2009-06-12

ഗവര്‍ണ്ണറുടെ നടപടി ശരിയോ?

ശിഥില ചിന്തകളില്‍ ഇന്ന് ഒരു കമന്റ് കൂടി:

സുനില്‍, നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഉത്തരം ലഭിക്കുന്നതിനു വേണ്ടി ചോദ്യങ്ങള്‍ മെനഞ്ഞുണ്ടാക്കുമ്പോള്‍ അതിന് മറുപടി ലഭിച്ചേ തീരൂ എന്ന് പ്രതീക്ഷിക്കരുത്.ഇടത് പക്ഷം എന്ന ആശയം അമൂര്‍ത്തമാണെന്ന് പറയുമ്പോള്‍ എന്താണു കോണ്‍ഗ്രസ്സിന്റെ മൂര്‍ത്തമായ ആശയം എന്ന് ചോദിക്കുന്നത് കൃത്രിമായി ചോദ്യങ്ങള്‍ മെനയുന്നതിന്റെ നല്ല ഉദാഹരണമാണ്. എന്താണ് ഇടത് പക്ഷം എന്ന ആശയം എന്ന് സുനിലിന് വ്യക്തമാക്കാന്‍ കഴിയുമോ? ഞാന്‍ എന്റെ നിലപാട് മറുപടിയില്‍ വ്യക്തമാക്കിയത് സുനില്‍ കണക്കിലെടുക്കുന്നതേയില്ല. സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍ക്ക് മുന്‍‌വിധികള്‍ തടസ്സമാവുന്നുണ്ട്.


ബ്ലോഗില്‍ ഞാന്‍ കണ്ടേടത്തോളം തന്റെ വാദഗതികള്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കുന്ന ബ്ലോഗ്ഗറാണ് കാളിദാസന്‍. എന്നാല്‍ കാളിദാസന്‍ ചോദിക്കാറുള്ള പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ആരും തക്കതായ മറുപടികള്‍ പറഞ്ഞുകാണാറില്ല. ചില ബ്ലോഗുകളില്‍ ബ്ലോഗുടമ തന്നെ പല അനോണി പേരുകളില്‍ വന്ന് കാളിദാസനെ പുലഭ്യം പറയുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്കിളിന്റെ ബ്ലോഗില്‍ കാളിദാസന്റെ കമന്റിനെ പ്രശംസിച്ചതിന്റെ പേരില്‍ എനിക്കും കിട്ടി അനോണിത്തെറി.


ഗവര്‍ണ്ണറുടെ തീരുമാനം തങ്ങള്‍ക്ക് പ്രതികൂലമാവുമ്പോള്‍ ആ പദവി അനാവശ്യമാണെന്നും ഗവര്‍ണ്ണര്‍മാര്‍ എടുക്കാച്ചരക്കുകള്‍ ആണെന്നുമൊക്കെ പറയുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്. അനുകൂലമാവുമ്പോള്‍ പുകഴ്ത്താറുമുണ്ട്. ഇതിലൊക്കെ അത്രയേ കാര്യമുള്ളൂ. സി.ബി.ഐ.യെയും കോടതികളെയും പറ്റിയൊക്കെ പറയുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ പതിവാണ്. ഗവര്‍ണ്ണര്‍മാര്‍ മിക്കവരും മുന്‍‌രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഗവായ് കോണ്‍ഗ്രസ്സുകാരനോ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണറോ അല്ല.


പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ വെച്ചു താമസിപ്പിച്ചതില്‍ അസ്വാഭാവികതകള്‍ കണ്ടവരുണ്ട്. ഒരു പക്ഷെ ഇന്നത്തെ പോലെ സുസ്ഥിരമായ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനം മറിച്ചാകുമായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ ഗവര്‍ണ്ണറെ പറ്റി എന്താകുമായിരുന്നു വിലയിരുത്തല്‍? അഥവാ ഗവര്‍ണ്ണര്‍ അനുമതി നിക്ഷേധിച്ചാലും ലാവലിന്‍ കേസ് കുറെ താമസിച്ചാണെങ്കിലും മുന്നോട്ട് പോകുമായിരുന്നു എന്ന വസ്തുത സുനില്‍ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാധീനങ്ങള്‍ക്കും ശക്തികള്‍ക്കും അപ്പുറം കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യവും ഇവിടത്തെ നീതിന്യായവ്യവസ്ഥയുമെന്ന് പല സന്ദര്‍ഭങ്ങളിലും അത് സ്വയം തെളിയിച്ചിട്ടുള്ളതാണു.


