2008-07-31

രാഷ്ട്രവും രാഷ്ട്രീയവും വേണോ ?

രാഷ്ട്രവും രാഷ്ട്രീയവും വേണോ എന്ന് ചോദിക്കുന്നത് ശ്രീരാജ് കെ. മേലൂര്‍

അതിന് എന്റെ ഉത്തരം ശ്രീരാജിന്റെ ബ്ലോഗില്‍ എഴുതിയത് :

രാഷ്ട്രീയം ആവശ്യമാണോ എന്ന ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം എന്ന ധാരണയില്‍ നിന്നും, നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധ:പതനത്തില്‍ നിന്നുണ്ടായ മനം മടുപ്പില്‍ നിന്നും ഉണ്ടാവുന്നതാണ് .

ആദ്യമായി രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത് ആരും മനസ്സിലാക്കുന്നില്ല . അത് കൊണ്ടാണ് ഒരു പാര്‍ട്ടിയിലും ചേരാതെ നിഷ്പക്ഷമായി അഭിപ്രായം പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്ന് പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നത് .

സത്യത്തില്‍ പൌരസമൂഹം കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം .കാരണം രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് . എങ്ങനെ, എത്ര നികുതി പിരിച്ചെടുക്കണം , അത് എങ്ങനെ ചെലവഴിക്കണം തുടങ്ങി സര്‍ക്കാര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള്‍ പൌരന്മാരുടെ പേരിലും , നമ്മള്‍ പൌരന്മാര്‍ക്ക് വേണ്ടിയുമാണ് . ഇത് അന്തിമമായി തീരുമാനിക്കുന്നത് നമ്മള്‍ പൌരന്മാര്‍ തന്നെയാണ് . സര്‍ക്കാര്‍ എന്നത് നാം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ . ഇതാണ് രാഷ്ട്രീയം !

പാര്‍ട്ടി രാഷ്ട്രീയം എന്നത് അതാത് പാര്‍ട്ടികളുടെ നിലപാടുകളാണ് . അത് കക്ഷിരാഷ്ട്രീയമണ് . നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . അത് കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്ന് രാഷ്ട്രീയം മോചിപ്പിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ പൌരസമൂഹം അത് കൈകാര്യം ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് .

ഇനി രാഷ്ട്രം വേണോ എന്ന ചോദ്യം . അത് അല്പം സങ്കീര്‍ണ്ണമാണ് . ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ് . അത് കൊണ്ട് പുരോഗമനപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രം വേണ്ട എന്നേ ഇന്ന് പറയാന്‍ കഴിയൂ . പക്ഷെ ചരിത്രം ഒരു തുടര്‍ച്ചയാണ് . നമുക്കത് ഒരു സുപ്രഭാതത്തില്‍ അടിമുടി മാറ്റിമറിക്കാന്‍ കഴിയില്ല . രാഷ്ട്രങ്ങള്‍ ഇന്നത്തെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ് . നാളെയോ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടിലോ അതുമല്ല എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലോ ഒരു ആഗോള ഗവണ്മെന്റ് നിലവില്‍ വരുമെന്നും ഓരോ പൌരനും ഓരോ വിശ്വപൌരനായിരിക്കുമെന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ പറ്റും .

അന്നും രാഷ്ട്രീയം, സാമൂഹ്യജീവിതത്തിന്റെ ക്രമീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കും എന്നും ഓര്‍ക്കുക !

9 comments:

അനില്‍@ബ്ലോഗ് // anil said...

“നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് “

നല്ല തമാശതന്നെ മാഷെ,
പരസ്പരം കണ്ടിട്ടുപോലുമില്ലത്ത പത്തു ബ്ലൊഗ്ഗെര്‍മാര്‍ ഒന്നിച്ചു കൂടിയപ്പോള്‍ ഉണ്ടാകുന്ന പോല്ലാപ്പുകളും തമ്മില്‍ത്തല്ലും കണ്ടു രസിക്കുകയാണു ഞാന്‍. അവിടെയാണു പൌരബോധം മാത്രം അടിസ്ഥാനമാക്കി രാഷ്ടം കെട്ടിപ്പടുക്കാന്‍ പോകുന്നതു !!!!
രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമാന ചിന്താധാരയിലുള്ള ആളുകള്‍ക്കു സംഘടിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ്. അച്ചടക്കം ഇല്ലാത്ത ഏതു സമൂഹമാണു നേര്‍വഴിക്കു നടന്നിട്ടുള്ളതു? പ്രവാചകന്മാര്‍ അവതരിക്കുന്നതെന്തിനാണ്?ആള്‍ക്കൂട്ടത്തെ നേര്‍വഴിക്കു നടത്താന്‍. പാര്‍ട്ടികള്‍ക്കു മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു മറുമരുന്ന് കണ്ടു പിടിക്കണം, അല്ലാതെ ഒളീച്ചോടൂകയല്ല വേണ്ടതു.
സസ്നേഹം
അനില്‍

Unknown said...

അനില്‍ എത്തിയോ ... നമസ്ക്കാരം ! രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ മെംബര്‍മാരെക്കൊണ്ടും വളണ്ടിയര്‍മാരെക്കൊണ്ടും പ്രവര്‍ത്തിക്കെട്ടെ . എത്ര പാര്‍ട്ടികള്‍ വേണമെങ്കിലും ഉണ്ടാക്കട്ടെ . എന്നിട്ട് രാജ്യത്തിന് വേണ്ടി മത്സരിച്ച് പ്രവര്‍ത്തിക്കട്ടെ . എന്നാല്‍ പാര്‍ട്ടികള്‍ക്ക് അനുഭാവികളോ വിശ്വാസികളോ നേതാക്കള്‍ക്ക് വീരാരധകരോ പാടില്ല. യാതൊരു പാര്‍ട്ടികളിലും അംഗത്വമില്ലാത്തവര്‍ സ്വതന്ത്രപൌരന്മാരാണ് . അവരുടെ ആകത്തുകയാണ് പൌരസമൂഹം . അത്തരത്തിലുള്ള പൌരസമൂഹം അവരുടെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സ്വയം നേര്‍വഴിക്ക് നടത്തപ്പെടും . ഇന്ന് പൌരബോധത്തിന്റെ അഭാവം കൊണ്ട് സര്‍വ്വത്ര അച്ചടക്ക രാഹിത്യം നിലവിലുണ്ടെങ്കില്‍ അത് എക്കാലത്തേക്കുമായി ശാശ്വതീകരിക്കാന്‍ ശിപാര്‍ശ ചെയ്യുകയല്ല വേണ്ടത് . ഏതൊരു ജനതയ്ക്കും ഭാവിയിലേക്കൊരു ദിശാബോധം നല്‍കേണ്ടതുണ്ട് . അത് ചിന്തിക്കുന്നവരുടെ ബാധ്യതയാണ് .


പ്രവാചകന്മാര്‍ അവതരിക്കുന്നതെന്തിനാണെന്നോ ? ഇത് നല്ല തമാശ ! ഈ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടായതില്‍ പിന്നെ ജീവികള്‍ ജനിക്കാറേയുള്ളൂ‍ . മനുഷ്യനെ സംബന്ധിച്ചാണെങ്കില്‍ ഏതൊരു ശിശുവും ജനിച്ചതും ജനിക്കുന്നതും ജനിക്കാന്‍ പോകുന്നതും ഒരേ പോലെയാണ് . അവതാരകഥകള്‍ കെട്ടിച്ചമച്ചവയാണ് . സാമൂഹ്യപരിവര്‍ത്തനത്തിന് വേണ്ടി പോരാടിയ വിപ്ലവകാരികള്‍ക്ക് അവരുടെ മരണാനന്തരം , നിഷിപ്തതാല്പര്യക്കാരായ അധികാരമോഹികള്‍ പ്രവാചക പരിവേഷം നല്‍കി . പിന്നീട് അത്ഭുതകഥകള്‍ കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് അതൊക്കെ മിത്തുകളായി തലമുറകളിലൂടെ പ്രചരിക്കുന്നു എന്നതാണ് പ്രവാചകാവതാരങ്ങളെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ . പ്രപഞ്ചത്തിലോ , പ്രകൃതിയിലോ , ജീവജാലങ്ങളിലോ അത്ഭുതങ്ങളില്ല എന്ന് മനസ്സിലാക്കുക .

Vadakkoot said...

"ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ്."

അതിര്‍ത്തികള്‍ മാഞ്ഞു പോയത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. അത് താങ്കള്‍ പറഞ്ഞ പോലെ "വിര്‍ച്വല്‍" മാത്രമാണ്. അത് കൊണ്ടു തന്നെ വിശ്വപൌരത്വം എന്നത് എക്കാലത്തും ഒരു സങ്കല്‍പം മാത്രമായി തുടരും. "politics is too serious a thing to be left to politicians" എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍ ഒരു പരിധി വരെ നേടി കഴിഞ്ഞാല്‍ ഒരു പ്രസ്ഥാനം കീഴോട്ടു വളരാന്‍ തുടങ്ങും. "കഴിവുള്ളവര്‍" അതിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കുകയും ചെയ്യും. ഇതു എക്കാലത്തും തുടരാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല. (ഞാന്‍ അരാഷ്ട്രീയവാദി അല്ലെന്നു സൂചിപ്പിച്ചു കൊള്ളട്ടെ.)

Unknown said...

ശരിയാണ് വടക്കൂടന്‍ , പക്ഷെ മനുഷ്യരാശി തുടര്‍ന്നും കാലങ്ങളോളം നിലനില്‍ക്കേണ്ടതുണ്ട് . ചരിത്രവും സമകാലിക അനുഭവങ്ങളും നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നില്ല . എന്നാല്‍ മറ്റുള്ളവര്‍ക്ക് പെസ്സിമിസം പകര്‍ന്ന് നല്‍കുന്നത് ശരിയല്ല . വാക്കുകളോട് നമുക്ക് നീതി പുലര്‍ത്തേണ്ടതില്ലെ ? മറ്റൊന്ന് ശരിയായ ദിശയിലും മനുഷ്യന് സഞ്ചരിക്കാമല്ലൊ . ആ സാദ്ധ്യത നമ്മളെന്തിന് തള്ളിക്കളയണം ?

അനില്‍@ബ്ലോഗ് // anil said...

നമസ്കാരം മാഷെ,
ഞാന്‍ മിക്കവാറും ഇവിടെത്തന്നെയുണ്ടു. താങ്കള്‍ ദൈവവേലക്കാരുടെയും അക്കാടമിക്കാരുടേയും കൂട്ടത്തിലായിരുന്നതിനാല്‍ തമ്മില്‍ കാണാതിരുന്നതാണു.പിന്നെ പ്രവാചകരെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കു പവര്‍ കട്ട് തുടങ്ങി.പ്രവാചകര്‍ മിത്തുകളായിത്തന്നെ നിന്നൊട്ടെ, പക്ഷെ അവര്‍ അവതരിച്ചു എന്നു പറയപ്പെടുന്നതു നേര്‍വഴിക്കു നയിക്കാനാണു.നായകരില്ലാത്ത അഥവാ പിന്തുടരേണ്ട പ്രമാണങ്ങള്‍ തിരസ്കരിക്കപ്പെടുമ്പോള്‍.ഞാന്‍ പറയാനുദ്ദേശിച്ചതു ലളിതം,മതങ്ങള്‍ പോലും സംഘടിക്കാനാ‍ണു ആഹ്വാനം ചെയ്യുന്നതു, എന്തിനു വേണ്ടി? മനുഷ്യ നന്മക്കു. അതായതു അവര്‍ക്കു ഒരു മാര്‍ഗ്ഗദര്‍ശി വേണം,ആ സ്ഥാനം മതങ്ങളീല്‍ നിന്നും അടര്‍ത്തിമാറ്റി യുക്തിചിന്തയില്‍ അധിഷ്ടിതമായ ഒരു ചിന്താധാരയായി വളര്‍ത്തിയെടുക്കാനാണു നമ്മുടെ വിപ്ലവകാരികളുടെ മുന്‍ തലമുറ ശ്രമിച്ചതു.കാലത്തിന്റെ ഒഴുക്കില്‍ മൂല്യച്ച്യുതി സംഭവിച്ചിട്ടുണ്ടാകാം,അതീത്തലമുറയുടെ വിധിയാണു.എവിടെയാണു മൂല്യങ്ങള്‍? മതങ്ങളിലുണ്ടൊ? മതങ്ങളുടെ കയ്യാളര്‍ക്കുണ്ടോ? ജനാധിപത്യ്ത്തിനുണ്ടൊ? എവിടേയും മൂല്യ ശോഷണം സംഭവിച്ചിരിക്കുന്നു.ഭൂമിയിലെ മൂല്യങ്ങള്‍ നഷ്ടമായതോടെ മരണാനന്തര ലോകത്തിന്റെ പ്രചാരണം കൂടി.എന്തെങ്കിലും ആശ്വാസം പറയാതിരിക്കാന്‍ പറ്റില്ലല്ലൊ.എന്നുകരുതി ജീവിക്കണ്ടെ, നല്ല നാളെ വരും എന്നു കരുതി പ്രതീക്ഷയോടെ ജീവിക്കുക.
അല്ലേങ്കില്‍ മരിക്കുക.

Nachiketh said...

രാഷ്ട്രീയധിഷ്ഠിതമായ സമൂഹത്തില്‍ ജീവിയ്ക്കുകയും, എന്നിട്ട് രാഷ്ട്രീയം വേണ്ടായെന്നു വിളിച്ചു പറയുകയും താന്‍ നിലനില്‍ക്കുന്ന സമൂഹമേതെന്ന തിരിച്ചറിവിന്റെ തെറ്റിദ്ധാരണയായിരിയ്ക്കാം, അല്ലെങ്കില്‍ എല്ലാം ഉടച്ചു വാര്‍ക്കാനുള്ള ഒരു മോഹം, അല്ലാതെ വേറെ എന്ത്...

പിന്നെ പത്തു ബ്ലൊഗര്‍ മാര്‍കൂടിയതിന്റെ പരിണിതഫലം, അവര്‍ പ്രതിനിധീകരിയ്കുന്ന സമൂഹത്തിന്റെ ബാക്കിപത്രം,

എവിടെയാണു മൂല്യങ്ങള്‍? മതങ്ങളിലുണ്ടൊ? മതങ്ങളുടെ കയ്യാളര്‍ക്കുണ്ടോ? ജനാധിപത്യ്ത്തിനുണ്ടൊ? എവിടേയും മൂല്യ ശോഷണം സംഭവിച്ചിരിക്കുന്നു....തീര്‍ച്ചയായും സമ്മതിയ്ക്കാതെ വയ്യ,പിന്നെ നല്ല നാളെ വരുന്നതും കാത്തിരിയ്കുന്നതിലും ഭേദം നമ്മുക്ക് ഇന്നു തന്നെ തുടങ്ങിയാലെന്താ, അനില്‍

anushka said...

രാഷ്‌ട്രീയപാര്‍‌ട്ടികളില്‍ അംഗമല്ലെന്ന് വെച്ച് സ്വതന്ത്രപൌരന്‍‌മാര്‍ ആകുന്നതെങ്ങിനെയെന്ന് മനസ്സിലാകുന്നില്ല.

Unknown said...

ഒരു പാര്‍ട്ടിയിലും അംഗമോ അനുഭാവിയോ ആകാതെ തന്നെ ജീവിയ്ക്കാന്‍ കഴിയും എന്ന ബോധം ഉണ്ടാവുമ്പോള്‍ അത് സ്വയം മനസ്സിലാവും . അതിന് മുന്‍പ് എത്ര പറഞ്ഞാലും മനസ്സിലാവില്ല.

Vadakkoot said...

ശരിയാണ്... ഒരു പ്രസ്ഥാനം നശിച്ചു പോയി എന്ന് വച്ചു എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കരുതേണ്ടതില്ല. കാലം മറ്റൊന്നിനെ സൃഷ്ടിക്കും.

അവതാരങ്ങളെ പറ്റി:

ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാം, നാളത്തെ ശാസ്ത്രവുമതാം...

അവതാരങ്ങള്‍ ഇങ്ങനെ ഉണ്ടാവുന്നതാണ്.
ഇപ്പോള്‍ ആള്‍ദൈവങ്ങള്‍ എന്നറിയപ്പെടുന്നവര്‍ ഒരു പക്ഷെ നൂറു വര്‍ഷത്തിനു ശേഷം അവതാരപുരുഷന്മാരായി വാഴ്ത്തപ്പെട്ടേക്കാം...