2011-12-17

ക്യാപിറ്റലിസം തകരില്ല അതിജീവിയ്ക്കും; എന്നാല്‍ സോഷ്യലിസമോ?

രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നത് ഇന്നത്തെ നമ്മുടെ പ്രധാന മന്ത്രിയായ ഡോ.മന്‍‌മോഹന്‍ സിങ്ങ് ആണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ശില്പി ജവഹര്‍ലാല്‍ ആയിരുന്നെങ്കില്‍ ഇന്നത്തെ മോഡേണ്‍ ഇന്ത്യയുടെ ശില്പി മന്‍‌‌മോഹന്‍ സിങ്ങ് ആണെന്ന് നിസ്സംശയം  പറയാന്‍ കഴിയും. എന്നാലും ചില വ്യാജ ഐഡിയോളജിക്കാര്‍ക്ക് മന്‍‌മോഹന്‍ സിങ്ങിനെ പരിഹസിക്കാന്‍ വലിയ ഉത്സാഹമാണ്. അക്കൂട്ടരുടെ കൈയില്‍ ബദല്‍ സിദ്ധാങ്ങളൊന്നുമില്ല. ചൈനയിലേക്ക് നോക്കാന്‍ പറ്റില്ല. എന്തെന്നാ‍ല്‍ ഇവിടെ എതിര്‍ക്കുന്നതൊക്കെ പത്ത് കൊല്ലമായി അവിടെ വിജയകരമായി നടപ്പാക്കി വരുന്നു. ഇപ്പോള്‍ വിവാദമായിരിക്കുന്ന ചില്ലറ വില്പന രംഗത്തെ വിദേശനിക്ഷേപവും ചൈനയില്‍ അനുവദിച്ചിട്ട് പത്ത് വര്‍ഷമായി. അഞ്ചല്‍ക്കാരന്‍ തന്റെ ബ്ലോഗില്‍ "തലപ്പാവുകാരന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍" എന്നൊരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അവിടെ ഞാന്‍ എഴുതിയ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നു:


ആകെ മൊത്തത്തില്‍ ഇടത്പക്ഷ ഐഡിയോളജിക്കാര്‍ക്ക് വ്യാജമായൊരു സന്തോഷം നല്‍കാന്‍ വേണ്ടി എഴുതപ്പെട്ട പോസ്റ്റാണിത് എന്ന് വ്യക്തം. ഇടത്പക്ഷക്കാര്‍ക്ക് പൊതുവെ രണ്ട് മുഖമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്യങ്ങളിലെ ഐഡിയോളജിയല്ല കമ്മ്യൂ.പാര്‍ട്ടികള്‍ ഭരിക്കാത്ത രാജ്യങ്ങളിലെ ഇടത്പക്ഷക്കാര്‍ക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കാത്ത രാജ്യങ്ങളില്‍ എന്തിനെയൊക്കെ എതിര്‍ക്കുമോ അതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ അവര്‍ക്ക് അനുവദനീയമാണ്. അത്കൊണ്ട് ചൈനയ്ക്ക് എന്തും പറ്റും എന്നാല്‍ അതൊന്നും മറ്റ് രാജ്യങ്ങള്‍ക്ക് പാടില്ല എന്നതാണ് പൊതുവെ ഇടത്പക്ഷ മതം. ഈ മതക്കാര്‍ അമേരിക്കയില്‍ പോലുമുണ്ട്. ചൈനയിലാവുമ്പോള്‍ അവിടെ ഐഡിയോളജി എന്നത് പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന പ്രായോഗിക സിദ്ധാന്തത്തിന് വഴിമാറും. ഒറ്റ പാര്‍ട്ടിയേ ഉള്ളൂ എന്നത്കൊണ്ട് അവിടെ വഴിമുടക്കികള്‍ ഇല്ല താനും. 


ആഗോളവല്‍ക്കരണവും ഉദാരീകരണവും ഗാട്ട് കരാറും വിദേശ നിക്ഷേപവും ഒക്കെ രാജ്യങ്ങള്‍ തമ്മില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന കൊടുക്കല്‍ വാങ്ങള്‍ പ്രക്രിയയുടെ സ്വാഭാവികവും കാലാനുസാരിയുമായ വികസിത രൂപങ്ങളാണ്. ആ പരിണാമത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ചൈനയ്ക്ക് പോലും ഈ മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടി വന്നത് മറ്റെന്ത്കൊണ്ടാണ്? ഇതൊക്കെ തെറ്റ് എന്ന് പറയുന്നവര്‍ക്ക് എന്ത് ബദല്‍ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെക്കാനുള്ളത്? 


ആഗോളവല്‍ക്കരണം കൊണ്ട് ഇങ്ങോട്ട് മാത്രമല്ല്ല ചരക്കുകളും മൂലധനവും എല്ലാം വരുന്നത്. പുറത്തേക്കും നമ്മുടെ ചരക്കുകളും മൂലധനവും പോകുന്നുണ്ട്. ഓരോ രാ‍ജ്യത്തിന്റെയും മിടുക്ക് കൊണ്ട് മുന്നേറാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ആഗോളവല്‍ക്കരണം അവസരം നല്‍കുന്നുണ്ട്. സ്വദേശീയം പറയുന്നവരുടെ ഉദ്ദേശം പറയുന്നവരുടെ ഉദ്ദേശ്യം എന്താണ്? നമുക്ക് എല്ലാം കയറ്റി അയക്കാം ഇങ്ങോട്ട് ഒന്നും വേണ്ട എന്നാണോ? അതോ നമുക്ക് നാം മാത്രം മതി. ഒരു തുരുത്ത് പോലെ കഴിയാമെന്നോ? ലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങുന്നത് ഈ ഐഡിയോളജിക്കാര്‍ അറിയാത്തതോ അതോ എല്ലാം ഇടത്പക്ഷക്കാര്‍ വിപ്ലവം നടപ്പാക്കിയിട്ട് മതി അത് വരെ ഒന്നും വേണ്ട എന്ന മനോഭാവമോ? ബി.ജെ.പിക്കാരും ഇടത്പക്ഷക്കാരും യോജിക്കുന്നത് ഈ പോയന്റില്‍ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ ഭരിക്കുമ്പോള്‍ എല്ലാം ചെയ്തോളാം എന്ന മട്ട്. 


എന്ത് ബദല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി.ക്ക് ഉള്ളത്? ഇടത് പക്ഷത്തിനാണെങ്കില്‍ സോവിയറ്റ് യൂനിയനില്‍ തോല്‍‌വിയുറ്റതും ചൈനയില്‍ ഉപേക്ഷിക്കപ്പെട്ടതുമല്ലാതെ വേറെന്ത് നയമാണ് സ്വന്തമായി ഉള്ളത്. ഇവിടെ അഞ്ചല്‍ക്കാരനും ബദല്‍ ഒന്നും മുന്നോട്ട് വെക്കാനില്ല. എതിര്‍ക്കണമെന്ന് മാത്രം. എല്ലാം തകരുന്നു , നശിക്കുന്നു എന്ന് പറയുമ്പോള്‍ തകരാത്ത, നശിക്കാത്ത ബദല്‍ സാമ്പത്തിക നയം വേറെന്ത്? 


ലോകത്ത് അറിയപ്പെട്ട രണ്ട് സാമ്പത്തിക നയങ്ങളേയുള്ളൂ. ഒന്ന് സ്വകാര്യസ്വത്തില്‍ അടിസ്ഥാനമാക്കിയുള്ള ക്യാപിറ്റലിസം, മറ്റൊന്ന് എല്ലാം സര്‍ക്കാര്‍ ഉടമയിലുള്ള സോഷ്യലിസം. ഇതില്‍ സോഷ്യലിസം പരാജയപ്പെടുന്നത് നാം കണ്ടു. മുതലാളിത്തം തകരുന്നു തകരുന്നു എന്ന മുറവിളികള്‍ക്കിടയില്‍ , അധ്വാനത്തിന്റെ അന്യവല്‍ക്കരണം നിമിത്തം ഉല്പാദനം മുരടിച്ച് രാജ്യങ്ങള്‍ തന്നെ ഇല്ലാതായത് സോഷ്യലിസത്തിലാണ്. പ്രതിസന്ധികള്‍ അതിജീവിയ്കാ‍ന്‍ ക്യാപിറ്റലിസത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയും. എന്നാല്‍ സോഷ്യലിസത്തിനോ? ഒരിക്കലും കഴിയില്ല എന്നതിന് തെളിവാണ് ക്യൂബയുടെ നയം മാറ്റം. 


തെറ്റ് ചൂണ്ടിക്കാട്ടണമെങ്കില്‍ ശരി ഒന്ന് കണ്ടിട്ട് വേണം അത് ചെയ്യാന്‍. എന്തെന്നാല്‍ ശരിയും തെറ്റും ആപേക്ഷികമാണ്. മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തികനയം തെറ്റാണെങ്കില്‍ ശരിയേതാണ്? ബി.ജെ.പി.ക്കാര്‍ ഭരിക്കുമ്പോള്‍ ശരിയായ നയം ഉണ്ടായിരുന്നോ? 


എല്ലാം സര്‍ക്കാരിന്റെ കീഴില്‍ ആവണമെന്ന് വാദിക്കുന്നവര്‍ ഈ മുരടിപ്പിന് വേണ്ടിയാണ് വാദിക്കുന്നത്. ഐഡിയോളജി മൂലം യാഥാര്‍ഥ്യങ്ങള്‍ കാണാനോ കണ്ടാല്‍ തന്നെ അംഗീകരിക്കാനോ കഴിയാത്തത്കൊണ്ടാണ് അവര്‍ അങ്ങനെ വാദിക്കുന്നത്. അമേരിക്കയും ഇന്ത്യയും ഒക്കെ നാളെയും ലോകത്ത് ഉണ്ടാകും. എല്ലാ പ്രതിസന്ധികളെയും ഈ രാജ്യങ്ങളും ജനങ്ങളുടെ സ്വാഭാവിക ക്രയവിക്രയ രീതിയായ ക്യാപിറ്റലിസവും അതിജീവിയ്ക്കുക തന്നെ ചെയ്യും. നിങ്ങള്‍ ബദല്‍ സിദ്ധാന്തങ്ങളുമായി വാ, അപ്പോള്‍ മാറി ചിന്തിക്കാം.

No comments: