പോയി എന്നത് അദ്ദേഹത്തിന്റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് തടസ്സം ആവുന്നില്ല.അതേ പോലെ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളുടെയും ഉത്തരവാദിത്വം എന്റെ ചുമലിലും ആവുന്നില്ല. എഴുത്ത് വേറെ,വ്യക്തി വേറെ. അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അപ്പുറം വ്യക്തിബന്ധങ്ങള്‍ ആകാമല്ലൊ. നീരജിന്റെ വിയോജനക്കുറിപ്പ് അവിടെ രേഖപ്പെടുത്താമല്ലൊ, എന്നെ ദയവായി അദ്ദേഹത്തിന്റെ എഴുത്തുമായി ബന്ധിപ്പിക്കാതിരിക്കുക. യോജിക്കാനും വിയോജിക്കാനും ഉള്ള സ്വാതന്ത്ര്യം പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള സൌഹൃദമാണ് ഞങ്ങള്‍ തമ്മില്‍ ഉള്ളത്. അങ്ങനെയുള്ള സൌഹൃദം ആര്‍ക്കും പങ്ക് വയ്ക്കാവുന്നതുമാണ്. പിന്നെ ബ്ലോഗ് അക്കാദമിയുടെ കാര്യം,ഞാന്‍ അതില്‍ നിന്ന് നിശബ്ദം പിന്‍‌മാറിയിരുന്നു. ഇപ്പോള്‍ അക്കാദമി നിലവിലുണ്ടോ എന്നുമറിയില്ല. അക്കാദമി ഉണ്ടാവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് ഇല്ലെങ്കിലും സൌഹൃദം തുടരും. ചിത്രകാരന്റെ എഴുത്ത് എനിക്ക് ബാധ്യത അല്ലാത്ത പോലെ തന്നെ ഞങ്ങളുടെ സൌഹൃദം ഇല്ലാതാവുന്നതിനും അദ്ദേഹത്തിന്റെ എഴുത്ത് കാരണമാകുന്നില്ല. ചില മൂല്യശോഷണങ്ങള്‍ക്കെതിരെ ചിത്രകാരനും ശക്തമായി പ്രതികരിക്കുന്നത് കാണാറുണ്ട്. ഇത്രമാത്രമേ എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളൂ.
സസ്നേഹം,

അങ്കിള്‍ said...

:)

neeraj said...

വ്യക്തബന്ധങ്ങളെ മാനിക്കുന്നു. വ്യക്തിബന്ധങ്ങള്‍ പരസ്‌പരം തിരുത്താറുണ്ട്‌.
ഞാനിങ്ങിനെയൊരു കമന്റിടാന്‍ കാരണം ആ പോസ്‌റ്റ്‌ വായിച്ചപ്പോഴുള്ള വേദന കൊണ്ടാണ്‌.

കാര്യങ്ങളോടുള്ള സമീപനത്തിലെ, അതിനുപയോഗിക്കുന്ന ഭാഷയുടെ അരുതായ്‌മകള്‍, തെരുവ്‌ തെറിപോലെ, സ്വന്തം ബ്ലോഗാണെങ്കിലും പ്രയോഗിക്കുമ്പോഴുള്ള എന്തോ ഒരു വല്ലായ്‌മ. അതു കൂടുതലാവാന്‍ കാരണം നിങ്ങള്‍ പറയുന്ന തരത്തിലുള്ള മൂല്യശോഷണത്തിനെതിരായ അദ്ദേഹത്തിന്റെ വാക്കുകളെ അപ്രസക്തമാക്കുന്നു ഇത്തരം പ്രയോഗങ്ങള്‍ എന്നതുകൊണ്ടുകൂടിയാണ്‌.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളെ തെറി പറയുകയാണോ ?

എന്റെ പ്രതികരണം ഞാനപ്പഴേ അദ്ദേഹത്തിന്റെ ബ്ലോഗിലിട്ടിരുന്നു. പുറത്തു കണ്ടില്ല.

മറുപടിക്ക്‌ നന്ദി

dropsofrain said...

