2008-11-19

മസ്തിഷ്ക്കത്തിന്റെ സ്ഥാനം മസ്സിലുകള്‍ കരസ്ഥമാക്കുന്നത് ?

ബിമിനിത്തിന്റെ നോട്ടുപുസ്തകം എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


റഷ്യയിലെ ബോള്‍ഷെവിക്ക് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ട്രോട്സ്കി.പല കാര്യങ്ങളിലും ലെനിനോട് പോലും അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാലും ലെനിന്റെ മരണം വരെ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ട്രോട്സ്കി ലെനിന്റെ മരണത്തോടെ ഒറ്റപ്പെട്ടു. തന്റെ ഏകാധിപത്യത്തിന് ഭീഷണിയാവുമെന്ന് കണ്ട സ്റ്റാലിന്‍ 1928ല്‍ ട്രോട്സ്കിയെ അല്‍മാട്ടിയിലേക്ക് (ഇന്നത്ത കസാക്കിസ്ഥാന്‍)നാട് കടത്തുകയും ഏറെ താമസിയാതെ സോവിയറ്റ് റഷ്യ വിട്ടുപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. തുര്‍ക്കി , നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടി ഒടുവില്‍ മെക്സിക്കോയില്‍ കുടുംബസമേതം താമസം തുടങ്ങിയ ട്രോസ്കിയെ 1940 ആഗസ്റ്റ് 20ന് സ്റ്റാലിന്റെ ഒരു ചാരന്‍ വധിക്കുകയായിരുന്നു.

സ്റ്റാലിന് അനഭിമതനായത് കൊണ്ട് ട്രോട്സ്കി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗവഞ്ചകനും തിരുത്തല്‍ വാദിയുമായിരുന്നു. ട്രോട്സ്കി എന്ന പേര് പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അറപ്പ് ഉളവാക്കുന്നതായിരുന്നു. ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നവരെ ട്രോട്സ്കിയിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുണ്ടായിരുന്നത്.ട്രോട്സ്കിക്ക് ഇന്നും ലോകത്ത് ആരാധകരുണ്ട്. ഒരു പക്ഷെ ട്രോട്സ്കി ആയിരുന്നു സോവിയറ്റ് വിപ്ലവത്തിന്റെ നേതൃത്വസ്ഥാനത്ത് എങ്കില്‍ ലോക ചരിത്രം തികച്ചും വ്യത്യസ്ഥമായേനേ.സ്റ്റാലിന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ റോള്‍ മോഡല്‍ ആയതാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെടാനുള്ള അടിസ്ഥാനകാരണം.

ഔദ്യോഗികകമ്മ്യൂണിസ്റ്റ് ആജ്ഞകള്‍ ശിരസ്സാവഹിക്കാനുള്ള അണികളുടെ മാനസികമായ അടിമത്ത ബോധമാണ് പിണറായിയെ പോലുള്ള ഒരാള്‍ നേതൃസ്ഥാനത്ത് തുടരാന്‍ കാരണം. അച്യുതാനന്ദനും വ്യത്യസ്ഥനൊന്നുമല്ല, ഇപ്പോള്‍ ഒരു രക്തസാക്ഷിപരിവേഷമുണ്ടെങ്കിലും. ആശയനവീകരണം പാര്‍ട്ടിയില്‍ നടക്കാതെ മുരടിച്ച് പോകുന്നു എന്നതാണ് ഇതിന്റെയൊക്കെ ഫലം. അത്കൊണ്ടാണ് തലച്ചോറിന്റെ സ്ഥാനം മസ്സിലുകള്‍ ഏറ്റെടുക്കുന്നത്.

അധികവായനയ്ക്ക് ഇവിടെ!

4 comments:

Unknown said...

ഒരു പുതിയ അറിവ് .....താങ്ങള്‍ക്ക്‌ നന്ദി . കമുനിസതിന്റെ ശേഷി കുറിപ്പ്
ഇന്നിയും വരാം

ജിവി/JiVi said...

ട്രോട്സ്കിക്ക് മാത്രമല്ല, മന്മോഹന്‍ സിംഗിനും ബി ആര്‍ പി ഭാസ്കറിനുമൊക്കെ ഈ ലോകത്ത് ആരാധകരുണ്ട്.

vimathan said...

