2008-12-09

മാവേലികേരളം ബ്ലോഗില്‍ സെക്യുലറിസത്തെക്കുറിച്ച് ചര്‍ച്ച !

മാവേലികേരളത്തിന്റെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :

വ്യത്യസ്തമതങ്ങളും സംസ്ക്കാരങ്ങളും ഭാഷാ-പ്രാദേശിക വൈജാത്യങ്ങളും,ധാരാളം രാഷ്ട്രീയപ്രസ്ഥാനങ്ങളും ,യുക്തിവാദികളും മാനവിക വാദികളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വരസമൂഹമാണല്ലൊ നമ്മുടേത്. അപ്പോള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സഹിക്കാനും കഴിയുന്ന സെക്യുലറിസമാണ് നമുക്ക് യോജിക്കുക എന്ന് തോന്നുന്നു. ഒന്നിനെയും പുണരാതെയും ഒന്നിനെയും തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം സ്റ്റേറ്റിന്റെ സെക്യുലര്‍ പോളിസി എന്ന് സാരം. ഇത് തന്നെയാണ് നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കളും വിഭാവനം ചെയ്തിട്ടുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം വരെ ഈ ഈ നയം പിന്തുടര്‍ന്നിട്ടുണ്ടായിരുന്നു എന്ന് പറയാം.

സമര്‍ത്ഥയായ ഭരണാധികാരിയാണെങ്കിലും ശ്രീമതി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തില്‍ അപചയം തുടങ്ങി വെച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും അടിയന്തിരാവസ്ഥയുടെ പേരിലാണ് അവരെ കുറ്റപ്പെടുത്താറുള്ളതെങ്കിലും സ്വന്തം അധികാരം ഉറപ്പിക്കാന്‍ വേണ്ടി 1969ല്‍ അവര്‍ പാര്‍ട്ടി പിളര്‍ത്തിയത് മുതലാണ് ഇന്ത്യന്‍ രാഷ്ട്രീയം അധ:പതിക്കാന്‍ തുടങ്ങിയത്. അതില്‍ പിന്നീട് രാഷ്ട്രീയം ദുഷിച്ച് ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. എങ്ങനെയും അധികാരം കരസ്ഥമാക്കുക എന്നത് മാത്രമായി എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മിനിമം പരിപാടി. ഇപ്പോള്‍ ജനങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയനേതൃത്വങ്ങളും , നേതാക്കള്‍ക്ക് പറ്റിയ ജനങ്ങളുമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ സെക്യൂലറിസത്തെ കുറിച്ച് ചിന്തിക്കാന്‍.

സെക്യൂലറിസം എന്നാ‍ല്‍ സ്റ്റേറ്റ് മതങ്ങളെ നിരസിക്കലാണോ അതോ എല്ലാ മതങ്ങളെയും സ്വാംശീകരിക്കലാണോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ പരിസ്തിതിയില്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യ മാതൃക ഇവിടെ പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഒരു മധ്യമാര്‍ഗ്ഗമായിരിക്കും നമുക്ക് യോജിക്കുക എന്ന് തോന്നുന്നു.

ഒരു യുക്തിവാദി എന്ന നിലയില്‍ ഞാനും എന്നെ പോലെ ചിന്തിക്കുന്നവരും ഒരു മതരഹിത രാഷ്ട്രമായിരിക്കും പ്രിഫര്‍ ചെയ്യുക. എല്ലാ മതങ്ങളെയും തിരസ്ക്കരിക്കാനാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുക. അതേ പോലെ ഓരോ മതങ്ങളും തങ്ങള്‍ക്ക് സംരക്ഷണവും ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കണമെന്നും ആഗ്രഹിക്കുകയും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതും നമ്മളെല്ലാം സഹവര്‍ത്തിച്ചു കൊണ്ട് ജീവിയ്ക്കാന്‍ ബാധ്യതപ്പെട്ടതുമാണ് നമ്മുടെ രാഷ്ട്രം. നമ്മുടേതാണ് സര്‍ക്കാര്‍. ആരുടെയും അവകാശാധികാരങ്ങള്‍ കവര്‍ന്നെടുക്കാത്തതും എന്നാല്‍ അനര്‍ഹമായി ആര്‍ക്കും അധികം നല്‍കാത്തതുമായ സെക്യൂലറിസമാണ് നമുക്കഭികാമ്യം. ഏറെക്കുറെ അത്തരം ഒരു ശൈലി തന്നെയാണ് നമ്മള്‍ പിന്തുടര്‍ന്ന് വരുന്നതും. എന്നാല്‍ വോട്ടിന് വേണ്ടി ജാതി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുകയും വോട്ട് ബാങ്ക് നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു തരം അര്‍ബ്ബുദം നമ്മുടെ രാഷ്ട്രവ്യവസ്ഥയെയും സെക്യൂലര്‍ സങ്കല്പങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. സെക്യൂലര്‍ ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ പുനര്‍നവീകരണവുമായി ബന്ധപെടുത്തി മാത്രമേ സാധ്യമാവൂ എന്നെനിക്ക് തോന്നുന്നു. അതാകട്ടെ ഒരു സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

No comments: