ബി.ആര്.പി.യുടെ ബ്ലോഗ് പോസ്റ്റില്‍ ഞാന്‍ ഒരു രണ്ടു വരിക്കമന്റ് എഴുതി അനങ്ങാതെ ഇരുന്നതായിരുന്നു. നോക്കുമ്പോള്‍ അവിടെ ചര്‍ച്ച ചൂട് പിടിച്ച് വരുന്നു. അത് നല്ലതാണ് . ആശയസംഘട്ടനങ്ങളിലൂടെയേ സമൂഹം നവീകൃതമാവൂ. ഇന്നില്ലാത്തതും അത് തന്നെ. അതിനാല്‍ ജൈവികത നഷ്ടപ്പെട്ട് മൃതപ്രായമാവുകയാണ് സമൂഹം. സംവദിക്കാന്‍ മുന്വരുന്നവര്ക്കാകട്ടെ സഹിഷ്ണുതയും അശേഷം ഇല്ല. അതിനാല്‍ തര്‍ക്കിക്കുക , ഉത്തരം മുട്ടുമ്പോള്‍ ഞഞ്ഞാമിഞ്ഞ പറയുക എന്ന സമീപനമാണ് പൊതുവെ കാണുന്നത് . നമ്മള് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം ഒഴിവാക്കി നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. എവിടെ സാമൂഹ്യജീവിതമുണ്ടോ അവിടെ രാഷ്ട്രീയവുമുണ്ട്. സ്വയം വഴിനടത്താന്‍ ജനങ്ങള്‍ ആവിഷ്ക്കരിക്കുന്ന മാര്‍ഗ്ഗരേഖയാണ് രാഷ്ട്രീയം. അത് നേതാക്കളുടെ ഉപജീവനമാര്‍ഗ്ഗമല്ല, മക്കള്‍ക്ക് ഒസ്യത്തായി എഴുതിവെക്കാനുമുള്ളതല്ല. രാഷ്ട്രീയപരമായി ഒട്ടേറെ പരിണാമങ്ങളും ഗുണപരമായ മുന്നേറ്റങ്ങളും നടന്നേ പറ്റൂ. മാറ്റങ്ങളില്‍ നിന്ന് ഒരു സമൂഹത്തിന് ഏറെക്കാലം മാറി നില്‍ക്കാനാവില്ല. ബി.ആര്.പി.യുടെ പ്രസ്തുത പോസ്റ്റില്‍ ഞാന്‍ ഇന്ന് വീണ്ടും ഒരു കമന്റെഴുതി. പലര്‍ക്കും അപ്രിയമായ കമന്റ്. അത് ഇപ്രകാരം :
“കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിക്കാരു അന്യോന്യം പറയുന്നതല്ലാതെ പ്രത്യേക കൊമ്പും വാലുമൊന്നുമില്ല.” എന്ന ഇഞ്ചിയുടെ കമന്റ് അസ്സലായി. ഈ പാര്‍ട്ടിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന പാര്‍ട്ടി സെക്രട്ടരിയുടെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒന്നാന്തരം ഉത്തരമാണാ വാക്കുകള്‍ !
പ്രത്യയശാസ്ത്രപരമായി ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. പണ്ടൊക്കെ നേതാക്കന്മാര് പറയുമായിരുന്നു, ഞങ്ങളുടെ പാര്‍ട്ടി പാവപ്പെട്ടവരുടെ കൈയില്‍ നിന്ന് ചില്ലിക്കാശ് പിരിച്ചെടുത്തിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത് എന്ന്. ആ വാക്കുകളിലെ ഒരു സ്പര്‍ശം ഇന്ന് സ്റ്റോക്ക് മര്‍ക്കറ്റിലെ ലാഭം കൊണ്ടുകൂടിയുമാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ കിട്ടുമോ?
എന്തിനാണ് ഇങ്ങനെ കിട്ടുന്ന പണം ഒക്കെ പാര്‍ട്ടി ഉപയോഗപ്പെടുത്തുക? ഇന്ത്യയൊട്ടാകെ പാര്‍ട്ടിയുടെ ആശയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗപെടുത്തുമോ? ഇല്ലല്ലൊ. കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഇപ്രകാരം പണം സ്വരൂപിച്ച് കൂട്ടുമ്പോള്‍ പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്മെന്റ് ആയി രൂപാന്തരം പ്രാപിക്കുന്നു. ഇപ്പോള്‍ അതിന്റെ പ്രതിഫലനം നാട്ടില്‍ കാണാം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇന്ന് നാട്ടില്‍ കാണാന്‍ കഴിയുന്നത് സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെടുന്ന ഒരാളും ഇന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും വേണ്ടുവോളം പ്രദാനം ചെയ്യുന്ന അതിബൃഹത്തായ സഹകരണ ശൃംഖല ഇന്ന് കേരളത്തിലുണ്ട്. ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി അറിയില്ല. ഇതിന്റെ ഒരു ഫലം എന്തെന്ന് വെച്ചാല്‍ ഒന്നും നേടാനില്ലെങ്കില്‍ ആരും രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരുന്നില്ല എന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ അധ:പതിക്കാമോ എന്ന് അതിന്റെ സഹയാത്രികര്‍ ആരും ആലോചിക്കാത്തത് അത്ഭുതം തന്നെ. നാളെ, ഭരണകൂടം പോലും കൊഴിഞ്ഞുപോകേണ്ടതായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ബാധ്യതപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ പിന്തുടര്ച്ചക്കാര് എന്നവകാശപ്പെട്ടുകൊണ്ട് ഇത്തരം കച്ചവടങ്ങള്‍ നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പ്രത്യയശാസ്ത്രവ്യഭിചാരമാണ്. ഇതൊന്നും ആര്‍ക്കും പറയാന്‍ അവകാശമുണ്ടാവുമായിരുന്നില്ല അവര്‍ കമ്മ്യൂണിസം പ്രവര്‍ത്തിയില്‍ ഉപേക്ഷിച്ച പോലെ വാക്കിലും ഉപേക്ഷിച്ചിരുന്നുവെങ്കില്‍.
ഇവിടെ പാര്‍ട്ടി പടവലങ്ങ പോലെ താഴോട്ട് വളര്‍ന്ന് ബഹുജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആസ്തി ആകാശം മുട്ടെ വളരുന്നു. ബക്കറ്റെടുത്തും പാട്ടയെടുത്തും അല്ലാതെയും സംഭാവന പിരിക്കലുകള്‍ ഇപ്പോഴും അനുസ്യൂതം തുടരുന്നുമുണ്ട്. പിരിച്ചോട്ടെ,കൊടുക്കുന്നത് കൊണ്ടല്ലെ വാങ്ങുന്നത്. പക്ഷെ ആ പണം എന്തിന് ഉപയോഗിക്കുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ് . ഇന്ത്യയിലെ പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത പ്രദേശങ്ങളില്‍ പ്രസ്സുകള്‍ സ്ഥാപിക്കുന്നുണ്ടോ? പാര്‍ട്ടി ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ച് പാര്‍ട്ടി വളര്‍ത്തുന്നുണ്ടോ? അല്ലാ നിങ്ങള്‍ക്കിനി വളരേണ്ടേ ? പണം മാത്രം കുന്ന് കൂടിയാല്‍ മതിയോ? ഇപ്പോഴും