പ്രപഞ്ചരഹസ്യങ്ങള്‍ മനുഷ്യന് പൂര്‍ണ്ണമായും ഇനിയും പിടി കിട്ടിയിട്ടില്ല. ലോകാവസാനത്തിന് മുന്‍പ് ആ രഹസ്യങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യര്‍ക്ക് വഴങ്ങുമോ എന്നും പറയാന്‍ കഴിയില്ല. പക്ഷെ ഒന്നുണ്ട്, സയന്‍സ് എന്നത് ഈ രഹസ്യങ്ങളെ നിതാന്തമായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ഇത്തരം അന്വേഷണങ്ങളില്‍ കൂടി മാത്രമേ മനുഷ്യന് പ്രപഞ്ചത്തെക്കുറിച്ചു വല്ലതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ,ഇനിയും കഴിയുകയുമുള്ളൂ. പ്രപഞ്ചത്തെ പറ്റി മനസ്സിലാക്കാന്‍ സയന്‍സിന്റേതല്ലാത്ത മറ്റൊരു മാര്‍ഗ്ഗവും നിലവിലില്ല. ഇതൊരു പച്ചപ്പരമാര്‍ത്ഥം മാത്രമാണ്.
വേദങ്ങള്‍,ബൈബിള്‍,ഖുര്‍ആന്‍ എന്നിവ എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ്. അതൊക്കെ ഇനി പരിഷ്ക്കരിക്കാനോ,തിരുത്താനോ ആര്‍ക്കും അവകാശമില്ല.സയന്‍സ് ആണെങ്കില്‍ അവസാനവാക്ക് ആര്‍ക്കും പറയാന്‍ അവകാശമില്ലാത്ത അവസാനിക്കാത്ത അന്വേഷണം മാത്രവും. സയന്‍സിന്റെ മാര്‍ഗ്ഗത്തിലൂടെ പ്രപഞ്ചത്തെ നോക്കിക്കാണാനും, മതഗ്രന്ഥങ്ങളില്‍ കൂടി പ്രപഞ്ചത്തെ മനസ്സിലാക്കാനും ശ്രമിക്കുന്നവര്‍ രണ്ട് വ്യത്യസ്ത മൈന്‍ഡ്‌സെറ്റ് ഉള്ളവരാണ്. ഇക്കൂട്ടര്‍ക്ക് അനവരതം തര്‍ക്കിക്കാമെന്നല്ലാതെ ഒരിക്കലും അന്യോന്യം ബോധ്യപ്പെടുത്താന്‍ കഴിയില്ല. അത്കൊണ്ടാണ് ഇത്തരം സംവാദങ്ങള്‍ വെറും ബൌദ്ധികകസര്‍ത്തുകള്‍ മാത്രമായി കാട് കയറി പോകാറുള്ളത്. മതത്തില്‍ വിശ്വസിക്കുന്നവരുമായി തര്‍ക്കത്തില്‍ ഇടപെടരുതെന്നും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യേണ്ടതെന്നും ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. കാരണം ഓരോ മതവിശ്വാസിയും അവന്റെ തന്നെ മതവുമായി ബന്ധപ്പെട്ട അനേകം അനാചാരങ്ങളെ എതിര്‍ക്കുന്നവന്‍ കൂടിയാണ്. ഇത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നതിലാണ് യുക്തിവാദിക്കും മതവിശ്വാസിക്കും യോജിക്കാന്‍ കഴിയുക. ദൈവത്തെക്കുറിച്ചും പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും അവനവന് ബോധ്യമുള്ളത് അപരനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ ഈ യോജിപ്പ് പൂര്‍ണ്ണമായി. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ തന്നെ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ മതവിശ്വാസികള്‍ തമ്മിലുമുണ്ട്. എന്നിട്ടും വ്യത്യസ്തമതവിഭാഗങ്ങള്‍ക്ക് സഹവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടല്ലൊ.
ടി.കെ. ചൂണ്ടിക്കാട്ടിയ ഒരു സംഗതി പ്രത്യേകം ചര്‍ച്ച അര്‍ഹിക്കുന്ന ഒന്നാണ്. എന്ത്കൊണ്ടാണ് യുക്തിവാദികള്‍ കമ്മ്യൂണിസത്തെ എതിര്‍ക്കാത്തത്? കമ്മ്യൂണിസവും ഒരര്‍ത്ഥത്തില്‍ തികഞ്ഞ അന്ധവിശ്വാസമായിട്ടേ യുക്തിസഹമായി ചിന്തിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുകയുള്ളൂ. ബാബു ഇവിടെ വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദത്തെയും, മനുഷ്യപ്രകൃതി പിന്തുണക്കുന്നില്ല എന്നതിന്റെ പേരില്‍ സ്ഥിതിസമത്വവാദത്തെയും മൃദുവായി തള്ളിക്കളയുന്നുണ്ട്. എന്നാല്‍ താന്‍ ഇടത്പക്ഷവിശ്വാസിയാണെന്നും പറയുന്നു. എന്താണ് ഈ ഇടത്പക്ഷം എന്നത്കൊണ്ട് വിവക്ഷിക്കുന്നത്? ഇടത്പക്ഷം എന്ന് പറയുന്നതും അന്ധമായ ഒരു വിശ്വാസമെന്നതില്‍ കവിഞ്ഞ് മറ്റെന്താണ്?
മതത്തെക്കാളും മനുഷ്യനെ ഇന്നും ഭീഷണിപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് വിശ്വാസികളാണെന്ന് അല്പം യുക്തി ഉപയോഗിച്ചു ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകേണ്ടതാണ്. മതവിശ്വാസം അനേകര്‍ക്ക് മന:ശാന്തി നല്‍കുന്നുണ്ട്. അത് വ്യാജമാണോ നിജമാണോ എന്ന് പരിശോധിക്കേണ്ടതില്ല.എന്തെന്നാല്‍ മന:ശാന്തിയെന്നാല്‍ അത് മന:ശാന്തി തന്നെയാണ്. ഏതൊരു മനുഷ്യനും മന:ശാന്തി ആവശ്യമായി വരുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അന്വേഷണതൃഷ്ണയെ ശമിപ്പിക്കുമെന്നല്ലാതെ ഭൌതികമായ കാഴ്ചപ്പാട് അത്തരം മുഹൂര്‍ത്തങ്ങളില്‍ മന:ശാന്തി ആര്‍ക്കും നല്‍കാന്‍ പര്യാപ്തമല്ല. മനുഷ്യമനസിന്റെ ഈ ദാരുണമായ അവസ്ഥ യുക്തിവാദികള്‍ക്ക് മനസ്സിലാകേണ്ടതാണ്.
എന്നാല്‍ കമ്മ്യൂണിസം, അത് ദര്‍ശനമായാലും, സാമൂഹികമായ ചിന്താപദ്ധതിയായാലും,രാഷ്ട്രീയമായ നിര്‍വ്വഹണമായാലും മനുഷ്യര്‍ക്ക് നല്‍കിയതും നല്‍കിക്കൊണ്ടിരിക്കുന്നതും അങ്ങേയറ്റം അന്ധവിശ്വാസവും അനാചാരങ്ങളുമല്ലാതെ മറ്റെന്താണ്? അത് കൂടാതെയാണ് അവരുടെ ഹിംസയും. ഞാന്‍ പറഞ്ഞു വരുന്നത് യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ എന്തിനെയെങ്കിലും എതിര്‍ക്കണമെങ്കില്‍ അവര്‍ കമ്മ്യൂണിസത്തെയും എതിര്‍ക്കേണ്ടതുണ്ട്. കാച്ചിക്കുറുക്കിയ അന്ധവിശ്വാസം ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാരില്‍ യുക്തിവാദികളില്ല. എന്തെന്നാല്‍ യുക്തിസഹമായി കമ്മ്യൂണിസ്റ്റുകാരന്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അവന് കമ്മ്യൂണിസത്തോട് വിട പറയേണ്ടി വരും. അത്കൊണ്ട് കമ്മ്യൂണിസത്തിലും കടുത്ത അന്ധവിശ്വാസികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
മനുഷ്യര്‍ മാനസികമായും ഭൌതികമായും അനവരതം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ദൌര്‍ഭാഗ്യവശാല്‍ പോംവഴികളില്ല. എന്നാല്‍ പരമമായ ആനന്ദവും ആശ്വാസവും മനുഷ്യന് ലഭിക്കുന്നത് മറ്റുള്ള ഏതെങ്കിലും വ്യക്തികളുടെ സാമീപ്യവും പരിഗണനയും ലഭിക്കുമ്പോള്‍ മാത്രമാണ്. പിന്നെ അവന്റെ ചില വിശ്വാസങ്ങളും. യുക്തിവാദികളും വിശ്വാസികളും അവനവന്റെ ഉള്ളില്‍ തന്നോട് തന്നെ സംവദിക്കട്ടെ. അന്യോന്യം തര്‍ക്കിക്കാതിരിക്കട്ടെ. ബാഹ്യലോകത്ത് അവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എത്രയോ മേഖലകളുണ്ട്.
കമ്മ്യൂണിസവും അന്ധവിശ്വാസമാണെന്ന് ഇവിടെ സൂചിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സൂചനകളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ യുക്തിപരമായി ചിന്തിക്കുന്നവര്‍ പ്രാപ്തരാണ്. അല്ലാത്തവര്‍ക്ക് വേണ്ടി കമന്റായി ഇവിടെ വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
ഇന്നയിന്ന കാരണങ്ങളാല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു ശക്തിയുണ്ടെന്നും ആ ശക്തി ദൈവമാണെന്നും വിശ്വാസികള്‍ പറയുമ്പോള്‍ ആ ലോജിക്കിലേക്ക് നയിച്ച കാരണങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്ന ആള്‍ക്ക് സ്വീകാര്യമല്ല. അത്കൊണ്ടാണ് ഉണ്ട് എന്ന് വിശ്വാസികള്‍ പറയുമ്പോള്‍ ആ ഉള്ളത് സത്യത്തില്‍ ഇല്ല എന്ന് യുക്തിവാദികള്‍ക്കും പറയേണ്ടി വരുന്നത്. യുക്തിവാദിയും വിശ്വാസിയും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനപരമായി ഇത്രയേയുള്ളൂ. ഈ വ്യത്യാസമാകട്ടെ ഒരിക്കലും സന്ധിക്കാത്ത സമാന്തരമായ മാനസികഘടനയാണ് താനും.
