ശിഥില ചിന്തകളില്‍ ഇന്നെഴുതിയ ഒരു കമന്റ്:
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണവും ഉറപ്പാക്കിക്കൊണ്ടുള്ള രാഷ്ട്രീയപരിഹാരം സുസാധ്യമാക്കുന്നതായിരുന്നു രാജീവ് ഗാന്ധി-ജയവര്‍ദ്ധന കരാര്‍. പ്രഭാകരന്റെ നിഗൂഢ രാഷ്ട്രീയമോഹങ്ങളാണ് ആ കരാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണം. തമിഴ് വംശജരുടെ വിമോചനപ്പോരാളി എന്ന നിലയില്‍ നിന്നും അപ്പോഴേക്കും പ്രഭാകരനില്‍ ഒരു സര്‍വ്വാധിപതി ഉടലെടുത്തിരുന്നു. തീവ്രവാദനയം സ്വീകരിക്കാത്ത മറ്റ് തമിഴ് നേതാക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ പ്രഭാകരന്‍ തുനിഞ്ഞത് ഈ ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ്. തമിഴരുടെ മോചനമല്ല, വിഭജിച്ചു കിട്ടുന്ന ഈഴരാജ്യത്തിന്റെ സര്‍വ്വാധിപതിയാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രഭാകരന്‍ പിന്നീടുള്ള ഓരോ ചുവടുവെപ്പിലും തെളിയിച്ചിട്ടുണ്ട്.
ഒരു ജനാധിപത്യവാദിക്ക് മാത്രമേ തന്റെ ജനതയ്ക്ക് വിമോചനം നേടിത്തരാന്‍ കഴിയുകയുള്ളൂ എന്നാണ് ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന പാഠം. അബ്രഹാം ലിങ്കണ്‍ മുതല്‍ മഹാത്മാഗാന്ധിജി, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാന്മാരായ നേതാക്കള്‍ ഇതിനുദാഹരണങ്ങളാണ്. ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ക്ക് എന്റെ ഈ നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയാതിരിക്കുക സ്വാഭാവികം.
പ്രഭാകരനെപ്പോലെ ഒരു നേതാവിനെയും, എല്‍.ടി.ടി.ഇ.യെപ്പോലെ ഒരു സംഘടനയെയും ഒരു രാജ്യത്തിനും വെച്ചുപൊറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്ത് വില കൊടുത്തും അത്തരം ഒരു ശക്തിയെ ശ്രീലങ്കയില്‍ നിന്ന് തുടച്ചെറിയാന്‍ അവിടത്തെ സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നു. അത് നിറവേറ്റിയതിനെ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. പ്രഭാകരന്‍ മാത്രമാണ് അവിടെ നടന്ന മനുഷ്യക്കുരുതിയ്ക്ക് കാരണം. പ്രഭാകരന്‍ തന്നെ എത്ര നേതാക്കളെയും നിരപരാധികളെയും വധിക്കുന്നതിന് കാരണമായിട്ടുണ്ട്?
ചുരുക്കത്തില്‍ ശ്രീലങ്കയില്‍ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നു. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി അവിടത്തെ സര്‍ക്കാര്‍ കാണിക്കും എന്ന് പ്രതീക്ഷിക്കാനേ ഇപ്പോള്‍ കഴിയൂ. മറിച്ചാണെങ്കില്‍ അവിടെ അതിന് മുന്‍കൈ എടുക്കാന്‍ ജനാധിപത്യവാദികളായ നേതാക്കളാണ് തമിഴ് വംശജരില്‍ നിന്ന് ഉയര്‍ന്നു വരേണ്ടത്. അല്ലാതെ പ്രഭാകരന്മാരല്ല.
(നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകള്‍ അപായസൂചനകള്‍ നല്‍കുന്നുണ്ട്. അതിനെ പറ്റി വഴിയെ)
No comments:
Post a Comment