2010-08-10

അനാവൃതമാകുന്ന അനോനിത്തങ്ങള്‍

                                                                     ചെറായി മീറ്റ്


                                                                                   ഇടപ്പള്ളി മീറ്റ്


കുമാരസംഭവങ്ങള്‍ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു:


ബ്ലോഗ് മീറ്റുകള്‍ ചെറിയ തോതിലായാലും വലിയ തോതിലായാലും എവിടെയും നടന്നുകൊണ്ടേയിരിക്കട്ടെ എന്നാണെന്റെ താല്പര്യം. ഇത്തരം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്താലും ഇല്ലെങ്കിലും എന്റെ ഒരു ആഗ്രഹം ഈ മീറ്റുകളാല്‍ സഫലമാകുന്നുണ്ട് എന്ന് നിഗൂഢമായ ഒരാനന്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്. ബ്ലോഗര്‍മാര്‍ എന്നാല്‍ അവര്‍ അനോനികളായി പുറം ലോകം അറിയാതെ വെര്‍ച്വല്‍ ഐഡന്റിറ്റിയുമായി മാത്രമേ കഴിഞ്ഞുകൂടാവൂ എന്ന മട്ടിലുള്ള ബ്ലോഗ് നീയമമാണ് ബ്ലോഗര്‍മാര്‍ തന്നെ ഈ മീറ്റുകളാല്‍ പൊളിച്ചടുക്കുന്നത് എന്ന വസ്തുത തെല്ലൊന്നുമല്ല എന്നെ സന്തോഷിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. ഇതാ ആ ബ്ലോഗര്‍ ആരെന്ന് ഞാന്‍ മനസ്സിലാക്കി കെട്ടോ അയാളുടെ പേരും ഫോണ്‍ നമ്പറുമൊന്നും പുറത്ത് പറയരുതേ എന്ന് കുമാരനെ കുറിച്ചു പോലും എന്നോട് ഒരു പ്രശസ്ത ബ്ലോഗര്‍ ഈ അടുത്ത് പറയുകയുണ്ടായി. സ്വന്തം പേരിലും ഐഡന്റിറ്റി വെളിപ്പെടുത്തിയും ബ്ലോഗ് എഴുതണം എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ എന്നെ മാന്യന്മാരായ ബ്ലോഗര്‍ പോലും അനോനി നാമത്തില്‍ വന്ന് എന്നെ തെറി പറഞ്ഞിട്ടുണ്ട്. കന്യകാത്വം പോലെ പവിത്രമായി സൂക്ഷിച്ചിരുന്ന നിങ്ങളുടെയൊക്കെ അനോനിത്വം ബ്ലോഗ് മീറ്റുകളില്‍ ബലാത്സംഗം ചെയ്യപ്പെട്ടല്ലൊ സുഹൃത്തേ എന്ന് എനിക്ക് അവരോട് ന്യായമായും ചോദിക്കാം.

കണ്ണൂര്‍ ബ്ലോഗ് ശില്പശാലയില്‍ ചില ബ്ലോഗര്‍മാര്‍ വന്നപ്പോള്‍ അവര്‍ക്ക് സംഘാടകര്‍ നല്‍കിയ ഉറപ്പ് നിങ്ങളുടെ അനോനിമിറ്റി ഞങ്ങള്‍ പാലിക്കും, ഒരു കാരണവശാലും ഫോട്ടോയില്‍ പേര് ചേര്‍ക്കില്ല എന്നായിരുന്നു. ഇപ്പോള്‍ തൊടുപുഴ, ചെറായി, ഏറണാകുളം മീറ്റുകള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ കുറെ ബ്ലോഗര്‍മാര്‍ക്കെങ്കിലും പരസ്പരം മനസ്സിലായല്ലൊ. മാത്രമല്ല പരസ്പരം കാണാനും പരിചയപ്പെടാനും ബ്ലോഗര്‍മാര്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു. ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ പിന്നെ ബ്ലോഗ് എഴുതാന്‍ കഴിയുകയില്ല എന്ന അന്ധവിശ്വാസമാണ് ഇവിടെ തിരുത്തപ്പെടുന്നത്. ഇനിയും ഇമ്മാതിരി ചില ബ്ലോഗ് മീറ്റുകള്‍ കഴിയുമ്പോഴേക്കും വെര്‍ച്വല്‍ ഐഡന്റിറ്റി എന്ന ബ്ലോഗ് പാതിവൃത്യം മിഥ്യയായി മാറും. പിന്നീട് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗര്‍മാരായി മണ്ണില്‍ ഇറങ്ങി നടക്കാന്‍ പറ്റും. ക്രമേണ ബ്ലോഗര്‍മാര്‍ സാമൂഹ്യപ്രശ്നങ്ങളിലും ഇടപെടും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ഇപ്പോള്‍ തന്നെ ചില ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ ബ്ലോഗര്‍മാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ബ്ലോഗര്‍മാര്‍ മാത്രമേ ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാവൂ എന്നൊരു അഭിപ്രായവും ഇതിനിടയില്‍ ആരോ ഉന്നയിക്കപ്പെട്ടുകണ്ടു. ബ്ലോഗ് ഉണ്ടാക്കുക എന്നത് വെറും രണ്ട് മിനിറ്റ് നേരത്തെ പണിയാണ്. മീറ്റിന് പോകുന്ന വഴിയില്‍ തന്നെ ഒരാള്‍ക്ക് ഒരു ഐഡി ഉണ്ടാക്കി ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ കഴിയും. ബ്ലോഗര്‍മാര്‍ എന്നാല്‍ സവിശേഷമായൊരു ദിവ്യവര്‍ഗ്ഗമാണെന്ന ധാരണയില്‍ നിന്നാണ് ഇത്തരം അഭിപ്രായം വരുന്നത്. ആത്യന്തികമായി ഏത് മീറ്റും ചില മനുഷ്യര്‍ കൂടിച്ചേരുന്ന സ്വാഭാവികസൌഹൃദസംഗമമാണെന്ന് ഇക്കുട്ടര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഐഡി ഉണ്ടാക്കി ബ്ലോഗ് എഴുതിയാല്‍ താനേതോ അന്യഗ്രഹജീവിയാണെന്ന ധാരണയാണ് ചിലര്‍ക്കെന്ന് തോന്നും ഇത്തരം അഭിപ്രായം കേള്‍ക്കുമ്പോള്‍. ബ്ലോഗര്‍മാരും സാധാരണ മനുഷ്യരും സാമൂഹ്യജീവിയും ആണെന്നും അവര്‍ക്ക് താരപരിവേഷമുള്ള അത്ഭുതകരമായ വെര്‍ച്വല്‍ വ്യക്തിത്വം എന്നൊന്നില്ലെന്നും ബ്ലോഗര്‍മാര്‍ മനസ്സിലാക്കാന്‍ തുടങ്ങിയതിന്റെ സൂചനകളാണ് മീറ്റില്‍ പങ്കെടുത്തവരുടെ  വിവിധ പോസ്റ്റുകള്‍. ബ്ലോഗ് നാമങ്ങളില്‍ ബ്ലോഗ് എഴുതുന്നതിനോടല്ല എനിക്കെതിര്‍പ്പ് എന്നും അശരീരിയായി മറഞ്ഞിരുന്ന് എഴുതുന്നതിനോടായിരുന്നു എതിര്‍പ്പെന്നും ഇവിടെ വ്യക്തമാക്കട്ടെ. ഇങ്ങനെ ഒരു കമന്റ് എഴുതാന്‍ എനിക്ക് ധൈര്യം കിട്ടി എന്നതാണ് സമീപകാല ബ്ലോഗ് മീറ്റുകളുടെ എന്നെ സംബന്ധിച്ചുള്ള നേട്ടം. ഇതിനകം ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്തവരെങ്കിലും അനോനിമിറ്റി പൊളിക്കണം എന്ന എന്റെ അഭിപ്രായത്തിനെതിരെ പരിഹസിക്കില്ലല്ലൊ.

18 comments:

ചാർ‌വാകൻ‌ said...

പങ്കെടുക്കാൻ കഴിഞ്ഞില്ല.ഏതാണ്ടെല്ലാവരും കട്ടെയും പടവും മടക്കി യപ്പോൾ മാത്രമാണ് എത്താനായത്.മാപ്പ്.

തറവാടി said...

ബ്ലോഗ് മീറ്റുകളില്‍ ഐഡെന്റിറ്റി വെളിപ്പെടുത്തുന്നതോടെ എല്ലാം പൂര്‍ണ്ണമാവുന്നുണ്ടെന്നെനിക്ക് തോന്നുന്നില്ല. മറഞ്ഞിരുന്ന് തെറിപറയുന്നവര്‍ പലരും പരസ്‌പരം 'അറി'യുന്നവര്‍ ( ചുരുങ്ങിയത് ബ്ലോഗറെ വിര്‍‌ച്വലായറിയുന്നവര്‍) തന്നെയാണ്.

തന്റേടമുള്ള, സത്യസന്ഥതയുള്ള, തുറന്ന മനസ്സുള്ള ബ്ലോഗര്‍മാരുണ്ടാവുന്നതോടെമാത്രമേ ബൂലോകത്തിന് ഞാനുദ്ദേശിക്കുന്ന ( താങ്കളുദ്ദേശിക്കുന്ന?) ഒരു തലമുണ്ടാവൂ, അടുത്തകാലത്തൊന്നും അതുണ്ടാവുമെന്നെനിക്ക് തോന്നുന്നില്ല :)

കെ.പി.സുകുമാരന്‍ said...

ഒരേ സമയം അനോനിയായി ബ്ലോഗില്‍ മറഞ്ഞിരിക്കുകയും അതേ സമയം സനോനിയായി ബ്ലോഗ് മീറ്റുകളില്‍ പങ്കെടുത്ത് ഗ്രൂപ്പ് ഫോട്ടോകളില്‍ പോസ് ചെയ്യുകയും ചെയ്യുന്ന ചിലരുടെ ഇരട്ടത്താപ്പ് ബൂലോകം തിരിച്ചറിയുന്നുണ്ടാവണം. അനോനിത്തരത്തിനെതിരെ ഞാന്‍ നിരന്തരം പോസ്റ്റുകളും കമന്റുകളും മാത്രമേ എഴുതുന്നുള്ളൂ. എന്നാല്‍ അനോനിയായി മറഞ്ഞിരിക്കുന്നത് ബ്ലോഗില്‍ എന്തും എഴുതാനുള്ള അവസരമായി കാണുന്നവരില്‍ ചിലര്‍ തന്നെയാണ് ബ്ലോഗ് മീറ്റുകളില്‍ ഉത്സാഹത്തോടെ പങ്കെടുത്തും മീറ്റുകളെ പ്രോത്സാഹിപ്പിച്ചും അനോനിത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും എനിക്ക് ചിരിക്കാന്‍ നല്ലൊരു വക കിട്ടുന്നുണ്ട്. എന്തെന്നാല്‍ ഞാന്‍ ആയിരം പോസ്റ്റുകള്‍ എഴുതുന്നതിനേക്കാളും ഫലമാണ് ഒരു ബ്ലോഗ് മീറ്റ് കൊണ്ട് സാധിതമാകുന്നത്.

കെ.പി.സുകുമാരന്‍ said...

തന്റേടമുള്ള,സത്യസന്ധതയുള്ള, തുറന്ന മനസ്സുള്ള ബ്ലോഗര്‍മാരുണ്ടാവുന്നതോടെ മാത്രമേ ബൂലോകത്തിന് ഞാനുദ്ദേശിക്കുന്ന (താങ്കളുദ്ദേശിക്കുന്ന?)ഒരു തലമുണ്ടാവൂ, അടുത്തകാലത്തൊന്നും അതുണ്ടാവുമെന്നെനിക്ക് തോന്നുന്നില്ല.

തറവാടീ, ബൂലോകത്തിന് മാത്രമായി അങ്ങനെയൊരു തലം സ്വയംസിദ്ധമായി ഉണ്ടാവുകയില്ല. സമൂഹത്തിന് ഉള്ള തലം മാത്രമേ ബൂലോഗത്തും പ്രതിഫലിക്കുകയുള്ളൂ.

കെ.പി.സുകുമാരന്‍ said...

കുമാരസംഭവങ്ങളില്‍ എനിക്കെതിരെ ഒരു ബ്ലോഗര്‍ പ്രതികരിച്ചത്കൊണ്ട് അവിടെ വീണ്ടും എഴുതിയ കമന്റ്:

ഒരു കമന്റ് കൂടി എഴുതുന്നു. ബൂലോഗത്തെ ഒരു പ്രവണതയെ ആത്മവഞ്ചനയായി ഞാന്‍ കാണുന്നത്കൊണ്ടാണ് എഴുതുന്നത്. എന്റെ ഭാഗത്താണ് ന്യായം എന്നും തോന്നുന്നത്കൊണ്ടാണ് വീണ്ടും എഴുതുന്നത്. പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ ബ്ലോഗുടമക്ക് ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

ബ്ലോഗിലെ അനോനിപേരുകാര്‍ ബ്ലോഗ് മീറ്റുകളില്‍ സനോനിപേരുകളിലാണ് പരസ്പരം പരിചയപ്പെടുത്തുന്നത് എന്നും പിന്നെന്തിന് ബ്ലോഗെഴുത്തില്‍ മാത്രം മറഞ്ഞിരുന്ന് എഴുതണം എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ കലികൊണ്ട് ഒരു ബ്ലോഗര്‍ എഴുതിയ കമന്റ് മേലെ കണ്ടല്ലൊ. ഞാന്‍ ബ്ലോഗില്‍ വന്നത് മുതല്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. സഹബ്ലോഗര്‍മാരെ തെറി പറയാനും വ്യക്തിഹത്യ നടത്താനും കൂട്ടത്തോടെ വന്ന് അഹിതമായി തോന്നുന്നവരുടെ ബ്ലോഗ് പൂട്ടിക്കാനും ഈ അനോനൊമിറ്റി ദുരുപയോഗം ചെയ്യുന്നത്കൊണ്ടാണ് എതിര്‍ക്കാറുള്ളത്. ബ്ലോഗെഴുത്ത് സുതാര്യമായിരിക്കണം എന്ന ആത്മാര്‍ത്ഥത കൊണ്ടാണ് അപ്രകാരം ഒരു നിലപാട് ഞാന്‍ സ്വീകരിക്കുന്നത്.

ഞാന്‍ അനോനിമിറ്റിയെ എതിര്‍ത്തപ്പോള്‍ കണ്ണൂരിലെ ഒരു സീനിയര്‍ ബ്ലോഗര്‍ വളരെ മാന്യമായും കുലീനമായും ബ്ലോഗില്‍ ഒളിഞ്ഞിരുന്ന് എഴുതേണ്ടി വരുന്ന അവസ്ഥയെ ശക്തമായി ന്യായീകരിച്ചിരുന്നു. എന്നാല്‍ അതേ ബ്ലോഗര്‍ പില്‍ക്കാലത്ത് എങ്ങനെ ബ്ലോഗാം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരായി കൊടുത്തത് സ്വന്തം പേര്‍ തന്നെയായിരുന്നു. പിന്നെയും കുറെ ബ്ലോഗ് രചനകള്‍ പുസ്തകമായി. അതിലൊക്കെ സ്വന്തം പേര്‍ ബ്ലോഗര്‍മാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ബ്ലോഗിനോടുള്ള ചിറ്റമ്മനയവും അവഗണനയും ബ്ലോഗര്‍മാര്‍ തന്നെ കാട്ടുന്നു എന്നാണിത് കാണിക്കുന്നത്. അതേ സമയം അച്ചടിമാധ്യമങ്ങളോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുകയും ചെയ്യുന്നു. ബ്ലോഗ് എന്നത് അത്രയ്ക്കും മോശമായ ഒരു മാധ്യമമാണോ? അച്ചടി മാധ്യമങ്ങളോട് കാണിക്കുന്ന കൂറ് ബ്ലോഗര്‍മാര്‍ക്ക് ബ്ലോഗിനോടും കാണിച്ചുകൂടേ? ബ്ലോഗിലാവുമ്പോള്‍ എനിക്കെന്തും എഴുതാനുള്ള അനോനിമിറ്റി സൌകര്യം വേണം, അച്ചടിമാധ്യമത്തിലാണെങ്കില്‍ ഞാന്‍ ന്യായമായതേ എഴുതൂ എന്നത്കൊണ്ട് അവിടെ അനോനിമിറ്റി പാടില്ല എന്ന മനോഭാവം ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാകുന്നത് ബ്ലോഗിനെ ഒരു തരം താഴ്ന്ന മാധ്യമമായി നിലനിര്‍ത്താനേ ഉപകരിക്കുകയുള്ളൂ എന്ന് ബ്ലോഗ്കാരന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്.

വെഞ്ഞാറന്‍ said...

മാഷേ,
ഒളിപ്പേരിൽ എഴുതുന്നവനാണു ഞാനും. താങ്കളുടെ വാക്കുകൾ എന്നെയും ചിന്തിപ്പിച്ചു. അത്ര പെട്ടന്നൊന്നും എനിക്കീ പേര് ഉപേക്ഷിക്കാനാവില്ലെന്ന് എനിക്കു തോന്നുന്നു. സത്യത്തിൽ, ഒരു നിഗൂഢപ്രണയത്തിന്റെ ‘സുഖം’ എന്റെ ഒളിഞ്ഞെഴുത്തിൽ ഞാനനുഭവിക്കുന്നുണ്ട്.
ചിന്തിപ്പിക്കുന്നതിനു നന്ദി!

കെ.പി.സുകുമാരന്‍ said...

വളരെ നന്ദി വെഞ്ഞാറന്‍ .. ഒരാളെയെങ്കിലും ചിന്തിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഇങ്ങനെ തുറന്ന് പറഞ്ഞില്ലെങ്കിലും എന്റെ അഭിപ്രായം വായിച്ചു ബ്ലോഗ് പ്രൊഫൈലില്‍ ചിലരെങ്കിലും സ്വന്തം പേര് ചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷയിലുമുള്ള ബ്ലോഗര്‍മാരും ഇത്തരത്തില്‍ അപരനാമങ്ങളായിരിക്കണം ബ്ലോഗ് പ്രൊഫൈലില്‍ ചേര്‍ത്തിട്ടുണ്ടാവുക എന്നാണ് എന്റെ അനുമാനം. ഞാന്‍ ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം പറയുന്നേയുള്ളൂ. സ്വീകാര്യമല്ലാത്തവര്‍ക്ക് അത് തള്ളിക്കളയാവുന്നതേയുള്ളൂ.

മിഴിനീര്‍ത്തുള്ളി said...

സുകുമാരേട്ടാ...
റിയാസ്, തളിക്കുളം സ്വദേശി എന്നൊക്കെ പ്രൊഫൈലില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്
കൊണ്ടാണു ബ്ലോഗര്‍ നെയിം ഞാന്‍ മിഴിനീര്‍ത്തുള്ളി എന്നു വെച്ചത്..അതു
അനുയോജ്യമായിട്ടില്ലന്നു ഇതുവരെ ആരും പറഞ്ഞു തന്നില്ല..തീര്‍ച്ചയായും...ഞാന്‍
മാറ്റം വരുത്താം
ആശംസകള്‍ക്കും,അഭിപ്രായങ്ങള്‍ക്കും നന്ദി..
ഞാന്‍ ഈ ബൂലോകത്ത് പുതിയ ആളാണ്..അതിന്റെ തെറ്റു കുറ്റങ്ങള്‍ കണ്ടേക്കാം..
ആ തെറ്റുകള്‍ ചൂണ്ടി കാണിച്ചു തരേണ്ടത് ചേട്ടനെ പോലുള്ളവരാണ്.എന്നാലേ
ഞങ്ങള്‍ക്ക് ഇനിയും എഴുതാന്‍ ഒരു പ്രചോദനമാകൂ..സഹായ സഹകരണം
തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

jayarajmurukkumpuzha said...

sukumaaransir paranjathu nooru shathamaanam shariyaanu..... maranjirunnu kondu parayunna kaaryangyal puram lokam kanke vannu parayan sukumaransirneyum, jayarajmurukkumpuzhayeyum pole ethra perkku kazhiyum..... illa mashe athinu manassil nanma venam.........

jayarajmurukkumpuzha said...

sukumaaransir paranjathu nooru shathamaanam shariyaanu..... maranjirunnu kondu parayunna kaaryangyal puram lokam kanke vannu parayan sukumaransirneyum, jayarajmurukkumpuzhayeyum pole ethra perkku kazhiyum..... illa mashe athinu manassil nanma venam.........

Abdulkader kodungallur said...

ശ്രീ. കെ.പി .സുകുമാരന്റെ ചിന്തകളോടും അഭിപ്രായങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ബ്ലോഗില്‍ പ്രവേശിച്ചതിന് ശേഷം എന്നോടു തന്നെ പല പ്രാവശ്യം ഞാന്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് താങ്കള്‍ പരസ്യമായി ചോദി ച്ചിട്ടുള്ളത് . നമുക്ക് സ്വന്തമായ ഒരൈടന്റിറ്റിയുള്ളപ്പോള്‍ പിന്നെന്തിനു വെറുതെ ഒരു മുഖം മൂടി . സമൂഹത്തെയോ വ്യക്തികളേയോ പരിചയപ്പെടുമ്പോള്‍ തലയില്‍ മുണ്ടിടുന്നത് നല്ല ലക്ഷണമാണോ . എന്തെങ്കിലും ഗൂഡമായ ലക്ഷ്യങ്ങളില്ലാതെ അങ്ങിനെ ചെയ്യുമോ എന്നും സംശയിചിട്ടുന്ടു . എന്തായാലും സ്വന്തം മുഖത്തിനു അല്‍പ്പം വൈരൂപ്യ മുണ്ടെങ്കില്‍ പോലും പോയ്‌ മുഖം ധരിച്ചു നില്ക്കുന്നതിനെ ക്കാള്‍ നല്ലത് സ്വന്തം വൈരൂപ്യമാനെന്നു ഞാന്‍ വിശ്വസിക്കുന്നു. താങ്കളുടെ തുറന്ന സമീപനത്തെ അനുമോദിക്കുന്നു.

ചാണക്യന്‍ said...

:)

Manoraj said...

:)

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനീ പരിപാടിക്കിറങ്ങിയപ്പോള്‍ തന്നെ അനോണികളെ വിമര്‍ശിക്കാന്‍ തുടങ്ങിയതാണ്. പലരും വാതിലടച്ചിരുന്ന് തുണി മാടിക്കാണിക്കുന്നത് കാണാറുണ്ട്,ബ്ലോഗ് കമന്റുകളില്‍. ഞാന്‍ ഇതിനെപ്പറ്റി പരാധി പറയാറുള്ള പലരോടും ആ ആനോണി ഓപ്ഷന്‍ അങ്ങ് എടുത്തു കളഞ്ഞാല്‍ പോരെ എന്നാണ് പറയാറ്.താങ്കളെപ്പറ്റി കേട്ടിട്ടുണ്ടന്നല്ലാതെ ആദ്യമായാണ് താങ്കളുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കുന്നത്. ഒക്കെ ഒന്നു പഠിച്ചു വരുന്നേയുള്ളൂ.

ஜோதிஜி said...

முதல் முதலாக வலையுலகில் ஒரு கேரள நண்பரின் பொறுப்பான பின்னோட்டத்தை பார்த்து உள்ளே வந்தேன். இந்த மலையாள வார்த்தைகளை வலையில் பார்ப்பதும் இதுவே முதல் முறை.

மொழி தெரியவில்லை என்ற ஆதங்கம் உங்கள் படத்தைப் பார்த்த போது உருவானது. செந்தில் இடுகையில் தாங்கள் கொடுத்த நிதானம் என்னை ரொம்பவே வியக்க வைத்தது.

தங்களுக்கு தமிழ் தெரியும் என்ற நம்பிக்கையில்.

நல்வாழ்த்துகள்.
தேவியர் இல்லம் திருப்பூர்

കെ.പി.സുകുമാരന്‍ said...

@ஜோதிஜி நன்றி , நல்வாழ்த்துக்கள் நண்பனே :)

smitha adharsh said...

ഈ തുറന്നു പറച്ചിലുകള്‍ വളരെ നന്നായി..
അനോണികള്‍ ഇല്ലാത്ത ഒരു ബൂലോകം ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

CKLatheef said...

@കെ.പി.എസ്

അനോണിക്കെതിരെ നിങ്ങളുടെ എതിര്‍പ്പിന്റെ കാരണം ന്യായമാണ്. എന്നാല്‍ സ്വന്തം പേരോ ഫോട്ടോയോ വെക്കാതെ തന്നെ ചിലര്‍ മാന്യമായി ബ്ലോഗിംഗ് ചെയ്യുന്നവരാണ്. അവരുടെ ഏറ്റവും വലിയ ഐഡന്റിറ്റി അവരുടെ ബ്ലോഗ് തന്നെയാണ്. തൂലികാനാമം പോലെ സ്വകാര്യ സന്തോഷം നല്‍കുന്ന അത്തരം പേരുകള്‍ മാറ്റാനവര്‍ക്ക് പ്രയാസമുണ്ടാകും. അവരെ താങ്കളുടെ തീക്ഷണമായ എതിര്‍പ്പില്‍ നിന്ന് ഒഴിവാക്കാമെന്ന് തോന്നുന്നു. പിന്നെ സ്വന്തം ബ്ലോഗില്‍ പേരും ഫോട്ടോയുമൊക്കെ വെക്കുന്നവര്‍ തന്നെ കമന്റിടാനും പരിഹസിക്കാനും വ്യാജ ഐഡി ഉപയോഗിക്കാനുള്ള സൗകര്യമുള്ളപ്പോള്‍ ബ്ലോഗേസിന്റെ സനോണിത്തരത്തില്‍ മാത്രം ബൂലോകം നന്നാവില്ല. സനോണിയല്ല എന്നത് കൊണ്ട് മാത്രം മാന്യതയില്ലാതെ പെരുമാറി എന്നും വരില്ല. നേരത്തെ സൂചിപ്പിച്ച അറിയപ്പെടുന്ന ബ്ലോഗര്‍മാരല്ലാത്തവര്‍ അനോണിയായി വന്ന് അഭിപ്രായം പറയുന്നതില്‍ ഒട്ടൊക്കെ വഞ്ചനയുണ്ട്. അസത്യവും പരിഹാസവും പറയാന്‍ സൗകര്യം അന്വേഷിക്കുകയാണ് അവര്‍. അനോണിയായവരുടെ കമന്റുകള്‍ ഡീലീറ്റ് ചെയ്യാന്‍ വൈമനസ്യം കാണിക്കാതിരിക്കുക മാത്രമാണ് ഒട്ടൊക്കെ പരിഹാരം എന്ന് തോന്നുന്നു. ഒരു മൃഗത്തിന്റെ തലത്തില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കാനാവാതെ തനിക്കിഷ്ടമില്ലാത്ത മതത്തെയും അതിന്റെ ആരാധ്യരെയും നേതാക്കളെയും താറടിക്കാനായി സചിത്രബ്ലോഗ് നടത്തുന്ന .... പോലുള്ള അനോണികള്‍ ബ്ലോഗര്‍മാരായി തുടരുമ്പോഴും ഈ ബൂലോകം പൊതുവെ മലീമസമാകാതെ നില്‍ക്കുന്നല്ലോ എന്നോര്‍ത്ത് നമ്മുക്ക് ആശ്വസിക്കാം. അത്തരം വര്‍ഗീയ കോമരങ്ങള്‍ ഒരു മീറ്റിനും വരില്ല. അവര്‍ പറയുന്നതിലെ അസത്യത്തിന് അവരുടെ ഈ ഒളിച്ചുകളി തന്നെയാണ് ഏറ്റവും വലിയ തെളിവ്.

ഏതായാലും പോസ്റ്റിലെ ഇത്തരം ചിന്തയുടെ പ്രേരകം നന്മയോടുള്ള സ്‌നേഹം തന്നെയാണ് എന്ന് സമ്മതിക്കാതെ തരമില്ല.