********************************************************************
ലത്തീഫിന്റെ ബ്ലോഗിലും ഇന്നൊരു കമന്റ് എഴുതി. വിഷയം സമാനമായതിനാല്‍ അതും ഇവിടെ പെയിസ്റ്റ് ചെയ്യുന്നു:
പ്രിയ ലത്തീഫ്, ഈ നിരീക്ഷണങ്ങളിലെ വസ്തുതാപരമായ പിശക് എന്ന് എനിക്ക് തോന്നുന്ന ചിലത് ചൂണ്ടിക്കാണിക്കട്ടെ. ഒന്നാമതായി “തങ്ങള്‍ ജനിച്ച മതം” എന്ന പ്രയോഗം തന്നെ നോക്കാം. ആരെങ്കിലും ഒരു മതത്തില്‍ ജനിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. ഒരു മതവും അങ്ങനെ അവകാശപ്പെടുന്നില്ല. അത്കൊണ്ടാണ് ജന്മനാ ഒരു മതത്തിലും പെടാത്ത ആളെ അതാത് മതങ്ങള്‍ തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കുന്നത്. മതം എന്നത് മനുഷ്യന് മുന്‍പെ സ്വയംഭൂവായി ഉണ്ടായ ഒന്നല്ലല്ലൊ. മതങ്ങള്‍ക്ക് മുന്‍പേ മനുഷ്യരുണ്ട്. ആ മനുഷ്യര്‍ ഒരു മതത്തിലും പെടാത്തവര്‍ ആയിരിക്കണമല്ലൊ. പിന്നീട് മതങ്ങള്‍ ആവിര്‍ഭവിക്കാനും മനുഷ്യര്‍ മതങ്ങളില്‍ ചേരാനും, ചേര്‍ന്നവര്‍ മതങ്ങള്‍ പ്രചരിപ്പിക്കാനും തുടങ്ങി. ഒരു മതത്തില്‍ ചേര്‍ന്നവരില്‍ ചിലര്‍ പിന്നീട് ആ മതം വിട്ട് വേറെ മതങ്ങളില്‍ ചേരുന്നതും കാണാന്‍ കഴിയുന്നു. രാജ്യം ഭരിക്കുന്ന രാജാവ് ഒരു മതത്തില്‍ ചേര്‍ന്നാല്‍ പ്രജകള്‍ ഒന്നടങ്കം ആ മതത്തില്‍ ചേര്‍ന്നതായോ ചേര്‍ക്കപ്പെട്ടതായോ ആയും ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. രാജാക്കന്മാരുടെ മതപ്രവേശമാണ് മതങ്ങളുടെ പ്രചാരണത്തെ ത്വരിതപ്പെടുത്തിയത് എന്നും ഒറ്റപ്പെട്ട വ്യക്തികളുടെ മാനസാന്തരങ്ങളിലൂടെ മതം ഇത്ര വേഗത്തില്‍ പ്രചരിക്കുമായിരുന്നില്ല എന്നും ചരിത്രം സാക്ഷ്യ്പ്പെടുത്തുന്നുണ്ട്.
ഇത്രയും പറഞ്ഞത് ആരും മതത്തില്‍ പെട്ടവനായി ജനിക്കുന്നില്ല എന്നും പിന്നീട് അച്ചനമ്മമാര്‍ ചേര്‍ന്നിരിക്കുന്ന മതത്തില്‍ ചേര്‍ക്കപ്പെടുകയാണ് എന്നും വിശദമാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അച്ചനമ്മമാര്‍ ഏത് മതത്തില്‍ പെട്ടവരാണോ അവരുടെ മക്കളും ആ മതത്തില്‍ പെട്ടവരായാണ് പിറന്ന് വീഴുന്നത് എന്നൊരു ഗുരുതരമായ അന്ധവിശ്വാസം നിലവിലുണ്ട്. എന്തിനേറേ പറയുന്നു, ഇവിടെ ആളുകള്‍ പാര്‍ട്ടിക്കാരാവുന്നതും ഇങ്ങനെയാണല്ലൊ. അതായത് മതത്തിന്റെ കാര്യം പോകട്ടെ രാഷ്ട്രീയപാര്‍ട്ടി പോലും ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കം. മറ്റൊന്ന് കൂടി പറയാം മതം ജന്മസിദ്ധമാണെങ്കില്‍ പിന്നെ മതപരിവര്‍ത്തനം എന്നൊന്ന് നടക്കില്ലല്ലൊ. ഇതൊന്നും മതപുരോഹിതന്മാര്‍ തുറന്ന് പറയാതെ അവര്‍ കൌശലപൂര്‍വ്വം മതമില്ലാതെ ജനിച്ച കുഞ്ഞുങ്ങളെ തങ്ങളുടെ മതത്തിലേക്ക് ചില ചടങ്ങുകളിലൂടെ ചേര്‍ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചേര്‍ക്കപ്പെട്ടില്ലെങ്കില്‍ ആ കുഞ്ഞുങ്ങള്‍ തങ്ങളുടെ മതത്തില്‍ പെടാത്തവരായി പോകും എന്ന് പുരോഹിതന്മാര്‍ക്ക് നന്നായി അറിയാം. ഇപ്രകാരം മനുഷ്യന്‍ ജന്മനാ ഒരു മതത്തില്‍ പെട്ടവനാണെന്ന് കരുതാത്തതും അല്ലെങ്കില്‍ സ്വമേധയാ മതം തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ കുട്ടിക്കാലത്ത് തന്നെ മതത്തില്‍ ചേര്‍ക്കപ്പെടാത്തതുമായ ഒരു വിശ്വാസ സമൂഹമെങ്കിലും ലോകത്തുണ്ട്, അതാണ് “ബഹായ്” എന്ന വിഭാഗം. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ഒരു വ്യക്തിക്ക് മാത്രമേ ബഹായ് ആകാന്‍ കഴിയൂ. അച്ഛനും അമ്മയും ബഹായ് ആയാലും പതിനെട്ട് വയസ്സ് വരെ മക്കള്‍ മതരഹിതരാണ്.
ഭാഷയില്‍ വ്യവസ്ഥാപിതമായ കുറെ വാക്കുകള്‍ തെറ്റിദ്ധാരണാജനകമാണ്. അതില്‍ ഒന്നാണ് മതം. ഹിന്ദു എന്ന് അറിയപ്പെടുന്നത് ഒരു മതം ആണെന്നാണെങ്കിലും അങ്ങനെ ആരും ആ മതത്തില്‍ ചേര്‍ക്കപ്പെടുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ബ്രാഹ്മണ്യത്തിലേക്ക് ആളുകള്‍ ചേര്‍ക്കപ്പെടുന്നുണ്ട്. അച്ഛനുമമ്മയും ബ്രാഹ്മണരായാലും ഉപനയനം നടത്തി പൂണൂല്‍ ധരിച്ചാലേ ഒരാള്‍ ബ്രാഹ്മണനാവൂ. സ്ത്രീപ്രജകള്‍ എങ്ങനെയാണ് അതാത് മതങ്ങളിലേക്ക് ചേര്‍ക്കപ്പെടുന്നത് എന്ന് സത്യമായും എനിക്കറിയില്ല. ബഹായിയിലാണെങ്കില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്ത്രീപ്രജകള്‍ ബഹായ് ധര്‍മ്മം സ്വീകരിക്കുന്നതായി ഡിക്ലറേഷന്‍ നല്‍കേണ്ടതുണ്ട്. ഒരു വിശ്വാസം അല്ലെങ്കില്‍ ഒരു ജീവിതപദ്ധതി പ്രചരിപ്പിക്കുന്ന സന്നദ്ധസേവകന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമോ പ്രാമുഖ്യമൊ ഒരു മതവിശ്വാസിക്കില്ല എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഒരോ മത-ജീവിത പദ്ധതിക്കും അതാതിന്റെ പ്രാധാന്യവും മഹത്വവുമുണ്ട് താനും. ഇതൊക്കെ എന്റെ ഒരു നിരീക്ഷണം മാത്രമാണ്. ശരിയാകണമെന്നില്ല. ഇനിയും കുറെ വേണമെങ്കില്‍ എഴുതാം. പക്ഷെ തല്‍ക്കാലം നിര്‍ത്തുന്നു.
2 comments:
താങ്കള്‍ ഇപ്പറഞ്ഞത് നന്നായി കേള്‍ക്കാനും ചിന്തിക്കാനും, വിശ്വാസികളും യുക്തിവാദികളും യുക്തിരഹിതവാദികളും എല്ലാവരും മുതിര്‍ന്നെങ്കില്‍ എത്ര നന്നായിരുന്നു... വിശ്വാസം തന്നെ അന്ധവിശ്വാസമല്ലേ?
Tracking...
Post a Comment