മഹാനായ ബോള്‍ഷെവിക് നേതാവും, മാര്‍ക്സിസ്റ്റ് സൈദ്ധാദ്ധികനും, എഴുത്തുകാരനുമായിരുന്ന സ: ട്രോട്സ്കിയെ പറ്റിയും, ടോട്സ്കിയിസം എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യയശാസ്ത്രത്തെ പറ്റിയും, ഇടതുപക്ഷ സാഹിത്യത്തിന് ഒരു വിധം പ്രചാരമുള്ള മലയാളി സമൂഹത്തിന് ഒട്ടും തന്നെ അറിയില്ലാ എന്നതാണ് സത്യം. ശ്രീ മൊയ്തു മൌലവിയുടെ മകനും, ഇന്ത്യയിലെ ട്രോട്സ്കിയിസ്റ്റ് പാര്‍ട്ടിയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ സെക്രട്ടറിയുമായിരുന്ന സ: എം റഷീദ് ആണ് മലയാളികള്‍ക്കിടയില്‍ ട്രോട്സ്കിയിസത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഒരാള്‍. മാര്‍ക്സിസ്റ്റ് സാഹിത്യവുമായി പരിചയപ്പെട്ട് വന്നിരുന്ന തന്റെ ആദ്യ കാലഘട്ടങളില്‍ ശ്രീ ഇ എം എസ് തന്റെ ഒരു ലേഖനത്തില്‍ സ: ട്രോട്സ്കിയെ വിശേഷിപ്പിച്ചത് “വിശ്വൈക വിപ്ലവവീരന്‍ ” എന്നായിരുന്നു. കേരളം കണ്ട മാര്‍ക്സിസ്റ്റ് ചിന്തകരില്‍ ഏറ്റവും പ്രമുഖനും, കേരള മാര്‍ക്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നവനുമായിരുന്ന സ: കെ ദാമോദരന്‍, പക്ഷെ തന്റെ അവസാന കാലങളില്‍ ട്രോട്സ്കിയിസത്തെ പറ്റി കൂടുതല്‍ പഠിച്ച്, ഒരു ട്രോട്സ്കിയിസ്റ്റ് നിലപാടീല്‍ എത്തി ചേര്‍ന്നു എന്ന് വിശ്വസിക്കാവുന്ന നിലയില്‍ ഉള്ള ചില പ്രസംഗങള്‍ നടത്തുകയുണ്ടായി. സ: ട്രോട്സ്കിയുടെ “Literature & Revolution” എന്ന പ്രസിദ്ധ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം എന്നും അദ്ദേഹത്തിന് ആശയുണ്ടായിരുന്നു. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കും മുന്നേ അദ്ദേഹം മരിച്ചു പോയി.

Unknown said...

വിമതന് നന്ദി, വിലപ്പെട്ട വിവരങ്ങള്‍ പങ്ക് വെച്ചതിന് ... റഷ്യ എന്ന ഒരു രാജ്യത്തില്‍ മാത്രമായി സോഷ്യലിസ്റ്റ് വിപ്ലവം പ്രായോഗികമാവുകയില്ല എന്ന് ട്രോട്സ്കി പറഞ്ഞതായി എവിടെയോ വായിച്ചതോര്‍ക്കുന്നു. ലെനിന്‍ അധികാരം പിടിച്ചടക്കുകയാണ് ചെയ്തത്. സ്റ്റാലിനാകട്ടെ കമ്മ്യൂണിസത്തെ കുഴിച്ചുമൂടുകയും ചെയ്തു. ട്രോട്സ്കിയിസം വേണ്ടത്ര പഠനവിധേയമാക്കിയില്ല എന്നത് ദൌര്‍ഭാഗ്യകരമായി. പിന്നെ ശ്രീ.ഇ.എം.എസ്. നിര്‍ണ്ണായകഘട്ടങ്ങളില്‍ എപ്പോഴും വേലിപ്പുറത്തായിരുന്നു ഇരിപ്പുറപ്പിക്കാറ് എന്നത് അറിയാവുന്നതാണല്ലൊ.അദ്ദേഹത്തിന്റെ കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഊന്നിയ ചിന്തകള്‍ മാര്‍ക്സിസത്തിന്റെ സത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അന്യമാക്കുകയും ചെയ്തു. അല്പമെങ്കിലും അത് സ്വാംശീകരിക്കാന്‍ ശ്രമിച്ചത് നക്സലുകളായിരുന്നു. പക്ഷെ അവരും ആശ്രയിച്ചത് ഉന്മൂലനസിദ്ധാന്തത്തെയായത്കൊണ്ട് അവര്‍ക്കും വഴിപിഴച്ചു. കമ്മ്യുണിസത്തെ സംബന്ധിച്ച് അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞു എന്ന നിഗമനത്തിലാണ് ഞാന്‍. പെസ്സിമിസ്റ്റ് ആയത്കൊണ്ടാണോ എന്നറിയില്ല , മാനവികമൂല്യങ്ങള്‍ ഇനി വീണ്ടെടുക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു !