2009-01-20

മമ്മൂട്ടിയുടെ ബ്ലോഗും ജനാധിപത്യവും !

സിനിമാതാരം മമ്മൂട്ടിയുടെ ബ്ലോഗ് ഇതിനകം തന്നെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റായ "ജനധിപത്യത്തിന്റെ താക്കോല്‍" എന്ന ലേഖനത്തില്‍ ഞാന്‍ എഴുതിയ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു. വളരെ പ്രസക്തമായ ഒരു വിഷയമാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇനി കമന്റിലേക്ക് :

വോട്ട് ചെയ്യുക എന്നത് നിര്‍ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അതിന് നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആരും മുന്‍‌കൈ എടുക്കുകയില്ല. കാരണം വോട്ട് ചെയ്യാത്തവരില്‍ പാര്‍ട്ടി വിധേയത്വം ഇല്ലാത്തവരാണ് ഭുരിപക്ഷം.വിധേയരില്‍ കള്ളവോട്ട് ചെയ്യുന്നവരും ബൂത്ത് പിടിച്ചെടുക്കുന്നവരും ഉണ്ട്. ചുരുക്കത്തില്‍ ഇന്ന് അധികാരരാഷ്ട്രീയം ആശ്രയിക്കുന്നത് വോട്ട് ചെയ്യാതെ മാറിനില്‍ക്കുന്ന ഭൂരിപക്ഷം പേരെയാണ്. എല്ലാവരും വോട്ട് ചെയ്യുന്ന ഒരു സമ്പ്രദായം നിലവില്‍ വന്നാല്‍ ഇന്നുള്ള പല നേതാക്കളുടെയും തലയെഴുത്ത് മാറ്റി വരയ്ക്കപ്പെടും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ പറ്റി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരക്ഷരം മിണ്ടുകയില്ല.

ഇന്ന് ന്യൂനപക്ഷം വരുന്ന ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ മുന്നണികളോ ആണ് സര്‍ക്കാരിനെ നയിക്കുന്നത്. അത്കൊണ്ട് തന്നെ മമ്മൂട്ടി ചൂണ്ടിക്കാട്ടിയ പോലെ സാങ്കേതികമായ അര്‍ത്ഥത്തില്‍ ഇവിടെ ജനാധിപത്യം നിലവിലില്ല. എന്നാല്‍ ഇവിടെ കുറ്റക്കാര്‍ വോട്ടവകാശം വിനിയോഗിക്കുകയെന്നത് ഭരണഘടനാപരമായി പൌരന്റെ മൌലികമായ കടമയായി നിയമം നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരും രാഷ്ട്രീയക്കാരുമാണ്. അത്തരം ഒരു നിയമം രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇരുന്ന കൊമ്പ് മുറിക്കുന്നതിന് സമമാവും.

ജനാധിപത്യത്തില്‍ വിശ്വാസവും അത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പിലാവണം എന്ന ആഗ്രഹവും ഉള്ളവര്‍ അത്തരം ഒരു നിയമനിര്‍മ്മാണത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. മമ്മൂട്ടിയുടെ ഈ പോസ്റ്റില്‍ കാതലായ ഈ പരമാര്‍ത്ഥം പരാമര്‍ശിക്കാതിരുന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു കമന്റ് എഴുതേണ്ടി വന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാതാരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കെട്ടിപ്പടുക്കുന്ന തിരക്കിലാണ്.അവര്‍ക്കും മൌലികമായ മാറ്റങ്ങള്‍ എന്തെങ്കിലും കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തങ്ങള്‍ക്കുള്ള ജനപ്രിയത മുതലാക്കി അധികാരം കൊയ്തെടുക്കാനുള്ള കുറുക്കുവഴിയിലാണവര്‍. കേരളത്തില്‍ സിനിമയും രാഷ്ട്രീയവും വേറിട്ട് നില്‍ക്കുന്നത് കൊണ്ട് അത് നടക്കില്ല. എന്നാല്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് മമ്മൂട്ടിയെപ്പോലുള്ള താരങ്ങള്‍ക്ക് മഹത്തായ സേവനങ്ങള്‍ ചെയ്യാന്‍ കഴിയും. സമൂഹത്തിനും എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടേ!

(തെരഞ്ഞെടുപ്പ് പരിഷ്കരണത്തെ പറ്റി Indravadan M. Shah )

12 comments:

Unknown said...

മമ്മൂട്ടിയുടെ ബ്ലോഗിന് ഇതെഴുതുമ്പോള്‍ 955Followers, ആദ്യത്തെ പോസ്റ്റിന് 899 കമന്റുകള്‍ . രണ്ടാമത്തെ പോസ്റ്റിനും കമന്റുകള്‍ കുറവല്ല. ഈ കമന്റുകളെല്ലാം മമ്മൂട്ടിയോ മറ്റുള്ളവരോ വായിച്ചു തീര്‍ക്കാന്‍ സാധ്യത കാണുന്നില്ല. അത്കൊണ്ട്, മോഡറേഷന് വേണ്ടി കാത്തുനില്‍ക്കുന്ന എന്റെ കമന്റ് ഇവിടെ കിടക്കട്ടെ...

വിന്‍സ് said...

Do you really think Mammootty is writing those bull shits?? Do you think no one else but Mammootty has any responsibility to society??

Remember he was caught for smuggling an expensive TV out of Gulf. If he was a good citizen how come he didn't pay the right taxes and got caught at the air port?

Unknown said...

പ്രിയ വിന്‍സ് , ദയവായി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.വിവാദങ്ങള്‍ നമ്മെ എവിടെയുമെത്തിക്കുകയില്ല. വളരെ ഗൌരവമുള്ള വിഷയമാണ് ഞാന്‍ ഉന്നയിക്കുന്നത്,തലമുറകളെ ബാധിക്കുന്നത്. പ്ലീസ് !

വിന്‍സ് said...

വ്യക്തി പരമായി എന്തു പരമാര്‍ശമാണു ഞാന്‍ തെറ്റായി എഴുതിയതു? തെറ്റാണു എഴുതിയതെങ്കില്‍ ചൂണ്ടി കാണിക്കുക.

Unknown said...

തെറ്റെന്തെങ്കിലും എഴുതിയെന്ന് പറഞ്ഞില്ല. മമ്മൂട്ടിയുടെ വ്യക്തിപരം, അയാള്‍ തെറ്റ് ചെയ്തിരിക്കാം ചെയ്യാതിരിക്കാം അത് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് കൊണ്ട് ഞാന്‍ മുന്നോട്ട് വെച്ച ആശയം അപ്രസക്തമായിപോകുമല്ലൊ എന്നത് കൊണ്ട് പറഞ്ഞതാണ്. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ അവഗണിക്കുകയും സില്ലിയായ, ഉപരിപ്ലവമായ, 24 മണിക്കൂര്‍ പോലും ആയുസ്സില്ല്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവാദങ്ങളില്‍ അഭിരമിക്കുകയാണ് പ്രബുദ്ധകേരളം. എന്തിലും വിവാദസാധ്യത ആരായുന്ന ശീലം , കഷ്ടം!

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ...............അഭിനന്ദനങ്ങള്‍......

എന്നെ സന്ദര്‍ശിച്ചിട്ടുണ്ടോ?

ചാണക്യന്‍ said...

മാഷെ,
ഒരു ജനാധിപത്യ രാജ്യത്തിലെ പൌരന്‍ വോട്ട് ചെയ്തേ മതിയാവൂ എന്ന് നിയമം കൊണ്ട് വരാന്‍ സാധിക്കുമോ? ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍, നിയമം ഉപയോഗിച്ച് അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ജനാധിപത്യ കാഴ്ച്ചപ്പാടില്‍ ശരിയാണോ?

കൈവിട്ട കല്ലും വാവിട്ട വാക്കും പെട്ടിയിലായ വോട്ടും തിരിച്ചു പിടിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടറെ കൈയെടുത്ത് തൊഴുത് വോട്ടു വാങ്ങി ജയിച്ച ശേഷം വോട്ടറെ മുണ്ട് പൊക്കി കാണിക്കുന്ന പ്രവണതയല്ലെ രാക്ഷ്ട്രീയക്കാര്‍ക്കുള്ളത്?

എന്റെ അഭിപ്രായത്തില്‍ ജനത്തിന് ആശയും വാഗ്ദാനങ്ങളും നല്‍കി അധികാരത്തില്‍ കയറിയ ശേഷം ജനദ്രോഹം ചെയ്യുന്ന എം എല്‍ എ മാരേയും എം പി മാരേയും തിരിച്ചു വിളിക്കാന്‍ ഇതേ വോട്ടര്‍മാര്‍ക്ക് അധികാരമുണ്ടാവണം....വാക്കൊന്നും പ്രവര്‍ത്തി മറ്റൊന്നുമായി മാറുമ്പോള്‍ അത്തരക്കാരുടെ സ്ഥാനം തിരിച്ച് പിടിക്കാന്‍ ഒരു ഹിത പരിശോധനാ വോട്ടെടുപ്പ് നിയമമായാല്‍ ജയിച്ച് പോകുന്നവന്‍ പിന്നെ ജയിപ്പിച്ച് വിട്ടവരെ നോക്കി പല്ലിളിക്കില്ല...

പക്ഷെ അത്തരമൊരു ഹിത പരിശോധന അനുവദിക്കുന്നതിനു വേണ്ടിയുള്ള ബില്ല് പാര്‍ലമെന്റില്‍ ആരെങ്കിലും അവതരിപ്പിച്ചു നോക്കട്ടെ, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ആ ബില്ല് തള്ളിപ്പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട, കാരണം കൊടിനിറങ്ങള്‍ക്കതീതമായി ഭരണക്കാര്‍ ഒരു പ്രത്യേക വര്‍ഗ്ഗമായി മാറിയിരിക്കുന്നു. തങ്ങളുടെ അധികാര സുഖലോലുപതകള്‍ക്ക് തുരങ്കം വയ്ക്കുന്ന ഒരു നീക്കത്തേയും അവര്‍ വച്ചു പൊറുപ്പിക്കില്ല, അക്കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭിന്നതയില്ല...അവര്‍ ഒറ്റക്കെട്ടാവും..ഭരണ വര്‍ഗഗമെന്ന, പുതിയ ക്ലാസ് ഒറ്റക്കെട്ടാവും...!

സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇത്തരമൊരു ആശയം പാര്‍ലമെന്റില്‍ പറഞ്ഞതു കാരണമാണ് പ്രസിഡന്റ് പദവി അദ്ദേഹത്തിനു നഷ്ടമായതെന്ന് ഒരു സംസാരമുണ്ട്..!

Unknown said...

ചാണക്യന് നന്ദി പ്രതികരിച്ചതിന് ...

ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍, നിയമം ഉപയോഗിച്ച് അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ജനാധിപത്യ കാഴ്ച്ചപ്പാടില്‍ ശരിയാണോ? എന്ന ചോദ്യം ഉന്നീതമാവുന്നത് തന്നെ ജനാധിപത്യം എന്നാല്‍ സര്‍വ്വതന്ത്രസ്വതന്ത്രമായ പൌരാവകാശം ആണ് എന്ന നമ്മുടെ വികലമായ സാമൂഹ്യ ബോധത്തില്‍ നിന്നാണ്. ഏത് പൌരനും സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തണം എന്നത് തന്നെയാണ് ഏറ്റവും ശരി എന്നാണ് എന്റെ ഉത്തരം.

പൌരന് മൌലികമായ അവകാശങ്ങള്‍ അനുഭവിക്കണമെങ്കില്‍ മൌലികമായ കടമകളും നിര്‍വ്വഹിച്ചേ മതിയാവൂ. അതില്‍ ഏറ്റവും പ്രധാനം സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നതാണ്. കാരണം സര്‍ക്കാര്‍ എന്ന സംവിധാനം ഓരോ പൌരന്റെയും നിലനില്പിന് അത്യന്താപേക്ഷിതമാണ്. സര്‍ക്കാറില്ലാതെ സമൂഹത്തിന് ഒരു നിമിഷം പോലും നിലനില്പില്ല. എനിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ല എന്ന് ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു പൌരന് പറയാന്‍ കഴിയരുത്. നമ്മള്‍ ജനാധിപത്യത്തെ തെറ്റിദ്ധരിക്കുകയോ, അല്ലെങ്കില്‍ അത് കക്ഷിരാഷ്ട്രീയക്കാരുടെ ഇഷ്ടം പോലെ കൈകാര്യം ചെയ്യാന്‍ വിട്ടിരിക്കുകയോ ആണ്. അതാണ് പ്രശ്നം.

രാഷ്ട്രീയത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സാര്‍ത്ഥകമായ സംവാദങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഈ അവസ്ഥ ചൂഷണം ചെയ്ത് കൊഴുക്കുകയാണ് രാഷ്ട്രീയക്കാര്‍. രാഷ്ട്രീയം നേതാക്കള്‍ക്ക് വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണെങ്കില്‍ ജനങ്ങള്‍ക്കത് നിലനില്പിന്റെ പ്രശ്നമാണ്. ഈ വ്യത്യാസം പക്ഷെ തിരിച്ചറിയപ്പെടുന്നില്ല.

രാഷ്ട്രീയം എന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്ന് തെറ്റായി ധരിക്കുകയും , രാഷ്ട്രീ‍യപ്രക്രിയകളില്‍ നിന്ന് മാറി നിന്ന് രാഷ്ട്രീയക്കാരെ കുറ്റം പറയുകയും ചെയ്യുന്ന ഇന്നത്തെ പ്രവണത അപകടകരമാണ്,ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ്.

എല്ലാവരും വോട്ട് ചെയ്യണം എന്ന തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ ഒരു പാര്‍ട്ടിയും പിന്‍‌തുണക്കില്ല. മുന്‍പ് ഇലക്‍ഷന്‍ കമ്മീ‍ഷന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു, ബാലറ്റ് പേപ്പറില്‍ “ഐ ചൂസ് നോട്ട് ടു വോട്ട് ഫോര്‍ എനി കേന്റിഡേറ്റ് ” എന്ന ഓപ്ഷന്‍ വോട്ടര്‍മാര്‍ക്ക് നല്‍കണം എന്ന്. സര്‍വ്വ പാര്‍ട്ടികളും ഒറ്റക്കെട്ടായി എതിര്‍ത്തതിനാല്‍ അത് നടപ്പിലായില്ല്ല. ജനപക്ഷത്ത് നിന്ന് നോക്കിയാല്‍ ആ നിര്‍ദ്ദേശമല്ലെ ശരി? പിന്നെ എന്ത് കൊണ്ട് എല്ലാവരും എതിര്‍ത്തു? വയറ്റുപ്പിഴപ്പിന്റെ കാര്യം അവതാളത്തിലാകുന്ന അപകടം തിരിച്ചറിഞ്ഞ് അവരൊക്കെ ഒന്നായി,നമ്മള്‍ ജനങ്ങള്‍ ഒന്നും മിണ്ടിയില്ല. അതേ പോലെയാണ് ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാലും പ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള സമ്മതിദായകരുടെ അവകാശവും. മറ്റൊന്ന് എല്ലാ പൌരന്മാരുടെയും സമ്മതിദാനത്തിന് പ്രാതിനിധ്യം ലഭിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പില്‍ ആനുപാതികപ്രാതിനിധ്യസമ്പ്രദായം നടപ്പിലാക്കുക എന്നതാണ്. മുന്‍പ് ശ്രീ.ഈ.എം.എസ്.നമ്പൂതിരിപ്പാട് ഇതിനെക്കുറിച്ച് ധാരാളം എഴുതാറുണ്ടായിരുന്നു.

ചുരുക്കത്തില്‍ ഇന്ന് ഇവിടെ നിലവിലുള്ളത് പാര്‍ട്ടി-ഉദ്യോഗസ്ഥ-പണ-ക്രിമിനല്‍ ആധിപത്യമാണ് ജനാധിപത്യത്തിന്റെ ലേബലില്‍. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? വേണമെങ്കില്‍ അതിനെ പറ്റി ചിന്തിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും നമ്മളാണ്. വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്ന അവസ്ഥ കപടരാഷ്ട്രീ‍യക്കാരെ സഹായിക്കുകയേയുള്ളൂ.

രാഷ്ട്രീയക്കാര്‍ മുഴുവനും കള്ളനാണയങ്ങാളാണെന്ന് എനിക്കഭിപ്രായമില്ല. എങ്കില്‍ തന്നെയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശുദ്ധീകരിക്കപ്പെടണം. അതിന് ചിന്തിക്കുന്നവരുടെ ഇടപെടല്‍ വേണം.

