2008-07-14

ചൈനീസ് യുവതയ്ക്ക് ഇന്ത്യ സ്വര്‍ഗ്ഗം !

മനോജ് എന്ന ബ്ലോഗ്ഗര്‍ക്ക് ശിഥില ചിന്തകളില്‍ നല്‍കിയ മറുപടി :


മനോജ് , ഇടത് പക്ഷക്കാര്‍ അതായത് സി.പി.എം. അനുഭാവമുള്ളവരുടെ ഭാഷയും വര്‍ത്തമാനവും എല്ലാം ഒരേ പോലെയായിരിക്കും. അവര്‍ക്ക് മറ്റെല്ലാവരോടും ഒരു തരം പുച്ഛവുമായിരിക്കും . ഇവിടെ ആര്‍ക്കെങ്കിലും വയറിളക്കം വന്നാല്‍ പോലും അത് കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് ആണെന്ന് പറഞ്ഞ് വരുന്നത് സ്വാതന്ത്ര്യം കിട്ടിയ അന്നേ തുടങ്ങിയ ഒരു ശീലമാണ് .“ ഗാന്ധി എന്താക്കി , ഇന്ത്യ മാന്തി പുണ്ണാക്കി ” എന്നായിരുന്നു അന്ന് പറഞ്ഞത് . അതിന്റെ തുടര്‍ച്ചയായാണ് ഗാട്ട് കരാര്‍ കൊണ്ടാണ് ചിക്കുന്‍ ഗുനിയ പകരുന്നത് എന്ന് ഇന്ന് പറയുന്നതും . ഇതെല്ലാം ഒരു ശീലത്തിന്റെ ഭാഗമാണ് . ശീലങ്ങളില്‍ അന്നും ഇന്നും അള്ളിപ്പിടിച്ചിരിക്കുന്ന ഒരു തരം പെന്തക്കോസ്ത് വര്‍ഗ്ഗക്കാരാണ് ഇന്ത്യന്‍ ഇടത് പക്ഷം . ഇങ്ങനെയുള്ളവര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണല്ലോ എന്നതാണ് സമാധാനം . പിന്നെ മറ്റ് പാര്‍ട്ടികള്‍ക്ക് ആന്തരിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടത് പാര്‍ട്ടികളുമായി അഡ്‌ജസ്റ്റ് മെന്റുകള്‍ ഉണ്ടാക്കേണ്ടി വരുന്നത് . ഭാവിയില്‍ കമ്മ്യൂണിസ്റ്റുകളുടെ ഇടം മ്യൂസിയങ്ങളില്‍ മാത്രമായിരിക്കും .

സയന്‍സ് കമ്മ്യുണിസ്റ്റുകാരുടെ കുത്തകയല്ല എന്ന് മനസ്സിലാക്കുക . സയന്‍സിന്റെ ഏറിയ ഭാഗം സംഭാവനയും യൂറോപ്യന്മാരുടെയാണ് . ഇവിടെ സയന്‍സ് പഠിക്കുന്നവന്‍ , പറയുന്നവന്‍ കമ്മ്യൂണിസ്റ്റാവണം എന്നില്ല . മറിച്ച് ശബരിമലയ്ക്ക് മാലയിട്ട് പോകുന്നവരില്‍ മുക്കാല്‍ പങ്കും മാര്‍ക്സിസ്റ്റ്കാരാവാം .

ഇന്ന് ലോകത്ത് എവിടെയുമുള്ള പോലത്തെ പ്രശ്നങ്ങളേ ഇന്ത്യയിലുമുള്ളൂ . വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്ന് അന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില് . സോവിയറ്റ് യൂനിയന്‍ നോക്കൂ , ചൈന നോക്കൂ എന്നൊക്കെ പറഞ്ഞ് ദേശാഭിമാനി വര്‍ഷങ്ങളോളം അച്ച് നിരത്തി . ചലനാത്മകമാണ് സമൂഹം . ആ ചലനത്തിന്റെ അനന്തരഫലങ്ങളാണ് വിലക്കയറ്റം , തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങള്‍ . ഇതൊക്കെ മനുഷ്യനുള്ള കാലത്തോളം തുടരും .ചുരുക്കത്തില്‍ മനുഷ്യരുണ്ടോ , പ്രശ്നങ്ങളും ഉണ്ടാവും . എല്ലാം ശരിപ്പെടുത്തി സ്റ്റാഗ്‌നേഷന്‍ എന്ന ഒരവസ്ഥയില്‍ മനുഷ്യനെ കുടിയിരുത്താന്‍ കഴിയില്ല . ഇതൊന്നും തത്തമ്മേ പൂച്ച എന്ന് പാടുന്ന കമ്മ്യൂണിസ്റ്റ് തത്തകള്‍ക്ക് മനസ്സിലാവില്ല. ആരെങ്കിലും വായിക്കട്ടെ എന്ന് വെച്ചാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത് .

ഞാന്‍ ചൈനയിലുള്ള ഒരു യുവാവുമായി ഇന്നലെ സ്കൈപ്പി(SKYPE)ലൂടെ ചാറ്റ് ചെയ്തു. അവന്‍ അവന്റെ അച്ഛനമ്മമാര്‍ക്ക് ഒറ്റമകനാണ് . അച്ഛന്‍ ഡ്രൈവര്‍ , അമ്മ പെന്‍ഷന്‍ പറ്റി . ചൈനയില്‍ സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പേ റിട്ടയര്‍ഡ് ആകാമത്രെ . ചൈന വന്‍ കുതിച്ചു ചാട്ടത്തിലാണ് . അവന്‍ പറയുന്നു , ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ദിവസം പ്രതി കൂടി വരുന്നു . അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കുക എളുമല്ല ഇപ്പോള്‍ . അവന്‍ അടുത്ത ആഴ്ച ബഹറിനിലേക്ക് പോകാന്‍ ഇരിക്കുകയാണ് . നീ പോയാല്‍ അവിടെ അച്ഛനുമമ്മയും ഒറ്റക്കാവില്ലേ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം പണം വേണം , എനിക്കത് ഉണ്ടാക്കണം എന്നായിരുന്നു . നല്ല ഇംഗ്ലീഷില്‍ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്ന അവന്‍ പറഞ്ഞു : മിഡില്‍ ഈസ്റ്റില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പ്രൊനണ്‍സിയേഷന്‍ നിമിത്തം ഭാഷാപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് .

ഇവിടെ ബാംഗ്ലൂരില്‍ ചൈനീ‍സ് ഹോട്ടലുകള്‍ വ്യാപകമായി വരുന്നു . അവിടെയൊക്കെ ചൈനീസ് യുവതീ യുവാക്കള്‍ ജോലി ചെയ്യുന്നു . അവര്‍ക്ക് ബാംഗ്ലൂര്‍ സ്വര്‍ഗ്ഗമാണ് . ലോകം ഇന്ന് ഒരു ആഗോളഗ്രാമമാണ് മനോജ് . എല്ലായിടത്തും സമാനമായ പ്രശ്നങ്ങള്‍ . കോണ്‍ഗ്രസ്സുകാരെ ശപിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ ഇടതുകാര്‍ക്ക് മന:സമാധാനം കിട്ടുമെങ്കില്‍ അത് ചെയ്തോ .

ഇന്നലെ ഒരു സി.പി.എം. നേതാവ് ടിവിയില്‍ പറയുന്നത് കേട്ടു : IAEA യെ സമീപിച്ചപ്പോള്‍ തന്നെ ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ കൊടിയിറങ്ങി എന്ന് . കാഷ്മീരിലെ ഗുലാം നബി ആസാദിന്റെ രാജിയിലാണ് ആ നേതാവിന്റെ പകയില്‍ പൊതിഞ്ഞ ആനന്ദക്കണ്ണീര്‍ . തലയ്ക്ക് വെളിവുള്ള ഒരു മതേതരവാദിയും ആ രാജിയില്‍ സന്തോഷിക്കുകയില്ല .

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കാണാന്‍ വേണ്ടി മാത്രം ജനിച്ചവരെ പോലെയാണ് മാര്‍ക്സിസ്റ്റുകാര്‍ . അല്ലെങ്കില്‍ ഇത്ര കോടി രൂപയുടെ ആസ്തിയും നിലയ്ക്കാത്ത വരുമാനവും ഉണ്ടായിട്ടും കേരളത്തിനും ബംഗാളിനും ത്രിപുരയ്ക്കും പുറത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ ചില്ലിക്കാശ് ചെലവാക്കി നോട്ടീസെങ്കിലും അച്ചടിച്ചിറക്കാതിരിക്കുമോ .

എടോ കോണ്‍ഗ്രസ്സ് നശിക്കുക എന്നതിനര്‍ത്ഥം മനുഷ്യന്മാര്‍ മരിച്ചു തീരുക എന്നല്ല . ആ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുന്നു എന്നാണ് . അതിനെന്താ ? നിങ്ങളുടെ പാര്‍ട്ടിയില്‍ പത്താള് വരുന്നില്ലല്ലോ ? പ്രളയം വരെ നിലനിന്ന് കൊള്ളാമെന്ന് കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ ? 75 കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണം നടന്ന സോവിയറ്റ് യൂനിയന്‍ എവിടെ ? അവിടത്തെ കമ്മ്യൂണിസ്റ്റ് മേമ്പ്രന്മാര്‍ ഇപ്പോള്‍ എവിടെ ? ഇതെല്ലാം അത്രയേയുള്ളൂ .

No comments: