2007-10-09

ഒരു ഓര്‍ക്കുട്ട് ചോദ്യവും ഉത്തരവും !

സുകുമാരേട്ടാ,
താങ്കളുടെ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ ഒരു സംശയം. താങ്കള്‍ എം.എന്‍. വിജയനേ ഏത് രീതിയില്‍ കണ്ടു എന്നറിയാന്‍ ഒരു തത്പര്യം. അദ്ദേഹം താങ്കള്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞ രീതിയിലുള്ള ആളായി വരുമോ. ഇന്ന് കമ്യൂണിസ്റ്റുകള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആയി എന്ന് പറയുന്ന വിഭാഗത്തിനോട് താങ്കള്‍ക്കെന്താണ് പറയുവാനുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ എങങനെ പ്രവര്‍ത്തിക്കണം എന്ന് താങ്കള്‍ കരുതുന്നു. ഈ സംശയമൊക്കെ ഉണ്ടാകുന്നത് താങ്കളുടെ പോസ്റ്റുകളും മറ്റുള്ളവരുടെ പോസ്റ്റില്‍ ഇടുന്ന കമന്റുകളും വായിക്കുമ്പോള്‍ ആകേ ഒരു കണ്‍ഫ്യ്യൂഷന്‍. ഇത് വിവാദമാക്കാനോ പൊതു ചര്‍ച്ചക്ക് ഇടാനോ വേണ്ടിയല്ലാത്തത് കൊണ്ട് ഓര്‍ക്കുട്ടില്‍ ചോദിക്കുന്നു. തികച്ചും വ്യക്തിപരം. ഓര്‍ക്കുട്ടില്‍ തന്നെ മറുപടി പറയുമല്ലോ


പ്രിയപ്പെട്ട സുഹൃത്തേ ,
ഇങ്ങിനെ ഒരു ചോദ്യം ചോദിച്ചതില്‍ ആദ്യമായി ഞാന്‍ എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ . എന്റെ പോസ്റ്റുകളും കമന്റുകളും വായിക്കുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകും എന്നെനിക്കറിയാം . ആ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ എന്നോട് വ്യക്തിപരമായി ചോദ്യം ചോദിച്ചു എന്നതാണ് എന്നെ എന്റെ പ്രിയ സുഹൃത്തിനോട് കടപ്പാടുള്ളവനാക്കുന്നത് . എങ്ങിനെ ഈ കണ്‍ഫ്യൂഷന്‍ മാറ്റാം എന്ന് അമ്പരക്കുകയാണ് ഞാന്‍ . എന്നാലും ശ്രമിക്കാം .

മാര്‍ക്സിന്റെ ഭൌതികദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ചിന്തിക്കുന്നതും പ്രപഞ്ചത്തെ നോക്കിക്കാണുന്നതും . എന്നാല്‍ മാര്‍ക്സിനും ചിന്താപരമായി പരിമിതികള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു . അതില്‍ പ്രധാനപ്പെട്ടത് വര്‍ഗ്ഗസമരസിദ്ധാന്തമാണ് . ആ ഒരു നിഗമനം എക്കാലത്തേക്കും ശരിയല്ല . അത് കൊണ്ട് വര്‍ഗ്ഗസമരം എന്ന ഭാഗം ഒഴിവാക്കിയിട്ടുള്ള മാര്‍ക്സിസമാണ് എനിക്ക് ഏറ്റവും പ്രിയങ്കരം . ചരിത്രവും ഇത് ശരി വയ്ക്കുന്നുണ്ട് . കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്ന റഷ്യയിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗ്ഗസമരസിദ്ധാന്തം ഒഴിവാക്കിയിട്ടാണ് , ജനാധിപത്യപ്പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നത് . അത് കൊണ്ട് മാത്രം അവര്‍ തെറ്റുകള്‍ തിരുത്തി എന്നര്‍ത്ഥമില്ല .വര്‍ഗ്ഗസമരസിദ്ധാന്തത്തില്‍ നിന്നാണ് തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സംസ്ഥാപിതമാകുന്നത് . ഇത് ഏറ്റവും ഭീകരമായ സ്വേഛാധിപത്യമാറി എന്നതായിരുന്നു സോവിയറ്റ് യൂനിയനിലെ അനുഭവം .


വിജയന്‍ മാഷും വി.എസ്സും ക്ലാസ്സിക്കല്‍ മാര്‍ക്സിസ്റ്റ് - ലെനിനിസത്തിന്റെ ശക്തമായ വക്താക്കളായിരുന്നു . അവരോട് എനിക്ക് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല . എന്നാല്‍ മൂന്നാര്‍ ഓപ്പറേഷന്‍ എന്ന നടപടിയില്‍ മാത്രം വി.എസ്സ്. എനിക്ക് ആരാദ്ധ്യനായി. പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടന്നുവരാന്‍ അനുവദിക്കരുത് എന്നപോലെയുള്ള ക്ലാസ്സിക്കല്‍ കടും പിടുത്തങ്ങളോട് യോജിപ്പില്ലാതിരിക്കുമ്പോള്‍ തന്നെ വിജയന്‍ മാഷിന്റെ ലാളിത്യവും വിനയവും സത്യസന്ധതയും മറ്റും മാതൃകയായി എനിക്ക് തോന്നിയിട്ടുണ്ട് . അദ്ധേഹത്തിന്റെ മരണം എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. അപ്പോള്‍ ആ മരണത്തെക്കുറിച്ച് അഴീക്കോട് നടത്തിയ പ്രസ്ഥാവന ഏറ്റവും നികൃഷ്ടമായ ഒന്നായി എനിക്ക് തോന്നി . എന്നാല്‍ പിണറായി പ്രതിനിധാനം ചെയ്യുന്നത് സോഷ്യല്‍ ഡമോക്രാറ്റുകളുടെ രീതിയാണെന്ന് എനിക്ക് അഭിപ്രായമില്ല .

മാര്‍ക്സിസ്റ്റുകാരാണ് ഇപ്പോഴും എന്റെ സ്വാഭാവിക സുഹൃത്തുക്കള്‍ . എന്നാല്‍ സി.പി.എമ്മിനോട് എനിക്ക് അടുക്കാന്‍ കഴിയാതെ പോയത് അവരുടെ ആക്രമണോത്സുകതയാണ് . പരിയാരം മോഡല്‍ നോക്കുക. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന ചോദ്യത്തിന് നീണ്ട മറുപടി പറയേണ്ടതുണ്ട് . ഇന്ത്യയിലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യപ്പാര്‍ട്ടികളായി മാറണം എന്നാണ് എനിക്ക് പറയാനുള്ളത് . സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ സി.പി.ഐ . ഈ വഴിക്ക് ഒരു ശ്രമം നടത്തിയിരുന്നു . പാര്‍ട്ടി ഭരണഘടന പരിഷ്കരിക്കുന്നതിന് എന്‍.ഇ. ബാലറാമിന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റി അവര്‍ ഉണ്ടാക്കി . എന്നാല്‍ ഇടത്പക്ഷ ഐക്യത്തിന് വേണ്ടി ബാലറാമിന്റെ ശിപാര്‍ശകള്‍ സി.പി.ഐ. ബലി കഴിച്ചു .

എന്തിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട് ! എല്ലാ സംഘടനകളും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണത്. തങ്ങളുടെ ഒരു ഗ്രൂപ്പിന്റെ നിലനില്‍പ്പിന് വേണ്ടിയല്ല , മനുഷ്യരാശിയുടെ മുഴുവന്‍ ഭാവിക്ക് വേണ്ടിയാണ് ഏതൊരു പാര്‍ട്ടിയും സംഘടനയും നിലനില്‍ക്കേണ്ടത് . പാര്‍ട്ടിയും സംഘടനയും ഉപകരണങ്ങള്‍ മാത്രമാണ് . മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ (വര്‍ഗ്ഗസമരം ഒഴിവാക്കിയിട്ട് ) ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി എന്ന സങ്കല്‍പ്പമാണ് എന്റെത് . വര്‍ഗ്ഗസമരം ഒഴിവാക്കിയാല്‍ മാര്‍ക്സിസം നിലനില്‍ക്കുമോ എന്ന് ചോദിക്കുന്നവരുണ്ടാകാം . എന്ത് കൊണ്ട് ഇല്ല ? മാര്‍ക്സിന്റെ ഭൌതീക കാഴ്ച്ചപാട് ഉള്ളവര്‍ക്ക് മാത്രമേ മനുഷ്യന്‍ എന്താണെന്നും , മനുഷ്യസ്നേഹം എന്താണെന്നും മനസ്സിലാവുകയുള്ളൂ .

1 comment:

nariman said...
This comment has been removed by the author.