2010-04-27

വേണം ഒരു രണ്ടാം സ്വാതന്ത്ര്യസമരം

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ് :

പാര്‍ട്ടിഭക്തി എന്നത് പെന്തക്കോസ്തുകാരേക്കാളും അന്ധമാണ് ഇടത് അനുഭാവികള്‍ക്ക്.  അവര്‍ പാവം അനുഭാവികള്‍ എന്ന ഗണത്തില്‍ പെടുന്ന പാര്‍ട്ടി വിശ്വാസികള്‍ മാത്രമാണ്. മതവിശ്വാസം പോലെ പാര്‍ട്ടിവിശ്വാസം തലയ്ക്ക് പിടിച്ചവര്‍ . ഇവരൊന്നും പാര്‍ട്ടി മെംബര്‍മാരോ പാ‍ര്‍ട്ടിയില്‍ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നവരോ അല്ല. വിശ്വാസത്തിന്റെ പുറത്ത് പാര്‍ട്ടിയെ ന്യായീകരിക്കുകയും നേതാക്കള്‍ക്ക് സംരക്ഷണവലയം തീര്‍ക്കുകയും ചെയ്യുന്ന പാവങ്ങള്‍ .

എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരോടും മനസ്സ് തുറന്ന് പറയുകയോ പ്രതികരിക്കുകയോ ചെയ്യുകയില്ല. എന്താണ് പാര്‍ട്ടി എന്ന് അവര്‍ക്കേ അറിയൂ.  24മണിക്കൂറും പാര്‍ട്ടിയുടെ പദ്ധതികള്‍ ഇം‌പ്ലിമെന്റ് ചെയ്യുന്നതില്‍ ശ്രദ്ധാലുക്കള്‍ ആണവര്‍.  ആ പദ്ധതികള്‍ ജനങ്ങള്‍ക്കോ നാടിനോ ഗുണവും പുരോഗതിയും ഉണ്ടാവണം എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിയല്ല. പാര്‍ട്ടി നിലനില്‍ക്കണം, പാര്‍ട്ടിക്ക് ആസ്തികള്‍ വര്‍ദ്ധിക്കണം,എതിരാളികളെ ഒതുക്കണം ഇത് മാത്രമാണ് പദ്ധതികള്‍. പാര്‍ട്ടി നിലനില്‍ക്കേണ്ടത്  അവരുടെ ജീവന്മരണപ്രശ്നമാണ്.

സാമാന്യയുക്തി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്കൊണ്ടാണ് കപട ആത്മീയതയുടെ പേരില്‍ കുറെ ആള്‍ദൈവങ്ങളും കപടരാഷ്ട്രീയത്തിന്റെ പേരില്‍ കുറെ സ്വാര്‍ത്ഥമതികളായ നേതാക്കളും അരങ്ങ് വാഴുന്നത്. ഇതിലൊന്നും അടുത്ത കാലത്തൊന്നും മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ഒരു പക്ഷെ ഇനിയങ്ങോട്ട് ജനിതകമായി തന്നെ മനുഷ്യര്‍ വെറും അന്ധവിശ്വാസികള്‍ മാത്രമായിരിക്കാം. ഒരു പരിഷ്കൃതസമൂഹത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ പാടില്ല. അവിടെ പൌരന്മാരേ പാടുള്ളൂ. ആ പൌരസമൂഹമാണ് രാഷ്ട്രീയവും ജനാധിപത്യവും കൈയ്യാളേണ്ടത്.  പാര്‍ട്ടിവിശ്വാസികള്‍ കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയമോ ജനാധിപത്യമോ അല്ല. അവര്‍ നേതാക്കള്‍ക്ക് പല്ലക്ക് ചുമക്കുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെ പല്ലക്ക് ചുമക്കുന്നവരാണ് പാര്‍ട്ടിഭക്തിയില്ലാത്തവരെ അരാഷ്ട്രീയക്കാര്‍ എന്ന് ചാപ്പ കുത്തുന്നത്.

ഇവിടെ ഈ പാര്‍ട്ടിഭക്തന്മാര്‍ സംഘടിതരാണ്. ഒറ്റപ്പെട്ട പൌരന്മാര്‍ അസംഘടിതരും നിസ്സഹായരുമാണ്. അത്കൊണ്ടാണ് അവര്‍ക്ക് ഉറക്കെ ചിന്തിക്കാന്‍ കഴിയാത്തത്.  വിദ്യാഭ്യാസമുള്ളവര്‍ പൌരസമൂഹത്തിന്റെ ഭാഗമായി ചേരാന്‍ തയ്യാറാവുന്നില്ല എന്നതാണ് നമ്മുടെ ദൌര്‍ഭാഗ്യം. ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന്  കക്ഷിരാഷ്ട്രീയാടിമത്വത്തിലാണ് നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നത്.  കക്ഷിരാഷ്ട്രീയനേതാക്കളില്‍ നിന്ന് രാഷ്ട്രീയവും ആധിപത്യവും തിരിച്ചുപിടിച്ച് അതിന്റെ യഥാര്‍ഥ ഉടമകളായ ജനങ്ങളിലേക്ക് അവ എത്തിക്കാന്‍ ഒരു രണ്ടാം സ്വാതന്ത്ര്യസമരം ആവശ്യമായിരുന്നു. (ഇന്ന് ജനം എന്ന് പറഞ്ഞാല്‍ തങ്ങള്‍ക്ക് പല്ലക്ക് ചുമക്കുന്ന വിഭാഗം മാത്രം എന്നാണ് അല്പന്മാരായ നേതാക്കള്‍ കരുതുന്നത്. അത്കൊണ്ടാണ് എന്തിനുമേതിനും അവര്‍ ജനത്തെ പിടിച്ചു ആണയിടുന്നത്.) അതിന് സ്വതന്ത്രമായി ചിന്തിക്കുന്നവരും ഇന്ന് നിസ്സംഗരായി മാറി നില്‍ക്കുന്ന വിവരമുള്ളവരും മുന്നോട്ട് വരണം. ഒരു ചെറിയ പ്രതികരണത്തില്‍ നിന്ന് ആ മുന്നേറ്റം ആ‍രംഭിക്കാവുന്നതേയുള്ളൂ.  നോക്കാം, കാത്തിരിക്കാം.

3 comments:

മുള്ളൂക്കാരന്‍ said...

മാഷെ, "ഒരു പരിഷ്കൃതസമൂഹത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ പാടില്ല. അവിടെ പൌരന്മാരേ പാടുള്ളൂ." എന്ന മാഷിന്റെ വാക്കുകള്‍ ഒരു അരാഷ്ട്രീയ വാദത്തിന്റെ ചുവ ഇല്ലാതില്ല. ഇത് തന്നെയാണ് , ഈ ചിന്താഗതി തന്നെ യാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നവും... രാഷ്ട്രീയ ബോധം ഇല്ലാത്ത ഒരു ജനതയെ, ( പാര്‍ടി വിശ്വാസം ഇല്ലാത്തവന്‍ എന്നര്‍ത്ഥമില്ല .. രണ്ടും രണ്ടാണ്...) പ്രതികരണ ശേഷി ഇല്ലാത്ത ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നത് ഇവിടെ പലരുടെയും അജണ്ടയായിരുന്നു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.. അതില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്.. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍-സാമൂഹ്യബോധം വളരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അവന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് എന്നാണു ഞാന്‍ മനസ്സിലാക്കിയത്.. ഒരു പത്തു വര്ഷം മുന്‍പുള്ള തലമുറയുടെ രാഷ്ട്രീയ സാമൂഹ്യ ബോധം, അതിനു ശേഷമുള്ള ഈ പുതു തലമുറയ്ക്ക് നഷ്ട്ടപ്പെട്ടതിനു പ്രധാന കാരണം സ്കൂളുകളിലെ അരാഷ്ട്രീയ വല്‍ക്കരണം തന്നെയാണ്. അന്ന് നമ്മളെ നിയന്ത്രിക്കാന്‍ പല വിദ്യാര്‍ഥി സംഘടനകളും ഉണ്ടായിരുന്നു... ആശയം എന്തായിരുന്നാലും കുട്ടികളില്‍ സാമൂഹ്യബോധം ഉളവാക്കാന്‍ ഈ സംഘടനകള്‍ ചെലുത്തിയ സ്വാധീനം മറക്കാനാകില്ല. സ്കൂളുകളിലെ രാഷ്ട്രീയ നിരോധാനത്തോടെ കുട്ടികളെ നിയന്ത്രിക്കാനോ അവരില്‍ രാഷ്ട്രീയ ബോധം വളര്‍ത്താനോ ആളില്ലാതായി.. അതിന്റെ ഭവിഷ്യത് ഇപ്പോഴുള്ള തലമുറയില്‍ കാണുന്നുണ്ടല്ലോ..? ആ തലമുറ വളര്‍ന്നു വരുമ്പോഴേക്കും, കൂടിവന്നാല്‍ ഒരു പത്തു വര്ഷം കൊണ്ട് നമ്മുടെ നാട് പിടിച്ചാല്‍ കിട്ടാത്തത്ര തരം താണ നിലയിലേക്ക് ഇതും എന്നുറപ്പ്.

Unknown said...

ഷാജീ , രാഷ്ട്രീയബോധം ഉള്ള വ്യക്തി എന്നാണ് പൌരന്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയബോധം എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത് വേദവാക്യമായി വിശ്വസിച്ച് അവര്‍ക്ക് ഹല്ലേലുയ്യ പാടലല്ല. അതാണ് രാഷ്ട്രീയം എന്ന് ഇവിടെ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു. ആ മുന്‍‌വിധിയില്‍ നിന്നാണ് ഷാജിയുടെയും വാക്കുകള്‍ വരുന്നത്.

പൌരന്‍ എന്ന വാക്കിന് വിശാ‍ലമായ അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ പ്രാപ്തന്‍ എന്നാണ് ആ വാക്കിന്റെ പ്രധാനപ്പെട്ട അര്‍ത്ഥം. രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയല്ല വേണ്ടത്. സ്വതന്ത്രമായ നിലപാട് സ്വീകരിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ഒക്കെയാണ് വേണ്ടത്. രാഷ്ട്രീയം പഠിക്കാന്‍ പോളിറ്റിക്കല്‍ സയന്‍സ് തന്നെയാണ് പഠിക്കേണ്ടത്. അല്ലാതെ പാര്‍ട്ടിപത്രമോ നേതാക്കളുടെ അവസരവാദപരമായ പ്രസംഗങ്ങളോ അല്ല. കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മോചിതനായ വ്യക്തിക്ക് മാത്രമേ യഥാര്‍ത്ഥരാഷ്ട്രീയം മനസ്സിലാകൂ. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകരും മെമ്പ്രന്മാരും ഭാരവാഹികളും മതി. അനുഭാവികള്‍ വേണ്ട. പൌരന്മാര്‍ രാഷ്ട്രീയം മനസ്സിലാക്കി തെരഞ്ഞെടുപ്പിന് യുക്തമാ‍യി വോട്ട് ചെയ്യട്ടെ. അപ്പോള്‍ പാര്‍ട്ടികള്‍ വോട്ടര്‍മാരെ ഭയപ്പെടും. അവര്‍ ശരിയായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ബ്ബന്ധിതരാകും.

രാഷ്ട്രീയമായി ഒരു മാറ്റവും നാട്ടില്‍ വരാതിരിക്കാന്‍ കാരണം ജനങ്ങളെ ഇങ്ങനെ പാര്‍ട്ടികള്‍ വീതം വെച്ച് ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ്. പൌരന്‍ എന്നാല്‍ ഉയര്‍ന്ന സാമൂഹ്യ-രാഷ്ട്രീയ ബോധമൂള്ളവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് നിരന്തരമായ വിദ്യാഭ്യാസത്തിലൂടെയും ചിന്തകളിലൂടെയും ആര്‍ജ്ജിക്കേണ്ട ഒരു മാനസിക പരിണാമമാണ്. പാര്‍ട്ടിചിഹ്നങ്ങള്‍ വിഗ്രഹങ്ങള്‍ പോലെ സ്ഥാപിച്ച് നിര്‍വൃതി കൊള്ളുകയും പാര്‍ട്ടിക്കൊടിയെ വൈകാരികമായി കാണുകയും ചെയ്യുന്നവര്‍ പൌരന്മാര്‍ എന്ന ഗണത്തില്‍ അല്ല പാര്‍ട്ടിഭക്തന്മാര്‍ എന്ന ഗണത്തിലാണ് പെടുക. അത്കൊണ്ടൊക്കെ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല കക്ഷിരാഷ്ട്രീയാധിപത്യമാണ്.

അരാഷ്ട്രീയം അരാഷ്ട്രീയം എന്ന് രാ‍ഷ്ട്രീയക്കാര്‍ കരയുന്നത് തങ്ങളുടെ കഞ്ഞികുടി മുട്ടിപ്പോകും എന്ന ഭയത്തിലാണ്. ഞാന്‍ പറയുന്നത് ഷാജിയ്ക്ക് മനസ്സിലാകുമോ എന്നറിയില്ല. രാഷ്ട്രീയവും പാര്‍ട്ടിരാഷ്ട്രീയവും രണ്ടാണ്. ഇത് തിരിച്ചറിയുന്നെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ഒരു സംവാദം സാധ്യമാകുകയുള്ളൂ.

Muhammed Shan said...

സുകുമാരന്‍ മാഷോട് യോജിക്കുന്നു..