2012-01-23

കെ.വേണുവും ബ്ലോഗില്‍ .....

കെ.വേണുവിന് ഒരു മുഖവുര വേണ്ടല്ലൊ. അദ്ദേഹവും ബൂലോഗത്ത് വൈകിയെത്തിയിട്ടുണ്ട്. വേണുവിന്റെ ബ്ലോഗിലെ ഒരു പോസ്റ്റും എന്റെ കമന്റും .....

http://k-venu.blogspot.com/2012/01/blog-post.html




പരിഷത്തിന് ഒരു കാലത്ത് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തനനിരതമായ
യുനിറ്റുകള്‍ ഉണ്ടായിരുന്നു. എന്റെ പഞ്ചായത്തില്‍ ഞാനും കൂടി മുന്‍‌കൈ എടുത്തിട്ടാണ്
പരിഷത്തിന്റെ യൂനിറ്റ് തുടങ്ങിയിരുന്നത്. രൂപീകരണയോഗത്തില്‍ ആ പ്രൈമറി സ്കൂളിന്റെ
ഹാള്‍ നിറയെ ആളുകളായിരുന്നു. പരിഷത്തിന്റെ ഓരോ പരിപാടികള്‍ക്കും ഒരു
ജനകീയോത്സവത്തിന്റെ പ്രതീതിയുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം
തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും അഹമഹമികയാ പങ്കെടുക്കാന്‍ പറ്റുന്ന
ഒരേയൊരു ജനകീയപ്രസ്ഥാനമെന്ന നിലയിലായിരുന്നു അന്ന് പരിഷത്തിന്റെ വിജയമെന്ന്
ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

പിന്നീട് പരിഷത്ത് ഒരു പാര്‍ട്ടിയുടെ വാല്‍ ആവുകയും,രാഷ്ട്രീയാവശ്യങ്ങള്‍ മുന്‍‌നിര്‍ത്തി
ധര്‍ണ്ണയും മറ്റും സംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പോലെ നിരവധി പേര്‍
പരിഷത്ത് വിട്ടു. സമൂഹത്തില്‍ ശാസ്ത്രീയവീക്ഷണം പ്രചരിപ്പിക്കുക എന്ന മിനിമം
പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് എല്ലാ മനുഷ്യസ്നേഹികളും പരിഷത്തില്‍
അണിനിരന്നത്. കാരണം അന്നും ഇന്നും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സം
നില്‍ക്കുന്നത് ആളുകളുടെ അശാസ്ത്രീയധാരണകളും ലളിതമായ ശാസ്ത്രസത്യങ്ങള്‍ക്ക്
നേരെ പോലും പുറം‌തിരിഞ്ഞുനില്‍ക്കുന്നതുമാണ്. സ്വന്തം ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു
എന്നതിന്റെ അടിസ്ഥാനവസ്തുതകള്‍ പോലും ആര്‍ക്കും അറിയേണ്ട എന്നത് ഇന്നും
അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

എന്തായാലും പരിഷത്ത് ഇന്നൊരു കടലാസ് സംഘടനയായി. ഈ അടുത്ത കാലത്ത്
പരിഷത്ത് നിര്‍വ്വഹിച്ച ഒരേയൊരു ദൌത്യം നമ്മുടെ വിദ്യാഭ്യാസമേഖലയെ
അലങ്കോലമാക്കി എന്നതാണ്. ഒരു പറ്റം വ്യാജബുദ്ധിജീവികളുടെ കൈയില്‍ പരിഷത്ത്
പെട്ടുപോയതിന്റെ പരിണിതഫലം!

പരിഷത്ത് സജീവമാകുന്നതിന് മുന്‍പ് തന്നെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന
പുസ്തകം ഞങ്ങള്‍ക്കെല്ലാം പാഠപുസ്തകമായിരുന്നു. അന്ന് തൊട്ടേ വേണുവിനെ
വായിക്കുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, സത്യത്തോടും യാഥാര്‍ഥ്യങ്ങളോടും
കലര്‍പ്പില്ലാതെ നീതി പുലര്‍ത്തുന്ന കേരളത്തിലെ അതുല്യനായ അന്വേഷകനാണ് വേണു.
അത്കൊണ്ട് തന്നെയാണ് വേണുവിന് ജനാധിപത്യത്തിന്റെ വഴിയില്‍ എത്തിപ്പെടാന്‍
കഴിഞ്ഞതും. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഗ്രഹണി ബാധിച്ച ശിശുവിനെ
പോലെയാണ് നമ്മുടെ ജനാധിപത്യം. സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനല്ല മറിച്ച്
ആ സമ്പ്രദായത്തെ അപനിര്‍മ്മിക്കാനാണ് ഇവിടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും
മത്സരിക്കുന്നത്. ആരെയെങ്കിലും കുറ്റം പറഞ്ഞ് നിരപരാധിത്വം ചമയുകയാണ് എല്ലാവരും.
എല്ലാ തെറ്റുകുറ്റങ്ങളും കോണ്‍ഗ്രസ്സില്‍ ചാര്‍ത്തിയാല്‍ കറകളഞ്ഞ പുരോഗമനവാദിയായി
എന്നാണ് വയ്പ്പ്.

ചിന്തിക്കുന്ന ഏതൊരു കമ്മ്യൂണിസ്റ്റുകാരനും വേണുവിന്റെ വഴിയില്‍ എത്തേണ്ടതായിരുന്നു.
പക്ഷെ സ്വന്തം തലച്ചോറ് പ്രവര്‍ത്തിപ്പിക്കുക എന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍
നിഷിദ്ധമാണല്ലൊ. മാര്‍ക്സിസത്തിലാണെങ്കില്‍ ചിന്തിക്കാന്‍ ആശയങ്ങളുടെ ഒരു ചക്രവാളം
തന്നെ നമ്മുടെ മുന്നില്‍ തുറന്നുവരും. മാര്‍ക്സിസത്തിന്റെ നിഷേധമായൊരു വികല ചിന്തയാണ്
മാര്‍ക്സിസം-ലെനിനിസം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്തായാലും മുന്‍‌വിധികളുടെ തടവുകാരാണ് സമൂഹത്തിലെ മൃഗീയഭൂരിപക്ഷവും. അത്കൊണ്ട് വേണുവിന്റെ ചിന്തകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൈവരണമെന്നില്ല.

വളരെ വൈകിയാണ് വേണു, ബൂലോഗം എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഈ ബ്ലോഗോസ്ഫീയറിലേക്ക് കടന്നുവരുന്നത്. പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടിന് പോലും പിറ്റേന്ന് തന്നെ പ്രതികരിച്ച കേരളത്തിന്റെ ഈ  ചിന്തകനെ ബ്ലോഗിലേക്ക് ആവേശപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ എനിക്കാവുന്നില്ല. എന്തെന്നാല്‍ സീരിയസ്സായി എഴുതിക്കൊണ്ടിരുന്ന പലരും ബൂലോഗം ഉപേക്ഷിച്ചു പോവുകയോ അല്ലെങ്കില്‍ ബ്ലോഗില്‍ സജീവമല്ലാതാവുകയോ ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ വരദാനമായി ലഭിച്ച അതിശക്തമായ ഈ ജനകീയമാധ്യമത്തിലൂടെ സമൂഹവും രാഷ്ട്രീയവും ഭരണസിരാകേന്ദ്രങ്ങളുമെല്ലാം കൂടുതല്‍ കൂടുതല്‍ സുതാര്യവല്‍ക്കരിക്കപ്പെടനുള്ള സാധ്യത സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമായി വരുന്ന ഈ കാലഘട്ടത്തിലാണ് ബ്ലോഗ് ഇങ്ങനെ ചലനമറ്റ് പോകുന്നത് എന്നതാണ് ഖേദകരം.

എന്തായാലും , ഒരു എളിയ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വേണുവിന് ആശംസകള്‍ നേരട്ടെ!

No comments: