2008-07-05

ആണവക്കരാര്‍ വിപ്ലവവിരുദ്ധം !

ഇഞ്ചിപ്പെണ്ണ് എന്ന് പേരുള്ള ഒരു ബ്ലോഗ്ഗറുടെ ബ്ലോഗില്‍ എഴുതിയ കമന്റ് :

ആണവക്കരാര്‍ നടപ്പിലായാല്‍ ഇന്‍ഡ്യയ്ക്ക് എവിടെ നിന്നും യൂറേനിയം വാങ്ങാന്‍ പറ്റും . യൂറേനിയം മാത്രമല്ല ഏറ്റവും ആധുനികമായ ആണവ സാങ്കേതിക വിദ്യയും കരസ്ഥമാക്കാന്‍ പറ്റും . ഇതിനേക്കാളെല്ലാമുപരി ആണവ രംഗത്ത് ദശാബ്ദങ്ങളായുള്ള ഇന്‍ഡ്യയുടെ ഒറ്റപ്പെടല്‍ അവസാനിച്ച് നമ്മള്‍ മുഖ്യധാരയില്‍ എത്തും . ചുരുക്കത്തില്‍ ഇതൊക്കെ ഇന്ന് സമൃദ്ധമായി അനുഭവിക്കുന്ന ചൈനയോടൊപ്പം എത്താന്‍ ഈ ആണവക്കരാര്‍ ഇന്‍ഡ്യയെ സഹായിക്കും .

മാത്രമല്ല ആവശ്യാനുസരണം ഇന്ധനം ലഭിക്കുമ്പോള്‍ ഇവിടെയുള്ള ആണവ റീയാക്ടറുകള്‍ അതിന്റെ പ്രവര്‍ത്തനശേഷി മുഴുവന്‍ വിനിയോഗിക്കും . പുതിയ റീയാക്റ്ററുകള്‍ സ്ഥാപിതമാകും . പടി പടിയായി ഇന്‍ഡ്യയില്‍ സുലഭമായ തോറിയം സംസ്കരിച്ചു അതില്‍ നിന്ന് സമ്പുഷ്ടയൂറേനിയം ഉല്പാദിപ്പിക്കാനും തദ്വാരാ നമുക്ക് ആണവ സ്വയം പര്യാപ്തത കൈവരിക്കനും കഴിയും . അപരിമിതമായ ഊര്‍ജ്ജലഭ്യതയോടുകൂടി ഉല്പാദനശക്തികള്‍ കെട്ടഴിച്ചു വിടപ്പെടും . അങ്ങനെ നമ്മള്‍ സാമ്പത്തിക രംഗത്ത് ചൈനയോടൊപ്പമോ അതിനേക്കാളേറെയോ മുന്നേറും .

ഈ ഒരവസ്ഥ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണ് . കാരണം ചൈനയെപ്പോലെയല്ല ഇന്‍ഡ്യ. ചൈന വിപ്ലവം പൂര്‍ത്തിയാക്കി ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് അനുനിമിഷം കുതിക്കുന്ന രാജ്യമാണ് . കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ വാഗ്ദത്ത ഭൂമിയായ ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് ലോകത്തിലേക്ക് എത്തേണ്ടതുണ്ട് . ഇന്‍ഡ്യയില്‍ ഉണ്ടാവുന്ന ഏത് പുരോഗതിയും വിപ്ലവത്തെ മന്ദീഭവിപ്പിക്കും . ഇവിടെ ഇനിയും ജനകീയജനാധിപത്യവിപ്ലവം പോലും നടന്നിട്ടില്ല . ആദ്യം നടക്കേണ്ടത് അതാണെന്ന് ഇന്‍ഡ്യയുടെ ജാതകം ഗണിച്ച് പണ്ടേ തീര്‍ച്ചയാക്കിയിട്ടുണ്ട് . കേവലം മൂന്ന് സംസ്ഥാനങ്ങളിലേ വിപ്ലവസാഹചര്യമുള്ളൂ . പ്രശ്നങ്ങള്‍ അപരിഹാര്യമായി മൂര്‍ച്ഛിച്ച് ജനജീവിതം ദുസ്സഹമായാലേ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകുകയുള്ളൂ എന്ന് കിത്താബില്‍ എഴുതിയിട്ടുണ്ട് . ആ കിത്താബും ഭരണഘടനയുമാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകാരുടെയും മര്‍ഗ്ഗരേഖ.