നിങ്ങള്‍ ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തി വിളിക്കുന്ന മുദ്രാവാക്യം എന്താ “ ഇങ്ക്വിലാബ് സിന്താബാദ്” എന്താ അര്‍ത്ഥം “വിപ്ലവം ജയിക്കട്ടെ”. വിപ്ലവം ആര് ജയിപ്പിക്കും സഖാക്കളെ ? ഇതില്‍ നിങ്ങളുടെ പങ്ക് എന്താണ്? കിട്ടുന്ന പൈസയെല്ലാം സ്റ്റോക്ക് മാര്‍ക്കറ്റിലിട്ടും സഹകരണ മേഖലയില്‍ വന്‍ ബിസിനസ്സ് സ്ഥാപനങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മറ്റും ദിനംപ്രതി തുടങ്ങി പണം സമ്പാദിച്ചും പണം കാട്ടി അണികളെ പ്രലോഭിപ്പിച്ച് പാര്‍ട്ടിയെ ഒരു പ്രതിവിപ്ലവ സംഘടനയാക്കി നിലനിര്‍ത്തി സുഖിക്കലോ? ഇതിന് കമ്മ്യൂണിസമെന്നും മാര്‍ക്സിസമെന്നും പേരും വേണോ? എനിക്ക് നാളെ വല്ല ജോലിയും കിട്ടുമെന്ന പ്രതീക്ഷയിലല്ലാതെ , എന്നെങ്കിലും ഇവിടെ സോഷ്യലിസം വരും എന്ന് കരുതി ആരും ഇവിടെ ഇങ്ക്വിലാബ് ഇന്ന് വിളിക്കുന്നില്ല സുഹൃത്തുക്കളേ , അറിയാമോ?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പി.ബി. ലോകത്തുള്ള സകല കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നില്ലെ. ആ പാര്‍ട്ടിയെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അത് കമ്മ്യൂണിസ്റ്റ് വിരോധം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ലേബല്‍ ഉള്ള കാലത്തോളം ആരും ഇങ്ങനെയൊക്കെ പറയും. പാര്‍ട്ടി നന്നായി ശരിയായ പാതയില്‍ എത്തിച്ചേര്‍ന്ന് ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കും എന്ന വ്യാമോഹത്തിലല്ല വിമര്‍ശിക്കുന്നത്. മഹത്തായ ഒരാശയത്തെയും അതില്‍ വിശ്വസിക്കുന്ന അനേകം ശുദ്ധഹൃദയരെയും വഞ്ചിച്ച് സമ്പത്ത് കുന്ന് കൂട്ടി ദുര്‍മ്മേദസ്സ് വന്ന് നടക്കാന്‍ കഴിയാത്ത നേതാക്കളെ തുറന്ന് കാണിക്കാന്‍ വേണ്ടിയാണ്. പണത്തോട് ദുരമൂത്ത പ്രവര്‍ത്തകരും നേതാക്കളും മാത്രമേ ഇനി പാര്‍ട്ടിക്ക് ഉണ്ടാവൂ എന്ന അപകടം തിരിച്ചറിയുകയാണ് ആ പാര്‍ട്ടിയോട് ആത്മാര്‍ത്ഥമായ കൂറ് അല്പമെങ്കിലും ഉള്ളവര്‍ ചെയ്യേണ്ടത് .
എതിര്‍ക്കാനാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേക്കാളും അധ:പതിച്ചത് തന്നെയാണ് ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളും,സംശയമില്ല. എന്നാല്‍ നമുക്കൊരു ശരിയായ പാര്‍ട്ടി വേണ്ടേ? നിങ്ങള്‍ക്കാവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. അല്ലാതെ കമ്മ്യൂണിസവും വേണം പോരാതെ ബ്രായ്ക്കറ്റില്‍ മാര്‍ക്സിസവും വേണം, വിപ്ലവവും സോഷ്യലിസവും വേണം , പണം എത്ര കിട്ടിയാലും പോര ഇതിനൊക്കെ എന്താ പേര് പറയുക ? എന്തെങ്കിലും ചിലത് നിങ്ങള്‍ ഒഴിവാക്കിയേ പറ്റൂ . ഇല്ലെങ്കില്‍ ഇത് തട്ടിപ്പാണ് എന്ന് പറയും ,ഉറപ്പ് !
11 comments:
മുന്നറിയിപ്പ്:
സ്വയം വഴിനടത്താന്‍ ജനങ്ങള്‍ ആവിഷ്ക്കരിക്കുന്ന മാര്‍ഗ്ഗരേഖയാണ് രാഷ്ട്രീയം. അത് നേതാക്കളുടെ ഉപജീവനമാര്‍ഗ്ഗമല്ല, മക്കള്‍ക്ക് ഒസ്യത്തായി എഴുതിവെക്കാനുമുള്ളതല്ല.
നന്നായിരിക്കുന്നു നിരൂപണം സുകുമാരേട്ട.
മേദസ്സ് വര്‍ദ്ധിച്ച് ഈ.പി.ജയരാജനും,കൊടിയേരിയുമൊക്കെ നടക്കാന്‍ വല്ലാതെ പാടുപെടുന്നു.(ഇവനൊക്കെ തൊഴിലാളിയായത് എന്ന?)
ബ്രകറ്റിലെ എം എന്നതുകൊണ്ട് മാര്‍ക്സിറ്റ് എന്നല്ല ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. മുതലാളി എന്നു തിരുത്തേണ്ടതാണ്.
സുകുമാര്‍ജി., ജനാധിപത്യപരമായ നിങ്ങളുടെ ഇടപെടലുകളെ അഭിനന്ദിക്കുന്നു. ബിആര്‍പി. യുടെ പോസ്റ്റിലിട്ട കമന്റ് അതു പോലെ ഇവിടെ വെക്കുന്നു.:
----------------------------
" ഹാ ഹാ.. ബഹു രസം പുത്തന്‍കൂറ്റ് സഖാക്കളുടെ കെട്ടിമറിച്ചില് കാണാന്‍. വാചക കസര്‍ത്തിലൂടെ കാര്യങ്ങളുടെ കണ്ണുപൊട്ടിക്കാന്‍ പണ്ടേ വീരന്മാരിവര്.
നാട്ടുംപുറങ്ങളിലെ കുറ്റിക്കാടുകളെല്ലാം ജെ.സി.ബി. മാന്തിയപ്പോള്‍ നില്‍ക്കകള്ളിയില്ലാതെ നാട്ടുനായ്ക്കളുമായി ഇണ ചേരാനിറങ്ങി അതിജീവിക്കാന്‍ ശ്രമിച്ച കുറുക്കന്മാരുടെ സ്വഭാവം സി.പി.എം. കാണിച്ചു എന്നതില്‍ തെറ്റെന്തെങ്കിലും പറയാമോ ബുദ്ധിജീവികളെ ? പക്ഷെ, സന്തതികള്‍ കുറുക്കന്റെ നാണവും ശൗര്യവും നായിന്റെ ഉശിരും കുതിപ്പുമായി അപകടകാരികളായാണ് പിറന്നത്. ഇതുപോലെ തന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. മുതലാളിത്വത്തിന്റേ ജീര്‍ണ്ണതയും ആര്‍ത്തിയും മാര്‍ക്സിസത്തിന്റെ പൗരോഹിത്വവും പേറുന്ന എന്തോ ഒരു മാരീചകോലങ്ങള്‍. സ്വഭാവങ്ങളിലൊക്കെ സകല സമഗ്രാധിപത്യപ്രവണതകളൊക്കെ കാണിക്കുകയും കാര്‍ന്നു തിന്നാവുന്ന സകല സുഖസൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്ന ഒരു തരം വിചിത്രജീവിക്കൂട്ടങ്ങള്. പഴയ പല്ലവികളായ "കമ്മ്യൂണിസ്റ്റു വിരോധി" തുടങ്ങിയവ തരം പോലെ ഉരുവിടുകയും ചെയ്യുന്നു.- കൂടുതല്‍ പറയണമെന്നുണ്ട് പിന്നീടാവാം. "
“കമ്മ്യൂണിസ്റ്റ് വിരോധി എന്നെന്നെ അവർവിളിച്ചാലും അവരെ ചൈനാചാരന്മാർ എന്നു ഞാൻ വിളിക്കില്ല. കാരണം അവരുടെ കൂട്ടത്തിലുള്ള ദേശസ്നേഹികളെ അതു വിഷമിപ്പിക്കില്ലേ? അവരുടെ കൂട്ടത്തിലെ ഇന്ത്യാവിരോധികളെ അതൊട്ടു വിഷമിപ്പിക്കുകയുമില്ലതാനും.” ഞങ്ങളുടെ നാട്ടിലെ ഒരു മുൻ മേയറ് പറഞ്ഞതാണിതു.
ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റല്ലാത്തവന് ഹൃദയം ഇല്ലാത്തവന്
വലുതായിട്ടും കമ്മ്യൂണിസ്റ്റായി തുടരുന്നവന് തലച്ചോറില്ലാത്തവന്‍
എന്നാരോ പറഞ്ഞല്ലോ?
The only Good Red is the one who is dead" എന്ന് കേട്ടിട്ടുണ്ട്. മക്-കാര്ത്തിയന് യുഗത്തിലെ ഭ്രാന്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇതിനു പ്രചോദകം. എന്നാല്‍, ചുവപ്പന്റെ ആന്തരശുദ്ധിയാണ് ഉന്നമെങ്കില്‍, ഇത് അക്ഷരം പ്രതി ശര്യാണേയ് :)
പ്രിയപ്പെട്ട കേരള ഇന്‍സൈഡ് നെറ്റേ ഈ പരസ്യം പതിക്കല്‍ വളരെ അരോചകമായിത്തീര്‍ന്നു. ഇനി മതിയാക്കിക്കൂടേ ?
ചിത്രകാരന് , ഡോ.കാനം സര് , മധുരാജ് അഭിപ്രായങ്ങള്‍ക്ക് നന്ദിയും സ്നേഹവും ...
നീരജ് , മൂര്‍ച്ചയുള്ള വാക്കുകള്‍ തന്നെ. അഭിനന്ദനങ്ങള്‍ക്ക് നന്ദി. ജനാധിപത്യപരമായ ഇടപെടലുകള്‍ നമ്മുടെ യുവതലമുറയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ കൂടുതലായി ഉയര്‍ന്ന് വരേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരെ പോലെ അനവരതം സംസാരിക്കുന്നത് അവര്‍ക്ക് മാത്രം ജനാധിപത്യാവകാശങ്ങള്‍ കിട്ടാന്‍ വേണ്ടിയാണെന്നും കിട്ടിക്കഴിഞ്ഞാല്‍ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ വേണ്ടിയാണെന്നും എല്ലാവര്‍ക്കുമറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് എവിടെയും ജനാധിപത്യത്തിന് ഭീഷണിയല്ല. നേപ്പാളിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുക.സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് ഇവിടെയുള്ള മറ്റ് പാര്‍ട്ടികള്‍ തന്നെയാണ് വിലങ്ങ് തടി. അതാണ് നമ്മള് തകര്‍ക്കേണ്ടത് . ഇന്‍ഡ്യയ്ക്ക് നൂറ് കോടിയിലധികം മുഖങ്ങള്‍ ഉണ്ടെങ്കിലും ഒറ്റ ശരീരമാണെന്ന ജനാധിപത്യരാഷ്ട്രീയത്തിലേക്ക് നമുക്ക് പുരോഗമിക്കേണ്ടതുണ്ട് .
കാര്‍ട്ടൂണിസ്റ്റിന്റെ കമന്റ് നന്നായിട്ടുണ്ട്. എന്റെ നിരീക്ഷണങ്ങളെ കമ്മ്യൂണിസ്റ്റ് വിരോധമായോ ചുവപ്പിന്റെ ആന്തരശുദ്ധി ഉന്നം വെച്ചുകൊണ്ടൂള്ളതായോ ഇഷ്ടമനുസരിച്ച് എടുക്കാം. കാരണം ഞാന്‍ ഒരു പാര്‍ട്ടിയുടെയും അംഗമോ അനുഭാവിയോ അല്ല. എന്നാല്‍ ജനാധിപത്യവും പൌരാവകാശങ്ങളും ഇല്ലാത്ത ഒരു സെറ്റപ്പില്‍ ജീവിയ്ക്കാന്‍ ഇടവരരുതേ എന്നൊരു വിചാരവുമുണ്ട്.
