2008-12-11

ജനങ്ങളാണ് രാഷ്ട്രം !

മാവേലികേരളത്തിന്റെ ബ്ലോഗില്‍ ഇന്നെഴുതിയ രണ്ടാമത്തെ കമന്റ് :

മാവേലി കേരളത്തിന്റെ ഒന്നാമത്തെ ചോദ്യത്തിന് അഞ്ചാമത്തെ ചോയ്‌സ് ആണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതായത് മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് നമ്മുടെ സെക്ക്യുലറിസം എന്ന്. നമ്മുടെ രാഷ്ട്രത്തിന് ഒരു ഔദ്യോഗികമതം അഥവാ ദേശീയമതം എന്നൊന്നില്ല എന്ന വളരെ പരിമിതമായ അര്‍ത്ഥം മാത്രമേ സെക്ക്യുലറിസം എന്നത് കൊണ്ട് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നുള്ളു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ മതത്തെ നമ്മുടെ ഭരണഘടന നിരസിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നില്ല. അതാണ് ശരിയും പ്രായോഗികവും എന്ന് സോവിയറ്റ് റഷ്യയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എഴുപതില്‍ പരം വര്‍ഷങ്ങള്‍ മതത്തെ
തിരസ്ക്കരിച്ച ആ രാഷ്ട്രം നിലം‌പരിശായപ്പോള്‍ അവശിഷ്ട റഷ്യയിലും പിരിഞ്ഞ് പോയി ദേശീയത പുന:സ്ഥാപിച്ച മറ്റ് രാജ്യങ്ങളിലും മതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന അനുഭവപാഠം നമ്മുടെ മുന്‍പിലുണ്ട്. അതിന്റെ കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നത് മനുഷ്യന് ജീവിയ്ക്കാന്‍ ഒരു ആത്മീയതയുടെ ആവശ്യം അനിവാര്യമായിട്ടുണ്ട് എന്നാണ്. അത്മീയത എന്നത് സാങ്കല്പികവും
അമൂര്‍ത്തവുമാണ്. മൂര്‍ത്തമായ മാനവികതയായിരുന്നു സാങ്കല്പികമായ ആത്മീയതയ്ക്ക് പകരം വെക്കേണ്ടിയിരുന്നത്. അത്തരം ഒരു മാനവികത രാഷ്ട്രത്തിന് പകര്‍ന്ന് നല്‍കാന്‍ സോവിയറ്റ് ഭരണകൂടത്തിനോ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ആയില്ല.

സത്യത്തില്‍ മതേരത്വം എന്ന പ്രയോഗം തന്നെ കപടമാണ്. മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ, മതേതരത്വം എന്ന ഒന്നില്ല. കഥയറിയാതെയും ആലോചിക്കാതെയുമാണ് ഇവിടെ മതേതരത്വം എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രസംഗിക്കുന്നത്. മാനവികത എന്നത് സമൂഹം അല്ലെങ്കില്‍ ലോകം അതിന്റെ വളര്‍ച്ചയില്‍ പ്രാപിക്കേണ്ടതായ ഒരു ഘട്ടമാണ്.
അത് അകാലത്തില്‍ ഉല്പാദിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. ജനങ്ങളാണ് രാഷ്ട്രം. അല്ലാതെ സര്‍ക്കാരല്ല. മതത്തെ നിരസിക്കുമ്പോള്‍ നാം മനുഷ്യര്‍ക്ക് എന്ത് പകരം നല്‍കും എന്ന് ചിന്തിക്കേണ്ടതുണ്ട്. മതം ഉപേക്ഷിക്കുന്ന ഒരു വ്യക്തിക്ക് പകരമായി ആ നിമിഷം തന്നെ മാനവികതയുടെ അഭയവും പരിലാളനവും കിട്ടേണ്ടതുണ്ട്. അത് ലഭിക്കാത്ത ഒരു സമൂഹത്തില്‍
മതേതരത്വം പ്രസംഗിക്കുന്നത് ആത്മവഞ്ചനയാണ്. അതാണ് ഇന്ന് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.

രണ്ടാമത്തെ ചോദ്യം , നിങ്ങള്‍ ഒരു സെക്കുലറിസ്റ്റാണോ? എങ്കില്‍ എന്തു കൊണ്ട് ? അതെ ഞാന്‍ സെക്ക്യുലറിസ്റ്റാണ്. എന്ത് കൊണ്ടെന്നാല്‍ പ്രധാനമായി ഞാന്‍ ഒരു മനുഷ്യനായാണ് ജനിച്ചത് എന്ന് ബുദ്ധി വന്നപ്പോള്‍ എനിക്ക് മനസ്സിലായി. ജീവിയ്ക്കാന്‍ മതം വേണ്ടെന്നും എനിക്ക് മാനവികതയാണ് വേണ്ടതെന്നും ഞാന്‍ തിരിച്ചറിച്ചു. എനിക്ക് മനുഷ്യരുടെ സ്നേഹവും അംഗീകാരവുമാണ് വേണ്ടിയിരുന്നത്. ഇത് രണ്ടും ദാരിദ്ര്യരേഖയ്ക്ക് വളരെ താഴെയായതിനാല്‍ ചുറ്റുപാടുകളില്‍ നിന്ന്
എനിക്കാവശ്യമായത് കറന്നെടുക്കാന്‍ ഞാന്‍ ശീലിച്ചു. സ്വന്തം മന:സാക്ഷിയുടെ ശുദ്ധികരണമാണ് ആത്മീയത എന്ന് ഞാന്‍ മനസ്സിലാക്കി. അത്തരം ഒരു ആത്മീയത ഇല്ലെങ്കില്‍ മനസ്സ് വരണ്ട് പോയി ജീവിതം ശുഷ്കമായി പോകും. ഈ ഒരു ആത്മീയത പരിമിതമായെങ്കിലും ഇന്ന് പ്രചരിപ്പിക്കുന്നത് മതങ്ങള്‍ ആണ് താനും. സര്‍ക്കാറിന് ഇതില്‍ റോള്‍ ഒന്നുമില്ല. മതേതരവാദികള്‍ക്കും
യുക്തിവാദികള്‍ക്കും ഈ പറഞ്ഞ ആത്മീയത പ്രചരിപ്പിക്കാനും കഴിയില്ല. അതിനാല്‍ വ്യക്തിപരമായി ഒരു സെക്ക്യുലറിസ്റ്റായിരിക്കുമ്പോള്‍ തന്നെ മതങ്ങളെ നിരസിക്കുന്നതായിരിക്കരുത് നമ്മുടെ സ്റ്റേറ്റിന്റെ പോളിസി എന്ന് ഞാന്‍ കരുതുന്നു. അധികാരത്തിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാറിന്റെ ചെലവിലും അല്ലാതെയും മതപ്രീണനം നടത്തുന്നതാണ് എതിര്‍ക്കപ്പേണ്ടത്.

ഞാന്‍ പോസ്റ്റിന്റെ ബോഡിയിലേക്ക് കടന്ന് എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ഇനിയും കുറച്ചു കൂടി പഠിക്കാനുണ്ട്. അതിനാല്‍ അത് മാറ്റി വെക്കുന്നു. അതിനിനിയും സമയമുണ്ടല്ലൊ, അതിനാല്‍ മവേലികേരളത്തിന്റെ എന്നോടുള്ള കമന്റിന്റെ അവസാനത്തെ വരിയിലേക്ക് നേരെ കടക്കുകയാണ് . “ബ്ലോഗിലല്ലാതെ ഇതെവിടെ സാധ്യമാകുമെന്നാണ് മാഷ് കരുതുന്നത് ”, ഇത്തരമൊരു ചര്‍ച്ച ബ്ലോഗില്‍ എത്രമാത്രം ഫലപ്രദമാവും? എന്ന എന്റെ സംശയത്തിനാണ് ചോദ്യരൂപേണയുള്ള മറുപടി.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വെച്ച് അങ്കിളിനെ കണ്ടുമുട്ടാനും പലതും പറഞ്ഞ കൂട്ടത്തില്‍ ബ്ലോഗിനെ പറ്റി പരാമര്‍ശിക്കാനും അവസരം കിട്ടി. ഞങ്ങളുടെ വിലയിരുത്തല്‍ വെച്ച് ഏറിയാല്‍ ഒരു ഇരുന്നൂറ് പേരാണ് പോസ്റ്റുകള്‍ എഴുതിയും കമന്റുകളില്‍ കൂടി ചര്‍ച്ച ചെയ്തും വായിച്ചും സജീവമായി ബ്ലോഗില്‍ ഇടപെടുന്നത്. അതും വെര്‍ച്വല്‍ പരിസരത്ത്.
പ്രൊഫൈലുകളുടെ എണ്ണം കണക്കാക്കിയാല്‍ പതിനായിരങ്ങള്‍ കാണും. പക്ഷെ ലൈവായി എന്നും അത്രയും പേരേയുള്ളൂ. ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കേരളം മനസ്സിലാക്കുന്നുണ്ടോ, സംശയമാണ്.

അത് കൊണ്ടാണ് ബ്ലോഗ്ഗേര്‍സ് ഭൂമിയില്‍ ഇറങ്ങി വന്ന് പൊതുസമൂഹത്തോട് സംവദിക്കാന്‍ വേണ്ടി ഒരു സംഘടന രൂപീകരിക്കണമെന്ന ആവശ്യം ഞാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഒരു പത്ത് ബ്ലോഗ്ഗേര്‍സ് നേരിട്ട് വന്ന് പൊതുകാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നുവെങ്കില്‍ അത്രയും ഇം‌പാക്റ്റ് സൃഷ്ടിക്കാന്‍ കഴിയുമല്ലൊ. ഞാന്‍ സമീപിച്ച ഒന്ന് രണ്ട് ബ്ലോഗ്ഗര്‍മാര്‍ അതിന്റെയൊന്നും
ആവശ്യമില്ല എന്നാണ് പ്രതികരിച്ചത്. ആ രണ്ട് പേരല്ല ബൂലോഗം. എന്നാല്‍ അനാരോഗ്യം നിമിത്തം എനിക്കങ്ങനെയൊന്ന് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലൊ എന്തെങ്കിലും ചെയ്യുന്നത്, അത് കൊണ്ടാണ് സംതിങ്ങ് ഈസ് ബെറ്റര്‍ ദേന്‍ നതിങ്ങ് എന്ന് പറഞ്ഞത്. ഇത്രയെങ്കിലും നടക്കുന്നല്ലൊ, നടക്കട്ടെ എന്ന് സാരം. ഈ ചര്‍ച്ച സജീവമാകുകയാണെങ്കില്‍ നന്നായിരുന്നു. ഞാന്‍ ഒന്നും ഖണ്ഢിതമായി പറഞ്ഞതല്ല. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാര്‍.
ആശംസകളോടെ,

2 comments:

ബഷീർ said...

>മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് നമ്മുടെ സെക്ക്യുലറിസം എന്ന്. നമ്മുടെ രാഷ്ട്രത്തിന് ഒരു ഔദ്യോഗികമതം അഥവാ ദേശീയമതം എന്നൊന്നില്ല <

ശരിയാണ്

>മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ, <

മാനവികത എന്നാല്‍ മതവിരുദ്ധം എന്ന ആശയത്തോട്‌ യോജിക്കാനാവില്ല.

Unknown said...

മതവിരുദ്ധം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കരുതായിരുന്നു. എന്നാല്‍ മതത്തിന് മാനവികത പകരം വയ്ക്കാമെന്നാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. അത് വികസിപ്പിച്ച് ഒരു പോസ്റ്റ് ആക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. മതം പരമമായ മാനവികതയാണ് ഉന്നം വെക്കുന്നതെങ്കിലും അത് ഗ്രന്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങുന്നു. ദൈനംദിനജീവിതത്തില്‍ മനുഷ്യന് മാനവികതയുടെ സ്പര്‍ശം ഇന്ന് ലഭിക്കുന്നേയില്ല. അത് അല്പമെങ്കിലും ലഭിക്കുമായിരുന്നെങ്കില്‍ സമൂഹത്തിന്റെ മുഖഛായ തന്നെ മാറിയേനെ. വെറുപ്പും നിര്‍വ്വികാരതയുമാണ് ഇന്ന് ആളുകളുടെ മുഖത്ത് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നത്. മനസ്സില്‍ അല്പമെങ്കിലും ആര്‍ദ്രതയോ കരുണയോ ഉണ്ടായിരുന്നെങ്കില്‍ അത് മുഖത്ത് പ്രതിഫലിക്കുമായിരുന്നു. ഇന്ന് മതങ്ങള്‍ക്കോ ആത്മീയതയ്ക്കോ ഇത്തരം ഒരാര്‍ദ്രത മനുഷ്യമനസ്സില്‍ ജനിപ്പിക്കാന്‍ കഴിയുന്നില്ല. ഇതെന്റെ നിരീക്ഷണം!