2009-08-19

ഉപഭോക്താക്കള്‍ സംഘടിക്കണം


ആസിയന്‍ കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് കര്‍ഷകരുടെ കാര്യത്തില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി. പക്ഷെ സര്‍ക്കാരിന് ഉപഭോക്താക്കളുടെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഉള്ളിയ്ക്ക് വില കൂടിയപ്പോള്‍ എന്തായിരുന്നു പുകില്.ഇവിടെ ആവശ്യത്തിന് ഭഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നില്ല. മറ്റൊന്ന് നാണ്യവിളകള്‍ കയറ്റുമതി ചെയ്യുകയും വേണം. അപ്പോള്‍ കയറ്റുമതിയും ഇറക്കുമതിയും ഏത് രാജ്യത്തിനും അനിവാര്യമാണ്.കരാറുകളിലൂടെയേ ഇത് നടക്കുകയുള്ളൂ.

നമ്മള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു,കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നു.ഇവിടെ നമ്മുടെ നിലപാട് എന്തായിരിക്കും?കശുവണ്ടി കുറഞ്ഞ വിലയ്ക്ക് കിട്ടണം എന്നായിരിക്കില്ലെ? അസംഘടിതരായത്കൊണ്ട് ഉപഭോക്താക്കളുടെ കാര്യം ആരും പറയുന്നില്ല. കച്ചവടക്കാര്‍ക്ക് രാഷ്ടീയമായും അല്ലാതെയും സംഘടനകളുണ്ട്.അവരും സമരം ചെയ്യുന്നു. നിശ്ചിതവരുമാനക്കാരായ മഹാഭൂരിപഷം വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരിനു നോക്കിയേ പറ്റൂ.

ഉല്പാദനച്ചെലവ് കുറച്ച്,ഉല്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്രവിപണിയില്‍ മത്സരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണം എന്നേ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് എനിക്ക് പറയാന്‍ കഴിയൂ. കര്‍ഷകരുടെയും കച്ചവടക്കാരുടെയും കുത്തകയില്‍ നിന്ന് ഞങ്ങള്‍ ഉപഭോക്താക്കളെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുണ്ട്. ഇത് വ്യത്യസ്തമായ സ്വരമാണെന്ന് അറിയാം. പിന്നെ ഞങ്ങള്‍ ഉപഭോക്താക്കള്‍ എന്ത് പറയണമായിരുന്നു, കര്‍ഷകര്‍ക്ക് പരിധിയില്ലാത്ത വില നല്‍കി ഞങ്ങള്‍ ഉപഭോക്താക്കളെ ജീവിയ്ക്കാന്‍ അനുവദിക്കാതിരിക്കൂ എന്നോ? ഇപ്പോള്‍ മാര്‍ക്കറ്റില്‍ മത്സ്യത്തിനും പഴം പച്ചക്കറികള്‍ക്കും പയര്‍ വര്‍ഗ്ഗങ്ങള്‍ക്കും എന്താ വിലയെന്നറിയാമോ? കര്‍ഷകവിലാപം നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ കാര്യം കൂടി പറഞ്ഞു ജീവിയ്ക്കൂ,ജീവിയ്ക്കാന്‍ അനുവദിക്കൂ എന്നൊരു സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ തരക്കേടില്ലായിരുന്നു.

2009-08-18

ആസിയന്‍ ആകുലതകള്‍

തറവാടിയുടെ ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ്:

കേരളത്തില്‍ ഇത്തിരി മാതം ഉല്പാദിപ്പിച്ച് വരുന്ന നാണ്യവിളകളാണ് കേരളത്തിന്റെ സമ്പത്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് എന്നൊരു അന്ധവിശ്വാസം ഇപ്പോഴും രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് എത്രയും വേഗം തിരുത്തണം. കേരളം അക്ഷരാര്‍ത്ഥത്തില്‍ ജീവിയ്ക്കുന്നത് മറുനാട്ടില്‍ ജോലിയോ ബിസിനസ്സോ ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് മാത്രമാണ്. ആ പണം ഇല്ലെങ്കില്‍ നാണ്യവിളക്കാരനും പട്ടിണിയിലാവും.നാണ്യവിളക്കാരന്‍ തന്നെ ജോലിയ്ക്ക് ആളെ കിട്ടാത്തത്കൊണ്ടും,ഉയര്‍ന്ന കൂലികൊണ്ടും,ആളെ കിട്ടിയാല്‍ തന്നെയും പണിയില്‍ ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ടും നട്ടം തിരിയുകയാണ്.

നാണ്യവിളകൊണ്ട് കേരളത്തിന് ലഭിക്കുന്ന തുകയുടെ എത്രയോ ആയിരം ഇരട്ടി തുകയാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് വേണ്ടി കേരളം അയല്‍‌സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ഈ പണം മറുനാടന്‍ മലയാളികളാണ് മുടങ്ങാതെ എത്തിക്കുന്നത്. ഇതിനിടയില്‍ കച്ചവടക്കാര്‍ ശരിക്കും ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. സാധനങ്ങളുടെ വില ഇന്ന് ആരും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കള്ളക്കണക്കും,അളവ് തൂക്കത്തില്‍ കൃത്രിമവും മായം ചേര്‍ക്കലും എല്ലാം ജനം സഹിക്കുന്നു. വിയര്‍പ്പ് ചിന്താതെ കിട്ടുന്ന പണം ആയതിനാലാവും ആര്‍ക്കും വേവലാതി ഇല്ലാത്തത്. ഗള്‍ഫില്‍ ചൂടില്‍ പൊരിയുന്നവര്‍ നാട്ടില്‍ തങ്ങളുടെ കഷ്ടപ്പാട് ആരെയും അറിയിക്കാറുമില്ല.

ഞാന്‍ പറഞ്ഞുവരുന്നത് രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ഉപഭോക്താക്കളുടെ കാര്യമാണ് സംസാരിക്കേണ്ടത്. ജനകീയാസൂത്രണത്തില്‍ ചെലവാക്കിയ കോടികള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ആസിയന്‍ കരാര്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭിക്കാന്‍ ഉപകാരപ്പെടുമെങ്കില്‍ കേരളം രക്ഷപ്പെടും. നാണ്യവിളക്കാരന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് അവന്റെ വരുമാനം വര്‍ദ്ധിപ്പിക്കട്ടെ. അല്ലാതെ ഉള്ള വിളവിന് പരിധിയില്ലാത വില കിട്ടണം എന്നാഗ്രഹിച്ചാല്‍ ഇനിയത്തെ കാലത്ത് അത് നടപ്പില്ല.കേരളത്തില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി ഇരുനൂറ് തേങ്ങ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ കേരകര്‍ഷകന് അതിന്റെ പത്തിരട്ടിയോളം ലഭിക്കും. മാത്രമല്ല തെങ്ങിന്‍ തടങ്ങളില്‍ ഇടവിളയും കൃഷി ചെയ്യും. ഇപ്പോഴിതാ ഓണത്തിന് പൂക്കളമിടാന്‍ വാടാമല്ലിയും ജമയന്തിയും ഒക്കെ പാകമായി. ഇതൊന്നും കേരളത്തിലെ നാണ്യവിളക്കാരനോ തൊളിലാളികള്‍ക്കോ വയ്യ. പണം കിട്ടണം എന്ന് മാത്രം

2009-08-16

ആസിയാന്‍ കരാറും ഉപഭോക്താക്കളും !




വായനാപുരം ബ്ലോഗില്‍ എഴുതിയ കമന്റ്:
പതിവ് പോലെ ആസിയന്‍ കരാര്‍ ഒപ്പ് വെച്ചപ്പോഴും എതിര്‍പ്പ് ഉണ്ടായി. എന്നാല്‍ ഇത്തവണ എതിര്‍പ്പുമായി ഇടത് പക്ഷം മാത്രമേ രംഗത്തുള്ളൂ. മറ്റെല്ലായ്പോഴും ബി.ജെ.പി.യും കൂട്ടിനുണ്ടാകാറുണ്ട്. മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഒരു രാജ്യത്തിനുമാവില്ല. ആസിയന്‍ കരാറില്‍ പതിവ് പോലെ ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്. ആഗോളീകരണം ഒരു ആഗോളയാഥാര്‍ഥ്യമാണ്. ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിവായി ഒരു തുരുത്തില്‍ ജീവിയ്ക്കാന്‍ കഴിയില്ല. ഗാട്ട് കരാറിന് ശേഷം ഇത്തരം കുറുമുന്നണിക്കാരാറുകളും നിലവില്‍ വരുന്നു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഇന്ത്യയ്ക്കും ഇതിലൊക്കെ ഭാഗഭാക്കായേ പറ്റൂ. ഇടത് പക്ഷം ഇന്ത്യ ഭരിക്കുകയാണെങ്കിലും ഇത:പര്യന്തം ഒപ്പ് വെച്ച എല്ലാ കരാറുകളിലും അവരും ഒപ്പ് വയ്ക്കുമായിരുന്നു, ചൈന വെച്ച പോലെ.

കര്‍ഷകരുടെ കാര്യമാണല്ലോ പറയുന്നത്? കരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ഞാന്‍ പഠിക്കാത്തത്കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഇന്ന് കര്‍ഷകരുടെ സ്ഥിതി എന്താണ്. എന്തെങ്കിലും ഒരു ജോലിയ്ക്ക് ആളെ കിട്ടുന്നുണ്ടോ? എത്ര വില കിട്ടിയാലും ലാഭകരമായി കൃഷി നടത്താന്‍ കേരളത്തില്‍ കഴിയുമോ? വില കൂടണം,കൂലി കൂടണം എന്നല്ലാതെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, ഗുണനിലവാരം വേണം,ഉല്പാദനം കൂട്ടണം എന്നാരെങ്കിലും പറയുന്നുണ്ടോ? കുറച്ച് ഉല്പാദിപ്പിച്ച് അതിന് കൂടുതല്‍ വില കിട്ടണം എന്നല്ലെ നമ്മള്‍ ശഠിക്കുന്നത്?

ഇനി ഉപഭോക്താക്കളുടെ കാര്യമോ? പലവ്യജ്ഞനക്കടയിലോ,പഴം പച്ചക്കറിക്കടയിലോ പോയാല്‍ അവിടെയുള്ള സാധനങ്ങള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്. അത്കൊണ്ട് തന്നെ തീവിലയും. കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത് കേരളത്തിന് പുറത്ത് ജോലിയ്ക്ക് പോയവര്‍ അയയ്ക്കുന്ന പണമല്ലേ? ഈ വസ്തുതകളെല്ലാം കൂലങ്കഷമായി ആലോചിട്ടാണോ കരാറിനെ എതിര്‍ക്കുന്നത്? എല്ലാം നിശബ്ദമായി സഹിക്കുകയാണ് കേരളത്തിലെ ഉപഭോക്താക്കള്‍. അവരുടെ കാര്യം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കര്‍ഷകരോളം തന്നെ കര്‍ഷകരല്ലാത്ത ഉപഭോക്താക്കളും കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. പ്രത്യേകിച്ച് അഞ്ചോ പത്തോ സെന്റ് പുരയിടം മാത്രമുള്ളവര്‍. അവരും ജീവിയ്ക്കേണ്ടേ?
August 16, 2009 5:53 P

2009-08-01

മുരളിയും കോണ്‍ഗ്രസ്സും

ഇന്ന് വിവേകം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:

രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയാണ്.ചുമക്കാന്‍ പൊതുജനം എന്ന കഴുത റെഡിയായി നില്പുണ്ടല്ലൊ. കോണ്‍ഗ്രസ്സിന്റെ കാര്യം പറഞ്ഞാല്‍, കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് കോണ്‍ഗ്രസ്സിനെ കുളിപ്പിച്ച് കിടത്താന്‍ വേണ്ടി അഹോരാത്രം പാട്പെട്ട് ക്ഷീണിച്ച് വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയവരാണ് ഇന്നുള്ള നേതാക്കളില്‍ ഭൂരിഭാഗവും. ഉമ്മന്‍ ചാണ്ടിയും,ഹസ്സനും, വയലാര്‍ രവിയും ഒക്കെ ഈ ഗണത്തില്‍ പെടും. അന്ന് കരുണാകരന്റെ ദയ കൊണ്ടാണ് ഇവരൊക്കെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയത്. അത്ര വലിയ പാതകമൊന്നും മുരളി ചെയ്തിട്ടില്ല.വരുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്. ഇപ്പോള്‍ കോണ്‍ഗ്രസ്സ് എന്തോ തങ്ങളുടെ കുടുംബസ്വത്താണെന്ന മട്ടില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കാണാന്‍ കൌതുകമുണ്ട്. കോണ്‍ഗ്രസ്സില്‍ സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത ഒറ്റക്കാരണത്താലാണ് ഇവന്മാരില്‍ പലരും മന്ത്രിയും നേതാവും ഒക്കെയായി വിലസുന്നത്.