2011-05-15

ഒരു കത്ത്

പ്രിയ സുഹൃത്തെ,


അടിസ്ഥാനപരമായി ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ അല്ല ഇപ്പോഴും, അതേ സമയം കോണ്‍ഗ്രസ്സ് വിരുദ്ധനുമല്ല. അതാണ് എന്റെ പ്രശ്നം. സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സിനോട് എനിക്ക് പ്രത്യേക ആദരവുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസ്സിനോട് കൂറുണ്ട്. അതേ സമയം ബഹുകക്ഷി പാര്‍ലമെന്ററി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നത്കൊണ്ട് മറ്റൊരു പാര്‍ട്ടിയും വേണമെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുമായിരുന്നു, അവരും ബഹുകക്ഷി സമ്പ്രദായം അംഗീകരിക്കുമെങ്കില്‍. അതില്‍ സി.പി.എം. ആയിരുന്നു ഇഷ്ടപ്പെടാവുന്ന പാര്‍ട്ടി. ഇവിടെയൊരു വൈരുദ്ധ്യം നിലവിലുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തോട് സമരസപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.പി.എം. തത്വത്തിലോ, ഭരണഘടനയിലോ പാര്‍ലമെന്ററി സമ്പ്രദായം അംഗീകരിച്ചിട്ടില്ല.

ഭരണം നഷ്ടപ്പെട്ട മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ പുതിയ കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ അപ്രകാരം നയവും പരിപാടിയും മാറ്റിയിട്ടുണ്ട്. അതായത് വിപ്ലവവും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും തള്ളിക്കളഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ഏറ്റവും നല്ല രാഷ്ട്രീയപ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം. അതിന് അവര്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന് അനുസരിച്ച് സ്വയം പുതുക്കിപ്പണിയണം. അത്തരമൊരു ആലോചന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരില്‍ കാണാനേയില്ല. അത്കൊണ്ടാണ് ജനാധിപത്യവിശ്വാസി എന്ന നിലയില്‍ ഞാ‍ന്‍ കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കുന്നത്. ബംഗാളിലെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ശേഷമെങ്കിലും അങ്ങനെയൊരു ആലോചന വേണ്ടതായിരുന്നു. പക്ഷെ പരമ്പരാഗത രീതിയില്‍ അല്ലാതെ മാറി ചിന്തിക്കാന്‍ വളരെ വിമുഖമാണ് പൊതുവെ ഇന്ത്യന്‍ മനസ്സ്. ഇത്രയുമാണ് ഇപ്പോള്‍ പറയാനുള്ളത്.

സസ്നേഹം,

2 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

മാറി ചിന്തിക്കും ഇപ്പൊ ചെയ്യണ്ട് കാര്യം ഒരു 25 കൊല്ലത്തിനു ശേഷമേ സമ്മതിക്കൂ എന്നു മാത്രം.

Anonymous said...

എന്റെ കാര്യമാ കഷ്ടം. കോണ്‍ഗ്രസ്സിനോട് ചെറപ്പം മുതലേയുള്ള പിരിശം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. പക്ഷേ മാര്‍ക്സിസ്റ്റ് വിരോധം നാള്‍ക്കുനാള്‍ കൂടിയും വരുന്നു.