2008-07-31

രാഷ്ട്രവും രാഷ്ട്രീയവും വേണോ ?

രാഷ്ട്രവും രാഷ്ട്രീയവും വേണോ എന്ന് ചോദിക്കുന്നത് ശ്രീരാജ് കെ. മേലൂര്‍

അതിന് എന്റെ ഉത്തരം ശ്രീരാജിന്റെ ബ്ലോഗില്‍ എഴുതിയത് :

രാഷ്ട്രീയം ആവശ്യമാണോ എന്ന ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം എന്ന ധാരണയില്‍ നിന്നും, നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധ:പതനത്തില്‍ നിന്നുണ്ടായ മനം മടുപ്പില്‍ നിന്നും ഉണ്ടാവുന്നതാണ് .

ആദ്യമായി രാഷ്ട്രീയവും രാഷ്ട്രീയപ്പാര്‍ട്ടികളും രണ്ടും രണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത് ആരും മനസ്സിലാക്കുന്നില്ല . അത് കൊണ്ടാണ് ഒരു പാര്‍ട്ടിയിലും ചേരാതെ നിഷ്പക്ഷമായി അഭിപ്രായം പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്ന് പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നത് .

സത്യത്തില്‍ പൌരസമൂഹം കൈകാര്യം ചെയ്യേണ്ടതാണ് രാഷ്ട്രീയം .കാരണം രാഷ്ട്രീയം നമ്മുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് . എങ്ങനെ, എത്ര നികുതി പിരിച്ചെടുക്കണം , അത് എങ്ങനെ ചെലവഴിക്കണം തുടങ്ങി സര്‍ക്കാര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും നമ്മള്‍ പൌരന്മാരുടെ പേരിലും , നമ്മള്‍ പൌരന്മാര്‍ക്ക് വേണ്ടിയുമാണ് . ഇത് അന്തിമമായി തീരുമാനിക്കുന്നത് നമ്മള്‍ പൌരന്മാര്‍ തന്നെയാണ് . സര്‍ക്കാര്‍ എന്നത് നാം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണ് . ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ . ഇതാണ് രാഷ്ട്രീയം !

പാര്‍ട്ടി രാഷ്ട്രീയം എന്നത് അതാത് പാര്‍ട്ടികളുടെ നിലപാടുകളാണ് . അത് കക്ഷിരാഷ്ട്രീയമണ് . നമ്മള്‍ പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതരായി പൌരരാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ബോധപരമായി വളരേണ്ടതുണ്ട് . നാം അത്ര ബോധവാന്മാരല്ലാത്തത് കൊണ്ട് വിവിധ പാര്‍ട്ടികള്‍ പൌരസമൂഹത്തെ പങ്കിട്ട് എടുത്ത് അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . അത് കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈപ്പിടിയില്‍ നിന്ന് രാഷ്ട്രീയം മോചിപ്പിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ പൌരസമൂഹം അത് കൈകാര്യം ചെയ്യാന്‍ ശീലിക്കേണ്ടതുണ്ട് .

ഇനി രാഷ്ട്രം വേണോ എന്ന ചോദ്യം . അത് അല്പം സങ്കീര്‍ണ്ണമാണ് . ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച നിമിത്തം രാജ്യാന്തര അതിര്‍ഥികള്‍ മാഞ്ഞു പോയി എന്നത് ഒരു വെര്‍ച്വല്‍ റീയാലിറ്റിയാണ് . അത് കൊണ്ട് പുരോഗമനപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രം വേണ്ട എന്നേ ഇന്ന് പറയാന്‍ കഴിയൂ . പക്ഷെ ചരിത്രം ഒരു തുടര്‍ച്ചയാണ് . നമുക്കത് ഒരു സുപ്രഭാതത്തില്‍ അടിമുടി മാറ്റിമറിക്കാന്‍ കഴിയില്ല . രാഷ്ട്രങ്ങള്‍ ഇന്നത്തെ അനിഷേധ്യമായ യാഥാര്‍ഥ്യമാണ് . നാളെയോ അല്ലെങ്കില്‍ അടുത്ത നൂറ്റാണ്ടിലോ അതുമല്ല എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലോ ഒരു ആഗോള ഗവണ്മെന്റ് നിലവില്‍ വരുമെന്നും ഓരോ പൌരനും ഓരോ വിശ്വപൌരനായിരിക്കുമെന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ പറ്റും .

അന്നും രാഷ്ട്രീയം, സാമൂഹ്യജീവിതത്തിന്റെ ക്രമീകരണത്തിന് അത്യന്താപേക്ഷിതമായിരിക്കും എന്നും ഓര്‍ക്കുക !

2008-07-26

കണ്ണുസും ഞാനും !

ശിഥില ചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഞാനും കണ്ണൂസും :


കണ്ണൂസ് : സുകുമാരന്‍ മാഷേ, പാര്‍ട്ടിയില്‍ ഒരു വേറിട്ട ചിന്ത അവതരിപ്പിക്കുന്നത് അത്ര വലിയ പതകമൊന്നുമല്ല അതു കൊണ്ടു തന്നെയാണ് നായനാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒരു താകീതില്‍ രക്ഷപ്പെട്ടത്. രാഘവന്‍ പുറത്താക്കപ്പെട്ടത്, ബദല്‍ രേഖ അവതരിപ്പിച്ചതിനല്ല അതിനായി പാര്‍ട്ടിയില്‍ ലോബിയിംഗ് നടത്തിയതിനാണ്.

രാഘവന്റെ ബദല്‍ രേഖ എന്താണെന്നു കൂടി എല്ലാവരും അറിയുക. കോണ്‍ഗ്രസ്സ് ആണ് മുഖ്യ ശത്രു എന്നും അവരെ തോല്‍പ്പിക്കുന്നതിനായി ലീഗ് മുതലായ വര്‍ഗീയകക്ഷികളോട് ചേരുന്നത് തെറ്റല്ല എന്നുമായിരുന്നും അത്.പക്ഷേ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോല്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്ന്നണിയില്‍ ചേര്‍ന്നു. :)

ഞാന്‍ : എം.വി.ആര്‍. പാര്‍ട്ടിയില്‍ ലോബിയിങ്ങ് നടത്തി എന്നത് കണ്ണൂസിന്റെയും മറ്റും വ്യാഖ്യാനം . തന്റെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മറ്റുള്ളവരുടെയും പിന്‍‌തുണ തേടുന്നത് തെറ്റല്ല . ആശയസമരം പോലുള്ള തീവ്രമായ ഉള്‍പ്പാര്‍ട്ടിപ്രവര്‍ത്തനം പോലും ആ ബദല്‍ രേഖയുടെ പേരില്‍ നടത്തിയിട്ടില്ല .മാത്രമല്ല കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എം.വി.ആറിന്റെ ആ രേഖ അന്നും ഇന്നും തെറ്റല്ല . മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി ആണെന്ന് പറയാന്‍ കഴിയില്ല . ഒരു പരിധി വരെ കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ആ പാര്‍ട്ടി തന്നെയാണ് . അത് കൊണ്ട് തന്നെയാണ് ലീഗിനെ പാട്ടിലാക്കാന്‍ പിണറായി കിണഞ്ഞ് ശ്രമിച്ചതും . അച്യുതാനന്ദന്‍ സഖാവ് കുറുക്കെ നില്‍ക്കുന്നില്ലെങ്കില്‍ ലീഗിനെ സി.പി.എം.ഒപ്പം കൂട്ടിയിരിക്കും ,കൂട്ടുകയും ചെയ്യും .

ലോബിയിങ്ങ് എന്നത് പുറത്താക്കലിനെ അണികളുടെ മുന്‍പില്‍ ന്യായീകരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു വാഗ്‌പ്രയോഗമാണ് . നായനാര്‍ക്കും മറ്റും നല്‍കിയ പോലെയുള്ള താക്കീതേ എം.വി.ആറും അര്‍ഹിക്കുന്നുണ്ടായിരുന്നുള്ളൂ . എന്നാല്‍ എം.വി.ആറിനെ പുറത്താക്കുക എന്നത് ചിലരുടെ താല്പര്യമായിരുന്നു . അതിനെ സംബന്ധിക്കുന്ന പിന്നാമ്പുറകഥകള്‍ വാമൊഴിയായി നാട്ടില്‍ പ്രചരിച്ചിരുന്നു . ബദല്‍ രേഖ ഒരു നിമിത്തമായി അവതരിക്കുകയും പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്തു അത്ര തന്നെ . രാഷ്ട്രീയം അത്രയ്ക്കങ്ങ് ആദര്‍ശനിബദ്ധമല്ല കണ്ണൂസേ .... അത് അധികാരം കൈയ്യടക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനയാവുന്ന മേഖലകൂടിയാണ് . സോവ്യറ്റ് യൂനിയനില്‍ ക്രൂഷ്ചേവിന് സ്ഥാനചലനം സംഭവിച്ചത് യോഗത്തില്‍ വെച്ച് പാനലിന്റെ ലിസ്റ്റ് തട്ടിപ്പറിച്ചോടിയിട്ടാണെന്നും മറ്റുമുള്ള കഥകള്‍ വായിച്ചതായി ഓര്‍ക്കുന്നു .

പിന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നു എന്നു പറയുന്നത് . സംഗതി രാഷ്ട്രീയമല്ലെ . രാഘവന്‍ രാഷ്ട്രീയം മതിയാക്കാന്‍ തീരുമാനിച്ചില്ല . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരണമല്ലൊ . കണ്ടില്ലേ മന്‍‌മോഹന്‍ സര്‍ക്കാറിന് കഴിഞ്ഞ നാല് കൊല്ലക്കാലം പിന്‍‌തുണ നല്‍കിയത് , ഇനിയും നല്‍കുകയും ചെയ്യും . അതൊക്കെ പറയുമ്പോള്‍ പല വ്യക്തികളുടെയും പാര്‍ട്ടികളുടെയും നിലപാടുകളില്‍ മുന്‍ പിന്‍ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും . താരതമ്യേന എം.വി.ആര്‍ നിര്‍ദ്ദോഷി ആയിരുന്നു . അദ്ദേഹത്തിന്റെ ആര്‍ജ്ജവം അനുപമമായിരുന്നു.

ഞാന്‍ ഇതൊന്നും ആവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നില്ല പോസ്റ്റില്‍ എം.വി.ആറിനെ ഉദ്ധരിച്ചത് . പുറത്താക്കപ്പെടുന്ന നേതാവിനെ എത്ര ക്രൂരവും യുക്തിരഹിതവുമായാണ് വേട്ടയാടപ്പെടുന്ന ഒരു രീതി കമ്മ്യൂണിസ്റ്റുകാര്‍ വികസിപ്പിച്ച് വെച്ചിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു .ട്രോട്‌സ്കിയുടെ അനുഭവം നോക്കുക .

ഞാന്‍ ഇടത് പക്ഷം വിരോധം നിമിത്തമാണ് ഇപ്രകാരം ഒക്കെ എഴുതുന്നത് എന്ന് പലരും ധരിച്ചിട്ടുണ്ട് . മനുഷ്യസ്നേഹം മാത്രമാണ് എന്റെ ചേതോവികാരം . ഭൂമിയില്‍ ജനിക്കുന്ന,ജീവിയ്ക്കുന്ന എല്ലാ മനുഷ്യരേയും മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ ഞാന്‍ സ്നേഹിക്കുന്നു . എല്ലാവരുടെ മനസ്സിലും അത്തരം സ്നേഹം വേണം എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു . ആശയങ്ങളാണ് വെറുക്കപ്പെടേണ്ടത് , അല്ലാതെ അത് മനസ്സില്‍ കൊണ്ടുനടക്കുന്ന വ്യക്തിയെ അല്ല . ഇത് മനസ്സിലാകണമെങ്കില്‍ മനസ്സ് വികസിക്കണം . ഇവിടെ ഭൂമിയില്‍ ഓരോ വ്യക്തിക്കുമുള്ള അധികാരവും അവകാശവും തുല്യമാണ് . ആര്‍ക്കും കൂടുതല്‍ ഇല്ല . ഒരാള്‍ക്ക് വേണമെങ്കില്‍ സ്വന്തം ജീവനെ ഒടുക്കാം . എന്നാല്‍ മറ്റൊരു ജീവനെ ഇല്ല്ലാതാക്കാന്‍ അവകാശമില്ല,സ്വയരക്ഷക്കല്ലാതെ .

നമ്മള്‍ ആശയങ്ങളുടെ തടവുകാരായി എന്തിന് , ആര്‍ക്ക് വേണ്ടി തുടരണം ? ഇന്നലത്തെ പോംവഴികള്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയില്ല, നാളത്തേക്ക് നളെയുടെ പോംവഴികള്‍ നളെയുള്ളവര്‍ കണ്ടെത്തിക്കോളും . വെരി സിമ്പിള്‍ . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി മാറ്റൂ . വിപ്ലവം എന്ന് വാക്ക് നിരര്‍ത്ഥകമായി . സമൂഹത്തിന്റെ പുനരുജ്ജീവനത്തിന് സമൂര്‍ത്തവും വസ്തുനിഷ്ടവും ആയ പരിഹാരങ്ങള്‍ ആരായാം . മനുഷ്യന്‍ പ്രശ്നങ്ങള്‍ എന്താണെന്ന് അവന്റെ മനസ്സില്‍ നിന്ന് ആണ് വരേണ്ടത് . അല്ലാതെ ഇന്നതാണ് നിന്റെ പ്രശ്നം എന്ന് അവന്റെ മനസ്സില്‍ ഫീഡ് ചെയ്യുകയല്ല വേണ്ടത് . ഇന്ന് അതാണ് നടക്കുന്നത് . പ്ലീസ് എന്നെ മനസ്സിലാക്കൂ കണ്ണൂസ് .....

2008-07-24

സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

സിമിയുടെ ബ്ലോഗില്‍ ഇന്തോ-യു.എസ്. ആണവക്കരാര്‍ : ഒരു തിരിഞ്ഞു നോട്ടം എന്ന തലക്കെട്ടില്‍ ബി.രാമന്‍ എഴുതിയ ഒരു ലേഖനത്തിന്റെ വിവര്‍ത്തനം പോസ്റ്റ് ചെയ്തിട്ടുണ്ട് . മനോഹരമായ വിവര്‍ത്തനം . സിമി അനുഗൃഹിതനായ ഒരു എഴുത്തുകാരനാണെന്ന് പറയേണ്ടതില്ല . മലയാളം വിക്കിയിലാണ് സിമിയുടെ സംഭാവനകള്‍ ഏറെയുമുള്ളത് . ആ പോസ്റ്റ് വായിച്ച് അവിടെ എഴുതിയ കമന്റ് ഇവിടെയും സൂക്ഷിക്കുന്നു . എന്റെ ഇടത് പക്ഷ സുഹൃത്തുക്കള്‍ എന്നോട് സഹിഷ്ണുത കാട്ടിയേ പറ്റൂ !

വിവര്‍ത്തനം വളരെ നന്നായിരിക്കുന്നു . കമന്റുകള്‍ ഒന്നും വായിക്കാനുള്ള ക്ഷമ കിട്ടിയില്ല . വായിച്ചിട്ടും വലിയ കാര്യമൊന്നുമില്ല . താന്താങ്ങളുടെ പാര്‍ട്ടി നേതാക്കളോ , മത പുരോഹിതന്മാരോ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പറയുന്നുവോ അതേ പോലെ വള്ളി പുള്ളി തെറ്റാതെ പറയാന്‍ ബാധ്യതപ്പെട്ടവരായിരിക്കുമല്ലോ അധികപക്ഷം കമന്റുകളും എഴുതിയിരിക്കുക .
നമ്മുടെ ജനാധിപത്യത്തിന്റെ ഒരു വികൃതരൂപമാണിത് . എല്ലാ പാര്‍ട്ടികളും അണികളും രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയുമാണ് പറയുന്നത് . എന്നാല്‍ ഏതാണ് രാജ്യം ? ആരാണ് ജനങ്ങള്‍ ? ഓരോ പാര്‍ട്ടിക്കും അതിന്റെ അണികള്‍ മാത്രമാണോ ജനങ്ങള്‍ ? ഭരണത്തിലില്ലാത്ത പാര്‍ട്ടി പറയുന്നു ഇത് ജനങ്ങള്‍ക്ക് എതിരാണെന്ന് . അപ്പോള്‍ ഭരണത്തിലുള്ള പാര്‍ട്ടിയുടെ അണികള്‍ ഈ ജനങ്ങളില്‍ പെടുന്നില്ലേ ?

ഈ ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞിരുന്നുവെങ്കില്‍ എത്രയോ വ്യക്തത കിട്ടുമായിരുന്നു . പക്ഷെ അതൊക്കെ ആര് ചെയ്യും . മാധ്യമങ്ങള്‍ക്കും താല്പര്യങ്ങളുണ്ട് ,ഭയങ്ങളുമുണ്ട് .

ഹൈഡ് ആക്റ്റിലെ വ്യവസ്ഥകളെയാണല്ലോ പരമാധികാരം പണയം വെക്കുന്നു എന്ന് പര്‍വ്വതീകരിച്ചു പ്രചരിപ്പിച്ചത് . “ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. ” എന്ന വാക്യങ്ങളില്‍ എല്ലാം വ്യക്തമല്ലേ ?

ഇവിടെ ഇടത് പക്ഷങ്ങള്‍ സൃഷ്ടിച്ച ശബ്ദകോലഹലങ്ങളില്‍ പ്രതിരോധത്തിലായിപ്പോയി സര്‍ക്കാര്‍ എന്നതാണ് സത്യം . ഒച്ചപ്പാടുകളിലും ബഹളങ്ങളിലും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളാണ് ഇടത് പക്ഷം . അല്ലാതെ മറ്റൊരു ദൌത്യവും ചരിത്രം അവരെ ഏല്‍പ്പിച്ചിട്ടില്ല.
കാലം മാറി , നെഹറുവിന്റെ കാലത്തെ ചേരിചേരാനയം കാലഹരണപ്പെട്ടു . സോഷ്യലിസവും വിപ്ലവും കമ്മ്യൂണിസവും ഒക്കെ മ്യൂസിയത്തില്‍ പോലും ഇടം കിട്ടാത്ത വണ്ണം അപ്രസക്തമായി .

