2008-01-27

നിര്‍ഭയമായ പൌരസമൂഹം എത്രയകലെ ... ?

നമ്മള്‍ ഒരു സ്വതന്ത്ര-പരിഷ്കൃത പൌരസമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടണമെങ്കില്‍ ധാരാളം കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട് . ബി.ആര്‍..പി.യുടെ ബ്ലോഗില്‍ അദ്ദേഹം എഴുതിയ ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക എന്ന പോസ്റ്റിന് എഴുതിയ കമന്റ് ആണിത് . വളരെ ആലോചിച്ച് തന്നെയാണ് തികച്ചും വ്യക്തിപരമായ ഈ അഭിപ്രായം അവിടെ എഴുതിയത് . സമൂഹം സ്വതന്ത്രവും നിര്‍ഭയവും പരിഷ്കൃതവും ആയിരിക്കണം എന്നാണ് ഇപ്പോള്‍ എന്റെ അഭിപ്രായം . ആളുകള്‍ ഇപ്പോഴും സോഷ്യലിസത്തെക്കുറിച്ച് പറയുന്നുണ്ട് . അങ്ങനെ പറയുമ്പോള്‍ എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നെനിക്കറിയില്ല . ആര്‍ക്കും ആരും ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഇക്കാലത്ത് ഞാനും മറ്റുള്ളവരും എല്ലാം ഒരേ പോലെയുള്ളവരായി ജീവിയ്ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി നിലവില്‍ വരണമെന്ന് ആരെങ്കിലും കരുതുമെന്ന് എനിക്കഭിപ്രായമില്ല. ഒരു ജോലി ആര്‍ക്ക് നല്‍കണം എന്ന പ്രശ്നം ചര്‍ച്ചക്കെടുത്താല്‍ പാര്‍ട്ടിക്കമ്മറ്റികളില്‍ നടക്കാറുള്ള അടിയും പാരവയ്പും എനിക്കറിയാം . നേതാക്കളാണെങ്കില്‍ അടുത്ത തലമുറക്ക് വേണ്ടത് മാത്രമല്ല അതിനപ്പുറവും സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്നു . ഇനി കമന്റിലേക്ക് :