ചുവപ്പിന്റെ ആന്തരശുദ്ധിയാണ് ഉന്നം വെക്കുന്നതെങ്കില്‍ ഇത് അക്ഷരം പ്രതി ശരിയാണെന്ന് പറഞ്ഞല്ലൊ. അപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റ് വിരോധിയായിട്ടാണിത് പറയുന്നതെങ്കില്‍ ചുവപ്പിന്റെ ആന്തരശുദ്ധി ഇനി വീണ്ടെടുക്കേണ്ടേ ? അഥവാ ചുവപ്പ് ശുദ്ധീകരിക്കപ്പെടണം എന്ന ഉദ്ദേശത്തിലാണെങ്കില് അതിനുള്ള നീക്കം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടാവുമോ?
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം , എന്ത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരോധം ഒട്ടും തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് സഹിക്കാന്‍ കഴിയാത്തത് ? കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്തിനോടെല്ലാം വിരോധമുണ്ട് ? എന്നിട്ടും കമ്മ്യൂണിസ്റ്റുകളെ ആരും തങ്ങളുടെ വിരോധികള്‍ എന്ന് പറയുന്നില്ലല്ലൊ. എന്ത് കൊണ്ട് ആളുകള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരോധം ഉണ്ടാവുന്നു എന്നാലോചിച്ചിട്ടുണ്ടോ? അവിടെയാണ് ഞാന്‍ നടേ പറഞ്ഞ ജനാധിപത്യ-പൌരാവകാശങ്ങളുടെ പ്രശ്നം വരുന്നത് .
ആവശ്യം ഏര്‍പ്പെടുന്ന സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ക്വോട്ട് ചെയ്യാന്‍ ഉദ്ധരണികള്‍ ധാരാളമുണ്ട്. The only Good Red is the one who is dead. എന്ന പോലെ തന്നെ The ex-communist is the worst communist എന്നും കേട്ടുണ്ട്. പക്ഷെ ഡോ.കാനം മേലുദ്ധരിച്ച “ചെറുപ്പത്തില്‍ കമ്മ്യൂണിസ്റ്റല്ലാത്തവന് ഹൃദയം ഇല്ലാത്തവന്; വലുതായിട്ടും കമ്മ്യൂണിസ്റ്റായി തുടരുന്നവന് തലച്ചോറില്ലാത്തവന്‍” എന്ന ഉദ്ധരണി കൂടുതല്‍ പ്രസക്തമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്.
ഞാനോ കാര്‍ട്ടൂണിസ്റ്റോ അതുമല്ല ഇന്ന് സി.പി.എമ്മിന്റെ കൊടിക്കീഴില്‍ അണിനിരന്നിട്ടുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരോ ആഗ്രഹിച്ചാല്‍ പോലും ചുവപ്പിന്റെ ആന്തരശുദ്ധി ഇനി വീണ്ടെടുക്കാനാവാത്ത വിധം ആ പാര്‍ട്ടി അശുദ്ധമായി പോയി എന്നതാണ് യാഥാര്‍ഥ്യം. അതിനുള്ള സെറ്റപ്പൊക്കെ ആ പാര്‍ട്ടിക്കുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പുനരേകീകരണം എന്നാരെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും , പാര്‍ട്ടി 1964ല്‍ പിളരാനുണ്ടായ സാഹചര്യം ഇപ്പോഴും നിലവിലുണ്ട് അതിനാല്‍ പുനരേകീകരണത്തിന് സമയമായില്ല എന്ന് ഈ.എം.എസ്സ് പറഞ്ഞ് വെച്ചത് ഇപ്പോഴും ആവര്‍ത്തിക്കുന്നത് ആ സെറ്റപ്പിന്റെ ഭാഗമാണ്.
എന്നെ സംബന്ധിച്ചെടുത്തോളം മാര്‍ക്സിസത്തിന്റെ ഇന്ത്യനൈസേഷനായിരുന്നു ചെറുപ്പ കാലത്തെ ആഗ്രഹമെങ്കില്‍ ഇന്‍ഡ്യയുടെ ഡിമോക്രൈസേഷനാണ് ഇന്നെന്റെ പ്രശ്നം. പഴയ ഒരു ഹാംഗ്ഓവറിന്റെ പുറത്ത് , ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റപ്പാര്‍ട്ടിയായി ലയിച്ച് ചേര്‍ന്ന് ജനാധിപത്യപാര്‍ട്ടിയായി പരിണമിച്ചിരുന്നുവെങ്കില് എന്നൊരു വ്യാമോഹവും വെറുതെ വെച്ചു പുലര്‍ത്തുന്നു, അത്ര മാത്രം.
ബി ആര് പി പാര്‍ലമെന്റില്‍ നടന്ന ചിദംബരം - യെച്ചൂരി വാഗ്വാദം ശ്രദ്ധയില്‍പ്പെടുത്തി.
പതിവുപോലെ സി പി എംനെതിരെ കുതിരകേറാനുള്ള ഒരു സന്ദര്‍ഭം എന്ന നിലയില്‍ സുകുമാരേട്ടന്റെ വക രണ്ടുവരി കമന്റ്. സ്ഥിരം ശൈലിയില്‍ സി പി എം ചെയ്തത് തെറ്റാണ്. അത്രതന്നെ. എന്തുകൊണ്ട്, എങ്ങനെ തെറ്റാകുന്നു എന്നൊന്നും ഇല്ല.
ഇഞ്ചിപ്പെണ്ണും വന്ന് പതിവ് സി പി എം വിരുദ്ധത വിളമ്പി. പ്രത്യക്ഷത്തില്‍ ശരി എന്ന് തോന്നിക്കുന്ന കുറച്ച് വാദങ്ങളുമായി. പക്ഷെ, രാധേയനും ചന്ത്രക്കാറനും സെബിനും മാരീചനും സൂരജും നളനും വിഷയത്തില്‍ ഊന്നിനിന്നുമാത്രം ഇഞ്ചിയുടെ കമന്റുകളിലെ അവാസ്തവങ്ങളെയും യുക്തിരാഹിത്യത്തെയും തുറന്നുകാട്ടി.
ഇതിനിടയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൊമ്പും വാലുമില്ല എന്ന ഇഞ്ചിയുടെ കമന്റും തുടര്‍ന്ന് അതൊരു മഹദ് വചനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുകുമാരേട്ടന്റെ സപ്പോര്‍ട്ടും. ദൌര്‍ഭാഗ്യവശാല്‍ ഏതോ അനോണി പ്രകോപിതനായി. ഏതായാലും നല്ലോരു സംവാദം അവിടെ അവസാനിച്ചു.
ഇവിടെ സുകുമാരേട്ടനോട് അനുഭാവം പ്രകടിപ്പിച്ച് കമന്റിട്ടവര്‍ ആ ചര്‍ച്ച ശ്രദ്ധിക്കാത്തവരാണ് എന്നാണ് എന്റെ അനുമാനം.
പണത്തിനു മേലെ പരുന്തും പറക്കില്ലല്ല്ലൊ!
ബി ആര് പിയുടെ മറ്റൊരു പോസ്റ്റിലെ കമന്റ് 'അടി' ഈയിടെയാണ് ഞാന്‍ കണ്ടത്, അതിനൊരു 'ഉഷാര്‍' വരുത്താന്‍ എന്നാലാവും വിധം അതില്‍ ഇടപെടുകയും ചെയ്തു. കുറച്ച് ആശയസംഘട്ടനം നടക്കട്ടെ!
Post a Comment