2010-05-08

ഹര്‍ത്താല്‍ ; ലക്ഷ്യവും മാര്‍ഗ്ഗവും

നനവ് എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഓഫ് ടോപിക് ആയി എഴുതേണ്ടി വന്ന ഒരു കമന്റ് ഇവിടെയും :


പ്രിയ ബ്ലോഗര്‍ ,  ഹര്‍ത്താല്‍  എന്നത്  ആദ്യമാദ്യം ദു:ഖസൂചകമായിട്ടായിരുന്നു ആചരിച്ചു വന്നിരുന്നത് എന്നാണ് എന്റെ ഓര്‍മ്മ.  നമുക്ക് ആദരണീയരായിട്ടുള്ളവര്‍ മരണപ്പെട്ടാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍  ആളുകള്‍ സ്വമേധയാ കടകളച്ചും പണികള്‍ മതിയാക്കിയും  കറുപ്പ് കൊടികളുമായി മൌനജാഥയില്‍ അണിചേരുമായിരുന്നു. നഷ്ടപ്പെട്ടുപോയ ചില മൂല്യങ്ങളും  നേരും നെറികളുമൊക്കെ പുനരാര്‍ജ്ജിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെങ്കിലും അതൊക്കെ ഇനി കഴിയുമോ എന്ന് സംശയമാണ്.

കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അത് ബന്ദ് തന്നെയാണ്. അങ്ങനെയാണ് ജനം മനസ്സിലാക്കുന്നതും  സംഘാടകര്‍ ഉദ്ദേശിക്കുന്നതും.  ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും  അതിനോട് ആഭിമുഖ്യമുള്ളവര്‍ മാത്രം അതില്‍ പങ്ക് കൊള്ളുകയുമാണ് ഹര്‍ത്താലിലെ ധാര്‍മ്മികത. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇക്കാലത്ത് ആരും അത് ചെവിക്കൊള്ളുകയില്ല. അപ്പോള്‍ ആഹ്വാനം ചെയ്തവര്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടും. അത്കൊണ്ട് ജനങ്ങളെ ബന്ദികളാക്കി ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് ആഹ്വാനം ചെയ്തവര്‍ ശ്രമിക്കുക.  പഴയ ഹര്‍ത്താല്‍ രൂപത്തെ ഇനി തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ബന്ദും പൊതുപണിമുടക്കും  കോടതി നിരോധിച്ചതിന് ശേഷമാണ് ഹര്‍ത്താലിന് ബന്ദ് എന്ന അര്‍ത്ഥം കൈവന്നത് എന്നറിയാമല്ലൊ.  ഇതൊക്കെ ജനങ്ങള്‍ ഭയന്ന് കഴിയുന്ന ഭീരുക്കള്‍ ആയത്കൊണ്ടാണ് വിജയിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്.  ബാംഗ്ലൂരില്‍ ഭരണകക്ഷിയായ ബി.ജെ.പി.ആഹ്വാനം ചെയ്താല്‍ പോലും ഒരു ഹര്‍ത്താലും വിജയിക്കാറില്ല.

ഗാന്ധിയന്‍ സമര മുറകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങള്‍  ഇങ്ങനെ ഇല്ലാത്ത കാല്പനികത ഹര്‍ത്താലിന് ചാര്‍ത്തിക്കൊടുത്തുകൊണ്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു.  കണ്ണൂരില്‍ ഒരു ഹര്‍ത്താല്‍ വിരുദ്ധമുന്നണി ശ്രീമാന്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താങ്കളെ പോലുള്ളവര്‍ അതിനോടും സഹകരിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനവിരുദ്ധമായ എന്തിനെയും നമ്മള്‍ ജനാധിപത്യമാര്‍ഗ്ഗത്തിലും ഗാന്ധിയന്‍ വഴിയിലും എതിര്‍ക്കേണ്ടേ?

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്നതല്ലേ നമുക്ക് ഗാന്ധിജിയില്‍ നിന്ന് ലഭിച്ച മഹത്തായ പാഠം. അതായത് മഹത്തായ ലക്ഷ്യം പോലെ തന്നെ അതിലേക്കുള്ള മാര്‍ഗ്ഗവും മഹത്തായതായിരിക്കണം.  എന്തെന്നാല്‍  മാര്‍ഗ്ഗമാണ് എപ്പോഴും മുന്നില്‍ ഉള്ളത്. ലക്ഷ്യം എന്നും അകലെയായിരിക്കും.  ഇതിന് നേര്‍വിപരീതമാണ് കമ്മ്യുണിസ്റ്റുകാരുടെ തിയറി.  ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണവരുടെ സിദ്ധാന്തം. അതായത് ലക്ഷ്യം മഹത്താണെങ്കില്‍ മാര്‍ഗ്ഗം എന്ത് കാട്ടാളത്തവുമാകാം. ഫലമോ അവര്‍ എന്നും ഫാസിസ്റ്റുകള്‍ തന്നെ.  അത്കൊണ്ടാണ്  സ്വന്തം  പൌരന്മാരെ പോലും അവര്‍ക്ക്  നിഷ്ക്കരുണം കൊന്നൊടുക്കാന്‍ കഴിയുന്നത്.  ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതികള്‍ നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണെന്ന് അറിയുക.  അതിനവരെ പ്രേരിപ്പിച്ചത് മഹത്തായ ലക്ഷ്യം തന്നെയാണ്. പക്ഷെ ലക്ഷ്യം എന്നത് മനുഷ്യസമൂഹത്തെ സംബന്ധിച്ച്  അമൂര്‍ത്തമായൊരു സങ്കല്പമാണ്. അത് അപ്രാപ്യമാം വിധം അകലേക്ക് നീണ്ട് പോകുന്നതാണ്.  മാര്‍ഗ്ഗമേ എന്നും മുന്നില്‍ മൂര്‍ത്തമായുള്ളൂ.  ഹിംസയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തവന് പിന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല.  അതാണ് കമ്മ്യൂണിസം പരാജയപ്പെടാനും  അവര്‍ ജനശത്രുക്കള്‍ ആകാനും കാരണം.

നമ്മെ സംബന്ധിച്ച് മാര്‍ഗ്ഗം ശുദ്ധവും ജനവിരുദ്ധമല്ല്ലാത്തതുമായിരിക്കണം.  അത്തരത്തില്‍ ഹര്‍ത്താലിനെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്.  എന്റെ കാഴ്ചപ്പാട് അര്‍ഹിക്കുന്ന ഗൌരവത്തോടെ ആ‍ലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

5 comments:

Pratheep Srishti said...

താങ്കൾ ഈ പ്രസ്താവനയിലുടനീളം പ്രകടിപ്പിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്. ഇത് വായിച്ചാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരും സഹയാത്രികരും മാ‍ത്രമെ ഹർത്താൽ നടത്തുന്നുള്ളു എന്നു തോന്നിപ്പോകുക സ്വാഭാവികം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നത് ചരിത്രാതീതകാലം മുതലുള്ള കണ്ടെത്തലാണ്. ലോകചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകളല്ല ഏറ്റവുമധികം കൂട്ടക്കൊലകൾ നടത്തിയിട്ടുള്ളത്, മറിച്ച് ഒരു മതവിഭാഗമാണെന്ന സത്യം താങ്കൾ മറക്കരുത്. കേരളത്തിലെ സധാരണക്കാരായ ജനവിഭാഗങ്ങൾ ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങളിൽ 80% വും കമ്മ്യൂണിസ്റ്റുകാരുടെ സമരങ്ങളിലൂടെയാണെന്നത് താങ്കൾക്ക് നിഷേധിക്കാൻ സാധിക്കുമോ?

Unknown said...

@ പ്രതി ,

1- കമ്മ്യൂണിസ്റ്റ് വിരുദ്ധത കുറ്റമല്ല. കമ്മ്യൂണിസ്റ്റുകള്‍ വിരോധിക്കുന്നത്പോലെ വിരോധിക്കപ്പെടുകയും ചെയ്യണം.

2- ഹര്‍ത്താലിനാണ് എതിര്, ആര് നടത്തിയാലും.

3- ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്ന ഗാന്ധിയന്‍ ഫിലോസഫിയാണ് എനിക്ക് പഥ്യം.

4- സ്റ്റാലിന്‍, പോള്‍‌പോട്ട് തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണാധികള്‍ കമ്മ്യൂണിസം നടപ്പാക്കാന്‍ സ്വന്തം പ്രജകളെയാണ് കൊന്നൊടുക്കിയത്. അത് ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.

5- കേരളത്തില്‍ കമ്മ്യൂ.സമരങ്ങള്‍ കൊണ്ട് ഉണ്ടായ നേട്ടം തൊഴില്‍ ശാലകള്‍ എല്ലാം പൂട്ടിച്ച് മലയാളികളെ കൂട്ടപ്രവാസികള്‍ ആക്കിയെന്നതാണ്. അങ്ങനെ പൂട്ടിപ്പോയ ഫാക്ടറികളും സ്ഥലവും കൈയ്യൂക്കും തന്ത്രവും ഉപയോഗിച്ച് കരസ്ഥമാക്കി അവിടെ പഞ്ചനക്ഷത്രഹോട്ടലുകളും ഐമാക്സ് തിയേറ്ററുകളും സ്ഥാപിക്കുകയാണ് ഇന്ന് സി.പി.എം.

ഈ പാര്‍ട്ടി തൊഴിലാളികളുടെ ചോര കുടിച്ച് കൊഴുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ ഉപ്പ് സൂക്ഷിച്ച കലം പോലെയാണ്. കമ്മ്യൂണിസം ലോകത്ത് നിന്ന് അപ്രത്യക്ഷമായി വരുന്നു. കേരളത്തിലും കുറെ കഴിഞ്ഞാല്‍ വിസ്മയ മോഡല്‍ തീം പാര്‍ക്കുകളും നിരവധി കെട്ടിടസമുച്ചയങ്ങളും മാത്രമേ ബാക്കിയുണ്ടാകൂ.

Manoj മനോജ് said...

"ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്ന ഗാന്ധിയന്‍ ഫിലോസഫിയാണ് എനിക്ക് പഥ്യം"
:) അതാണല്ലോ അദ്ദേഹം "ബ്രഹ്മചര്യ" എന്ന ലക്ഷ്യത്തിന് വേണ്ടി “താന്ത്രിക്ക് വിദ്യ” എന്ന മാര്‍ഗ്ഗം തന്നെ പരീക്ഷിച്ചതും...

"കമ്മ്യൂണിസം ലോകത്ത് നിന്ന് അപ്രത്യക്ഷമായി വരുന്നു."
കുറേ നാളായി ഇത് കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്... ഇവര്‍ എന്നാണാവോ അപ്രത്യക്ഷമാകുന്നത്? ഈ ജന്മത്തില്‍ തന്നെ കാണാമെന്ന് വെച്ചാല്‍... എവിടെ? ദാ ചൈന കയറി അങ്ങ് പോകുന്നു.... അവരുടെ “കാരുണ്യത്തിനായി” വമ്പന്‍ രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നു :)

Unknown said...

ചൈനയില്‍ കമ്മ്യൂണിസം അസ്തമിച്ചു മനോജേ. അവിടെ ഇപ്പോള്‍ മുതലാളിത്തവും ഏകകക്ഷിഭരണവുമാണ് ഉള്ളത്. ചൈനാപ്രേമം കമ്മ്യൂണിസത്തിന്റെ പേരിലാണെങ്കില്‍ അതൊഴിവാക്കൂ. പിന്നെ കമ്മ്യുണിസം ഈ ഗതിയില്‍ എത്തിയില്ലേ അത് ചില്ലറക്കാര്യമാണോ? കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് കമ്മ്യുണിസമല്ല. കിട്ടാവുന്ന ചാന്‍സിന് ഭൂമി കൈയ്യേറിയും സൊസൈറ്റികളും ട്രസ്റ്റുകളും തട്ടിക്കൂട്ടി കോടികള്‍ പിരിച്ചും മാഫിയകള്‍ക്ക് ഒത്താശ ചെയ്തും വ്യാപാരം ചെയ്യുന്ന ഒരു കറക്ക് കമ്പനിയാണ്. കമ്മ്യൂണിസവും അതും തമ്മില്‍ ബന്ധമില്ല.

കുസുമം ആര്‍ പുന്നപ്ര said...

സര്‍
ഹര്‍ത്താല്‍ ഒരിക്കലും ആര് നടത്തിയാലും
ന്യായികരിക്കാന്‍ പറ്റുകയില്ല.
ഇവിടെ ഹര്‍ത്താല്‍ നടത്തി എന്തെങ്കിലും
നേടുന്നുണ്ടോ?