2008-01-09

സോഷ്യലിസം ആര്‍ക്കാണ് വേണ്ടത് ?

കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :

സത്യത്തില്‍ ഈ വിപ്ലവം സോഷ്യലിസം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ ചിരിയാണ് വരുന്നത് . കൂലി,വില,ലാഭം എന്ന പുസ്തകം വായിച്ചപ്പോഴാണ് ഞാന്‍ മാര്‍ക്സിസത്തില്‍ ആദ്യമായി ആകര്‍ഷിക്കപ്പെട്ടത് . തൊളിലാളി അധ്വാനിച്ചുണ്ടാക്കുന്ന ഉപരിമിച്ചമാണ് ലാഭം എന്ന അറിവ് എന്നെ ഞെട്ടിച്ചു . പിന്നീട് ധാരാളം പുസ്തകങ്ങള്‍ വായിച്ചു . എന്നാല്‍ പുസ്തകങ്ങളില്‍ ഉള്ളതാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വായിക്കുന്തോറും ഞാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുകയായിരുന്നു . എങ്കിലും കുറച്ചുകാലം സി.പി.ഐ.യിലും അടിയന്തിരാവസ്ഥയില്‍ സി.പി.എമ്മിലും സഹകരിച്ചു. സംഘടന നിലനിര്‍ത്താനും മറ്റുള്ളവ പിടിച്ചെടുക്കാനും സി.പി.എം. സ്വീകരിക്കുന്ന കുതന്ത്രങ്ങള്‍ എന്നെ തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി . എന്നാലും സി.പി.എമ്മിലുള്ള പ്രവര്‍ത്തകന്മാരുടെ സാമൂഹ്യപ്രതിബദ്ധത നിമിത്തം ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവരാണ് .


എന്ത് തരത്തിലുള്ള വിപ്ലവവും സോഷ്യലിസവുമാണ് ഇനിയും വരണമെന്ന് കിരണും , മാരീചനും , രാജീവ് ചേലനാട്ടും പോലെയുള്ള അനേകായിരങ്ങള്‍ പ്രതീക്ഷിക്കുന്നത് ? സോവിയറ്റ് യൂനിയനില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് തകര്‍ന്ന സോഷ്യലിസമോ ? ചൈനയില്‍ വിദേശമൂലധനത്തെ സ്വാഗതം ചെയ്തും സ്വകാര്യസ്വത്തവകാശം വീണ്ടും നിയമവിധേയമാക്കിയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സോഷ്യലിസമോ ?


സോഷ്യലിസം മാത്രമല്ല ഭരണകൂടം കൊഴിഞ്ഞ് പോയി മനുഷ്യന്റെ ഉയര്‍ന്ന സാമൂഹ്യബോധത്താല്‍ സ്വയം നിയന്ത്രിക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയും മാര്‍ക്സ് വിഭാവനം ചെയ്തിട്ടുണ്ട് . ആ കമ്മ്യൂണിസവും വരേണ്ടേ ? അതെങ്ങിനെ വരും . ഈ ലോകം മുഴുവനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസം നടപ്പാക്കി എന്ന് സങ്കല്‍പ്പിക്കാം . പിന്നീടങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യിലുള്ള ഭരണകൂടം അവര്‍ സ്വമേധയാ കയ്യൊഴിയുമോ ? അതല്ല കാള്‍ മാര്‍ക്സ് എഴുതിവെച്ചത് കൊണ്ട് എന്തായാലും എല്ലാം വരും ,വന്നേ തീരൂ എന്നാണോ ?


മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്‍പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം . എനിക്ക് ഇനിയും വേണം , അത് പണമായാലും , മറ്റ് ഭൌതിക സമ്പത്തായാലും , അധികാരമായാലും , സുഖഭോഗങ്ങളായാലും എല്ലാം തന്നെ പോര പോര എന്നതാണ് മനുഷ്യരുടെ ചിന്ത . ഈ ചിന്തയില്‍ നിന്ന് മുക്തമായ അണികളും നേതാക്കളും ഉള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയുമോ ? ഇല്ല !