Rajeesh said...

Sukumaaretta... This discussion take it for granted the idea that democracy is the best possible way. That was what was taught in the social sciences books followed in Kerala (probably in India too). My question is this - Why did most of the Greek philosophers (assumption that democracy sprang forth from there) rejected it as the best way to rule and to be ruled? Please remember that Socrates was poisoned by the democrats. Plato too didn't vary much from his tutors ideas about democracy.

അങ്കിള്‍ said...

മാഷേ,

"മുന്‍പ് ഇലക്‍ഷന്‍ കമ്മീ‍ഷന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു, ബാലറ്റ് പേപ്പറില്‍ “ഐ ചൂസ് നോട്ട് ടു വോട്ട് ഫോര്‍ എനി കേന്റിഡേറ്റ് ” എന്ന ഓപ്ഷന്‍ വോട്ടര്‍മാര്‍ക്ക് നല്‍കണം എന്ന്"

അങ്ങനെ ഒരു ഓപ്ഷന്‍ ഇപ്പോഴേ ഉണ്ടല്ലോ മാഷേ. പക്ഷേ ബാലറ്റ് പേപ്പറില്‍ കാണിക്കില്ല. അതിന്റെ രീതികള്‍ വേറെ. എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇതാ ഇതൊന്നു വായിക്കൂ.

അശോക് കർത്താ said...

സിനിമയില്‍ കോമഡി പറ്റാത്തതുകൊണ്ട് ബ്ലോഗില്‍ അതായിക്കളയാം എന്ന് വിചാരിച്ചിറങ്ങിത്തിരിച്ചതാകാം സൂപ്പര്‍സ്റ്റാര്‍. ഈ രാഷ്ട്രീയം എന്ന് പറയുന്നത് അതുകൊണ്ട് പ്രയോജനം ഉണ്ടാക്കുന്നവര്‍ക്ക് മാത്രമുള്ളതല്ലെ? നമ്മളെപ്പോലെ വെറും സാധാരണക്കാര്‍ സമയം കളഞ്ഞ് അതില്‍ ഇടപെടുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല. നാം പറയുന്ന ഒരു കാര്യവും അവര്‍ക്കും അവരുടെ വൈതാളികറ്ക്കും പ്രയോജനപ്പെടുന്നതല്ലെങ്കില്‍ കേള്‍ക്കുക പോലുമില്ല. പിന്നെ നാമെന്തിനാ ഈ ചര്‍ച്ചയൊക്കെ നടത്തുന്നത്. മമ്മൂട്ടിക്കൊക്കെ അവരുടെ ഒരു പൊളിറ്റിക്സ് ഉണ്ട്. ഒരു തരം അഭിനയം. അയാളുടെ ദേഷ്യം പോലും അഭിനയമല്ലാതെന്ത്? മാദ്ധ്യമങ്ങള്‍ നമ്മെക്കൊണ്ട് അതൊക്കെ ആഘോഷിപ്പിക്കുകയാണു. അതിന്റെ വേറൊരു വേദിയാണു ബ്ലോഗ്. കല്ലുവെട്ടുകാരനും കൂലിപ്പണിക്കാര്‍ക്കും കൊടുക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം ഒരു നടനു കൊടുക്കുന്നത് അയാളുടെ സമ്പാദ്യത്തിന്റെ പശ്ചാത്തലത്തിലാണു. ആ വെള്ളിവെളിച്ചത്തില്‍ കാണുമ്പോള്‍ അവര്‍ പറയുന്ന വിഡ്ഡിത്തങ്ങള്‍ പോലും സൂക്തമായി തോന്നാം. കല്യാണമൊക്കെ നടക്കുമ്പോള്‍ ചില കുട്ടികള്‍ വന്ന് മൊബൈലിലും മറ്റും പടമെടുക്കുന്നത് കണ്ടിട്ടില്ലെ? അത് ചയ്യുമ്പോള്‍ അവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറന്മാരേക്കാള്‍ ഗൌരവം അവരുടെ മുഖത്ത് നിലിക്കുന്ന പോലെ തോന്നും. ചുമ്മാ.... അതിലൊരു കാര്യോമില്ല. സെലിബ്രിറ്റികലുടെ കാര്യങ്ങളും അത്രേയുള്ളു. വെറും പിള്ളാര്‍ കളി. സുകുമാരേട്ടന്‍ വെറുതെ സമയം കളയാതെ........