സുകുമാരേട്ടാ,
പ്രതികരണത്തിനു നന്ദി. ആത്മാര്‍ത്ഥമായും, താങ്കളുടെയത്ര അറിവോ അനുഭവ പരിചയമോ ഉള്ളയാളല്ല ഞാന്‍. പ്രതികരണം വായിച്ചപ്പോള്‍ എനിക്ക്‌ തോന്നിയ ചില സംഗതികള്‍ കുറിയ്ക്കുന്നു.

മൂല്യബോധത്തിനു കോട്ടം സംഭവിയ്ക്കുന്നതിനു കാരണമായി ചേട്ടന്‍ സൂചിപ്പിച്ച "പണത്തിണ്റ്റെ വര്‍ദ്ധിച്ച പ്രസക്തിയും" "ആഡംബരങ്ങള്‍ പെരുകുന്നതിനും" പിന്നില്‍ ഇന്നത്തെ ലാഭകേന്ദ്രീകൃതമായ/വിപണികേന്ദ്രീകൃതമായ(അഗോളവല്‍ക്കരണം എന്ന ക്ളീഷെ മനപൂര്‍വ്വം ഒഴിവാക്കുന്നു!!!) സാമൂഹ്യവ്യവസ്ഥയുടെ ശക്തമായ സ്വാധീനം ഉണ്ട്‌.

കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കാലികമല്ല എന്ന നിലപാടിലേയ്ക്ക്‌ താങ്കള്‍ എത്തിയതിനു പ്രധാന കാരണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ അതിണ്റ്റെ പ്രയോഗത്തില്‍ വന്ന വീഴ്ച്ചകളും, പിന്നെ മനുഷ്യ മനസ്സ്‌ അടിസ്ഥാനപരമായി സ്വാര്‍ത്ഥമാണെന്നും, മാനവിക മൂല്യങ്ങളുടെ മേല്‍ അതെപ്പോഴും വിജയം നേടിക്കൊണ്ടിരിയ്ക്കും എന്ന ഫ്രോയീഡിയന്‍ ചിന്തയുടെ സ്വാധീനവുമാണെന്ന്‌ ഞാന്‍ ഊഹിയ്ക്കുന്നു. നഷ്ടപ്പെട്ട മൂല്യങ്ങള്‍ ഒരിക്കലും തിരിച്ച്‌ പിടിയ്ക്കാന്‍ കഴിയില്ല എന്ന നിരാശയും പ്രതികരണത്തില്‍ പങ്കുവയ്ക്കുന്നുണ്ടല്ലോ.

അവസര സമത്വവും, ചൂഷണരഹിത സമൂഹമെന്ന കാഴ്ച്ചപ്പാടുമോക്കെ മാര്‍ക്സിനു മുന്‍പും ഉണ്ടായിരുന്നു എന്നാണ്‌ ഞാന്‍ വിശ്വസിയ്ക്കുന്നത്‌. ഇതിണ്റ്റെയൊക്കെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ മാര്‍ക്സിസം എന്ന സാമൂഹ്യ ശസ്ത്രത്തിനു കാലഘട്ടത്തിണ്റ്റേതായ നവീകരണങ്ങളും, തിരുത്തലുകളും ഒരു പക്ഷേ വേണ്ടി വന്നേയ്ക്കാം. എന്നാല്‍ അത്‌ ചൂണ്ടിക്കാട്ടി മാര്‍ക്സിസത്തിന്‌ അടിസ്ഥാനമായതും ശാശ്വതമായ മൂല്യങ്ങള്‍ എന്ന്‌ വി എസിനെ പ്പോലെ ലക്ഷക്കണക്കിനു മനുഷ്യര്‍ കണക്കാക്കുന്നതുമായ ആശയങ്ങളെ കാലികമല്ല എന്ന്‌ പറയാന്‍ കഴിയില്ല. മരവുരിയുമുടുത്ത്‌ മൃഗങ്ങള്‍ക്കൊപ്പം വേട്ടയാടിയിരുന്ന അവസ്ഥയില്‍ നിന്ന്‌, മനുഷ്യനെ മനുഷ്യന്‍ അടിമയാക്കി വച്ചിരുന്ന അവസ്ഥയില്‍ നിന്ന്‌, ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്ന ൧൬-നൂറ്റാണ്ടില്‍ നിന്ന്‌, അയിത്തതിണ്റ്റെയും, തൊട്ടുകൂടായ്മയുടെയും നൂറ്റാണ്ടുകളില്‍ നിന്ന്‌, മനുഷ്യ സമൂഹത്തിന്‌ ഇന്നത്തെ അവസ്ഥയില്‍ എത്താമെങ്കില്‍ മൂല്യങ്ങള്‍ തിരിച്ച്‌ പിടിയ്ക്കുന്നതും, സംരക്ഷിയ്ക്കുന്നതും അസാധ്യമല്ല എന്ന്‌ ഞാന്‍ കരുതുന്നു.

ഒരു പക്ഷെ ഇന്നത്തെ അവസ്ഥയില്‍ സ്വകാര്യ സ്വത്തവകാശം നിര്‍ത്തലാക്കുന്നതിനു സമാനമോ അതിനേക്കാള്‍ വിപ്ളവകരമോ ആയ ഒരു മാറ്റമായിരുന്നില്ലേ രാജഭരണത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേയ്ക്കുള്ള കാല്‍വയ്പ്പ്‌?തീര്‍ച്ചയായും അത്‌ ഒറ്റ രാത്രി കൊണ്ടോ, ഒരു വര്‍ഷം കൊണ്ടോ സംഭവിച്ചതല്ല... അതിനു ആവശ്യമായ വ്യക്തിപരവും, 'സാമൂഹികവുമായ' സാഹചര്യങ്ങള്‍ ക്രമാനുഗതമായി രൂപപ്പെടുകയായിരുന്നില്ലേ?
ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്‌...

ഇനി സി.പി.എം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ വന്നാല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിണ്റ്റെ അതിരുകള്‍ക്കുള്ളില്‍ നിന്ന്‌ കൊണ്ട്‌ എതാണ്ടൊരു സോഷ്യല്‍ ഡെമോക്രാറ്റിക്‌ setuppil പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടിയാണതെന്ന്‌ പാര്‍ട്ടി പരിപാടിയില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌. പാര്‍ട്ടിയോടു വിയോജിയ്ക്കേണ്ട പല അവസരങ്ങള്‍ ഉണ്ടായേയ്ക്കാം. എന്നാലും ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്ക്‌ ഒരു വലിയ role ഉണ്ട്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. വര്‍ഗ്ഗീയതയും, പ്രാദേശിക വാദവും, തീവ്രവാദവുമെല്ലാം ഇന്‍ഡ്യയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാന്‍ ഇന്ന്‌ നിലവിലുള്ള പാര്‍ട്ടികളില്‍ വച്ച്‌ ചങ്കുറപ്പും, യോഗ്യതയും, നയപരമായ നിശ്ചയദാര്‍ഢ്യവും ഒരളവുവരെ പാര്‍ട്ടിയ്ക്കുണ്ട്‌ എന്ന്‌ ഞാന്‍ വിചാരിയ്ക്കുന്നു(അതിണ്റ്റെ സ്വാധീന മേഖലകളിലെങ്കിലും).

ജനാധിപത്യത്തിണ്റ്റെ പ്രസക്തിയെ ചോദ്യം ചെയ്യാനല്ല...എന്നാലും അവിടെയും ധാരാളം loop holes ഉണ്ട്‌.
അല്ലെങ്കില്‍ ക്രിസ്തു ക്രൂശിയ്ക്കപ്പെടില്ലായിരുന്നു.
മോഡി വീണ്ടും അധികാരത്തില്‍ വരില്ലായിരുന്നു.

വാല്‍ക്കഷണം:- ഭൂരിപക്ഷം നീതിബോധമില്ലാത്തവരുടെ നാട്ടിലെ ജനാധിപത്യം ഒരു പ്രഹേളിക തന്നെയല്ലേ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Dear dropsofrain,