സോഷ്യലിസം എന്നാല്‍ കമ്മ്യൂണിസത്തിന്റെ ആദ്യപടിയാണല്ലോ . അതായത് എല്ലാം തന്നെ സര്‍ക്കാര്‍ ഉടമയിലാവുക . എന്നിട്ട് പാര്‍ട്ടി തന്നെ എല്ലാറ്റിന്റേയും മുതലാളിയാവുക . അതാണല്ലോ റഷ്യയില്‍ പരാജയപ്പെട്ടതും ചൈനയില്‍ വിജയം കാണാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും സ്വകാര്യസ്വത്തവകാശത്തിലേക്ക് മടങ്ങുന്നതുമായ പാര്‍ട്ടി മുതലാളിത്വം . മൂലധനസമാഹരണത്തിന് സ്വകാര്യ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഇന്ന് സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് . സോവിയറ്റ് യൂനിയനിലേയും ചൈനയിലേയും പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭം തൊട്ട് വീണ്ടും പരീക്ഷിക്കപ്പെടമെന്നാണോ സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇന്നും പറയുന്നവര്‍ ഉദ്ധേശിക്കുന്നത് ? വേറെ എന്തെങ്കിലും ബദല്‍ സിദ്ധാന്തങ്ങള്‍ ആലോചിക്കുന്നുണ്ടോ ? വെറുതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഉരുവിടുന്നതാണോ ?

മാനവരാശിയുടെ പുരോഗതിയും അതിജീവനവും ജനാധിപത്യ സമ്പ്രദായത്തില്‍ മാത്രമേ സാക്ഷാല്‍ക്കൃതമാവൂ എന്നും തെളിഞ്ഞിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തില്‍ , പാര്‍ട്ടിയും അതിന്റെ നേതാക്കളും കൊഴുക്കുമെന്നല്ലാതെ സമൂഹം ഒരിഞ്ച് മുന്നോട്ട് പോകില്ല എന്നതില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ?


മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തില്‍ ഇരിക്കുന്നത് കൊണ്ട് സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല എന്നാണ് കാരാട്ടും , രാമചന്ദ്രന്‍ പിള്ളയും എല്ലാവരും പറയുന്നത് . സോഷ്യലിസം നടപ്പാക്കേണ്ടത് പാര്‍ട്ടിയാണോ , അതോ ജനങ്ങളോ ? റഷ്യയിലേയും ചൈനയിലേയും ജനങ്ങള്‍ക്ക് കഴിയാത്തത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയുമോ അല്ലെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസം വേണോ ? ജനങ്ങള്‍ക്ക് വേണ്ടത് ജനാധിപത്യ സമ്പ്രദായത്തില്‍ തന്നെ ധാരാളമുണ്ട് . സോഷ്യലിസം പറയുമ്പോള്‍ അതൊക്കെ വിസ്മരിക്കുകയാണ് ചെയ്യുന്നത് .

പെന്തക്കോസ്തുകാര്‍ രോഗശമനത്തിന് പ്രാര്‍ത്ഥന മാത്രം മതി എന്ന് വാശി പിടിക്കുന്നത് പോലെയാണ് , സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇപ്പോഴും പറയുന്നത് . ക്യാപ്പിറ്റലിസം അഥവാ മുതലാളിത്തം എന്ന വാക്ക് ഒരു മാര്‍ക്സിസ്റ്റ് പദമാണ് . എന്നാല്‍ സ്വകാരസ്വത്തും , സ്വകാര്യസംരംഭങ്ങളും മനുഷ്യസമൂഹത്തിന്റെ വികാസത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന്‍ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു . പിന്നെ ഇനിയെന്ത് സോഷ്യലിസം , ഇനിയെന്ത് വിപ്ലവം ? വെറുതെ ആളെ പറ്റിക്കല്‍ അല്ലാതെ ?

മനുഷ്യന്‍ പൊതുവേ ഇന്ന് നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു . സാമ്പത്തിക അസമത്വങ്ങള്‍ മൂര്‍ച്ചിക്കുന്നു . എണ്ണിപ്പറയാന്‍ കഴിയാത്ത വിധം ചൂഷണങ്ങളും തിന്മകളും പെരുകുന്നു . നമുക്കാവശ്യം പുതിയ പോംവഴികളാണ് , പുതിയ ചിന്തകളും അന്വേഷണങ്ങളുമാണ് . ഇടത് എന്ന് പറഞ്ഞാല്‍ എന്തോ പുരോഗമനമാണ് , ബുദ്ധിയുടെ ലക്ഷണമാണ് എന്നൊക്കെയുള്ള ജാടകള്‍ ഒഴിവാക്കാന്‍ സമയമായി !

**********************************************************
കിരണ്‍ , സോഷ്യലിസം വിപ്ലവം എന്നൊക്കെ യാന്ത്രികമായി പറയുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളും അതിനൊക്കെയുള്ള പരിഹാരങ്ങളും ഒക്കെ വിസ്മരിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍ . അല്ലാതെ കിരണിനെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുക എന്റെ ഉദ്ധേശ്യമല്ല . ഇങ്ങിനെ എത്രകാലം രാഷ്ട്രീയക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കും എന്ന് അമ്പരക്കുകയാണ് ഞാന്‍ . ഇവിടെ ചതുര്‍‌മാനങ്ങള്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ കമന്റ് ശ്രദ്ധിക്കുക . സ്വകാര്യസ്വത്തവകാശവും വിപണി അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയും ലോകത്ത് നിലനിന്നേ മതിയാവൂ . ഇതിനൊരു ബദല്‍ സങ്കല്‍പ്പിക്കാന്‍ പോലും ഇന്ന് കഴിയില്ല . അപ്പോള്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചുമതലകള്‍ എന്തൊക്കെ എന്ന് പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട് . ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ട് . എന്റെ അഭിപ്രായത്തില്‍ നമ്മള്‍ എം.പി.പരമേശ്വരനില്‍ നിന്ന് പോലും സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട് . മുതലാളിത്ത രാജ്യങ്ങള്‍ എന്ന് പറയപ്പെടുന്ന രാജ്യങ്ങളില്‍ നിലവിലുള്ള നല്ല കാര്യങ്ങള്‍ പോലും നമ്മള്‍ സ്വീകരിക്കുന്നില്ല . അനാവശ്യമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ നമ്മെ ആണും പെണ്ണും കെട്ട ഒരു സ്ഥിതിയിലാണ് എത്തിച്ചിരിക്കുന്നത് . ഇവിടെ നിലവിലുള്ള വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമാണ് . അതിന് ഇടത്-വലത്-വര്‍ഗ്ഗീയ-മതേതര വ്യത്യാസമില്ല . കിരണിനറിയോ ഒരു നാല് ആളുകള്‍ ചേര്‍ന്ന് ഒരു ട്രസ്റ്റോ ക്ലബ്ബോ രൂപീകരിക്കണെമെങ്കില്‍ പോലും ഇവിടെ നിയമമുണ്ട് . എന്നാല്‍ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ഒരു നിയമവും ബാധകമല്ല. ഒരു നിയമവും അവരെ നിയന്ത്രിക്കുന്നില്ല . പാര്‍ട്ടികളുടെ സ്വന്തം ഭരണഘടനയല്ല ഞാന്‍ ഉദ്ധേശിക്കുന്നത് . ഇതൊന്നും ആരും മിണ്ടുന്നില്ല്ല. അമേരിക്കയില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തന്നെ എത്ര കടമ്പകള്‍ കടക്കണം എന്ന് നോക്കുക . ഇവിടെ നേതാക്കളും ആള്‍ദൈവങ്ങളാണ് .

4 comments:

നാടോടി said...

:)

ദൂതന്‍ said...

അഭിപ്രായങ്ങളൊട് പൂര്‍ണ്ണമായും യൊജിക്കുന്നു

Anonymous said...

കമ്മ്യൂണിസത്തെ കുറിച്ചുള്ള അന്ധവിശ്വാസത്തെ പോലെതന്നെയാണ് അമേരിക്കയേ കുറിച്ചുള്ള അന്ധവിശ്വാസം.
അമേരിക്കയില്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തന്നെ എത്ര കടമ്പകള്‍ കടക്കണമെങ്കില്‍ അവയൊക്കെയും Corporate കള്‍ക്കുവേണ്ടി മാത്രമാണ്. Corporate കളുടെ പാവയാണ് അമേരിക്കന്‍ രാഷ്ട്രീയം. (ഇവിടെ സ്വര്‍ഗ്ഗമാണെന്നല്ല പറഞ്ഞത്.) അവരുടെ ജനാധിപത്യത്തെ അമേരിക്കന്‍ intellectuals വിളിക്കുന്നത് corporatocracy എന്നാണ്.
കൂടുതല് വിവരങ്ങള്ക്ക് Thom Hartmann ന്റെ "Screwed: The Undeclared War Against the Middle Class" എന്ന ബുക്ക് കാണുക.

സസ്നേഹം
ജഗദീശ്

Anonymous said...

പ്രിയ സുഹൃത്തേ,
ഈ ലിങ്കില് ഉള്ള വീഡിയോ കാണുക.
അമേരിക്കന് ജനധിപത്യത്തിനെ ശരിക്കും Onion News Network(ONN) കളിയാക്കിയിട്ടുണ്ട്.
Diebold പ്രതിനിധിയുടെ പ്രതികരണം ശ്രദ്ധിക്കുക.
http://www.theonion.com/content/video/diebold_accidentally_leaks

വേറൊരു വീഡിയോ
http://www.theonion.com/content/video/poll_bullshit_is_most_important?utm_source=videomrss_74776

ഇവ തമാശ ആണെങ്കിലും കുറേ സത്യങ്ങളുമുണ്ട്.

- ജഗദീശ്.