Radheyan said...

ജനാധിപത്യം പരിണമിക്കുന്ന ഒരു വ്യവസ്ഥിതിയാണ്,നാമതിന്റെ പിച്ചവെയ്പ്പ് ഘട്ടത്തില്‍ മാത്രമാണ്.ഇനിയും ഒരുപാട് ബാലാരിഷ്ടതകള്‍ നമ്മുടെ ജനാധിപത്യത്തിന് താണ്ടാനുണ്ട്.

എല്ലാറ്റിനും രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞാല്‍ നമ്മുടെ ജോലി തീര്‍ന്നു എന്നു കരുതുന്ന സിവിക്ക് സമൂഹമാണ് നമ്മുടേത്.നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നല്ലതു ചീത്തയുമുണ്ട്.രസകരമായ ഒരു വസ്തുത രാഷ്ട്രീയക്കാരെ കുറ്റം പറയുന്നവരില്‍ പലരും വ്യക്തി ജീവിതത്തില്‍ കൈക്കൂലി വാങ്ങാനോ കൈക്കൂലി കൊടുത്ത് അന്യായമായ കാര്യങ്ങള്‍ സാധിക്കാനോ മടിക്കാത്തവരാണ്.

നമ്മുടെ നല്ലവരായ ജനം രാഷ്ട്രീയത്തില്‍ നിന്ന് എത്ര അകന്നു പോകുന്നു,അത്രയും രാഷ്ട്രീയത്തില്‍ എരപ്പാളികള്‍ കൂടും.എന്ത് കൊണ്ട് അച്ചുത മേനോനെ പോലെയോ ഇ.എം.എസിനെ പോലെയോ അതിസമര്‍ത്ഥരായ കുട്ടികള്‍ രാഷ്ട്രീയത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കുന്നു.എന്തു കൊണ്ട് ഞാനും നിങ്ങളും സ്വന്തം കാര്യം നോക്കികളും സ്വാര്‍ത്ഥരുമാകുന്നു?

അഞ്ചാണ്ട് കൂടുമ്പോള്‍ വോട്ട് ചെയ്യുക മാത്രമല്ല ജനാധിപത്യം.അതും അംനീഷ്യ പിടിച്ച് അതിനു മുമ്പത്തെ 5 കൊല്ലത്തെ അനുഭവം മറന്ന് മുന്‍പിരുന്നവനെ പുന:പ്രതിഷ്ഠിക്കുന്ന ചടങ്ങ്.അതിന് കുറേ കൂടി വിപുലമായ അര്‍ത്ഥതലങ്ങളുണ്ട്.നാം ഒരു ഗ്രാമസഭയില്‍ പങ്കെടുക്കുമ്പോള്‍,നാം അക്ഷരം വായിക്കാനറിയാത്ത ഒരുവനെ അക്ഷരം പഠിപ്പിക്കുമ്പോള്‍ നാം ജനാധിപത്യത്തിന്റെ അടിത്തറ വിപുലമാക്കുകയാണ്.

നിയമപരിഷ്ക്കാരങ്ങള്‍ വേണം,സംശയമില്ല.പ്രത്യേകിച്ചും ഇന്ദ്രജീത്ത് ഗുപ്ത കമിറ്റി ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് മുന്നോട്ട് വെച്ച ജനപ്രതിനിധിയെ തിരികെ വിളിക്കല്‍,ഇലക്ഷന്‍ ചിലവുകളുടെ ദേശസാല്‍ക്കരണം,വോട്ടിങ്ങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതിക്കല്‍ തുടങ്ങിയവ തീര്‍ച്ചയായും പരിഗണിക്കപ്പെടണം.പക്ഷെ അതിലൊക്കെ പ്രധാനമാണ് രാഷ്ട്രീയമായ സാക്ഷരത.അത് ആന്ധ്യം ബാധിച്ച രാഷ്ട്രീയ അനുയാത്രയല്ല.

ഇന്ദ്രജിത്ത് ഗുപ്ത റിഫോര്‍മ്സിനെ കുറിച്ച് ഇവിടെ വായിക്കാം