“ അഞ്ചല്‍ക്കാരനും , ബി.ആര്‍.പി.യും ഹരിതിന് നല്‍കിയ മറുപടി വളരെ വളരെ ശരിയായതും ഉചിതവുമാണ് . ജനാധിപത്യ-പൌരാ‍വകാശങ്ങളെക്കുറിച്ചും , നിയമപരമായ പരിരക്ഷയെക്കുറിച്ചും മറ്റും പറയുമ്പോള്‍ ഒരു ഇരട്ടത്താപ്പ് സമീപനമാണ് കേരളീയ സമൂഹത്തില്‍ നിലവിലുള്ളത് . തങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും വേണം എന്നാല്‍ തങ്ങള്‍ എതിര്‍ക്കുന്നവര്‍ക്ക് അത് അശേഷം അനുവദിക്കാന്‍ സാധ്യമല്ല എന്നൊരു സമീപനമാണ് പലപ്പോഴും കേരളത്തിലെ മുഖ്യരാഷ്ട്രീയകക്ഷിയായ സി.പി.എം കൈക്കൊള്ളാറുള്ളത് . അതിന്റെ കാരണം അവര്‍ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടി ഏകാധിപത്യത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടും , ബഹുകക്ഷി ജനാധിപത്യസമ്പ്രാദയത്തിന്റെ പ്രാ‍ഥമികമര്യാദകള്‍ സ്വായത്തമാക്കാത്തത് കൊണ്ടുമാണ് . ഈ ഒരു വൈരുദ്ധ്യം കേരള സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-ചിന്താമണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . കേരളത്തിലെ ഓരോ പൌരനും ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ സി.പി.എമ്മിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം . ഈ ഭയം പോലും ആരും തുറന്ന് പറയില്ല എന്നത് തന്നെയാണ് ഭയത്തിന്റെ തെളിവ് . പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ മാത്രമാണ് പാര്‍ട്ടിയെ ഭയപ്പെടുന്നത് എന്ന് കരുതിയാല്‍ തെറ്റി . പാര്‍ട്ടിയെ പാര്‍ട്ടിക്ക് അകത്തുള്ള ഓരോരുത്തരും ഭയപ്പെടുന്നു . പിണറായി പോലും പാര്‍ട്ടിയെ ഭയപ്പെടുന്നുണ്ട് . അതാണ് അതിന്റെ ഒരു സിസ്റ്റം . കാരണം ചുവട് ഒന്ന് പിഴച്ചാല്‍ ഏത് നിമിഷവും പാര്‍ട്ടിയിലുള്ള പിടുത്തം നഷ്ടപ്പെട്ടേക്കാം . പിന്നെ എന്ത് സംഭവിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. ആരെയെങ്കിലും സദാ ഭയപ്പെടുന്നവര്‍ മറ്റുള്ളവരെ സദാ ഭയപ്പെടുത്തിക്കൊണ്ടിരിക്കും എന്നത് ഒരു സാമാന്യ മന:ശാസ്ത്രസത്യമാണ് . സ്റ്റാലിനിസത്തിന്റെ പിന്‍‌തുടര്‍ച്ചക്കാരാണ് സി.പി.എം. കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രവുമായി എന്തിന് അവര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നു എന്ന് ചോദിച്ചാല്‍ അവരും നിസ്സഹായരാണ് എന്നേ പറയാന്‍ കഴിയൂ . അണികളെ ബോധ്യപ്പെടത്താന്‍ മാത്രം ആര്‍ജ്ജവമുള്ള നേതൃത്വം ഉയര്‍ന്ന് വരാത്തത് കൊണ്ടും അഥവാ പാര്‍ട്ടി തകര്‍ന്നു പോയാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമല്ലോ എന്നഭയവും നിമിത്തം തുടര്‍ന്നു പോകുന്നു എന്ന് മാത്രം . പ്രത്യക്ഷത്തില്‍ ഞാന്‍ പറയുന്നത് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാണ് എന്ന് തോന്നാം . എന്നാല്‍ ജനാധിപത്യരീതികള്‍ അംഗീകരിക്കാത്ത മാര്‍ക്സിസ്റ്റ് നിക്ഷേധാത്മക ശൈലിയും പ്രവര്‍ത്തനരീതികളും കേരളത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിക്കുന്ന ഒരു അദൃശ്യയാഥാര്‍ഥ്യമാണ് . എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .”

2 comments:

Nachiketh said...

ലാഭം മാത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം പോലെയായിരിക്കുന്നുവെന്നും പറയാം, താന്‍ പറയുന്നതു മാത്രമാണ് ശരിയെന്നും , അതല്ലാതെ വേറെ സത്യമില്ലെന്നും സ്ഥാപിയ്കാന്‍ ശ്രമിക്കുന്നു, പാര്‍ട്ടി അണികള്‍ക്ക് പാര്‍ട്ടിയിന്നു ഒരു ജീവിതമാര്‍ഗ്ഗമാണ്,
ആരു ഭരിച്ചാലും അധികാരം നിലനില്‍ക്കുന്നത് ഇത്തരം അണികളുള്ള പാര്‍ട്ടി നേതാക്കന്മാരുടെ കൈയിലാണ് കേരളത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം , ഒരു ജനാധിപത്യ പാര്‍ട്ടിയുടെ മനസ്സാക്ഷിപോലും സി.പി.എം നു നഷ്ടമായിരിക്കുന്നു. ഒന്നും ചെയ്യുന്നില്ലായെന്നല്ല ചെയ്യുന്നെതെല്ലാം പാര്‍ട്ടിക്കാര്‍ക്കുമാത്രം അല്ലാത്തവര്‍ മനുഷ്യരല്ലാത്തതു പോലെ ...മൌലിക വാദത്തിന്റെ മറ്റൊരു മുഖം..

എന്തു കൊണ്ട് അവര്‍ക്കങ്ങനെയാവാന്‍ കഴിയുന്നു എന്നൊരു ചോദ്യമുണ്ട് , അതിനുള്ള മറുപടി നമ്മുടെ സമ്മൂഹത്തില്‍ തന്നെയുണ്ട്....

ഹരിത് said...

ഈ വിഷയം ബി. ആര്‍.പിയുടെ ബ്ലോഗില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. വളരെ പ്രസക്തമാണു സാറിന്റെ അഭിപ്രായങ്ങള്‍.