ഇവിടെ പിണറായിയെ വഴിവിട്ട് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഔദ്യോഗികവിഭാഗം ശരിക്കും പ്രതിക്കൂട്ടിലാണ്. മറ്റ് രാഷ്ട്രീയനേതാക്കളെ എത്ര നിന്ദ്യമായി തന്നെ സി.പി.എം.നേതാക്കള്‍ വേട്ടയാടാറുണ്ട്? രാജീവ് ഗാന്ധിയുടെ സംസ്ക്കാരച്ചടങ്ങ് പോലും വിവാദമാക്കി ദേശാഭിമാനി ആഘോഷിച്ചിട്ടുണ്ട്. ആവശ്യത്തിന് വിറക് വാങ്ങാതെ കോണ്‍ഗ്രസ്സുകാര്‍ പണം മുക്കി എന്നാണ് ചില നേതാക്കള്‍ പ്രസംഗിച്ചു നടന്നത്. ഇപ്പോള്‍ ലാവലിന്‍ കേസില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഇടപെടലാണ് ഇ.പി.ജയരാജന്‍ ആരോപിക്കുന്നത്. ഒന്ന് ചോദിക്കട്ടെ, ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ സ്വന്തം മന്ത്രിസഭയെ പോലും പിണറായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത് തെറ്റല്ലെ? ആ തെറ്റ് ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ എന്തര്‍ത്ഥം?


ഇന്ത്യ ഒരിക്കലും ചൈനയോ ക്യൂബയോ ആകാന്‍ പോകുന്നില്ല. അപ്പോള്‍ ഇവിടത്തെ ജനാധിപത്യത്തില്‍ തന്നെ വേണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍. അത് കൊണ്ട് ഞാന്‍ ആവര്‍ത്തിക്കുന്നു, പിണറായി അല്ല പാര്‍ട്ടി. പാര്‍ട്ടി തുടരും,തുടരണം. പാര്‍ട്ടിയെ നാളത്തേക്കും സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ പിണറായി വിചാരണയെ നേരിടുക. കോലാഹലങ്ങള്‍ മതിയാക്കുക. ഇത് കോണ്‍ഗ്രസ്സ് കൊടുത്ത കേസല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുത്തിട്ടില്ലായിരുന്നു. സ്വകാര്യകേസ് പ്രക്രാരം ഹൈക്കോടതിയാണ് കേസ് എടുക്കാന്‍ സി.ബി.ഐ.യോട് നിര്‍ദ്ദേശിച്ചത്. ആ വിധി അനുസരിക്കാതിരിക്കാന്‍ സി.ബി.ഐ.ക്ക് കഴിയുമായിരുന്നില്ല. നാളെ പിണറായിക്ക് എതിരെ വിധി വന്നാലും സി.പി.എം. അനുസരിക്കേണ്ടി വരും. അതാണ് ജനാധിപത്യവും നിയമവാഴ്ചയും.

2 comments:

Manoj മനോജ് said...

"രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാധീനങ്ങള്‍ക്കും ശക്തികള്‍ക്കും അപ്പുറം കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യവും..."
താങ്കള്‍ പറഞ്ഞത് ലോകത്തിലെ ഒരു ജനാധിപത്യ രാജ്യത്തും നടപ്പാകുന്നില്ല. എവിടെയും രാഷ്ട്രീയവും പണവും ഉള്ളവനേ അംഗീകാരവും നീതിയും ലഭിക്കുന്നുള്ളൂ... സ്വന്തം തടിയുടെ കാര്യം വരുമ്പോള്‍ അവിടെ രാഷ്ട്രീയ വൈര്യം ഉണ്ടാകില്ല, പുറമേ കാണിക്കുമെങ്കിലും... അതിന്റെ തെളിവല്ലേ തങ്ങള്‍ പിണറായി കുറ്റക്കാരനാണെന്ന് പറയുന്നില്ല എന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ മലക്കം മറിച്ചില്‍!!!

ജനങ്ങള്‍ എന്നും വിഢികളായി അഭിനയിക്കുന്നു... അത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാത്രമല്ല ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്.

Unknown said...

മനോജ് പറഞ്ഞത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ആ വരികള്‍ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഇന്ദിരാ ഗാന്ധിക്കെതിരെ വന്ന അലഹബാദ് ഹൈക്കോടതി വിധിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം വന്ന ജനവിധിയുമായിരുന്നു. അന്നത്തെ ഇന്ദിരാ ഗാന്ധിയോളം വരില്ലല്ലോ ഇന്നത്തെ പിണറായി എന്ന് സൂചിപ്പിക്കുകയായിരുന്നു ഞാന്‍. രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും സമചിത്തതയോടെ നേതാക്കള്‍ നേരിടേണ്ടതുണ്ട്. പിണറായി കടുത്ത തെറ്റ് ഒന്നും ചെയ്തിട്ടില്ലെങ്കില്‍ വിചാരണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ തിളക്കം വര്‍ദ്ധിക്കുകയേയുള്ളൂ. പക്ഷെ ഇപ്പോഴത്തെ ബഹളങ്ങള്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമാണ്. മറ്റൊന്ന് ജനാധിപത്യമൂല്യങ്ങള്‍ക്ക് പാര്‍ട്ടി തീരെ വില കല്‍പ്പിക്കാന്‍ തുനിയുന്നുമില്ല. ഇത്തരം ധാര്‍ഷ്ട്യങ്ങളൊന്നും നമ്മുടെ ജനാധിപത്യം വകവെച്ചുകൊടുക്കുകയില്ല എന്നതിന്റെ തെളിവാണ് ബംഗാളിലെയും കേരളത്തിലെയും തിരിച്ചടികള്‍. നാളെയും നാളെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ സി.പി.എം. ഈ പാഠം പഠിച്ചേ മതിയാവൂ.