2010-07-20

കേരളത്തിലില്ലാത്ത ‘കേരളം’

ഇന്നത്തെ കമന്റ്:


സത്യത്തില്‍ ‘കേരളം’ സംഭവിക്കുന്നത് കേരളത്തിലേയല്ല ഗള്‍ഫില്‍ തന്നെയാണ്.  ഓണത്തിന് വിലയ്ക്ക് വാങ്ങിയ രണ്ടോ മൂന്നോ തരം പൂക്കള്‍ കൊണ്ട് വലിയ പൂക്കളം തീര്‍ക്കുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും സ്വന്തം അണുകുടുംബം മാത്രം അത് ആസ്വദിക്കുകയും ഭുജിക്കുകയും ചെയ്യുന്ന  ‘കേരളം’  ഈ നീണ്ടു മെലിഞ്ഞ കേരളത്തിലല്ലാതെ ഗള്‍ഫില്‍ ഉണ്ടോ?

ഗള്‍ഫ് കുടിയേറ്റം സാര്‍വ്വത്രികമായിട്ട് അമ്പത് കൊല്ലമായിട്ടില്ല. ഒരു മുപ്പത് മുപ്പത്തഞ്ച് പറയാം. അതിനും മുന്‍പ് സിങ്കപ്പൂര്‍ , അക്യാബ് , ബര്‍മ്മ അങ്ങനെ പല സ്ഥലങ്ങള്‍ . ഒരിക്കല്‍ പ്രവാസിയായിപ്പോയാല്‍ പിന്നെ കേരളത്തില്‍ റീ-സെറ്റിലിങ്ങ് എന്നത് ഇന്നത്തെ അവസ്ഥയില്‍ സാധ്യമല്ല. അടുത്തെങ്ങാനും മാറ്റം വരാനും പോകുന്നില്ല.  ആ രീതിയില്‍ നാട്ടിലെ ജീവിതം ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു.  എത്രയോ വീടുകളില്‍ പുരുഷന്മാരില്ല.  അതില്‍ ആര്‍ക്കും പരാതിയുമില്ല. ബാങ്ക് അക്കൌണ്ടില്‍ ക്രഡിറ്റ് വരുന്നുണ്ടല്ലോ. ചാറ്റ് ചെയ്യുമ്പോള്‍ എന്നോട് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു: ഞങ്ങള്‍ മെഴുക് തിരികളാണ്, എന്നിട്ടും വെളിച്ചം പോര എന്നാണ് പരാതി.  ദീര്‍ഘമായ ചാറ്റിന് ശേഷം അവന്‍ പറഞ്ഞു, എല്ലാ പ്രവാസികളുടെയും ആത്മരോഷമാണിത്.  പ്രവാസം മൂലം ലഭിക്കുന്ന അധികപണം സ്വാഭാവികമായും ധൂര്‍ത്ത് ചെയ്യപ്പെടുകയാണ്. മദ്യപിച്ച് കേരളം ആര്‍മ്മാദിക്കുന്നത് മാത്രം മിച്ചം.

നാട്ടിലെ ഒരു ഓട്ടോ ഡ്രൈവര്‍ എന്നോട് പറഞ്ഞു. കഷ്ടിച്ച് ജീവിയ്ക്കാനുള്ള വരുമാനമേയുള്ളൂ. എന്നാലും രാത്രി വീട്ടിലെത്തി ഭാര്യയെയും മക്കളെയും കാണുമ്പോള്‍ ലക്ഷത്തേക്കാളും വിലയുള്ള സംതൃപ്തി ലഭിക്കുന്നു. കല്യാണം കഴിഞ്ഞ് ആദ്യമാസം തന്നെ ഗല്‍ഫില്‍ പോയ ഒരു ബന്ധു കഴിഞ്ഞ മാസം നാട്ടിലെത്തി എന്നെ കാണാന്‍ വന്നു.  അവന്‍ പറഞ്ഞു: ഇപ്രാവശ്യം കൂടി പോയി വേഗം തിരിച്ചു വന്ന് നാട്ടില്‍ എന്തെങ്കിലും നോക്കണം. ഇല്ല, വിവാഹപ്രായമെത്തിയ നിന്റെ രണ്ട് പെണ്‍‌മക്കളെ കല്യാണം കഴിച്ചയക്കണമെങ്കില്‍ ഇന്നത്തെ നിലയ്ക്ക് ഒരു ആ‍യുസ്സ് കൂടി കടം വാങ്ങി ഗല്‍ഫില്‍ പോകേണ്ടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞത് അവന്‍ കേട്ടുവോ എന്ന് ഞാന്‍ ഭയന്നു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്റെ വീട്ടിനടുത്താണ്. പേര് കണ്ണൂര്‍ എന്നാണെങ്കിലും കോളജ് അഞ്ചരക്കണ്ടിയിലാണ്.  പൂട്ടിയിട്ടിരുന്ന വീട് വാടകയ്ക്കായി എന്നെ ഒരു പ്രവാസി സമീപിച്ചു. അയാളുടെ മകള്‍ അവിടെ എം.ബി.ബി.എസ്സിന് രണ്ടാം വര്‍ഷം പഠിക്കുന്നു. സൌദിയില്‍ മുപ്പത്തഞ്ച് വര്‍ഷമായി എഞ്ചിനീയര്‍ ആണയാള്‍.  മകളുടെയും മകന്റെയും കൂടെ ഭാര്യയ്ക്ക് കോളേജിന്റെ അടുത്ത് താമസിക്കാന്‍ വേണ്ടിയാണ് വീട്. അയാളുടെ അവധി തീരാറായി. പ്ലസ് റ്റു കഴിഞ്ഞ മകന് വേണ്ടിയും ഒരു കോഴ്സ് അയാള്‍ തിരയുന്നുണ്ടായിരുന്നു.  മകന്റെ ഭാവിയെപറ്റി അയാള്‍ പറഞ്ഞു. മകന് നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു വിദ്യാഭ്യാസം അവന് നല്‍കണം.  ഞാന്‍ മുപ്പത്തഞ്ച് വര്‍ഷമായി പുറത്ത്.  സമയം പോയി എന്നല്ലാതെ ജീവിച്ച പോലെ ഒരു പ്രതീതിയുമില്ല. ഒരു കല്യാണത്തിന് സംബന്ധിച്ചില്ല. മരണവീടുകളില്‍ കയറിയിറങ്ങിയില്ല. ഒരു ചടങ്ങിലും പങ്കെടുത്തില്ല. അഥവാ പോയാലും പരമാവധി അഞ്ച് വര്‍ഷം പണിയെടുത്ത് അവനോട് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ പറയണം.  നിങ്ങള്‍ക്ക് ഇത്രയും കാലത്തിന് ശേഷം ഉദിച്ച ബുദ്ധി മകന് അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാകുമോ എന്ന എന്റെ ചോദ്യം അയാള്‍ക്ക് മനസ്സിലായില്ല. അഥവാ അതിനെക്കുറിച്ച് പറയാതെ മറ്റ് വിഷയങ്ങളിലേക്ക്  അയാള്‍ കടക്കുകയായിരുന്നു വിദൂരതയിലേക്ക് നോക്കിക്കൊണ്ട്. ജീവിതം ഒരു പ്രഹേളിക എന്നല്ലാതെ എന്ത് പറയാന്‍ .....

2 comments:

Kalavallabhan said...

ഈ വിഷയത്തിൽ ഒരഭിപ്രായം പറയാൻ പലരും പേടിക്കുന്നുണ്ടാവും.
മറക്കാൻ ശ്രമിക്കുന്ന സ്വന്തം കാര്യങ്ങൾ തികട്ടി വന്നേക്കും.
ഇന്ന് കേരളത്തിന്റെ ആത്മാവ് കേരളത്തിലുണ്ടാവില്ല അതും പ്രവാസത്തിലായിരിക്കും. കാരണം ഒരോ ദിവസത്തേയും പത്രമെടുത്ത് വായിക്കുമ്പോൾ മനസ്സിലാവില്ലേ.

മാനവന്‍ said...

മാഷെ , സത്യം .