2010-04-26

എന്തിനാ പഠിക്കുന്നേ .....


കൈപ്പള്ളിയുടെ സൈറ്റില്‍  ഇന്ന് എഴുതിയ കമന്റ്: 
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച് മാര്‍ക്ക് ലിസ്റ്റ് കൊടുക്കുന്ന ഉത്തരവാദിത്വമേയുള്ളൂ. കുറെ മന:പാഠം ചെയ്യുക, അതില്‍ നിന്ന് ഓര്‍മ്മയില്‍ തെളിയുന്നത് പരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ പകര്‍ത്തി വയ്ക്കുക.പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് ലിസ്റ്റ് വാങ്ങുന്നതോട് കൂടി മന:പാഠം ചെയ്തതെല്ലാം ഉപേക്ഷിക്കുക അല്ലെങ്കില്‍ മറക്കുക. ഇത്രയേ വിദ്യാഭ്യാസം എന്ന അഭ്യാസം കൊണ്ട് അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃസമൂഹം കേരളത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.

പാഠപുസ്തകങ്ങളുമായോ സിലബസ്സുമായോ ഇതിനപ്പുറം ബന്ധമുണ്ടെന്ന് ആരും കരുതുന്നില്ല. പാഠഭാഗങ്ങള്‍ മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും ഒക്കെയുള്ള സംഗതികളുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ ഗ്രഹിച്ചു പഠിക്കാത്തത്കൊണ്ട് ഔപചാരികവിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ആരും തുടര്‍ന്ന് ഒന്നും പഠിക്കുന്നുമില്ല. ചുരുക്കത്തില്‍ നിരക്ഷരരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പടിയിറങ്ങുന്നത്. സമൂഹത്തില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളും മുന്‍‌വിധികളും മാത്രമേ ഭാവിയിലേക്ക് മാര്‍ഗ്ഗദര്‍ശനമായി ഇക്കൂട്ടരുടെ ബോധമനസ്സില്‍ ശേഷിക്കുന്നുള്ളൂ. അങ്ങനെ വിശ്വാസജീവികളായ ഇക്കൂട്ടരെ വിവിധ മത-ജാതി-രാഷ്ട്രീയ സംഘടനകള്‍ പങ്കിട്ടെടുത്ത് അവരെ കൂടുതല്‍ കൂടുതല്‍ മന്ദബുദ്ധികളാക്കുന്നു.

അങ്ങനെ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന നികുതിദായകന്റെ പണം വെറും നേഷനല്‍ വേസ്റ്റ് ആയി തീരുന്നു. ഇതാണ് സമകാല വിദ്യാഭ്യാസത്തിന്റെ നേര്‍ചിത്രം. ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അത്രയേ വേണ്ടൂ. ഗോപാലകൃഷ്ണന്‍ എന്ന സ്യൂഡോ ബുദ്ധിജീവി മാത്രമല്ല അള്‍ട്രാലെഫ്റ്റ് പുരോഗമനവാദികള്‍ വരെ നിന്ന് പിഴച്ചു പോകുന്നത് ഈ മന്ദബുദ്ധിസമൂഹത്തെ ഉപജീവിച്ചുകൊണ്ടാണ്. അങ്ങനെയാണ് കേരളത്തില്‍ വാസ്തുവും,ആയുര്‍വേദവും,ജ്യോതിഷവും, ഹോമിയോവും,മാര്‍ക്സിസവും എല്ലാം വിശ്വാസമായി നിലനില്‍ക്കുന്നത്. ഇതില്‍ ഗോപാലകൃഷ്ണനെ മാത്രം അടര്‍ത്തിയെടുത്ത് ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നത് നീതീകരിക്കാവുന്നതല്ല. എല്ലാ വിശ്വാസങ്ങളും , വൈരുദ്ധ്യാധിഷ്ടിതഭൌതികവാദമടക്കം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.

4 comments:

Manoj മനോജ് said...

"അങ്ങനെയാണ് കേരളത്തില്‍ വാസ്തുവും,ആയുര്‍വേദവും,ജ്യോതിഷവും, ഹോമിയോവും,മാര്‍ക്സിസവും എല്ലാം വിശ്വാസമായി നിലനില്‍ക്കുന്നത്."

ഒന്ന് വിട്ടു കളഞ്ഞു... ഗാന്ധിസം :)

ആയുര്‍വേദത്തെ ഒഴിവാക്കാമായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ റിസര്‍ച്ച് നടക്കുന്നത് ഇന്ത്യയിലും ചൈനയിലും മരുന്നിനായി ഉപയോഗിക്കുന്ന ചെടികളില്‍ എന്ത് പ്രത്യേകതയാണുള്ളത് എന്ന് കണ്ടു പിടിക്കുവാനാണ്. പലതും ഉപയോഗയോഗ്യമാണെന്ന് കണ്ട് പേറ്റന്റ് വരെ അടിച്ച് മാറ്റാന്‍ ശ്രമിക്കുകയാണ് പല വിദേശ കമ്പനികളും :)

Unknown said...

ഗാന്ധിസം ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു മനോജ് :)

ആയുര്‍വേദത്തില്‍ റിസര്‍ച്ചോ ? അതെന്തോന്ന്. അപ്പോ പഞ്ചഭൂതസിദ്ധാന്തവും ത്രിദോഷചികിത്സയും ഒക്കെ സയന്റിഫിക്കായി പ്രൂഫ് ചെയ്യുമായിരിക്കും അല്ലേ :)

Unknown said...

എല്ലാ തെറ്റും ഒന്നിച്ച് തിരുത്തണമെന്ന് ആഗ്രഹിക്കാം . എന്നാല്‍ പ്രായോഗികമല്ല. ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ പരത്തുന്ന തെറ്റിദ്ധാരണകളെ ആരെങ്കിലും വിമര്‍ശിക്കുന്നെങ്കില്‍ അത് നല്ലകാര്യം. അതിലും വലിയ തട്ടിപ്പുകള്‍ ഉണ്ടെങ്കില്‍ നമുക്കും വിമര്‍ശിക്കാമല്ലോ. ഭൌതികത്തില്‍ ഡൊക്ടറേറ്റ് നേടുകയും വീട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയൊരു പ്രശ്നം കവീടി നിരത്തി തുടങ്ങുകയും ചെയ്യുന്ന നമ്മുടെ അതിബുദ്ധി അതേസമയം മന്ദബുദ്ധി സമൂഹത്തെ തിരുത്തല്‍ എളുപ്പമല്ലല്ലോ

Muhammed Shan said...

>> ഇതില്‍ ഗോപാലകൃഷ്ണനെ മാത്രം അടര്‍ത്തിയെടുത്ത് ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നത് നീതീകരിക്കാവുന്നതല്ല. എല്ലാ വിശ്വാസങ്ങളും , വൈരുദ്ധ്യാധിഷ്ടിതഭൌതികവാദമടക്കം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.<<

എല്ലാ കള്ളന്‍മാരെയും ഒരൊറ്റ ദിനം കൊണ്ട് പിടിക്കാന്‍ ഏതു പോലീസിനാണ് കഴിയുക???