ഇനി ലോകത്ത് ശക്തിപ്പെടേണ്ട ചേരി ജനാധിപത്യച്ചേരിയാണ് . അതിന് നേതൃത്വം കൊടുക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് മുന്‍‌കൈ എടുക്കേണ്ടതുണ്ട് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തകയും , രാജഭരണവും ഷെയ്ക്ക് ഭരണവും തുടങ്ങി ജനങ്ങളുടേതല്ലാത്ത മുഴുവന്‍ ഭരണസമ്പ്രദായങ്ങളും ഈ നൂറ്റാണ്ടില്‍ അവസാനിക്കണം . പാര്‍ട്ടിക്ക് , രാജാവിന് , മതത്തിന് , അടുത്ത നൂറ്റാണ്ടില്‍ ഭരണം കുത്തകയായി ലഭിച്ചുകൂട . ജനങ്ങള്‍ ഭൂരിപക്ഷപ്രകാരം തീരുമാനിക്കുന്ന ഭരണ സംവിധാനങ്ങള്‍ ലോകത്തില്‍ എവിടെയും വന്നേ പറ്റൂ . അതിന് നേതൃത്വം നല്‍കുക എന്ന ദൌത്യം നിര്‍വ്വഹിക്കാന്‍ അമേരിക്കയും ഇന്ത്യയും ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിക്കേണ്ടതുണ്ട് എന്നതാണ് ഈ കാലത്തിന്റെ അനിഷേധ്യ സത്യം .

ആണവക്കരാര്‍ നടപ്പിലാവും എന്ന് ഞാന്‍ കഴിഞ്ഞ കൊല്ലം മുതലേ എന്റെ ബ്ലോഗില്‍ പറഞ്ഞു വരുന്നുണ്ട് . അതില്‍ മാറ്റമൊന്നുമില്ല . കാരണം ഇവിടെ ട്രാക്റ്ററും , സ്റ്റോണ്‍ ക്രഷറും, ടെലിക്കമ്മ്യൂണിക്കേഷനും, ടിവിയും, കമ്പ്യൂട്ടറും എല്ലാം വന്നല്ലോ . ഇനിയും ധാരാളം വരും . ശൂന്യാകാശത്ത് ടൂറിസ്റ്റ് ഹോട്ടലുകള്‍ പോലും വരും . അപ്പോഴും ഇടത് പക്ഷങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് ജനങ്ങളുടെ പേരില്‍ എതിര്‍ക്കാനും ഒച്ച വെക്കാനും ധാരളം ന്യായീകരണങ്ങള്‍ ബാക്കിയുണ്ടാവും . സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

2008-07-21

ബി.ജെ.പി.യും ഇടത് പക്ഷങ്ങളും ഒരേ തൂവല്‍ പക്ഷികളോ ?

നകുലന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസരവാദപരമായ രാഷ്ട്രീയവും നിലപാടുകളും ഇന്ത്യന്‍ ജനാധിപത്യത്തെ വളരെ വികൃതമാക്കിയിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . പക്ഷെ അവര്‍ക്ക് അങ്ങനെയൊക്കെയേ കഴിയുമായിരുന്നുള്ളൂ . കാരണം ഇവിടെ ജനാധിപത്യം പോഷിപ്പിക്കാന്‍ ഉദ്ദേശിക്കപ്പെട്ട പാര്‍ട്ടികളായിരുന്നില്ല അവ . ഇന്ത്യയില്‍ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിപ്പിച്ച് വിപ്ലവം നടത്താന്‍ ബാധ്യതപ്പെട്ട സംഘടനകളാണത് . വിപ്ലവം വരുമോ എന്നതല്ല , ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അവരൊക്കെ അന്നും ഇന്നും നിലകൊള്ളുന്നത് എന്ന് അവരെ കുറ്റം പറയുന്നവര്‍ തിരിച്ചറിയണം . വിപ്ലവം ഇനി മേലില്‍ ഇനി നടക്കില്ലെന്നും മറ്റുള്ളവരെ പോലെ നിങ്ങളും ജനാധിപത്യസമ്പ്രദായത്തിന്റെ മുഖ്യധാരയില്‍ ചേരണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ അവരുടെ കപടജനാധിപത്യരാഷ്ട്രീയത്തിന് ഇരയാവുകയോ മാത്രമേ മറ്റുള്ള പാര്‍ട്ടികള്‍ക്ക് ചെയ്യാനാവൂ .

സോമനാഥ് ചാറ്റര്‍ജിയെ സംബന്ധിച്ച് പറഞ്ഞാല്‍ അദ്ദേഹത്തിന് ഈ സമയം സര്‍ക്കാറിനെ മറിച്ചിടുന്നതില്‍ മറ്റെന്തെങ്കിലും ആശയപരമായ എതിര്‍പ്പ് തോന്നിയിരിക്കാം . മറ്റനേകം പേരെ പോലെ ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹത്തിനും തോന്നാമല്ലൊ . അപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ വില പോകുന്ന ഒരു ന്യായം അദ്ദേഹം മുന്നോട്ട് വെച്ചു എന്നേ എനിക്ക് അഭിപ്രായമുള്ളൂ . അദ്ദേഹത്തിന് 80വയസ്സോടടുത്ത് എന്ന പരാമര്‍ശം നകുലന്റെ രീതിയ്ക്ക് ചേര്‍ന്നതല്ല . ഒരാള്‍ക്ക് ഏത് പ്രായത്തിലും നിലപാടുകള്‍ മാറ്റാവുന്നതോ ശരിയായ നിലപാടുകളില്‍ എത്തിച്ചേരാവുന്നതോ ആണ് .

വിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ സോമനാഥ് ചാറ്റര്‍ജി കൈക്കൊണ്ട നിലപാടിനെക്കാളും അപഹാസ്യമാണ് ആണവക്കരാറിന്റെ കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് . “ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല ” എന്ന് മാത്രമാണ് അവര്‍ പറയുന്നത് . അതായത് അമേരിക്കയെ സൌഹൃദരാഷ്ട്രമായി അംഗീകരിക്കുന്നതിലോ , അവരുമായി കരാറിലേര്‍പ്പെടുന്നതിനോ , രാജ്യത്ത് ആണവവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതിനോ ബി.ജെ.പി. എതിരല്ല . പിന്നെ എന്താണ് പ്രശ്നം ? സര്‍ക്കാറിനെ കിട്ടുന്ന അവസരത്തില്‍ മറിച്ചിടണം അത്രമാത്രം . അതിന് പറയുന്ന ന്യായം ഇന്നത്തെ രൂപത്തില്‍ കരാറിനെ അനുകൂലിക്കാന്‍ കഴിയില്ല എന്നത് ഏത് രൂ‍പത്തില്‍ കരാര്‍ ഉണ്ടാക്കിയാലും എപ്പോഴും പറയാന്‍ കഴിയുന്ന ഒന്നാണ് .

ഇന്നത്തെ ലോക സാഹചര്യം വെച്ചു നോക്കുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാഭാവിക സഖ്യകക്ഷിയാക്കാന്‍ പറ്റുന്ന രാജ്യം , വരട്ടുപ്രത്യയശാസ്ത്രങ്ങള്‍ മാറ്റി വെച്ചാല്‍ അമേരിക്കയാണെന്ന് കാണാന്‍ കഴിയും . അതേ പോലെ തല്‍ക്കാലത്തെ ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ വണ്‍ റ്റൂ ത്രീ കരാറും അനിവാര്യമാണെന്നും മനസ്സിലാവും . സങ്കുചിതരാഷ്ട്രീയം മാറ്റി വെച്ച് ഈ കരാറിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ബി.ജെ.പി. സന്നദ്ധമാവുമായിരുന്നെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് അവസരവാദരാഷ്ട്രീയത്തിന് ഒരു കനത്ത അടിയും , ലോകരാഷ്ട്രങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യത്തെ പറ്റി നല്ല മതിപ്പും ഉണ്ടാകുമായിരുന്നു .

എന്നാല്‍ ആണവക്കരാറിന്റെ കാര്യത്തില്‍ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയചതുരംഗക്കളിക്ക് തന്നെയാണ് .ബി.ജെ.പി.യും തുനിഞ്ഞത് . എല്ലാ പാര്‍ട്ടികളും ഒരേ കണക്ക് തന്നെ എന്ന നിഗമനത്തില്‍ നിഷ്പക്ഷമതികള്‍ എത്താനേ ഇതൊക്കെ ഉപകരിക്കൂ . ഇത്തരം സങ്കുചിതരാഷ്ട്രീയ നിലപാടുകള്‍ മൂലം നമ്മുടെ ജനാധിപത്യത്തെ അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന് മോചിപ്പിച്ചെടുപ്പിക്കാന്‍ കഴിയുന്നില്ല എന്ന് നകുലനും മനസ്സിലാക്കാന്‍ കഴിയുന്നില്ല . കാരണം നകുലനും ഒരു പാര്‍ട്ടിയുടെ അന്ധമായ അനുഭാവി മാത്രം !

2008-07-14

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാറാണത്ത് ഭ്രാന്തന്റെ പിന്‍‌തുടര്‍ച്ചക്കാര്‍

ബൈജുവിന് ശിഥില ചിന്തകളില്‍ നല്‍കിയ മറുപടി :


ബൈജു , ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സംശയം ദുരീകരിക്കേണ്ടതായിരുന്നില്ലേ? എന്ന ചോദ്യത്തിന് സാങ്കേതികമായി വേണ്ട എന്ന് തന്നെ ഞാന്‍ ഉത്തരം പറയും . കാരണം ഒന്നാമതായി നമ്മുടെ ഭരണഘടനയില്‍ അങ്ങനെയൊരു പ്രൊവിഷന്‍ ഇല്ല . രാജ്യാന്തരക്കാരാറുകളിലേര്‍പ്പെടുമ്പോള്‍ ഭരണഘടനപ്രകാരം പാര്‍ലമെന്റില്‍ അവ ചര്‍ച്ച ചെയ്യേണ്ടതില്ല . രണ്ടാമത് ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ നിലപാടുകളില്‍ ഇരട്ടത്താപ്പും അവസരവാദവും ഉണ്ട് . പിന്നെ നമ്മുടെ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി എം.പി.മാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുന്നതിന് പകരം തങ്ങളുടെ പാര്‍ട്ടികള്‍ക്ക് മൈലേജ് കിട്ടുന്ന പൊറാട്ട് നാടകങ്ങള്‍ അരങ്ങേറ്റാറാണ് പതിവ് എന്ന് ടി.വി.കാണാറുള്ള എനിക്ക് തോന്നിയിട്ടുണ്ട് .

സമാനമായ ഒരു സ്ഥിതി വിശേഷം ഗാട്ട് കരാറിന്റെ ബഹളങ്ങള്‍ക്കിടയിലും ഉണ്ടായി . രാജ്യാന്തരക്കരാറുകളില്‍ ഏര്‍പ്പെടണമെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാര്‍ലമെന്റിന്റെ അനുവാദം വാങ്ങാന്‍ സര്‍ക്കാറിനെ ബാധ്യസ്ഥമാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണം എന്ന് ബി.ജെ.പി. ശക്തിയായി അന്ന് ആവശ്യപ്പെട്ടു . സ്വാഭാവികമായും ഗാട്ട് കരാറിനെതിരായ ഇടത് പക്ഷങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു . ഏതായാലും നരസിംഹറാവു സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെച്ചു . പിന്നീട് ബി.ജെ.പി. ആറ് കൊല്ലം നാട് ഭരിച്ചു .

ഞങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഗാട്ട് കരാറില്‍ നിന്ന് പിന്‍‌വാങ്ങും എന്നു കൂടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ബി.ജെ.പി കരാര്‍ റദ്ധാക്കിയതുമില്ല ഭരണഘടന ഭേദഗതി ചെയ്തുമില്ല . ഈ ഒച്ചപ്പാടുകള്‍ക്ക് ഇത്രയേ അര്‍ഥമുള്ളൂ . ഇപ്പോഴും നടക്കാന്‍ പോകുന്നത് അന്നത്തേതിന്റെ തനിയാവര്‍ത്തനമാണ് .

ഇപ്പോള്‍ പ്രകാശ് കാരാട്ട് നടത്തുന്നത് ഒരു നാറാണത്ത് ഭ്രാന്തന്റെ പണിയാണ് . ജൂലായ് 22ന് അദ്ദേഹത്തിന്റെ ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ നിലം പതിച്ചു എന്ന് വെക്കുക . എന്ത് സംഭവിക്കും ? ഈ സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകില്ല എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ വരും . തീര്‍ച്ചയായും ബി.ജെ.പി.യുടെ നേതൃത്വത്തില്‍ NDA അധികാരമേല്‍ക്കും . ആണവക്കരാര്‍ അവര്‍ നടപ്പാക്കും . അഞ്ച് കൊല്ലം ഭരിക്കും . അവര്‍ കോണ്‍ഗ്രസ്സിനെപ്പോലെയല്ല . ആരെയും ഭയപ്പെടില്ല .

ഒരിക്കല്‍ അരുണ്‍ ജയറ്റ്‌ലി പറഞ്ഞത് ഇങ്ങനെ : കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്നാല്‍ എല്ലാ അധികാരങ്ങളുമുള്ള സര്‍ക്കാര്‍ തന്നെയാണ് , സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന എല്ലാം ചെയ്യാന്‍ അധികാരമുണ്ട് എന്ന് . അതേ മാനദണ്ഡം വെച്ച് മന്‍‌മോഹന്‍ സിങ്ങിന്റെ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ ആണവക്കരാറുമായി ഇപ്പോള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇടത് പക്ഷങ്ങളും ബി.ജെ.പി.യും ചേര്‍ന്ന് വെറുതെ വിടുമോ ? അങ്ങനെ അടുത്ത അഞ്ച് വര്‍ഷം ബി.ജെ.പി പുഷ്പം പോലെ ഭരിക്കുകയും അമേരിക്കയുമായും ഇസ്രയേലുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യും . പിന്നെ 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പതിവു പോലെ ഇടത് പക്ഷങ്ങള്‍ക്ക് 60 സീറ്റ് കിട്ടുകയും അവര്‍ എന്ത് വില കൊടുത്തും കോണ്‍ഗ്രസ്സിനെക്കൊണ്ട് ഭരിപ്പിക്കുകയും ചെയ്യും .

അമ്പത് കൊല്ലത്തോളം കോണ്‍ഗ്രസ്സിനെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തലായിരുന്നു ഇടത് പക്ഷങ്ങളുടെ പണി . ഇനി ഒരമ്പത് കൊല്ലത്തേക്ക് ബി.ജെ.പി.യേയും കോണ്‍ഗ്രസ്സിനേയും മാറി മാറി ഭരിപ്പിക്കലും ! ഈ നാറാണത്ത് ഭ്രാന്തന്റെ പരിപാടിയില്‍ അപ്പപ്പോള്‍ പാര്‍ട്ടിയുടെ അടവ് നയങ്ങള്‍ക്ക് ഹല്ലേലുയ പാടലാണ് അണികളുടെ വിനോദം . അത് കൊണ്ട് ബൈജു , ജനങ്ങളുടെ ഒര്‍മ്മശക്തി വളരെ ഹ്രസ്വമായത് കൊണ്ടാണ് മനോജ് അങ്ങനെ ചോദിച്ചതും ഉത്തരം പറയാന്‍ എന്നോട് ബൈജു ആവശ്യപ്പെട്ടതും . ഇതൊക്കെ ഓര്‍ക്കുന്നവര്‍ ആരെങ്കിലുമുണ്ടാവും . പക്ഷെ അവര്‍ ഒന്നും മിണ്ടുകയില്ല . അത് കൊണ്ട് ഇത്തരം പൊറാട്ട് നാടകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും !

ചൈനീസ് യുവതയ്ക്ക് ഇന്ത്യ സ്വര്‍ഗ്ഗം !

മനോജ് എന്ന ബ്ലോഗ്ഗര്‍ക്ക് ശിഥില ചിന്തകളില്‍ നല്‍കിയ മറുപടി :


മനോജ് , ഇടത് പക്ഷക്കാര്‍ അതായത് സി.പി.എം. അനുഭാവമുള്ളവരുടെ ഭാഷയും വര്‍ത്തമാനവും എല്ലാം ഒരേ പോലെയായിരിക്കും. അവര്‍ക്ക് മറ്റെല്ലാവരോടും ഒരു തരം പുച്ഛവുമായിരിക്കും . ഇവിടെ ആര്‍ക്കെങ്കിലും വയറിളക്കം വന്നാല്‍ പോലും അത് കോണ്‍ഗ്രസ്സിന്റെ ഭരണം കൊണ്ട് ആണെന്ന് പറഞ്ഞ് വരുന്നത് സ്വാതന്ത്ര്യം കിട്ടിയ അന്നേ തുടങ്ങിയ ഒരു ശീലമാണ് .“ ഗാന്ധി എന്താക്കി , ഇന്ത്യ മാന്തി പുണ്ണാക്കി ” എന്നായിരുന്നു അന്ന് പറഞ്ഞത് . അതിന്റെ തുടര്‍ച്ചയായാണ് ഗാട്ട് കരാര്‍ കൊണ്ടാണ് ചിക്കുന്‍ ഗുനിയ പകരുന്നത് എന്ന് ഇന്ന് പറയുന്നതും . ഇതെല്ലാം ഒരു ശീലത്തിന്റെ ഭാഗമാണ് . ശീലങ്ങളില്‍ അന്നും ഇന്നും അള്ളിപ്പിടിച്ചിരിക്കുന്ന ഒരു തരം പെന്തക്കോസ്ത് വര്‍ഗ്ഗക്കാരാണ് ഇന്ത്യന്‍ ഇടത് പക്ഷം . ഇങ്ങനെയുള്ളവര്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണല്ലോ എന്നതാണ് സമാധാനം . പിന്നെ മറ്റ് പാര്‍ട്ടികള്‍ക്ക് ആന്തരിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടത് പാര്‍ട്ടികളുമായി അഡ്‌ജസ്റ്റ് മെന്റുകള്‍ ഉണ്ടാക്കേണ്ടി വരുന്നത് . ഭാവിയില്‍ കമ്മ്യൂണിസ്റ്റുകളുടെ ഇടം മ്യൂസിയങ്ങളില്‍ മാത്രമായിരിക്കും .

സയന്‍സ് കമ്മ്യുണിസ്റ്റുകാരുടെ കുത്തകയല്ല എന്ന് മനസ്സിലാക്കുക . സയന്‍സിന്റെ ഏറിയ ഭാഗം സംഭാവനയും യൂറോപ്യന്മാരുടെയാണ് . ഇവിടെ സയന്‍സ് പഠിക്കുന്നവന്‍ , പറയുന്നവന്‍ കമ്മ്യൂണിസ്റ്റാവണം എന്നില്ല . മറിച്ച് ശബരിമലയ്ക്ക് മാലയിട്ട് പോകുന്നവരില്‍ മുക്കാല്‍ പങ്കും മാര്‍ക്സിസ്റ്റ്കാരാവാം .

ഇന്ന് ലോകത്ത് എവിടെയുമുള്ള പോലത്തെ പ്രശ്നങ്ങളേ ഇന്ത്യയിലുമുള്ളൂ . വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്ന് അന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞപ്പോള്‍ എന്തായിരുന്നു പുകില് . സോവിയറ്റ് യൂനിയന്‍ നോക്കൂ , ചൈന നോക്കൂ എന്നൊക്കെ പറഞ്ഞ് ദേശാഭിമാനി വര്‍ഷങ്ങളോളം അച്ച് നിരത്തി . ചലനാത്മകമാണ് സമൂഹം . ആ ചലനത്തിന്റെ അനന്തരഫലങ്ങളാണ് വിലക്കയറ്റം , തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങള്‍ . ഇതൊക്കെ മനുഷ്യനുള്ള കാലത്തോളം തുടരും .ചുരുക്കത്തില്‍ മനുഷ്യരുണ്ടോ , പ്രശ്നങ്ങളും ഉണ്ടാവും . എല്ലാം ശരിപ്പെടുത്തി സ്റ്റാഗ്‌നേഷന്‍ എന്ന ഒരവസ്ഥയില്‍ മനുഷ്യനെ കുടിയിരുത്താന്‍ കഴിയില്ല . ഇതൊന്നും തത്തമ്മേ പൂച്ച എന്ന് പാടുന്ന കമ്മ്യൂണിസ്റ്റ് തത്തകള്‍ക്ക് മനസ്സിലാവില്ല. ആരെങ്കിലും വായിക്കട്ടെ എന്ന് വെച്ചാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത് .

ഞാന്‍ ചൈനയിലുള്ള ഒരു യുവാവുമായി ഇന്നലെ സ്കൈപ്പി(SKYPE)ലൂടെ ചാറ്റ് ചെയ്തു. അവന്‍ അവന്റെ അച്ഛനമ്മമാര്‍ക്ക് ഒറ്റമകനാണ് . അച്ഛന്‍ ഡ്രൈവര്‍ , അമ്മ പെന്‍ഷന്‍ പറ്റി . ചൈനയില്‍ സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പേ റിട്ടയര്‍ഡ് ആകാമത്രെ . ചൈന വന്‍ കുതിച്ചു ചാട്ടത്തിലാണ് . അവന്‍ പറയുന്നു , ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ദിവസം പ്രതി കൂടി വരുന്നു . അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കുക എളുമല്ല ഇപ്പോള്‍ . അവന്‍ അടുത്ത ആഴ്ച ബഹറിനിലേക്ക് പോകാന്‍ ഇരിക്കുകയാണ് . നീ പോയാല്‍ അവിടെ അച്ഛനുമമ്മയും ഒറ്റക്കാവില്ലേ എന്ന ചോദ്യത്തിന് അവന്റെ ഉത്തരം പണം വേണം , എനിക്കത് ഉണ്ടാക്കണം എന്നായിരുന്നു . നല്ല ഇംഗ്ലീഷില്‍ ആശയങ്ങള്‍ ടൈപ്പ് ചെയ്യുന്ന അവന്‍ പറഞ്ഞു : മിഡില്‍ ഈസ്റ്റില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പ്രൊനണ്‍സിയേഷന്‍ നിമിത്തം ഭാഷാപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് .

ഇവിടെ ബാംഗ്ലൂരില്‍ ചൈനീ‍സ് ഹോട്ടലുകള്‍ വ്യാപകമായി വരുന്നു . അവിടെയൊക്കെ ചൈനീസ് യുവതീ യുവാക്കള്‍ ജോലി ചെയ്യുന്നു . അവര്‍ക്ക് ബാംഗ്ലൂര്‍ സ്വര്‍ഗ്ഗമാണ് . ലോകം ഇന്ന് ഒരു ആഗോളഗ്രാമമാണ് മനോജ് . എല്ലായിടത്തും സമാനമായ പ്രശ്നങ്ങള്‍ . കോണ്‍ഗ്രസ്സുകാരെ ശപിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ ഇടതുകാര്‍ക്ക് മന:സമാധാനം കിട്ടുമെങ്കില്‍ അത് ചെയ്തോ .

ഇന്നലെ ഒരു സി.പി.എം. നേതാവ് ടിവിയില്‍ പറയുന്നത് കേട്ടു : IAEA യെ സമീപിച്ചപ്പോള്‍ തന്നെ ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ കൊടിയിറങ്ങി എന്ന് . കാഷ്മീരിലെ ഗുലാം നബി ആസാദിന്റെ രാജിയിലാണ് ആ നേതാവിന്റെ പകയില്‍ പൊതിഞ്ഞ ആനന്ദക്കണ്ണീര്‍ . തലയ്ക്ക് വെളിവുള്ള ഒരു മതേതരവാദിയും ആ രാജിയില്‍ സന്തോഷിക്കുകയില്ല .

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കാണാന്‍ വേണ്ടി മാത്രം ജനിച്ചവരെ പോലെയാണ് മാര്‍ക്സിസ്റ്റുകാര്‍ . അല്ലെങ്കില്‍ ഇത്ര കോടി രൂപയുടെ ആസ്തിയും നിലയ്ക്കാത്ത വരുമാനവും ഉണ്ടായിട്ടും കേരളത്തിനും ബംഗാളിനും ത്രിപുരയ്ക്കും പുറത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ ചില്ലിക്കാശ് ചെലവാക്കി നോട്ടീസെങ്കിലും അച്ചടിച്ചിറക്കാതിരിക്കുമോ .

എടോ കോണ്‍ഗ്രസ്സ് നശിക്കുക എന്നതിനര്‍ത്ഥം മനുഷ്യന്മാര്‍ മരിച്ചു തീരുക എന്നല്ല . ആ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുന്നു എന്നാണ് . അതിനെന്താ ? നിങ്ങളുടെ പാര്‍ട്ടിയില്‍ പത്താള് വരുന്നില്ലല്ലോ ? പ്രളയം വരെ നിലനിന്ന് കൊള്ളാമെന്ന് കോണ്‍ഗ്രസ്സിന്റെ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടോ ? 75 കൊല്ലം കമ്മ്യൂണിസ്റ്റ് ഭരണം നടന്ന സോവിയറ്റ് യൂനിയന്‍ എവിടെ ? അവിടത്തെ കമ്മ്യൂണിസ്റ്റ് മേമ്പ്രന്മാര്‍ ഇപ്പോള്‍ എവിടെ ? ഇതെല്ലാം അത്രയേയുള്ളൂ .

2008-07-09

പട്ടിണിപ്പാവങ്ങള്‍ വെറും പണിയായുധങ്ങള്‍ !

അനില്‍ എന്ന ബ്ലോഗ്ഗര്‍ക്ക് ഞാന്‍ ശിഥിലചിന്തകളില്‍ എഴുതിയ മറുപടി :


അനില്‍ , ഞാന്‍ അല്പം കൂടി വിശദീകരിച്ച് ഈ മറുപടി അവസാനിപ്പിക്കുകയാണ്. വേണമെങ്കില്‍ മാന്യത കാത്ത് സുക്ഷിച്ചു കൊണ്ട് വീണ്ടും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതിനനുസരിച്ച് ഞാന്‍ മറുപടി പറയാം . ഇപ്പോഴൊക്കെ നാട്ടില്‍ രാഷ്ട്രീയച്ചര്‍ച്ച തീരെയില്ല . ഒന്ന് പറഞ്ഞ് രണ്ടാമത് കത്തിയോ സൈക്കിള്‍ ചെയിനോ എടുക്കുക എന്നതാണ് സ്വഭാവം . കാരണം രാഷ്ട്രീയം സ്വന്തമായി വിശകലനം ചെയ്യാനോ അവതരിപ്പിക്കനോ കഴിവില്ല, മറ്റൊന്ന് സഹിഷ്ണുത തീരെയുമില്ല . ഞാന്‍ ഇവിടെ എഴുതിയത് നാട്ടില്‍ വെച്ച് നേരില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് വീണ്ടും പറയാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല . അതിനുള്ള കോപ്പൊക്കെ അനിലിന്റെ പാര്‍ട്ടിക്ക് വേണ്ടുവോളമുണ്ട് .

അനിലിന്റെ വാദങ്ങളിലേക്ക് വരാം . ഈ പോസ്റ്റില്‍ ഇടത് പക്ഷവിരോധം ആണ് കാണുന്നത് എന്നാണ് ഒന്നാമത്തെ ആരോപണം . അതെ അതിനെന്താ ഇടത് പക്ഷ വിരോധം ആയിക്കൂടേ ? ഇടതുകാര്‍ മറ്റുള്ളവരുടെ മേലെ പതിവായി ആരോപിക്കുന്ന ഒരു കുറ്റമാണ് കമ്യൂണിസ്റ്റ് വിരോധം ഉള്ളവര്‍ എന്നത് . ഇടത് പക്ഷവിരോധവും കമ്യൂണിസ്റ്റ് വിരോധവും കമ്മ്യൂണിസ്റ്റുകാരനല്ലാത്തവര്‍ക്ക് ആവാം . അത് തെറ്റോ പാപമോ അല്ലെന്ന് ആദ്യം മനസ്സിലാക്കുക . കമ്യൂണിസ്റ്റുകാര്‍ക്ക് എന്തിനോടെല്ലാം വിരോധമുണ്ട് ? കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസമൊഴികെ മറ്റെല്ലാറ്റിനോടും തീവ്രമായ വിരോധം ഉള്ളവരാണ് . അപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരോട് മറ്റുള്ളവര്‍ക്കും വിരോധം ഉണ്ടാവുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് .

70 കൊല്ലത്തിലധികം കാലം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നാട് ഭരിച്ചിട്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യനാളുകളില്‍ സോവിയറ്റ് നാട്ടില്‍ ആ പാര്‍ട്ടിക്ക് വേണ്ടി ജാഥ നയിക്കാന്‍ പത്ത് ആളുകളെ കിട്ടിയിരുന്നോ ? ബര്‍ലിന്‍ മതില്‍ അവിടത്തെ പൌരന്മാര്‍ നിരന്ന് നിന്ന് ചുറ്റിക കൊണ്ടും ഉരുളന്‍ കല്ലുകള്‍ കൊണ്ടും തകര്‍ക്കുന്ന ദൃശ്യം ടെലിവിഷനുകളില്‍ കണ്ടിരുന്നോ ? ജനങ്ങളുടെ വിരോധം സമ്പാദിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഭരണക്കാര്‍ ഹിറ്റ്ലറേക്കാളും മുസ്സോളിനിയേക്കാളും മുന്നിലായിരുന്നു എന്നതിന്റെ വാചാലമായ തെളിവുകളായിരുന്നു അവ . അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും . പരിതപിച്ചിട്ട് കാര്യമില്ല .

അനിലിനും എനിക്കും ബ്ലോഗ് എഴുതാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് ഇടത് പക്ഷത്തിന്റെ ഇടപെടലുകള്‍ നിമിത്തമാണെന്ന കണ്ടുപിടുത്തം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുട്ടിത്തം ആയിപ്പോയി . മാര്‍.പാര്‍ട്ടിക്ക് ഇന്ത്യയിലെവിടെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട് . എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 60 കൊല്ലം കഴിഞ്ഞിട്ടും ദേശാഭിമാനി ഒഴികെ മറ്റ് പത്രങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത കമ്മ്യൂ.പഞ്ചായത്തുകള്‍ എന്റെ ജില്ലയിലുണ്ട് . ബ്രിട്ടീഷുകാര്‍ കമ്മ്യൂണിസ്റ്റുകാരുടെ കൈകളിലാണ് ഇന്ത്യയെ ഏല്‍പ്പിച്ചു പോയിരുന്നെങ്കില്‍ അനില്‍ ഇന്ന് ബ്ലോഗ് എഴുതുമായിരുന്നു . ഞാനോ ?

ഇനി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കാര്യം . ഞാന്‍ ഒരു പാര്‍ട്ടിക്കാരനല്ലാത്തത് കൊണ്ട് ആ പാര്‍ട്ടിയെക്കുറിച്ച് ആധികാരികമായി ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് . പൌരന്മാര്‍ ഒരു പാര്‍ട്ടിയുടെയും വിശ്വാസികളാവരുത് എന്നതാണ് എന്റെ നയം . പാര്‍ട്ടികളും ,അവകള്‍ക്ക് അംഗങ്ങളും പ്രവര്‍ത്തകരും ആകാം . പൌരന്മാര്‍ രാഷ്ട്രീയം പഠിച്ച് വിശകലനം ചെയ്ത് അപ്പപ്പോള്‍ തെരഞ്ഞെടുപ്പില്‍ മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്ത് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണം . ഇതാണ് ജനാധിപത്യം . അല്ലാതെ ഞാന്‍ ഇന്ന ചിഹ്നത്തിനേ കുത്തൂ എന്നത് പക്വമായ ജനാധിപത്യബോധത്തിന് നിരക്കുന്നതല്ല്ല്ല എന്ന് മാത്രമല്ല ജനാധിപത്യവിരുദ്ധവുമാണ് . ദൌര്‍ഭാഗ്യവശാല്‍ ഈ ജനാധിപത്യ വിരുദ്ധരീതിയാണ് നമ്മുടെ നാട്ടിന്റെ ഇന്നത്തെ ശാപം .

എത്ര എളുപ്പത്തിലാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നതും അവര്‍ സര്‍വ്വ ഐശ്വര്യാഭിവൃദ്ധികളോടെ വാഴുന്നതും . എന്നിട്ട് പാടിനടക്കുന്നത് പട്ടിണിപ്പാവങ്ങളുടെ കദനകഥകളും . പട്ടിണിപ്പാവങ്ങളാണ് ഇവരുടെ പണിയായുധങ്ങള്‍ . പാവങ്ങളുടെ പട്ടിണി മാറിയാല്‍ പിന്നെ പട്ടിണിപ്പാവങ്ങളാവുക ഈ രാഷ്ട്രീയ ആള്‍ദൈവങ്ങളാവും .

പറഞ്ഞു വന്നത് കോണ്‍ഗ്രസ്സിനെപ്പറ്റിയാണല്ലൊ. ഞാന്‍ ചോദിക്കട്ടെ , കോണ്‍ഗ്രസ്സിനെക്കാളും മികച്ച പാര്‍ട്ടിയേതാണ് ഇന്ത്യയില്‍ ? ആ മികവുകള്‍ വിശദീകരിക്കാമോ ? ഇടത് പക്ഷങ്ങളെ വിടുക . അവര്‍ക്ക് ബംഗാളും കേരളവും ത്രിപുരയും നമുക്ക് വിട്ടുകൊടുക്കാം . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മികവുകളും പോരായ്മകളും ഞാനും വിശദീകരിക്കാം . പിന്നെ പാവങ്ങളുടെ പട്ടിണി മാറ്റുന്ന കാര്യം . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ പറഞ്ഞുകേള്‍ക്കുന്ന സംഗതിയാണത് . അരിയെവിടേ തുണിയെവിടേ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം . ഇന്നോ ?

ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലല്ലൊ . ഇങ്ങനെ ചോദ്യങ്ങള്‍ എറിഞ്ഞാല്‍ മതിയല്ലോ . പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പട്ടിണി മാറ്റുന്ന കാര്യം അത് ചര്‍വ്വിതചര്‍വ്വണം നടത്തണോ ?
പിന്നെ ത്രിശൂലം , അമേരിക്കന്‍ സാമ്രാജ്യത്വ ഭീഷണി മുതലായവയൊക്കെ ഈ കമ്മ്യുണിസം ഉദ്ദേശിച്ച പോലെ ലോകത്ത് പടര്‍ന്ന് പിടിക്കാത്തത് കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നുന്ന മാനസിക പരാധീനതകളാണ് അനിലേ . മറ്റാര്‍ക്കും ഇത്തരം സാങ്കല്‍പ്പിക ഭയങ്ങളില്ല എന്ന് തിരിച്ചറിയുക . നിങ്ങള്‍ എത്ര പ്രചരിപ്പിച്ചാലും അത് മറ്റുള്ളവരുടെ മനസ്സില്‍ ഏശുകയുമില്ല .

അമേരിക്ക എന്നൊരു രാജ്യം അവിടെയില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകത്ത് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം വ്യാപിച്ചു ഈ ഭൂലോകം മൊത്തം ഒരു തടവറ ആയേനേ എന്ന് നെടുവീര്‍പ്പിടുന്നവരാണ് കമ്മ്യൂണിസ്റ്റുകാരല്ലാത്ത ജനാധിപത്യവാദികള്‍ എന്നതാണ് നേര് .

മന്‍‌മോഹന്‍ സിങ്ങിന്റെ കാര്യം . അദ്ദേഹത്തിന് ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം ഏത് കമ്മ്യൂണിസ്റ്റ് ഭരണാധികാരിയേക്കാളും മികച്ചതായിരിക്കും . ഞാന്‍ കൂടുതല്‍ പറയുന്നില്ല . ഇന്ത്യന്‍ രാഷ്ട്രീയത്തെ ജാതീയത കൊണ്ട് മലീമസമാക്കിയ വി.പി.സിങ്ങ് ആണല്ലോ ഇടത് പക്ഷങ്ങളുടെ മാതൃകാപ്രധാനമന്ത്രി . അത് കാഴ്ചപ്പാടുകളുടെ വൈരുദ്ധ്യമാണ് പറഞ്ഞാല്‍ തീരില്ല .
ഇനിയും ഒരുപാട് പറയാനുണ്ട് . ഞാന്‍ ഏകപക്ഷീയമായി പറഞ്ഞുപോകുന്നത് ശരിയല്ല . ഇടയ്ക്ക് വന്ന് ആരും ശല്യപ്പെടുത്തുന്നില്ലെങ്കില്‍ നമുക്ക് തുടരാം ..

******************************************************

ഭൂലോകം എന്ന ബ്ലോഗര്‍ക്ക് എഴുതിയ മറ്റൊരു മറുപടി :

ചില മാന്യന്മാര്‍ തലയില്‍ മുണ്ടിട്ട് അനോണിയായി വന്ന് തെറി കമന്റുകള്‍ എഴുതുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനുഭവിക്കാത്ത മലയാളം ബ്ലോഗെഴുത്തുകാര്‍ ചുരുക്കമാണ് . അത് കൊണ്ട് ഞാന്‍ പൊതുവെ ഒരു അനോണി വിരുദ്ധ നിലപാട് എടുത്തതായിരുന്നു . പിന്നെ ബ്ലോഗ് അക്കാദമി രൂപീകരിച്ച് പൊതുജനമധ്യത്തില്‍ ഇറങ്ങുന്ന ബ്ലോഗര്‍മാര്‍ അവിടെയും സ്വത്വം വെളിപെടുത്താന്‍ മടിക്കുന്നതിന്റെ ലോജിക്ക് എനിക്ക് ഉള്‍ക്കൊള്ളാനായില്ല . അങ്ങനെയാണെങ്കില്‍ അവരൊന്നും പബ്ലിക്കായി പ്രത്യക്ഷപ്പെടരുതായിരുന്നു അഥവാ ജനങ്ങളെ സമീപിക്കുന്നെങ്കില്‍ അത് സ്വന്തം പേര് വെളിപ്പെടുത്തിയായിരിക്കണം എന്നും എനിക്ക് തോന്നി . ബ്ലോഗ് ശില്പശാലയില്‍ അനോണിത്വം പാവനമായി സംരക്ഷിക്കപ്പെടണം,അവരുടെ ഫോട്ടോ ഒന്നും പബ്ലിക്കിനെ കാണിക്കരുത് എന്ന മട്ടിലുള്ള നിര്‍ബ്ബന്ധവും എനിക്കംഗീകരിക്കാനായില്ല . ഒരു അനോണിബ്ലോഗ്ഗര്‍ സ്വന്തം പേരും വിവരങ്ങളും ഒന്നും ബ്ലോഗില്‍ നല്‍കാതെ (ആ ബ്ലോഗറുടെ ബ്ലോഗ്നാമം “അനോണി ഡേഷ് ”)എന്റെ പേര്‍,വിലാസം,താമസസ്ഥലം എന്നിവ തലക്കെട്ടാക്കി പോസ്റ്റ് ഇറക്കി. ആ പോസ്റ്റ് പല ബോഗ്ഗര്‍മാരുടെയും വായനാലിസ്റ്റുകളില്‍ ഇടം കണ്ടെത്തി . ഇത്രയ്ക്കും അനോണി ആയി എഴുതുക എന്ന രീതിയെ വിമര്‍ശിച്ചു എന്നല്ലാതെ ഒരു ബ്ലോഗറെയും ഞാന്‍ പ്രത്യേകം വിമര്‍ശിച്ചിരുന്നില്ല . ഇക്കാര്യത്തില്‍ എന്റെ നിലപാട് മാറ്റത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ഭൂലോകം എന്ന ബ്ലോഗ്ഗര്‍ അറിയാന്‍ വേണ്ടിയാണ് ഇത്രയും പറഞ്ഞത് .

ഇനി രാഷ്ട്രീയം . നമ്മുടേത് ഒരു ബഹുകക്ഷി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണല്ലോ . അത് തന്നെയാണ് നമുക്കേവര്‍ക്കും നല്ലത് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തക നടപ്പിലാവുകയാണെങ്കില്‍ ആ പാര്‍ട്ടിയുടെ അനുഭാവിയായാലും സ്വാതന്ത്ര്യം നഷ്ടപ്പെടും . സോവിയറ്റ് യൂനിയന്‍ തകരാനുള്ള അടിസ്ഥാനകാരണം അവിടത്തെ പൌരസമൂഹം അനുഭവിക്കേണ്ടി വന്ന പാരതന്ത്ര്യം ആയിരുന്നു . അപ്പോള്‍ ഒരു ബഹുകക്ഷി സമ്പ്രദായത്തില്‍ എല്ലാ പാര്‍ട്ടികളും ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് നിലനില്‍ക്കുന്നത് എന്നും ,ജനങ്ങളിലെ വിവിധ വിഭാഗങ്ങളാണ് ആ പാര്‍ട്ടികളെ താങ്ങി നിര്‍ത്തുന്നത് എന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള വിനയവും രാഷ്ട്രീയപക്വതയും ഏത് പാര്‍ട്ടിക്കാരനും ഉണ്ടായേ പറ്റൂ . ആശയങ്ങളേയും നിലപാടുകളേയും പരിപാടികളേയും , സ്വന്തം പരിപാടികളും നയങ്ങളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് വിമര്‍ശിക്കേണ്ടത് . അല്ലാതെ അമൂര്‍ത്തമായി ജനവിരുദ്ധം എന്നൊക്കെ പറഞ്ഞുകൊണ്ടല്ല . നമ്മുടെ രാഷ്ട്രീയം വെറും ബാലിശമായാണ് ഇപ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് . വ്യക്തിപരമായി, രണ്ടു പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ശക്തി പ്രാപിച്ച് നമ്മുടെ ജനാധിപത്യം ആരോഗ്യകരമാവണം എന്നാണ് എന്റെ അഭിപ്രായം . അല്ലാതെ ഈ പാ‍ര്‍ട്ടി മാത്രം എന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു പാര്‍ട്ടിയില്ല . പാ‍ര്‍ട്ടികള്‍ ജനിക്കും,വളരും,മരിക്കും പക്ഷെ ജനത അതൊരു തുടര്‍ച്ചയാണ് .

(തുടരാം)

2008-07-05

ആണവക്കരാര്‍ വിപ്ലവവിരുദ്ധം !

ഇഞ്ചിപ്പെണ്ണ് എന്ന് പേരുള്ള ഒരു ബ്ലോഗ്ഗറുടെ ബ്ലോഗില്‍ എഴുതിയ കമന്റ് :

ആണവക്കരാര്‍ നടപ്പിലായാല്‍ ഇന്‍ഡ്യയ്ക്ക് എവിടെ നിന്നും യൂറേനിയം വാങ്ങാന്‍ പറ്റും . യൂറേനിയം മാത്രമല്ല ഏറ്റവും ആധുനികമായ ആണവ സാങ്കേതിക വിദ്യയും കരസ്ഥമാക്കാന്‍ പറ്റും . ഇതിനേക്കാളെല്ലാമുപരി ആണവ രംഗത്ത് ദശാബ്ദങ്ങളായുള്ള ഇന്‍ഡ്യയുടെ ഒറ്റപ്പെടല്‍ അവസാനിച്ച് നമ്മള്‍ മുഖ്യധാരയില്‍ എത്തും . ചുരുക്കത്തില്‍ ഇതൊക്കെ ഇന്ന് സമൃദ്ധമായി അനുഭവിക്കുന്ന ചൈനയോടൊപ്പം എത്താന്‍ ഈ ആണവക്കരാര്‍ ഇന്‍ഡ്യയെ സഹായിക്കും .

മാത്രമല്ല ആവശ്യാനുസരണം ഇന്ധനം ലഭിക്കുമ്പോള്‍ ഇവിടെയുള്ള ആണവ റീയാക്ടറുകള്‍ അതിന്റെ പ്രവര്‍ത്തനശേഷി മുഴുവന്‍ വിനിയോഗിക്കും . പുതിയ റീയാക്റ്ററുകള്‍ സ്ഥാപിതമാകും . പടി പടിയായി ഇന്‍ഡ്യയില്‍ സുലഭമായ തോറിയം സംസ്കരിച്ചു അതില്‍ നിന്ന് സമ്പുഷ്ടയൂറേനിയം ഉല്പാദിപ്പിക്കാനും തദ്വാരാ നമുക്ക് ആണവ സ്വയം പര്യാപ്തത കൈവരിക്കനും കഴിയും . അപരിമിതമായ ഊര്‍ജ്ജലഭ്യതയോടുകൂടി ഉല്പാദനശക്തികള്‍ കെട്ടഴിച്ചു വിടപ്പെടും . അങ്ങനെ നമ്മള്‍ സാമ്പത്തിക രംഗത്ത് ചൈനയോടൊപ്പമോ അതിനേക്കാളേറെയോ മുന്നേറും .

ഈ ഒരവസ്ഥ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണ് . കാരണം ചൈനയെപ്പോലെയല്ല ഇന്‍ഡ്യ. ചൈന വിപ്ലവം പൂര്‍ത്തിയാക്കി ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് അനുനിമിഷം കുതിക്കുന്ന രാജ്യമാണ് . കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ വാഗ്ദത്ത ഭൂമിയായ ശാസ്ത്രീയ കമ്മ്യൂണിസ്റ്റ് ലോകത്തിലേക്ക് എത്തേണ്ടതുണ്ട് . ഇന്‍ഡ്യയില്‍ ഉണ്ടാവുന്ന ഏത് പുരോഗതിയും വിപ്ലവത്തെ മന്ദീഭവിപ്പിക്കും . ഇവിടെ ഇനിയും ജനകീയജനാധിപത്യവിപ്ലവം പോലും നടന്നിട്ടില്ല . ആദ്യം നടക്കേണ്ടത് അതാണെന്ന് ഇന്‍ഡ്യയുടെ ജാതകം ഗണിച്ച് പണ്ടേ തീര്‍ച്ചയാക്കിയിട്ടുണ്ട് . കേവലം മൂന്ന് സംസ്ഥാനങ്ങളിലേ വിപ്ലവസാഹചര്യമുള്ളൂ . പ്രശ്നങ്ങള്‍ അപരിഹാര്യമായി മൂര്‍ച്ഛിച്ച് ജനജീവിതം ദുസ്സഹമായാലേ വിപ്ലവത്തിന്റെ ഭൌതികസാഹചര്യം പരിപക്വമാകുകയുള്ളൂ എന്ന് കിത്താബില്‍ എഴുതിയിട്ടുണ്ട് . ആ കിത്താബും ഭരണഘടനയുമാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകാരുടെയും മര്‍ഗ്ഗരേഖ.

ആണവോര്‍ജ്ജത്തിനും പുരോഗതിക്കും കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല . പക്ഷെ അതൊക്കെ വിപ്ലവശേഷമേ പറ്റൂ . വിപ്ലവമാണ് അടിയന്തിര കടമ . കമ്മ്യൂണിസ്റ്റുകാരുടെ ഈ ധര്‍മ്മസങ്കടം ചര്‍ച്ച ചെയ്യപെടുന്നില്ല . ആരും മനസ്സിലാക്കുന്നില്ല . അതായത് വര്‍ഗ്ഗസമരത്തിന്റെ കാഴ്ചപ്പാടില്‍ ആണവക്കരാര്‍ വിപ്ലവ വിരുദ്ധമാണ് ,പ്രതിലോമപരമാണ് . കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗസമരമോ , ശാസ്ത്രീയകമ്മ്യുണിസമോ , വിപ്ലവമോ ഉപേക്ഷിക്കാനാവുമോ ? പാര്‍ട്ടിപരിപാടിയേയും ഭരണഘടനയേയും തള്ളിപ്പറയാന്‍ പറ്റുമോ ? ഒന്നുമില്ലെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റല്ലേ ? കൊടി ചുവപ്പല്ലേ ? ലക്ഷ്യം കമ്മ്യൂണിസമല്ലേ ? അതൊക്കെ ഉപേക്ഷിച്ച് അവര്‍ക്ക് മറ്റുള്ളവരെപ്പോലെ ബൂര്‍ഷ്വ ആകാന്‍ പറ്റുമോ ?

ചൈന ആണവക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട് . അവിടെ ആണവ റീയാക്റ്ററുകളുണ്ട് . ആണവ വെയിസ്റ്റുകള്‍ ഭൂമിക്കടിയില്‍ പാതാളക്കുഴികളില്‍ നിക്ഷേപിച്ച് നിര്‍വ്വീര്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . അമേരിക്കയുമായി സര്‍വ്വവിധ ബന്ധങ്ങളുമുണ്ട് . പക്ഷെ അതൊക്കെ വിപ്ലവം പൂര്‍ത്തീകരിച്ചിട്ടാണ് . ഇതെന്താ ആരും മനസ്സിലാക്കാത്തത് .


ഓരോരുത്തര്‍ക്കും അവരവരുടെ കിത്താബുകളാണ് വലുത് . കിത്താബുകളില്‍ പറഞ്ഞത് സഫലമാക്കലാ‍ണ് സാക്ഷാല്‍ക്കാരം . കിത്താബില്‍ പറഞ്ഞതിനനുസരിച്ചേ പറയാനും പ്രവര്‍ത്തിക്കാനും കഴിയൂ . വര്‍ഗ്ഗസമരവും വിപ്ലവവും ലക്ഷ്യമാക്കാത്തത് കൊണ്ടാണ് ഇന്‍ഡ്യന്‍ ബൂര്‍ഷ്വകള്‍ക്ക് ആണവക്കരാറിന്റെ പ്രതിലോമപരത മനസ്സിലാവാത്തത് .

വെറും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഈ മഹാരാജ്യത്തെ ഒരു വിപ്ലവപൂര്‍ത്തീകരണത്തിലേക്കെത്തിക്കാന്‍ പ്രകാശ് കാരാട്ടും , ബര്‍ദ്ദാനും ഡി.രാജയും, ചന്ദ്രചൂഢനും, ജി.ദേവരാജനും മറ്റും അഹോരാത്രം പാട് പെടുന്നത് ചാനലുകളില്‍ കാണുന്നവര്‍ , അവരില്‍ നിക്ഷിപ്തമായ ചരിത്ര ദൌത്യം തിരിച്ചറിഞ്ഞ് ഈ ആണവക്കരാറിനെ നഖശിഖാന്തം എതിര്‍ക്കേണ്ടതുണ്ട് .

അനുബന്ധം :

വിപ്ലവസാധ്യതകളുടെ വിശകലനരീതിശാസ്ത്രങ്ങളിലൂടെ നോക്കിയാല്‍ ആണവക്കരാറിനേക്കാളും എന്ത് കൊണ്ടും ഏറ്റവും മെച്ചം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്‍ഡ്യാ പൈപ്പ് ലൈന്‍ പദ്ധതിയാണ് .

1) അത് ആണവക്കരാര്‍ പോലെ മുസ്ലീം വിരുദ്ധമല്ല . മുസ്ലീം അനുകൂലമാണ് . അത് നടപ്പിലാക്കിയാല്‍ സം‌പ്രീതരാകുന്ന മുസ്ലീം ജനസാമാന്യം വിപ്ലവത്തിന്റെ സഖ്യകക്ഷികളായ മതേതരക്കാര്‍ക്ക് നിര്‍ബ്ബാധം വോട്ടുകള്‍ നല്‍കി വിപ്ലവം വരെ അവരെ അധികാരത്തിന്റെ ശീതളച്ഛായയില്‍ കുടിയിരുത്തിക്കൊണ്ടേയിരിക്കും . പിന്നെ വിപ്ലവം ഒരുത്സവം പോലെ സമാഗതമാവും .

2) ഏറ്റവും പ്രധാനം പാക്കിസ്ഥാനില്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് ആ പൈപ്പ് ലൈന്‍ ഒന്ന് മാ‍ത്രം വെച്ച് ഇന്‍ഡ്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ധത്തിലാക്കാം എന്നതാണ് . സമ്മര്‍ദ്ധങ്ങള്‍ മുറുകുന്തോറും അത് വിപ്ലവത്തിന് അനുഗുണമാവും . സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ജനാധിപത്യം ഇന്നും വിദൂരസാധ്യത മാത്രമാണ് . ഏത് നിമിഷവും മതമൌലികവാദികളുടെ ഒത്താശയോടെ ഒരു പട്ടാള ജനറലിന് അവിടത്തെ സര്‍ക്കാറിനെ അട്ടിമറിക്കാനാവും . അത് മാത്രമല്ല ആര് ഭരിച്ചാലും പാക്കിസ്ഥാന്‍ ചൈനയുടെ ഉറ്റ മിത്രവുമായിരിക്കും . അത് ഇന്‍ഡ്യയിലെ വിപ്ലവത്തിന് കുറച്ചൊന്നുമല്ല ഗുണം ചെയ്യുക .