2009-03-24

അംബിയുടെ അഭിഭാഷണം

കുറച്ച് ദിവസങ്ങളായി ബ്ലോഗുകള്‍ അങ്ങനെ വായിക്കാറില്ല. ഇന്ന് അഭിഭാഷണം എന്ന ബ്ലോഗ് കാണാനിടയായി. അതിലെ “എന്റെ നാടുണരേണമേ ദൈവമേ ...” എന്ന പോസ്റ്റ് ശ്രദ്ധേയമായി
തോന്നി. മുഴുവനും വായിച്ചില്ല. സാവധാനം വായിക്കാം. അവിടെ വെറുതെ ഒരു കമന്റ് എഴുതിയെങ്കിലും ആ കമന്റ് എനിക്കേറ്റം പ്രിയങ്കരമായ ചിന്തയായതിനാല്‍ ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു:

രാഷ്ട്രീയത്തിലും പൊതുകാര്യങ്ങളിലും മൌലികചിന്തകള്‍ ഇപ്പോള്‍ കാണാറില്ല. ജന്മനാലോ സാഹചര്യങ്ങളാലോ ഒരു പാര്‍ട്ടിയിലോ,മതത്തിലോ,സംഘടനയിലോ വിശ്വസിച്ചുപോയാല്‍ പിന്നെ അതാത് മത-പാര്‍ട്ടി-സംഘടനകളുടെ നേതാക്കന്മാര്‍ പറയുന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ യാന്ത്രികമായി ഉരുവിടുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന അണികളുടെയും വിശ്വാസികളുടെയും ആസുരകാലമാണിത്.

സത്യവും യാഥാര്‍ഥ്യങ്ങളും കണ്ടെത്താന്‍ അവനവന്‍ നേര് തേടി സഞ്ചരിക്കേണ്ടതുണ്ട്. ഭൂമിയില്‍ പരിണാമദശയില്‍ മനുഷ്യനാണുണ്ടായത്. ഇന്നും നാളെയും മനുഷ്യനുണ്ടാവും. മതങ്ങളും പാര്‍ട്ടികളും സംഘടനകളും മനുഷ്യര്‍ക്ക് വേണ്ടിയല്ലെങ്കില്‍ അവകളെ നിരാകരിച്ച് മാനവികതയുടെ ഏകത്വത്തില്‍ വിലയം പ്രാപിക്കാന്‍ ചിന്തിക്കുന്നവര്‍ക്ക് കഴിയണം. മനുഷ്യനായിരിക്കണം എല്ലാ ചിന്തകളുടെയും കേന്ദ്രബിന്ദുവും ഏറ്റവും വലുതും. മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ അവന്റെ സ്ഥാനം മതങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും മീതെയാണ്.

വെറുതെ എന്റെ ചിന്തകള്‍ ഇവിടെ പങ്ക് വെച്ചു എന്ന് മാത്രം. എന്റെ മുന്‍പില്‍ കാണുന്ന പച്ചമനുഷ്യരാണ് ഏത് നേതാവിനേക്കാളും ഏത് പുരോഹിതനേക്കാളും ഏത് ആള്‍ദൈവത്തേക്കാളും എനിക്ക് വലുത്. ഈ മനുഷ്യരേക്കാളും മീതെ ആരുമില്ലെന്ന് ഞാന്‍ കരുതുന്നു. ഈ പോസ്റ്റ് മുഴുവനും ഇനിയും വായിച്ച് തീര്‍ന്നിട്ടില്ല. ഓഫ് ടോപിക്ക് ആയി എന്റെ അഭിപ്രായം എഴുതിയതില്‍ ക്ഷമിക്കുക.
ആശംസകളോടെ,

1 comment: