2009-03-04

ലാവലിന്‍; അങ്കിളിന്റെ ബ്ലോഗില്‍ മാരത്തോണ്‍ ചര്‍ച്ച!

അങ്കിളിന്റെ സര്‍ക്കാര്‍ കാര്യം ബ്ലോഗില്‍ ഇന്നെഴുതിയ കമന്റ്:


മൂന്ന് പോസ്റ്റുകളിലായി 750ഓളം കമന്റുകള്‍. പല വസ്തുതകളും രേഖകളും തലനാരിഴ കീറി പരിശോധിച്ചെങ്കിലും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങള്‍ കാരണം സംവാദം ക്രിയാത്മകമായിരുന്നു എന്ന് പറയാനാവില്ല. പിണറായിയുടെ ലാവലിന്‍ ഇടപാടില്‍ ക്രമക്കേടുകള്‍ തീരെയില്ലെങ്കില്‍ സി.ബി.ഐ.എന്തായാലും അയാളെ പ്രതിയാക്കുകയില്ല. അത് ആര്‍ക്കും മനസ്സിലാവുന്ന സത്യമാണ്. ബാക്കിയൊക്കെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടക്കുകയാണെങ്കില്‍ മാത്രം തീര്‍ച്ചയാവേണ്ട കാര്യമാണ്. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എമ്മിന്റെ വാദം ആരും മുഖവിലയ്ക്കെടുക്കുകയില്ല. രാഷ്ട്രീയനേതാക്കള്‍ പറയുന്നത് അപ്പടി ആരും വിശ്വസിക്കാറില്ലെന്ന സത്യം അവര്‍ക്കറിയാമോ എന്തോ.

ഈ കേസ് രാഷ്ട്രീയപ്രേരിതമല്ല. കാരണം അഖിലേന്ത്യാതലത്തില്‍ സി.പി.എം. കോണ്‍ഗ്രസ്സിന്റെ പ്രതിയോഗിയേയല്ല. അപ്പപ്പോള്‍ പുതുക്കിപ്പുതുക്കി തട്ടിക്കൂട്ടുന്ന മൂന്നാം മുന്നണിയും കോണ്‍ഗ്രസ്സിന് ബദലല്ല. ബി.ജെ.പി.യാണ് കോണ്‍ഗ്രസ്സിന് എതിരാളി. രാഷ്ട്രീയപ്രേരിതമായാണെങ്കില്‍ ബി.ജെ.പി.യ്ക്ക് എതിരായാണ് സി.ബി.ഐ.യെക്കൊണ്ട് കേസ് എടുപ്പിക്കേണ്ടിയിരുന്നത്. വേണമെങ്കില്‍ അവസരവും ഇല്ലാതില്ല. ഒരു ഉദാഹരണം പറയാം.

കര്‍ണ്ണാടക മുഖ്യമന്ത്രി യെഡ്ഡ്യൂരപ്പയുടെ ഭാര്യ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹമായി മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വീട്ടിലെ സമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കോര്‍പ്പറേഷന്‍ വാട്ടര്‍ ശേഖരിക്കാന്‍ വീട്ടിന്റെ തറയില്‍ കുഴിക്കുന്ന ടാങ്ക് ആണല്ലൊ സമ്പ്. അതിന് ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പാകത്തില്‍ മൂടിയുമുണ്ടാവും. അബദ്ധത്തില്‍ സമ്പില്‍ വഴുതിവീഴുകയായിരുന്നു എന്നാണ് അന്ന് യെദ്ദ്യൂരപ്പ പറഞ്ഞത്. അത് ദുരൂഹമായി തന്നെ തുടര്‍ന്നു. എന്നാലിപ്പോള്‍ യെഡ്ഡ്യൂരപ്പയുടെ മകന്‍ ഷിമോഗയില്‍ മത്സരിക്കും എന്ന് വന്നപ്പോള്‍ ആരോ ഒരു പൊതുതാല്പര്യഹരജി കൊടുത്തിരിക്കുകയാണ് മരണകാരണം വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞ്. മജിസ്ട്രേട്ട് കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുമുണ്ട്. കേന്ദ്രത്തിന് വേണമെങ്കില്‍ യെഡ്ഡ്യൂരപ്പയെ കേസില്‍ കുടുക്കി ബി.ജെ.പി.യെ വെള്ളം കുടിപ്പിക്കാമല്ലൊ. അത്രയൊന്നും അധ:പതിച്ചിട്ടില്ല ഏതായാലും നമ്മുടെ ജനാധിപത്യം.

മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പിന് ശേഷം തൂക്ക് പാര്‍ലമെന്റ് ആണ് വരുന്നതെങ്കില്‍ പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ബോധ്യവുമുണ്ട്. ജ്യോതിബസു മിനിഞ്ഞാന്ന് പറഞ്ഞത് വായിച്ചില്ലെ. അടുത്ത ഇലക്‍ഷന് ശേഷം കോണ്‍ഗ്രസ്സുമായി സഹകരിക്കണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല എന്ന്. നേതാക്കള്‍ക്ക് വാക്കുകള്‍ എപ്പോള്‍ വേണമെങ്കിലും വിഴുങ്ങാം. ലാവലിന്‍ കേസില്‍ എന്ത് അഴിമതി നടന്നിട്ടുണ്ടെങ്കിലും പിണറായി ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല. സി.പി.എമ്മും കോണ്‍ഗ്രസ്സും ഇണങ്ങിയും പിണങ്ങിയും അങ്ങനെ പോവുകയും ചെയ്യും. അപ്പോള്‍ ഇവിടെ പോസ്റ്റ് ചെയ്യപ്പെട്ട കമന്റുകളില്‍ ഏറിയപങ്കും കനത്ത ബൌദ്ധിക നഷ്ടം തന്നെയാവും.

കാളിദാസന്‍ ഇതല്ല എന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് ചില കമന്റുകളില്‍ വിലപിക്കുന്നത് കണ്ടു. ഇത്തരം വൃഥാവിലാപങ്ങള്‍ പണ്ട് 57മുതലേ കാലാകാലങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. പാര്‍ട്ടി ബഹുജനപ്പാര്‍ട്ടിയായി മാറിയപ്പോള്‍ കമ്മ്യൂണിസം പോയി എന്നാണ് അന്ന് ചിലര്‍ വിലപിച്ചത്. പത്തിരുപത് കൊല്ലം മുന്‍പ് ഞാനും ചില സഖാക്കളോട് പറഞ്ഞുനടന്നിട്ടുണ്ട്. പാര്‍ട്ടി ഇപ്പോഴൊന്നും ജനകീയസമരങ്ങള്‍ നടത്തുന്നില്ലല്ലൊ പൊതുപണിമുടക്ക്, ഹര്‍ത്താല്‍,ഉപരോധം ബന്ത് മുതലായ അനുഷ്ടാനസമരകലാപരിപാടികള്‍ മാത്രമല്ലെ നടത്തുന്നുള്ളൂ എന്ന്. ഇപ്പോള്‍ ഏത് ജനകീയസമരങ്ങള്‍ നടന്നാലും സി.പി.എം. ജനവിരുദ്ധപക്ഷത്താണ്. എന്നിട്ടെന്താ നവകേരള മാര്‍ച്ചിന് ആളുകള്‍ കുറഞ്ഞുപോയോ?

ഏതായാലും തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റുള്ള സഹകരണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെപ്പോലെ രോഗികളില്‍ നിന്ന് ഫീസ് വാങ്ങിയാണ് അതും പ്രവര്‍ത്തിക്കുന്നത്. സൌജന്യമല്ല എന്നര്‍ത്ഥം. എങ്ങനെയാണ് സൌജന്യചികിത്സയും പരിശോധനയും നല്‍കുക? അത് സര്‍ക്കാര്‍ സ്ഥാപനമോ, അവിടെയുള്ള ഡോക്ടര്‍മാരും ജീവനയ്ക്കാരും സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്നവരോ അല്ലല്ലൊ.

2 comments:

Manoj മനോജ് said...

"കാരണം അഖിലേന്ത്യാതലത്തില്‍ സി.പി.എം. കോണ്‍ഗ്രസ്സിന്റെ പ്രതിയോഗിയേയല്ല."

“മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പിന് ശേഷം തൂക്ക് പാര്‍ലമെന്റ് ആണ് വരുന്നതെങ്കില്‍ പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും ബോധ്യവുമുണ്ട്”

:):):):)

അനില്‍@ബ്ലോഗ് // anil said...

മാഷെ,
മോഡറേറ്റര്‍ (അങ്കിള്‍) നിഷ്പക്ഷനായിരുന്നുവെങ്കില്‍ ചര്‍ച്ച എന്നേ കണ്‍ക്ലൂഡ് ചെയ്യാമായിരുന്നു. ചര്‍ച്ച അങ്കിള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ വരാഞ്ഞ കാരണം തുടരുകയാണെന്നാണ് എന്റ്റെ അഭിപ്രായം.