നമ്മുടെ സംവാദം തുടരാന്‍ കഴിയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ബ്ലോഗില്‍ പൊതുവെ ക്ഷമയോടെയും പരസ്പരബഹുമാനത്തോടെയും സംവാദങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറവാണ്.ഇക്കാര്യം ഇതേ ബ്ലോഗില്‍ മധുരാജും,നീരജും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. ഏതായാലും നമുക്ക് സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വെച്ച് സംസാരിക്കാന്‍ എനിക്ക് താല്പര്യമുണ്ട്.പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുമുണ്ട്.ഒറ്റ മറുപടിയില്‍ എല്ലാം ഒതുക്കാന്‍ കഴിയില്ല. മാത്രമല്ല പറഞ്ഞു വരുമ്പോഴല്ലെ മറ്റു പലതിനും ഉത്തരം കണ്ടെത്തേണ്ടിയും വരിക. ചിന്തകള്‍ എങ്ങനെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമെന്ന പരിമിതിയും എനിക്കുണ്ട്.ലഭ്യമായ വിവരങ്ങള്‍ വെച്ച് മുന്‍‌വിധികളില്ലാതെ ചിന്തിക്കുന്നു എന്നതില്‍ കവിഞ്ഞ അറിവുകള്‍ ഒന്നുമെനിക്കില്ല.

മാര്‍ക്സിസത്തിന്റെ ഒരു പ്രത്യേകത, മാര്‍ക്സും ഏംഗല്‍‌സും മാത്രമാണ് ഈ പ്രപഞ്ചത്തെയും പ്രകൃതിയെയും സമൂഹത്തെയും പറ്റി ദാര്‍ശനിക തലത്തില്‍ ശാസ്ത്രീയമായി അപഗ്രഥിക്കാനും അതിന്റെ ഉത്ഭവ-വികാസ-പരിണാമങ്ങളുടെ നിയമങ്ങള്‍ ക്രോഡീകരിക്കാനും ശ്രമിച്ചത് എന്നതാണ്. കൂടാതെ ഈ ലോകത്തെ എങ്ങനെ മാനവീകൃതമായ വ്യവസ്ഥിതിയിലേക്ക് നയിക്കാമെന്നതിന് ഒരു കരട് രേഖ അതായത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ മനുഷ്യരാശിക്ക് സമര്‍പ്പിക്കുകയും ചെയ്തു. അതിനര്‍ത്ഥം മനുഷ്യരാശി എന്ത് തന്നെ ആയാലും ശാസ്ത്രീയകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് എത്തും എന്നല്ല. അത്തരമൊരു വ്യവസ്ഥിതി കെട്ടിപ്പടുക്കാം എന്നാണ്. ഉണ്ടങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ ഇല്ല അത്രമാത്രം. അത് സാധ്യമാവുമോ എന്നായിരുന്നു എന്റെ അന്വേഷണം. ആ അന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ തീരെ കുറച്ച് കാലം സി.പി.ഐ.യുമായും,സി.പി.എമ്മുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയുമുണ്ടായിട്ടുണ്ട്.ലക്ഷ്യം മാത്രം നന്നായാല്‍ പോര മാര്‍ഗ്ഗവും നന്നാവണം എന്ന ഒരു ചിന്ത എനിക്കുണ്ടായത് അപ്പോഴാണ്.

ഇന്നും ഇതൊരു തര്‍ക്കവിഷയമാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്.അതായത് ലക്ഷ്യം നല്ലതാണെങ്കില്‍ അത് പ്രാപിക്കാന്‍ മാര്‍ഗ്ഗം എന്ത് തന്നെയായാലും തരക്കേടില്ല എന്ന്. ലക്ഷ്യം പോലെ തന്നെ അതിലേക്കെത്താനുള്ള മര്‍ഗ്ഗവും പരിശുദ്ധമായിരിക്കണം എന്ന് പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. അതായത് മാര്‍ഗ്ഗം പിഴച്ചാല്‍ ലക്ഷ്യവും പിഴയ്ക്കുമെന്ന്. ഈ നിലപാട് ശരിയെന്നാണ് എനിക്ക് ബോധ്യമായത്. കാരണം ലക്ഷ്യം എപ്പോഴും അകലെയായിരിക്കും,എത്തിപ്പിടിക്കാനുള്ളത്. ലക്ഷ്യം അവസാനിക്കുന്നില്ല,അതൊരു തുടര്‍ച്ചയാണ്. നന്മയിലേക്കുള്ള അവസാനിക്കാത്ത യാത്രയാണ് അത്. അപ്പോള്‍ നമ്മള്‍ എപ്പോഴും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാവും ചെയ്യുക. വഴി നീളെ തെറ്റ് ചെയ്ത് കൊണ്ട് എന്നങ്കിലും ശരിയിലേക്ക് എത്താന്‍ കഴിയുമോ? ഇല്ല തന്നെ. കാരണം ലക്ഷ്യം അപ്പോഴും അവിടെ ബാക്കിയാണല്ലൊ. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ പട്ടാളവും ഭരണകൂടവും കൊഴിഞ്ഞു പോകണം. കൊഴിഞ്ഞു പോകും സംശയമില്ല. എന്നാല്‍ അതിലേക്കെത്തുന്ന വഴിയിലൂടെ തന്നെ സഞ്ചരിക്കണം. മറിച്ചും സഞ്ചരിക്കാം. ഭരണകൂടം ലോകത്തെ മൊത്തം ശാശ്വതമായ ഒരു തടവറ ആക്കി മാറ്റുന്ന അവസ്ഥയിലേക്കും. ചുരുക്കത്തില്‍ മാര്‍ഗ്ഗം ശരിയായിരിക്കണം എന്ന നിലപാടില്‍ എത്തിയത് കൊണ്ട് എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അധികം സഹകരിക്കാന്‍ കഴിഞ്ഞില്ല. മറ്റുള്ള പാര്‍ട്ടികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സ്വയം ന്യായീകരിക്കുന്ന ഞഞ്ഞാമിഞ്ഞ പരിപാടി ഒട്ടും സ്വീകാര്യമല്ല എനിക്ക്. നമ്മള്‍ എന്തിന് അതിന് നില്‍ക്കണം. നാം ശരിയാവണമാദ്യം,അല്ലെങ്കില്‍ പിന്നെ ആര് ശരിയാവും?

dropsofrain മുന്നോട്ട് വെച്ച സംഗതികളിലേക്ക് കടക്കും മുന്‍പ് ആമുഖമായാണ് മേല്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു വെച്ചത്. ലാഭകേന്ദ്രീകൃതമായ/വിപണികേന്ദ്രീകൃതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ തന്നെയാണ് അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും മറ്റെല്ലാ സാമൂഹ്യ അധാര്‍മ്മികതകള്‍ക്കും കാരണം. പക്ഷെ അതിന് ബദല്‍ അഥവാ പോംവഴികള്‍ എന്ത്? സോഷ്യലിസം എന്ന അമൂര്‍ത്തമായ ആശയം പരിഹാരമാവുകയില്ല. വിപണിയും ലാഭവും ഒഴിവാക്കി സമൂഹത്തിന് ചലിക്കാന്‍ കഴിയില്ല. മൂലധനവും പ്രത്യുല്പാദനസാമഗ്രികളും സമൂഹത്തിന്റെ പൊതു ഉടമസ്ഥതയില്‍ വന്നാലും അത് നിലനില്‍ക്കും. വിപണിയെയും ലാഭത്തെയും ഒഴിവാക്കുകയല്ല അതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സമൂഹത്തിന് സാധ്യമാവുകയാണ് വേണ്ടത്.അതിന് സാമൂഹ്യബോധം ഉയരണം. ഇന്ന് സാമൂഹ്യബോധം നേരെ റിവേഴ്സിലാണ്. അതാണ് പ്രശ്നം. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും കൊള്ളലാഭവും നിലനിര്‍ത്തുന്നത് നമ്മുടെ തന്നെ സുശിക്ഷിതമല്ലാത്ത ഉപഭോഗസംസ്ക്കാരമാണ്. തക്കാളിക്ക് വില കൂടുമ്പോള്‍ രണ്ട് ദിവസം നാമത് വാങ്ങാതിരുന്നെങ്കില്‍ വില കുറയില്ലേ? ബജറ്റിന് മുന്‍പ് സിഗരറ്റ് പൂഴ്ത്തിവെക്കുമ്പോള്‍ പുകവലിക്കാത്തവന്‍ കൂടി സിഗരറ്റിന് നെട്ടോട്ടമോടുന്ന ഉപഭോഗസംസ്ക്കാരമാണ് പ്രതിസ്ഥാനത്ത്. നാം കുറ്റം പറയാന്‍ മാത്രം ശീലിക്കുന്നു. നമുക്ക് യജമാനന്മാര്‍ ആകാമായിരുന്നു,പകരം അടിമത്വം സ്വയം സ്വീകരിച്ചു കൊണ്ട് എന്തിനോടോ നിഴല്‍ യുദ്ധം ചെയ്യുകായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബൂര്‍ഷ്വാസിയെ നമ്മള്‍ സൃഷ്ടിക്കുകയാണ്. ഞാന്‍ കാട് കയറിയോ ? തിരിച്ച് വരാം. വിപണിയല്ല പ്രശ്നം അതിന്റെ മേല്‍ക്കോയ്മ ഏറ്റെടുക്കും വിധം ഉയര്‍ന്ന ഉപഭോഗബോധം സമുഹത്തില്‍ വളര്‍ത്തണമായിരുന്നു, ലാഭത്തെയും പരിധി ലംഘിക്കാതെ നോക്കാന്‍ അപ്പോള്‍ കഴിയുമെന്നും അതല്ലാതെ വേറെ വഴിയില്ലെന്നും എന്റെ കാഴ്ചപ്പാട്.

(മറുപടി അപൂര്‍ണ്ണം,തുടരും)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കാലികമല്ല എന്ന് പറയുന്നത്, തീര്‍ച്ചയായും 1917ലെ ഒക്ടോബര്‍ വിപ്ലവവും അനന്തരം സംഭവിച്ച ചരിത്രയാഥാര്‍ത്ഥ്യങ്ങളും മുന്‍‌നിര്‍ത്തി തന്നെയാണ്. എന്നാല്‍ പ്രയോഗത്തില്‍ എല്ലാ ആശയങ്ങളെയും പരാജയപ്പെടുത്തുന്നത് മനുഷ്യമനസ്സിന്റെ സ്വാര്‍ത്ഥതയാണെന്ന തിരിച്ചറിവുമുണ്ട്. സ്വാര്‍ത്ഥത മാത്രമല്ല അനുകൂലമായ സാഹചര്യത്തില്‍ സഹജീവികളെ ഉന്മൂലനം ചെയ്യാനുള്ള രണോത്സുകതയും മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിട്ടുണ്ട്. തന്റെ ആശയങ്ങള്‍ക്ക് വേണ്ടി,തന്റേതായ സംഘടനയ്ക്ക് വേണ്ടി സഹജീവികളെ നിഷ്കരുണം കൊന്ന് തള്ളാനുള്ള നാസിയിസ്റ്റ് മനോഭാവത്തിന് ഇക്കാലത്തും മാറ്റമൊന്നും വന്നിട്ടില്ല. അതൊന്നുമല്ല പക്ഷെ പറയാന്‍ ഉദ്ദേശിക്കുന്നത് , ഒരു പരിപാടിയുടെയും അടവ് നയങ്ങളുടെയും അടിസ്ഥാനത്തിലാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അത് കാലഹരണപ്പെട്ടു എന്നാണ്.


നീണ്ട ഉത്തരമായിരുന്നു എഴുതാന്‍ ഞാന്‍ കരുതിവെച്ചിരുന്നത്. അതിനിടയില്‍ മുംബൈ സംഭവങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്തി. അതില്‍ നിന്ന് ഇപ്പോഴും മനസ്സ് വിമുക്തമായിട്ടില്ല. ഇത് നീട്ടുന്നതും ഉചിതമല്ല. എനിക്ക് എഴുതാന്‍ മറ്റ് വിഷയങ്ങളും ഉണ്ട്. അതിനാല്‍ ഇതിവിടെ അവസാനിപ്പിക്കുന്നു.

ഭൂരിപക്ഷം നീതിബോധമില്ലാത്തവരുടെ നാട്ടിലെ ജനാധിപത്യം ഒരു പ്രഹേളിക തന്നെയല്ലേ എന്ന ചോദ്യം ദുരുപദിഷ്ടമായിട്ടാണ് ഞാന്‍ കാണുന്നത് . പറഞ്ഞു വന്നാല്‍ അതിനെക്കുറിച്ചും കുറെ പറയാനുണ്ട്. പിന്നെയെപ്പോഴെങ്കിലുമാവാം.