ആണവോര്‍ജ്ജത്തിനും പുരോഗതിക്കും കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല . പക്ഷെ അതൊക്കെ വിപ്ലവശേഷമേ പറ്റൂ . വിപ്ലവമാണ് അടിയന്തിര കടമ . കമ്മ്യൂണിസ്റ്റുകാരുടെ ഈ ധര്‍മ്മസങ്കടം ചര്‍ച്ച ചെയ്യപെടുന്നില്ല . ആരും മനസ്സിലാക്കുന്നില്ല . അതായത് വര്‍ഗ്ഗസമരത്തിന്റെ കാഴ്ചപ്പാടില്‍ ആണവക്കരാര്‍ വിപ്ലവ വിരുദ്ധമാണ് ,പ്രതിലോമപരമാണ് . കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗസമരമോ , ശാസ്ത്രീയകമ്മ്യുണിസമോ , വിപ്ലവമോ ഉപേക്ഷിക്കാനാവുമോ ? പാര്‍ട്ടിപരിപാടിയേയും ഭരണഘടനയേയും തള്ളിപ്പറയാന്‍ പറ്റുമോ ? ഒന്നുമില്ലെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റല്ലേ ? കൊടി ചുവപ്പല്ലേ ? ലക്ഷ്യം കമ്മ്യൂണിസമല്ലേ ? അതൊക്കെ ഉപേക്ഷിച്ച് അവര്‍ക്ക് മറ്റുള്ളവരെപ്പോലെ ബൂര്‍ഷ്വ ആകാന്‍ പറ്റുമോ ?

ചൈന ആണവക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട് . അവിടെ ആണവ റീയാക്റ്ററുകളുണ്ട് . ആണവ വെയിസ്റ്റുകള്‍ ഭൂമിക്കടിയില്‍ പാതാളക്കുഴികളില്‍ നിക്ഷേപിച്ച് നിര്‍വ്വീര്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . അമേരിക്കയുമായി സര്‍വ്വവിധ ബന്ധങ്ങളുമുണ്ട് . പക്ഷെ അതൊക്കെ വിപ്ലവം പൂര്‍ത്തീകരിച്ചിട്ടാണ് . ഇതെന്താ ആരും മനസ്സിലാക്കാത്തത് .


ഓരോരുത്തര്‍ക്കും അവരവരുടെ കിത്താബുകളാണ് വലുത് . കിത്താബുകളില്‍ പറഞ്ഞത് സഫലമാക്കലാ‍ണ് സാക്ഷാല്‍ക്കാരം . കിത്താബില്‍ പറഞ്ഞതിനനുസരിച്ചേ പറയാനും പ്രവര്‍ത്തിക്കാനും കഴിയൂ . വര്‍ഗ്ഗസമരവും വിപ്ലവവും ലക്ഷ്യമാക്കാത്തത് കൊണ്ടാണ് ഇന്‍ഡ്യന്‍ ബൂര്‍ഷ്വകള്‍ക്ക് ആണവക്കരാറിന്റെ പ്രതിലോമപരത മനസ്സിലാവാത്തത് .

വെറും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഈ മഹാരാജ്യത്തെ ഒരു വിപ്ലവപൂര്‍ത്തീകരണത്തിലേക്കെത്തിക്കാന്‍ പ്രകാശ് കാരാട്ടും , ബര്‍ദ്ദാനും ഡി.രാജയും, ചന്ദ്രചൂഢനും, ജി.ദേവരാജനും മറ്റും അഹോരാത്രം പാട് പെടുന്നത് ചാനലുകളില്‍ കാണുന്നവര്‍ , അവരില്‍ നിക്ഷിപ്തമായ ചരിത്ര ദൌത്യം തിരിച്ചറിഞ്ഞ് ഈ ആണവക്കരാറിനെ നഖശിഖാന്തം എതിര്‍ക്കേണ്ടതുണ്ട് .

അനുബന്ധം :

വിപ്ലവസാധ്യതകളുടെ വിശകലനരീതിശാസ്ത്രങ്ങളിലൂടെ നോക്കിയാല്‍ ആണവക്കരാറിനേക്കാളും എന്ത് കൊണ്ടും ഏറ്റവും മെച്ചം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്‍ഡ്യാ പൈപ്പ് ലൈന്‍ പദ്ധതിയാണ് .

1) അത് ആണവക്കരാര്‍ പോലെ മുസ്ലീം വിരുദ്ധമല്ല . മുസ്ലീം അനുകൂലമാണ് . അത് നടപ്പിലാക്കിയാല്‍ സം‌പ്രീതരാകുന്ന മുസ്ലീം ജനസാമാന്യം വിപ്ലവത്തിന്റെ സഖ്യകക്ഷികളായ മതേതരക്കാര്‍ക്ക് നിര്‍ബ്ബാധം വോട്ടുകള്‍ നല്‍കി വിപ്ലവം വരെ അവരെ അധികാരത്തിന്റെ ശീതളച്ഛായയില്‍ കുടിയിരുത്തിക്കൊണ്ടേയിരിക്കും . പിന്നെ വിപ്ലവം ഒരുത്സവം പോലെ സമാഗതമാവും .

2) ഏറ്റവും പ്രധാനം പാക്കിസ്ഥാനില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് ആ പൈപ്പ് ലൈന്‍ ഒന്ന് മാ‍ത്രം വെച്ച് ഇന്‍ഡ്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ധത്തിലാക്കാം എന്നതാണ് . സമ്മര്‍ദ്ധങ്ങള്‍ മുറുകുന്തോറും അത് വിപ്ലവത്തിന് അനുഗുണമാവും . സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ജനാധിപത്യം ഇന്നും വിദൂരസാധ്യത മാത്രമാണ് . ഏത് നിമിഷവും മതമൌലികവാദികളുടെ ഒത്താശയോടെ ഒരു പട്ടാള ജനറലിന് അവിടത്തെ സര്‍ക്കാറിനെ അട്ടിമറിക്കാനാവും . അത് മാത്രമല്ല ആര് ഭരിച്ചാലും പാക്കിസ്ഥാന്‍ ചൈനയുടെ ഉറ്റ മിത്രവുമായിരിക്കും . അത് ഇന്‍ഡ്യയിലെ വിപ്ലവത്തിന് കുറച്ചൊന്നുമല്ല ഗുണം ചെയ്യുക .

2 comments:

കടത്തുകാരന്‍/kadathukaaran said...

ആണവക്കരാറിനെക്കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നതായറിവില്ലെങ്കിലും ഉള്ള അറിവ് വെച്ച എതിര്‍ത്തുള്ള ഒട്ടനവധി വിവരങ്ങള്‍, വിമര്‍ശനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു അന്വാഷണ ബുദ്ധിയുള്ള താങ്കള്‍ക്ക് ഇതേക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവും എന്ന പ്ര്തീക്ഷയോടെ...
ആശംസകളോടെ..........

മലമൂടന്‍ മരമണ്ടന്‍ said...

പണ്ട്, ആ കൂടംകുളത്തുവന്ന ആണവനിലയം കേരളത്തില്‍ വരേണ്ടതായിരുന്നു... സമരം ചെയ്ത് അത് കളഞ്ഞു...കാരണം അത് പൊട്ടിയാല്‍, ആ കാറ്റടിച്ച് നമ്മുടെ കാറ്റ് പോകും എന്ന പേടി എന്നിട്ടോ... തമിഴന്‍ അത് വാങ്ങി നമ്മുടെ അടുത്ത് തന്നെ വച്ചു...കാറ്റടിച്ചാല്‍ അവിടെ ലീക്ക് വന്നാല്‍ ഈ റിയാക്ടറില്‍ നിന്നും വരുന്ന സാധനം നേരെ രണ്ട് മണിക്കൂറില്‍ കേരളത്തിലെത്തും...എന്നിട്ടിപ്പോള്‍ കേന്ദ്രപൂളും നോക്കി ഇരക്കേണ്ട ഗതികേടിലും....അന്ന് പകരം ഇരന്ന് വാങ്ങിയ സാധനമാണ് കായംകുളം കല്‍ക്കരി സാധനം...വിവരമുള്ള രാജ്യങ്ങള്‍ കണ്ടം ചെയ്തു തുടങ്ങിയ ഒരു സാധനം.. ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രീന്‍ ഹൌസ് ഗ്യാസ് പുറത്ത് വിടുന്ന ഒരു വിദ്യ... ഓട്ടിസം എന്ന ഡവലപ്പ്മെന്റല്‍ ഡിസൊഡറിന് കാരണമാകും എന്ന് കരുതുന്ന രാസവസ്തുക്കള്‍ പിന്തള്ളുന്ന സംഭവം....ഹാ എന്തോരു സ്നേഹം നാട്ടുകാരോട്!

പിന്നെ വേറൊന്ന്....അങ്ങ് ദുഫായില്‍ ഡീസലില്‍ നിന്നും കറന്റ് എടുക്കുന്നു.... എന്നാലിരിക്കട്ടെ ഡീസലില്‍ ഒന്ന് ബ്രഹ്മപുരത്ത്..... ദാണ്ടേ ഓയിലിന്റെ വില ബ്രഹ്മാസ്ത്രം പോലെ പോകുന്നു... അങ്ങനെ അതും ദാണ്ടേ ബ്രഹ്മ!

വെള്ളം ഇഷ്ടം പോലെ.... എന്നാല്‍ അവിടുന്നാകട്ടെ..... എന്നിട്ടോ..... പടിഞ്ഞാറ് കാറ് കണ്ടില്ലെങ്കില്‍ പവര്‍കട്ടാണ് നാട്ടില്‍! നാല്‍പ്പത്തിനാല് നദിയുള്ള നാട്ടില്‍ മാറി മാറി ഫരിച്ചവരാരെങ്കിലും നേരാമണ്ണം ഒരു പരിഹാരം ഉണ്ടാക്കിയോ? സൈലന്റ് വാലി വന്നപ്പോള്‍ പകൃതിസ്നേഹം!

ഇപ്പോളെന്താ ന്യായം..... ഇറാനില്‍ നിന്നും പ്രകൃതിവാതകം കൊണ്ടുവരൂ... ഈ ഗ്യാസ് വച്ചുള്ള സാധനം കത്തിച്ചാല്‍ കിട്ടുന്നതും ഗ്രീന്‍ ഹൌസ് ഗ്യാസായ കാര്‍ബണ്‍ ഡൈ ഓക്സൈഡല്ലേ! പിന്നെ അത് കൊണ്ടു വരുന്ന പാട്..... ഇക്കഴിഞ്ഞ ആഴ്ച ചുമ്മ പടക്കംപൊട്ടണപോലെയല്ലെ അങ്ങ് അഫ്ഗാനിസ്ഥാനിലെ നമ്മുടെ എംബസിയില്‍ ബൊംബ് പോട്ടിയത്..... അപ്പോള്‍ കിലോമീറ്ററൊളം വരുന്ന ആ ഏരിയായില്‍കൂടി വരുന്ന പൈപ്പില്‍കൂടി ഈ ഗ്യാസിങ്ങ് കിട്ടുമെന്ന് എന്നാ ഗ്യാരന്റ്റി?

അതിനിടയ്ക്ക് ഫരിക്കുന്ന കോണ്‍ഗ്രസിന്റെ മണ്ടത്തരങ്ങളും.... കരാറ് രഹസ്യരേഖയാണ് മണ്ണാങ്കട്ടയാണ്..... ഒന്ന് മാത്രം മലമൂടനറിയാം.... മലമൂടന്‍ സഞ്ചരിച്ച പല വികസിതരാജ്യങ്ങളിലും ആണവനിലയങ്ങള്‍ ഉണ്ട്...അവരില്‍ പലരും അമേരിക്കയുമായി ഈ വണ്‍-ടൂ-ത്രീ ഒപ്പ് വച്ചവരുമാണ്....അവരൊക്കെ പവര്‍ക്കട്ടില്ലാതെ ജീവിക്കുന്നു...... ജീവിക്കാന്‍ ഇപ്പോഴും പല മലമൂടന്മാരും ആ രാജ്യങ്ങളിലേക്ക് കുറ്റിയും പറിച്ച് ഓടുന്നു..... എന്നാലും വിപ്ലവം ജയിക്കട്ടെ!