2008-07-09

പട്ടിണിപ്പാവങ്ങള്‍ വെറും പണിയായുധങ്ങള്‍ !

അനില്‍ എന്ന ബ്ലോഗ്ഗര്‍ക്ക് ഞാന്‍ ശിഥിലചിന്തകളില്‍ എഴുതിയ മറുപടി :


അനില്‍ , ഞാന്‍ അല്പം കൂടി വിശദീകരിച്ച് ഈ മറുപടി അവസാനിപ്പിക്കുകയാണ്. വേണമെങ്കില്‍ മാന്യത കാത്ത് സുക്ഷിച്ചു കൊണ്ട് വീണ്ടും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിനനുസരിച്ച് ഞാന്‍ മറുപടി പറയാം . ഇപ്പോഴൊക്കെ നാട്ടില്‍ രാഷ്ട്രീയച്ചര്‍ച്ച തീരെയില്ല . ഒന്ന് പറഞ്ഞ് രണ്ടാമത് കത്തിയോ സൈക്കിള്‍ ചെയിനോ എടുക്കുക എന്നതാണ് സ്വഭാവം . കാരണം രാഷ്ട്രീയം സ്വന്തമായി വിശകലനം ചെയ്യാനോ അവതരിപ്പിക്കനോ കഴിവില്ല, മറ്റൊന്ന് സഹിഷ്ണുത തീരെയുമില്ല . ഞാന്‍ ഇവിടെ എഴുതിയത് നാട്ടില്‍ വെച്ച് നേരില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് വീണ്ടും പറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല . അതിനുള്ള കോപ്പൊക്കെ അനിലിന്റെ പാര്‍ട്ടിക്ക് വേണ്ടുവോളമുണ്ട് .

അനിലിന്റെ വാദങ്ങളിലേക്ക് വരാം . ഈ പോസ്റ്റില്‍ ഇടത് പക്ഷവിരോധം ആണ് കാണുന്നത് എന്നാണ് ഒന്നാമത്തെ ആരോപണം . അതെ അതിനെന്താ ഇടത് പക്ഷ വിരോധം ആയിക്കൂടേ ? ഇടതുകാര്‍ മറ്റുള്ളവരുടെ മേലെ പതിവായി ആരോപിക്കുന്ന ഒരു കുറ്റമാണ് കമ്യൂണിസ്റ്റ് വിരോധം ഉള്ളവര്‍ എന്നത് . ഇടത് പക്ഷവിരോധവും കമ്യൂണിസ്റ്റ് വിരോധവും കമ്മ്യൂണിസ്റ്റുകാരനല്ലാത്തവര്‍ക്ക് ആവാം . അത് തെറ്റോ പാപമോ അല്ലെന്ന് ആദ്യം മനസ്സിലാക്കുക . കമ്യൂണിസ്റ്റുകാര്‍ക്ക് എന്തിനോടെല്ലാം വിരോധമുണ്ട് ? കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസമൊഴികെ മറ്റെല്ലാറ്റിനോടും തീവ്രമായ വിരോധം ഉള്ളവരാണ് . അപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരോട് മറ്റുള്ളവര്‍ക്കും വിരോധം ഉണ്ടാവുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് .

70 കൊല്ലത്തിലധികം കാലം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നാട് ഭരിച്ചിട്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യനാളുകളില്‍ സോവിയറ്റ് നാട്ടില്‍ ആ പാര്‍ട്ടിക്ക് വേണ്ടി ജാഥ നയിക്കാന്‍ പത്ത് ആളുകളെ കിട്ടിയിരുന്നോ ? ബര്‍ലിന്‍ മതില്‍ അവിടത്തെ പൌരന്മാര്‍ നിരന്ന് നിന്ന് ചുറ്റിക കൊണ്ടും ഉരുളന്‍ കല്ലുകള്‍ കൊണ്ടും തകര്‍ക്കുന്ന ദൃശ്യം ടെലിവിഷനുകളില്‍ കണ്ടിരുന്നോ ? ജനങ്ങളുടെ വിരോധം സമ്പാദിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഭരണക്കാര്‍ ഹിറ്റ്ലറേക്കാളും മുസ്സോളിനിയേക്കാളും മുന്നിലായിരുന്നു എന്നതിന്റെ വാചാലമായ തെളിവുകളായിരുന്നു അവ . അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും . പരിതപിച്ചിട്ട് കാര്യമില്ല .

അനിലിനും എനിക്കും ബ്ലോഗ് എഴുതാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് ഇടത് പക്ഷത്തിന്റെ ഇടപെടലുകള്‍ നിമിത്തമാണെന്ന കണ്ടുപിടുത്തം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുട്ടിത്തം ആയിപ്പോയി . മാര്‍.പാര്‍ട്ടിക്ക് ഇന്ത്യയിലെവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട് . എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 60 കൊല്ലം കഴിഞ്ഞിട്ടും ദേശാഭിമാനി ഒഴികെ മറ്റ് പത്രങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത കമ്മ്യൂ.പഞ്ചായത്തുകള്‍ എന്റെ ജില്ലയിലുണ്ട് . ബ്രിട്ടീഷുകാര്‍ കമ്മ്യൂണിസ്റ്റുകാരുടെ കൈകളിലാണ് ഇന്ത്യയെ ഏല്‍പ്പിച്ചു പോയിരുന്നെങ്കില്‍ അനില്‍ ഇന്ന് ബ്ലോഗ് എഴുതുമായിരുന്നു . ഞാനോ ?

ഇനി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കാര്യം . ഞാന്‍ ഒരു പാര്‍ട്ടിക്കാരനല്ലാത്തത് കൊണ്ട് ആ പാര്‍ട്ടിയെക്കുറിച്ച് ആധികാരികമായി ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് . പൌരന്മാര്‍ ഒരു പാര്‍ട്ടിയുടെയും വിശ്വാസികളാവരുത് എന്നതാണ് എന്റെ നയം . പാര്‍ട്ടികളും ,അവകള്‍ക്ക് അംഗങ്ങളും പ്രവര്‍ത്തകരും ആകാം . പൌരന്മാര്‍ രാഷ്ട്രീയം പഠിച്ച് വിശകലനം ചെയ്ത് അപ്പപ്പോള്‍ തെരഞ്ഞെടുപ്പില്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്ത് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണം . ഇതാണ് ജനാധിപത്യം . അല്ലാതെ ഞാന്‍ ഇന്ന ചിഹ്നത്തിനേ കുത്തൂ എന്നത് പക്വമായ ജനാധിപത്യബോധത്തിന് നിരക്കുന്നതല്ല്ല്ല എന്ന് മാത്രമല്ല ജനാധിപത്യവിരുദ്ധവുമാണ് . ദൌര്‍ഭാഗ്യവശാല്‍ ഈ ജനാധിപത്യ വിരുദ്ധരീതിയാണ് നമ്മുടെ നാട്ടിന്റെ ഇന്നത്തെ ശാപം .

എത്ര എളുപ്പത്തിലാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നതും അവര്‍ സര്‍വ്വ ഐശ്വര്യാഭിവൃദ്ധികളോടെ വാഴുന്നതും . എന്നിട്ട് പാടിനടക്കുന്നത് പട്ടിണിപ്പാവങ്ങളുടെ കദനകഥകളും . പട്ടിണിപ്പാവങ്ങളാണ് ഇവരുടെ പണിയായുധങ്ങള്‍ . പാവങ്ങളുടെ പട്ടിണി മാറിയാല്‍ പിന്നെ പട്ടിണിപ്പാവങ്ങളാവുക ഈ രാഷ്ട്രീയ ആള്‍ദൈവങ്ങളാവും .

പറഞ്ഞു വന്നത് കോണ്‍ഗ്രസ്സിനെപ്പറ്റിയാണല്ലൊ. ഞാന്‍ ചോദിക്കട്ടെ , കോണ്‍ഗ്രസ്സിനെക്കാളും മികച്ച പാര്‍ട്ടിയേതാണ് ഇന്ത്യയില്‍ ? ആ മികവുകള്‍ വിശദീകരിക്കാമോ ? ഇടത് പക്ഷങ്ങളെ വിടുക . അവര്‍ക്ക് ബംഗാളും കേരളവും ത്രിപുരയും നമുക്ക് വിട്ടുകൊടുക്കാം . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മികവുകളും പോരായ്മകളും ഞാനും വിശദീകരിക്കാം . പിന്നെ പാവങ്ങളുടെ പട്ടിണി മാറ്റുന്ന കാര്യം . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ പറഞ്ഞുകേള്‍ക്കുന്ന സംഗതിയാണത് . അരിയെവിടേ തുണിയെവിടേ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം . ഇന്നോ ?

ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലല്ലൊ . ഇങ്ങനെ ചോദ്യങ്ങള്‍ എറിഞ്ഞാല്‍ മതിയല്ലോ . പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പട്ടിണി മാറ്റുന്ന കാര്യം അത് ചര്‍വ്വിതചര്‍വ്വണം നടത്തണോ ?
പിന്നെ ത്രിശൂലം , അമേരിക്കന്‍ സാമ്രാജ്യത്വ ഭീഷണി മുതലായവയൊക്കെ ഈ കമ്മ്യുണിസം ഉദ്ദേശിച്ച പോലെ ലോകത്ത് പടര്‍ന്ന് പിടിക്കാത്തത് കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നുന്ന മാനസിക പരാധീനതകളാണ് അനിലേ . മറ്റാര്‍ക്കും ഇത്തരം സാങ്കല്‍പ്പിക ഭയങ്ങളില്ല എന്ന് തിരിച്ചറിയുക . നിങ്ങള്‍ എത്ര പ്രചരിപ്പിച്ചാലും അത് മറ്റുള്ളവരുടെ മനസ്സില്‍ ഏശുകയുമില്ല .

അമേരിക്ക എന്നൊരു രാജ്യം അവിടെയില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം വ്യാപിച്ചു ഈ ഭൂലോകം മൊത്തം ഒരു തടവറ ആയേനേ എന്ന് നെടുവീര്‍പ്പിടുന്നവരാണ് കമ്മ്യൂണിസ്റ്റുകാരല്ലാത്ത ജനാധിപത്യവാദികള്‍ എന്നതാണ് നേര് .

മന്‍‌മോഹന്‍ സിങ്ങിന്റെ കാര്യം . അദ്ദേഹത്തിന് ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം ഏത് കമ്മ്യൂണിസ്റ്റ് ഭരണാധികാരിയേക്കാളും മികച്ചതായിരിക്കും . ഞാന്‍ കൂടുതല്‍ പറയുന്നില്ല . ഇന്ത്യന്‍ രാഷ്ട്രീയത്തെ ജാതീയത കൊണ്ട് മലീമസമാക്കിയ വി.പി.സിങ്ങ് ആണല്ലോ ഇടത് പക്ഷങ്ങളുടെ മാതൃകാപ്രധാനമന്ത്രി . അത് കാഴ്ചപ്പാടുകളുടെ വൈരുദ്ധ്യമാണ് പറഞ്ഞാല്‍ തീരില്ല .
ഇനിയും ഒരുപാട് പറയാനുണ്ട് . ഞാന്‍ ഏകപക്ഷീയമായി പറഞ്ഞുപോകുന്നത് ശരിയല്ല . ഇടയ്ക്ക് വന്ന് ആരും ശല്യപ്പെടുത്തുന്നില്ലെങ്കില്‍ നമുക്ക് തുടരാം ..

******************************************************

ഭൂലോകം എന്ന ബ്ലോഗര്‍ക്ക് എഴുതിയ മറ്റൊരു മറുപടി :

ചില മാന്യന്മാര്‍ തലയില്‍ മുണ്ടിട്ട് അനോണിയായി വന്ന് തെറി കമന്റുകള്‍ എഴുതുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനുഭവിക്കാത്ത മലയാളം ബ്ലോഗെഴുത്തുകാര്‍ ചുരുക്കമാണ് . അത് കൊണ്ട് ഞാന്‍ പൊതുവെ ഒരു അനോണി വിരുദ്ധ നിലപാട് എടുത്തതായിരുന്നു . പിന്നെ ബ്ലോഗ് അക്കാദമി രൂപീകരിച്ച് പൊതുജനമധ്യത്തില്‍ ഇറങ്ങുന്ന ബ്ലോഗര്‍മാര്‍ അവിടെയും സ്വത്വം വെളിപെടുത്താന്‍ മടിക്കുന്നതിന്റെ ലോജിക്ക് എനിക്ക് ഉള്‍ക്കൊള്ളാനായില്ല . അങ്ങനെയാണെങ്കില്‍ അവരൊന്നും പബ്ലിക്കായി പ്രത്യക്ഷപ്പെടരുതായിരുന്നു അഥവാ ജനങ്ങളെ സമീപിക്കുന്നെങ്കില്‍ അത് സ്വന്തം പേര് വെളിപ്പെടുത്തിയായിരിക്കണം എന്നും എനിക്ക് തോന്നി . ബ്ലോഗ് ശില്പശാലയില്‍ അനോണിത്വം പാവനമായി സംരക്ഷിക്കപ്പെടണം,അവരുടെ ഫോട്ടോ ഒന്നും പബ്ലിക്കിനെ കാണിക്കരുത് എന്ന മട്ടിലുള്ള നിര്‍ബ്ബന്ധവും എനിക്കംഗീകരിക്കാനായില്ല . ഒരു അനോണിബ്ലോഗ്ഗര്‍ സ്വന്തം പേരും വിവരങ്ങളും ഒന്നും ബ്ലോഗില്‍ നല്‍കാതെ (ആ ബ്ലോഗറുടെ ബ്ലോഗ്നാമം “അനോണി ഡേഷ് ”)എന്റെ പേര്‍,വിലാസം,താമസസ്ഥലം എന്നിവ തലക്കെട്ടാക്കി പോസ്റ്റ് ഇറക്കി. ആ പോസ്റ്റ് പല ബോഗ്ഗര്‍മാരുടെയും വായനാലിസ്റ്റുകളില്‍ ഇടം കണ്ടെത്തി . ഇത്രയ്ക്കും അനോണി ആയി എഴുതുക എന്ന രീതിയെ വിമര്‍ശിച്ചു എന്നല്ലാതെ ഒരു ബ്ലോഗറെയും ഞാന്‍ പ്രത്യേകം വിമര്‍ശിച്ചിരുന്നില്ല . ഇക്കാര്യത്തില്‍ എന്റെ നിലപാട് മാറ്റത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ഭൂലോകം എന്ന ബ്ലോഗ്ഗര്‍ അറിയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത് .

ഇനി രാഷ്ട്രീയം . നമ്മുടേത് ഒരു ബഹുകക്ഷി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണല്ലോ . അത് തന്നെയാണ് നമുക്കേവര്‍ക്കും നല്ലത് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തക നടപ്പിലാവുകയാണെങ്കില്‍ ആ പാര്‍ട്ടിയുടെ അനുഭാവിയായാലും സ്വാതന്ത്ര്യം നഷ്ടപ്പെടും . സോവിയറ്റ് യൂനിയന്‍ തകരാനുള്ള അടിസ്ഥാനകാരണം അവിടത്തെ പൌരസമൂഹം അനുഭവിക്കേണ്ടി വന്ന പാരതന്ത്ര്യം ആയിരുന്നു . അപ്പോള്‍ ഒരു ബഹുകക്ഷി സമ്പ്രദായത്തില്‍ എല്ലാ പാര്‍ട്ടികളും ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് നിലനില്‍ക്കുന്നത് എന്നും ,ജനങ്ങളിലെ വിവിധ വിഭാഗങ്ങളാണ് ആ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത് എന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള വിനയവും രാഷ്ട്രീയപക്വതയും ഏത് പാര്‍ട്ടിക്കാരനും ഉണ്ടായേ പറ്റൂ . ആശയങ്ങളേയും നിലപാടുകളേയും പരിപാടികളേയും , സ്വന്തം പരിപാടികളും നയങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് വിമര്‍ശിക്കേണ്ടത് . അല്ലാതെ അമൂര്‍ത്തമായി ജനവിരുദ്ധം എന്നൊക്കെ പറഞ്ഞുകൊണ്ടല്ല . നമ്മുടെ രാഷ്ട്രീയം വെറും ബാലിശമായാണ് ഇപ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് . വ്യക്തിപരമായി, രണ്ടു പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ശക്തി പ്രാപിച്ച് നമ്മുടെ ജനാധിപത്യം ആരോഗ്യകരമാവണം എന്നാണ് എന്റെ അഭിപ്രായം . അല്ലാതെ ഈ പാ‍ര്‍ട്ടി മാത്രം എന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു പാര്‍ട്ടിയില്ല . പാ‍ര്‍ട്ടികള്‍ ജനിക്കും,വളരും,മരിക്കും പക്ഷെ ജനത അതൊരു തുടര്‍ച്ചയാണ് .

(തുടരാം)

1 comment:

Jils said...

പലരും മനസ്സില്‍ കരുതുന്ന ഈ കാര്യം തുറന്നു പറഞ്ഞതിന്‌ അഭിനന്ദനം.