2010-10-05

രാഷ്ട്രീയക്കാരുടെ സ്വഭാവം ജനങ്ങള്‍ മാറ്റണം

എന്റെ ബ്ലോഗിലെ  ഈ പോസ്റ്റിനെ പറ്റി ജനശബ്ദത്തിന്റെ കണ്‍‌ക്ലൂഷന്‍ ഇങ്ങനെയാണ്: “ ഇത് മാനസിക വൈകല്യം മാത്രമല്ല രാജ്യ ദ്രോഹ കൂടിയാണ്”. പൊതുജനം കഴുതകളാണെന്നും അവരുടെ തലച്ചോറ് സ്വയം ചിന്തിക്കാന്‍ കഴിവില്ലാത്തതാണെന്നും നേതാക്കള്‍ പ്രസംഗിക്കുന്നത് എപ്പോഴും വേദവാക്യമായി ഉള്‍ക്കൊള്ളുമെന്നുമുള്ള കക്ഷിരാഷ്ട്രീയക്കാരന്റെ അഹന്തയും തലക്കനവും ധാര്‍ഷ്ട്യവുമാണ് ജനശബ്ദത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. കക്ഷിരാഷ്ട്രീയക്കാരന്റെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് മാനസീകവൈകല്യവും രാജ്യദ്രോഹവുമായാണ് ഇക്കൂട്ടര്‍ വിലയിരുത്തുക. എന്തെന്നാല്‍ രാജ്യം എന്നാല്‍ ഇവര്‍ക്ക് നേതാക്കളാണ്. നേതാക്കള്‍ക്ക് സ്വൈരക്കേട് ഉണ്ടാക്കുന്നത് പറഞ്ഞാല്‍ അത് രാജ്യദ്രോഹമാണ്.

ജനങ്ങളെ സേവിക്കാന്‍ ഇന്ന് അടിത്തട്ടില്‍ പോലും രാഷ്ട്രീയപ്രവര്‍ത്തകര്‍ കടന്നുവരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. നേതാക്കളുടെ കാര്യം പറയാനുമില്ല. തടിച്ചുകൊഴുത്ത പ്രഭുക്കന്മാരാണവര്‍. പണത്തിന് പണം, സ്വാധീനത്തിന് സ്വാധീനം, അധികാരത്തിന് അധികാ‍രം, ഓച്ഛാനിച്ച് നില്‍ക്കാന്‍ പോലീസ്കാരന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥവൃന്ദം എല്ലാറ്റിനുമുപരി എന്ത് വിടുവായത്തം മൈക്കിന് മുന്‍പില്‍ നിന്ന് വിളിച്ചുകൂവിയാലും കേട്ടുനില്‍ക്കാന്‍ തയ്യാറുള്ള അടിമകളുടെ കൂട്ടം. ഈ ഒരു സാഹചര്യത്തില്‍ ആര്‍ക്കായാലും അഹന്തകൊണ്ട് തലയുടെ കനം അനന്തമായി വര്‍ദ്ധിച്ചുപോകും. രാഷ്ട്രീയമെന്നാല്‍ ചക്കരക്കുടമാണ്, നമുക്കും കൈയിട്ട് വാരം എന്ന മനോഭാവത്തിലാണ് ഇന്ന് രാഷ്ട്രീയത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത് തന്നെ. ഇത് ആളുകള്‍ മനസ്സിലാക്കി വരുന്നുണ്ട്. ആളുകളുടെ ഈ തിരിച്ചറിവിനെയാണ് അരാഷ്ട്രീയം എന്ന് രാഷ്ട്രീയക്കാരന്‍ വിശേഷിപ്പിക്കുന്നത്. കാരണം തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന് അവര്‍ ഭയപ്പെടുന്നു.

അധികാരവും പണവും ആളുകളുടെ ദാസ്യവും ഏറ്റുവാങ്ങി ജനങ്ങളുടെ യജമാനന്മാരായി കഴിയുന്ന ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനശൈലി മാറണം. ഒരു സംഘടന എങ്ങനെയാണോ വര്‍ക്ക് ഔട്ട് ആകുന്നത്, അതിന് പറ്റിയ പ്രവര്‍ത്തകരാണ് അതിലേക്ക് കടന്നുവരിക. ത്യാഗത്തിന്റെയും സേവനത്തിന്റെയും മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് തയ്യാറുള്ള പ്രവര്‍ത്തകര്‍ കടന്നുവരും. എല്ലാ തരം ആള്‍ക്കാരും സമൂഹത്തിലുണ്ട്. ഇന്ന് സ്വാര്‍ത്ഥതയ്ക്കും സ്വന്തം നില മെച്ചപ്പെടുത്താനുമാണ് രാഷ്ട്രീയക്കാര്‍ നിലകൊള്ളുന്നത്. അത്കൊണ്ട് അത്തരക്കാരാണ് പുതുതായി കടന്നുവരുന്നവരും. ഇതാണ് രാഷ്ട്രീയജീര്‍ണ്ണതയുടെ കാരണം.

ഈ അവസ്ഥ മാറണം. സ്വമേധയാ മാറുകയില്ല. അതിന് തിരുത്തല്‍ ശക്തികള്‍ വേണം. ആ തിരുത്തല്‍ അതാത് പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്ന് നടക്കില്ല. കാരണം ഓരോ പാര്‍ട്ടിയും ഇന്ന് ഓരോ സ്ഥാപനമാണ്. പുറത്ത് നിന്നാണ് തിരുത്തല്‍ശക്തികള്‍ രൂപപ്പെടേണ്ടത്. അവിടെയാണ് വികസനമുന്നണികള്‍ പോലെയുള്ള കൂട്ടായ്മകളുടെ പ്രസക്തി. അല്ലാതെ വികസനമുന്നണി ഒറ്റയ്ക്ക് ഈ രാജ്യം നന്നാക്കുമെന്നല്ല. ഈ കാഴ്ചപ്പാടിനെ മാനസികവൈകല്യമായി കാണുന്ന ജനശബ്ദത്തോട് എനിക്ക് സഹതാപമേയുള്ളൂ. പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ പോക്ക് പോയാല്‍ നാളെ ജനം രാഷ്ട്രീയക്കാരനെ ചൂല് കൊണ്ട് അടിക്കും. അത്കൊണ്ട് രാഷ്ട്രീയത്തെ ജനങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാന്‍ വികസനമുന്നണികള്‍ ജയിച്ചേ പറ്റൂ. തങ്ങള്‍ക്കേ ഇതൊക്കെ പറ്റൂ എന്ന രാഷ്ട്രീയക്കാരന്റെ അഹന്തയ്ക്ക് തിരിച്ചടി കൊടുക്കണം. പെട്ടെന്നൊന്നും കഴിയില്ല. താമസം പിടിക്കും. എന്നാലും തുടക്കം കുറിക്കപ്പെട്ടു. അത്രയും ആശ്വാസം.

1 comment:

TPShukooR said...

താങ്കളുടെ വ്യത്യസ്ത അഭിപ്രായത്തോട് യോജിക്കുന്നു