2008-06-12

ബിനാമി ബ്ലോഗിന് കോപ്പി റൈറ്റ് നിയമം ബാധകമോ ?

ചിത്രകാരന്റെ ബൂലോഗ കാക്കക്കൂട്ടം എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് . യാഹൂ സമരക്കാലത്ത് മനസ്സില്‍ തോന്നിയ സംശയമാണിത് . അന്ന് ചിലര്‍ ഇതിന് ഉത്തരം നല്‍കിയിട്ടുണ്ടെന്ന് തോന്നുന്നു . പക്ഷെ ഇത് വരെ ബ്ലോഗ്ഗര്‍മാര്‍ ആരും ഈ കോപ്പി റൈറ്റ് പ്രശ്നവുമായി നിയമനടപടികള്‍ക്കായി ഒരുങ്ങിയതായി അറിവില്ല . അങ്ങനെ ഭാവിയില്‍ ആരെങ്കിലും സമീപിക്കാന്‍ ഇടവരികയാണെങ്കില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കാണേണ്ടിവരും . അതല്ല ബ്ലോഗ് ഹര്‍ത്താല്‍ , ബ്ലോഗില്‍ കരിപുരട്ടല്‍ ഇത്യാദി പ്രതിഷേധങ്ങള്‍ മതിയെങ്കില്‍ പ്രശ്നവുമില്ല .

ഞാന്‍ ബ്ലോഗില്‍ എഴുതുന്നത് ആരെങ്കിലും നാലാള്‍ വായിക്കാന്‍ തന്നെയാണ് . അത് ആര് കോപ്പി ചെയ്ത് എവിടെ പബ്ലിഷ് ചെയ്താലും എനിക്ക് സന്തോഷമേ ഉണ്ടാവൂ . എന്റെ പേര്‍ അവിടെ വേണമെന്ന് മാത്രം . മുന്‍പ് ജയകേരളം എന്ന സൈറ്റ് എന്നോട് ആര്‍ട്ടിക്ക്‍ള്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു എന്റെ ബ്ലോഗില്‍ പറ്റുന്നത് ഉണ്ടെങ്കില്‍ എടുത്തോളാന്‍ . അവര്‍ എന്റെ ജനകീയ ശാസ്ത്രം എന്ന ബ്ലോഗില്‍ നിന്ന് ചിലത് എടുത്ത് അവരുടെ സൈറ്റില്‍ കൊടുത്തു . അവര്‍ ചോദിച്ചിട്ട് അങ്ങനെ ചെയ്തു . ചോദിക്കാതെ ആരെടുത്ത് എന്റെ പേര്‍ വെച്ച് പബ്ലിഷ് ചെയ്താലും ഞാനതില്‍ കോപ്പി റൈറ്റ് അവകാശം കാണുകയില്ല . സമ്പാദിക്കാന്‍ വേണ്ടിയല്ല എന്റെ ബ്ലോഗ്ഗിങ്ങ് . ലോകത്തില്‍ എവിടെയെങ്കിലുമുള്ള അജ്ഞാത സുഹൃത്തുക്കളെ തേടിയാണ് എന്റെ ബ്ലോഗിന്റെ സഞ്ചാരം . അതിന് മറ്റ് വെബ് സൈറ്റുകള്‍ സഹായിക്കുകയാണെങ്കില്‍ എനിക്കവരോട് നന്ദിയേ ഉണ്ടാവൂ .

ഇനി കമന്റിലേക്ക് :
സ്വന്തം പേരും വിലാസവും ഒന്നും ഒരിടത്തും വെളിപ്പെടുത്താത ആണാണോ പെണ്ണാ‍ണോ എന്ന് തിരിച്ചറിയാത്ത ഒരു ഐഡിയില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ നിന്ന് കണ്ടന്റ് കോപ്പി ചെയ്ത് വേറൊരു വെബ് സൈറ്റ് ഉടമ അയാളുടെ വെബ് പേജില്‍ പെയിസ്റ്റ് ചെയ്യുകയും ബ്ലോഗിലെ ആ ബിനാമി ഐഡി അവിടെ കൊടുക്കുകയും ചെയ്താല്‍ എങ്ങനെയാണ് നിയമസംവിധാനങ്ങളെ സമീപിക്കാന്‍ കഴിയുക ? ബിനാമിക്ക് അത് കഴിയില്ലല്ലോ . ബിനാമി ഐഡിയുടെ ഒറിജിനല്‍ ഉടമസ്ഥന് തന്റേതായിരുന്നു ആ ബ്ലോഗ് എന്ന് തെളിയിക്കാന്‍ എങ്ങനെയാണ് കഴിയുക ? ബിനാമി ഐഡികള്‍ക്ക് കോപ്പി റൈറ്റ് അവകാശം എങ്ങനെയാണ് സിദ്ധമാവുക ?

ഉദാഹരണത്തിന് “ചക്കപ്പൊയ്യന്‍” എന്ന ബ്ലോഗ്ഗറുടെ ചക്കപ്പൊയ്യന്‍ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഐഡിയില്‍ ക്രീയേറ്റ് ചെയ്ത “ചക്കക്കുരു ” എന്ന ബ്ലോഗില്‍ നിന്ന് “ചക്കപ്പായസം എങ്ങനെ ഉണ്ടാക്കാം ”എന്ന പോസ്റ്റ് കേരള്‍സ് കോം എന്ന വെബ് സൈറ്റ് അടിച്ചു മാറ്റി എന്ന് വെക്കുക . എങ്ങനെയാണ് ചക്കപ്പൊയ്യന്‍ എന്ന ബ്ലോഗ്ഗര്‍ക്ക് കോപ്പി റൈറ്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയുക ? “കരിവാര”ക്കാര്‍ ഇത് ഗൌരവമായി ആലോചിച്ചിട്ടുണ്ടോ ?

3 comments:

cibu cj said...

നിവൃത്തിയുണ്ടെങ്കിൽ സ്വന്തം പേരുമായി ബന്ധമില്ലാത്ത ഐഡി എടുക്കുകയും അനോനിമിറ്റി സൂക്ഷിക്കുകയും ചെയ്യണം എന്ന് പറയുന്ന ആളാണ്‌ ഞാൻ. കാരണം സിമ്പിളാണ്‌:

അധികാരികൾക്ക്‌ ആര്‌ എത്ര അനോനിമസായാലും അറിയാനുള്ള വഴികളുണ്ട്‌. നിയമത്തിന്റെ വഴികളിലൂടെ അല്ലാതെ ശ്രദ്ധാപൂർവ്വം സൂക്ഷിക്കുന്ന അനോനിമിറ്റി പൊളിക്കാൻ എളുപ്പമല്ല. അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.

(ഇവിടെ അനോനിമസ്‌ എന്നാൽ സ്വന്തം ഫിസിക്കൽ എക്സിസ്റ്റൻസ്‌ രഹസ്യമാക്കിവയ്ക്കുന്ന ഐഡി എന്നാണുദ്ദേശിച്ചത്‌)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍ , കണക്‍ഷനിലുള്ള ഏത് സിസ്റ്റത്തില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത് ആ സിസ്റ്റത്തിന്റെ ഐ.പി.വിലാസം എവിടെയൊക്കെയോ രജിസ്റ്റര്‍ ചെയ്യപെടുന്നു . ഈ അര്‍ത്ഥത്തിലാണല്ലോ അധികാരികളില്‍ നിന്ന് ഏത് അനോനിമസ് വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് സിബു പറഞ്ഞത് . അത് ശരിയാണ് താനും . അപ്പോള്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല അപ്രകാരം ചെയ്യുന്നത് . പിന്നെയോ ?

സിബു തന്നെ പറയുന്നു :അപ്പോൾ വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവരിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമല്ലേ അനോനിമസാവുന്നത്‌? പരിചയക്കാരേയും ബന്ധുക്കളേയും ബോധിപ്പിക്കാതെ ഓരോ ഇഷ്യൂവിലും സ്വന്തം അഭിപ്രായം പറയുകയും ആവാം.

ഇന്ന് മലയാളം ബ്ലോഗില്‍ അനോണിമസ് ആയി എഴുതുക എന്നത് ഒരു ശീലവും അനുകരണവും ആയിരിക്കുന്നു . ഞാന്‍ ഒന്ന് ചോദിക്കട്ടെ സിബൂ , ഇങ്ങനെ എന്തിനാണ് അഭിപ്രായം പറയുന്നത് ? അങ്ങനെ പറയുന്ന അഭിപ്രായത്തിന് എന്ത് വിലയാണ് ഉള്ളത് ? ഓരോ ഇഷ്യൂവിലും പൌരന്മാര്‍ നിര്‍ഭയം സ്വന്തം അഭിപ്രായം പറയുമ്പോഴല്ലേ ജനാധിപത്യം അര്‍ത്ഥവത്താകുന്നത് . അപ്പോള്‍ ഈ പറയുന്നവര്‍ അതായത് അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്നവര്‍ ബ്ലോഗിന് പുറത്ത് ഒന്നും ഉരിയാടുകയില്ല എന്നല്ലേ അര്‍ത്ഥം ? അത് ഭീരുത്വമല്ലേ ?

ജനാധിപത്യസംവിധാനത്തില്‍ ഒരു പൌരന്റെ ചുമതലകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ അത് . മറിച്ച് ഒരോ ഇഷ്യൂവിലും ഉത്തരവാദപ്പെട്ട ഒരു പൌരന്‍ എന്ന നിലയില്‍ സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ ഏറ്റവും നവീനവും , റീച്ചബിളും ആയ ഈ ബോഗ് എന്ന മാധ്യമത്തെ നമ്മള്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത് . ഞാന്‍ ഈ ചോദ്യം ചോദിക്കുന്നത് സിബുവിനോടല്ല , സിബുവിന്റെ മന:സാക്ഷിയോടാണ് .

ദയവായി ഈ അനോണിമസ് എന്ന പ്രതിഭാസത്തിന് പ്രചാരം നല്‍കാതിരിക്കുക. പൌരന്മാര്‍ അവരവര്‍ക്ക് കിട്ടാവുന്ന വേദികളിലും ,അവസരങ്ങളിലും , മാധ്യമങ്ങളിലും അവരവരുടെ കാഴ്ചപ്പാടുകള്‍ സ്വന്തം നിലയില്‍ , സ്വന്തം മന:സാക്ഷിക്കനുസരിച്ച് പറയട്ടെ . അതിന് ശക്തി പകരുകയും പ്രചോദനം നല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത് .

മുമ്പത്തെ പോലെയല്ല ഇപ്പോള്‍ മലയാളികള്‍ അതായത് നാട്ടുകാ‍ര്‍ കൂടുതല്‍ കൂടുതലായി കമ്പ്യൂട്ടര്‍ ആശയവിനിമയത്തിന് ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ പോലെ കമ്പ്യൂട്ടറും പെട്ടെന്ന് സാര്‍വ്വത്രികമാവാം . സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപെടാനുള്ള സുതാര്യമായ വഴിയാണ് തുറന്ന് വരുന്നത് . ഇനി ബ്ലോഗിലേക്ക് കടന്ന് വരുന്നവരും ഇവരായിരിക്കും . അവരെ അനോണികളാക്കാന്‍ നാം കൂട്ട് നില്‍ക്കാമോ സിബൂ . ഒരു അഴിമതി ഒരാള്‍ കണ്ട് പിടിച്ചാല്‍ ആ വിവരം അനോണിയായി പറഞ്ഞാല്‍ അതിനാരെങ്കിലും ചെവി കൊടുക്കുമോ ?

നേരത്തേ ബ്ലോഗിനെ ഒരു തമാശയായോ അല്ലെങ്കില്‍ അത്ര കാര്യമാക്കാതേയോ ബ്ലോഗ് എഴുതിത്തുടങ്ങിയവര്‍ വിചിത്രമായ അനോണിമസ് പേരുകളില്‍ അങ്ങനെ ചെയ്തിരിക്കാം . എന്നാല്‍ ഇന്ന് ബ്ലോഗിന്റെ ഭൂമിക വിപുലപ്പെടുകയാണ് . ധാരാളം സാമൂഹ്യപ്രവര്‍ത്തകരും ചിന്തകരും ബ്ലോഗിലേക്ക് അനായസം കടന്ന് വരട്ടെ . ജനാധിപത്യത്തിന്റെ ജിഹ്വകളാവട്ടെ ബ്ലോഗുകള്‍ .

ബ്ലോഗ് എഴുതിയാല്‍, വഴിയിലിറങ്ങിയാൽ നിന്നെ കണ്ടോളാം എന്നു പറയുന്നവര്‍ ഉണ്ടാവും എന്ന മുന്‍‌വിധി എന്തിനാണ് സിബൂ . ജീവന്‍ തൃണവല്‍ഗണിച്ച് പോലും പത്രലേഖകര്‍ വിവരങ്ങള്‍ ശേഖരിച്ച് നമുക്ക് നല്‍കുന്നില്ലേ . അവരും ഇതേ പോലെ ഭയപ്പെട്ടിരുന്നെങ്കില്‍ നാം ജീവിയ്ക്കുന്ന ലോകം എങ്ങനെയുണ്ടാകും . എന്ത് പറഞ്ഞാലും നിഷേധാത്മകമായേ അതിനെ കാണൂ എന്നത് മലയാളി ശീലമാക്കിയിരിക്കുന്നു സിബൂ . അതിന് മാറ്റം വരുത്തനൊന്നുമല്ല എന്റെ ഈ മറുപടി, ഞാന്‍ പറഞ്ഞല്ലോ സിബുവിന്റെ മന:സാക്ഷിയോടാണ് സംവദിക്കുന്നതെന്ന് .

ബ്ലോഗ് എന്നാല്‍ ബ്ലോഗ്ഗര്‍ എന്നാല്‍ എന്തൊക്കെയോ ആണെന്ന് പലരും ധരിച്ചുവശായ പോലെ തോന്നുന്നു . പ്രാകൃതമായ വാമൊഴിയുടെ ഏറ്റവും ആധുനികമായ എക്സ്റ്റന്‍ഷന്‍ മത്രമല്ലേ ബ്ലോഗ് ? അതെ സിബൂ അത് മാത്രമാണ് , അതിനപ്പുറമൊന്നുമല്ല ബ്ലോഗും !

അനോണികളോട് വിരോധം കൊണ്ടല്ല ഞാന്‍ ഇതൊക്കെ പറയുന്നത് . ഇതൊരു നയപരമായ പ്രശ്നമാണ് . സമൂഹത്തില്‍ അരങ്ങേറുന്ന ഇഷ്യൂകളില്‍ ഇടപ്പെട്ട് അഭിപ്രായം പറയുന്നവര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വെളിച്ചത്ത് വന്ന് നിന്ന് പറയണം . അല്ലെങ്കില്‍ പറയാതിരിക്കണം . പറയാന്‍ വേറെയും ആണുങ്ങള്‍ ആരെങ്കിലും ഉണ്ടാവും . അത്തരക്കാരുടെ ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ജനാധിപത്യത്തില്‍ പൌരന് അവകാശങ്ങള്‍ മാത്രമല്ല ചുമതലകളുമുണ്ട് . അവകാശങ്ങള്‍ ഏകപക്ഷീയമല്ല . കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ലഭിക്കുന്ന കൂലിയാണ് പൌരാവകാശം !

തല്‍ക്കാലം നിര്‍ത്തുന്നു ,
സ്നേഹപൂര്‍വ്വം,
കെ.പി.എസ്.

ചിത്രകാരന്‍chithrakaran said...

ഒരിക്കലും യോജിക്കാനാകാത്ത നിലപാടാണല്ലോ
സുകുമാരേട്ട !
സുകുമാരേട്ടന്‍ ഗൂഗിളിന്റെ ഉടമയാവാതിരുന്നത്
ബ്ലോഗിന്റെ ഭാഗ്യം... :)ഹഹഹ...!!!

എല്ലാ മനുഷ്യരും ഒരുപോലെയല്ലല്ലോ.
പലതരത്തിലുള്ള മനുഷ്യരുടെ വികാര വിചാരങ്ങള്‍ ബ്ലോഗില്‍ പ്രതിഫലിക്കപ്പെടുക എന്നത് ബ്ലോഗ് എന്ന മാധ്യമ സമുദ്രത്തിന്റെ
പ്രത്യേകതയാണ്. സമുദ്രത്തെ പുഴപോലെയാക്കണമെന്ന് ആവശ്യപ്പെടുന്നത്
കഷ്ടമാണ്.
ഇത് സുകുമാരേട്ടന് നന്നായി അറിയുന്ന
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള അഭിപ്രായം മാത്രമാണ്.

വ്യക്തി ബഹുമാനം വേറെ,
അഭിപ്രായം വേറെ.
സസ്നേഹം :)