2008-11-25

മാറ്റുവിന്‍ പരിപാടികളെ ......

Dear dropsofrain,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. മൂല്യ ശോഷണം എന്നത് ഇന്ന് സമൂഹത്തെ ആകെ ബാധിച്ചിട്ടുണ്ട്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തെ മൂല്യബോധമുള്ളവരാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പണം ഒരു അത്യാവശ്യഘടകമായി വന്നു, ആവശ്യങ്ങള്‍ പെരുകി. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്തയാണ് ഇന്ന് എല്ലാവര്‍ക്കും. എല്ലാവരും അത് തങ്ങളുടെ കഴിവിനനുസരിച്ച് ചെയ്യുന്നു. നിയമവാഴ്ച ഉള്ളത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കൂടുന്നില്ല എന്നേയുള്ളൂ.ജനനനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോള്‍, ആവശ്യങ്ങളും പരിധിയില്ലാതെ പെരുകുമ്പോള്‍ മൂല്യബോധം എത്രമാത്രം സംരക്ഷിക്കപ്പെടാന്‍ കഴിയും എന്നത് സംശയമാണ്.


സി.പി.എം.എന്ന പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയത്തിലും എല്ലാ പാര്‍ട്ടികളിലും അപചയം സംഭവിച്ചു. മനുഷ്യര്‍ തന്നെ ആണല്ലൊ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഒരു നിര്‍ദ്ധിഷ്ട ഐഡിയോളജി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ യത്നിക്കുന്ന പാര്‍ട്ടികള്‍ ഇന്നില്ല എന്ന് പറയാം. അഥവാ എന്തെങ്കിലും ഐഡിയോളജി ആരെങ്കിലും മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഒരു മുഖം മൂടിയായി ഉപയോഗപ്പെടുത്തുന്നതാണ്. കാലികമായി പ്രസക്തമാവുന്ന ഒരു ഐഡിയോളജി ഇന്ന് നിലവിലില്ല എന്ന് എനിക്ക് തോന്നുന്നു. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് നെഗറ്റീവാണ്. അത് കൊണ്ടാണ് തീവ്രവാദികള്‍ ഉണ്ടാവുന്നത്. തീവ്രവാദികള്‍ പ്രതിനിധാനം ചെയ്യുന്ന ഐഡിയോളജികള്‍ ഒന്നും പ്രായോഗികമല്ല. അതിനാല്‍ തന്നെയാണ് അസഹിഷ്ണുത മൂത്ത് അവരൊക്കെ തീവ്രവാദികളാവുന്നത്.

കാലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും ഏറ്റെടുത്ത് കൊണ്ട് അതാത് കാലത്ത് പുത്തന്‍ ഐഡിയോളജികളും പുതിയ പ്രസ്ഥാനങ്ങളും ആവിര്‍ഭവിക്കേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. മനുഷ്യര്‍ പൊതുവെ ഭൂതകാലത്തില്‍ ഒട്ടിപ്പിടിക്കാനുള്ള വാസനയാണ് കാണിക്കുന്നത്. സത്യം പറഞ്ഞാല്‍ കമ്മ്യൂണിസം അടക്കം ഇന്നും പ്രചാരത്തിലുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്ക് അതാത് കാലത്ത് പ്രസക്തിയുണ്ടെങ്കിലും ഇക്കാലത്തേക്കോ, വരും കാലത്തേക്കോ അവ പ്രസക്തമല്ല്ലാത്ത വിധം കാലഹരണപ്പെട്ടു എന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്. അത് തെറ്റോ ശരിയോ എന്നത് വേറെ കാര്യം. എന്നാല്‍ ഓരോ കാലത്തും ഓരോ ഇസങ്ങള്‍ ഉടലെടുത്തുവെങ്കില്‍ എന്ത് കൊണ്ട് ഇക്കാലത്ത് നമുക്ക് ഒരു പുതിയ പ്രത്യയശാസ്ത്രത്തെ പറ്റി ആലോചിച്ചു കൂട? ഇന്ന് പല പ്രത്യയശാസ്ത്രങ്ങളെ അന്ധമായി പിന്‍‌തുടരുന്നവരുടെ ശാഠ്യങ്ങളും അതില്‍ നിന്നുണ്ടാവുന്ന സംഘര്‍ഷങ്ങളുമാണ് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നത്.

ആഗോളവല്‍ക്കരണമാണ് ഇന്നത്തെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന മട്ടില്‍ പലരും പറയുന്നത് കേള്‍ക്കുന്നുണ്ട്. എനിക്കതിന്റെ അര്‍ത്ഥം ശരിക്ക് മനസ്സിലായിട്ടില്ല. ആഗോളവല്‍ക്കരണം എന്നത് ആരെങ്കിലും നടപ്പിലാക്കിയ ഒരു നയമായിരുന്നോ അതോ ലോകത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയോ? ഒരു രാജ്യത്തിനും മറ്റ് രാജ്യങ്ങളുമായി കൊടുക്കല്‍ വാങ്ങല്‍ നടത്താതെ നിലനിന്ന് പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. ആ സാഹചര്യമല്ലേ ആഗോളവല്‍ക്കരണം? അത്തരം ഒരു സാഹചര്യത്തില്‍ നിന്ന് ഒരു തുരുത്തിലെന്ന പോലെ ഏതെങ്കിലും രാജ്യത്തിന് മാറിനില്‍ക്കാനാവുമോ? ഞാന്‍ മനസ്സിലാക്കുന്നത് ആഗോളവല്‍ക്കരണം എന്നത് ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ഫലമായി സംഭവിച്ച സ്വാഭാവികമായ ഒരു ലോകപരിണാമം എന്നാണ്. അത് ഒഴിവാക്കാനാകുമായിരുന്നോ എന്നെനിക്കറിയില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് ആണ് പാര്‍ട്ടിയും പാര്‍ട്ടി നയിച്ച സര്‍ക്കാറുകളും ഏകാധിപത്യപ്രവണത കാണിക്കാന്‍ കാരണമെന്നും ആ ഏകാധിപത്യപ്രവണത തന്നെയാണ് സോവിയറ്റ് യൂനിയന്റെ അടക്കം പതനത്തിലേക്ക് നയിച്ചതെന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. അതാണ് ശരിയെന്ന് ഞാനും കരുതുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന പരിപാടിയുടെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസത്തോട് എനിക്കിന്ന് യോജിപ്പില്ല. ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയും വിധം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരിപാടി മാറ്റണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ജനാധിപത്യകേന്ദ്രീകരണം എന്ന വകുപ്പ് പാര്‍ട്ടിയുടെ കെട്ടുറപ്പിന് ഗുണം ചെയ്യും എന്നും ജനാധിപത്യ വികേന്ദ്രീകരണം എന്ന തത്വം അതിന്റെ സ്പിരിറ്റില്‍ നടപ്പിലാവും എന്നും എനിക്ക് തോന്നുന്നു. അതേ പോലെ തന്നെ ഈ ഒരു മാറ്റത്തോടെ ഇന്ത്യയിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയക്കാര്‍ക്കും ഒരേ കൊടിക്കീഴില്‍ അണിനിരക്കാനും ഈ മാറ്റം വഴി തുറക്കും.

എന്റെ ഈ അഭിപ്രായം എല്ലാവരും പുച്ഛിച്ച് തള്ളുകയേയുള്ളൂ എന്നെനിക്കറിയാം. അത് ഭൂതകാലത്തിന് മനുഷ്യമനസ്സുകളുടെ മേലുള്ള പിടുത്തത്തിന്റെ കാഠിന്യം നിമിത്തമാണ്. നടന്നില്ലെങ്കിലും വേണ്ടില്ല ഈ ആശയം എനിക്ക് പ്രിയപ്പെട്ടതായിപ്പോയി അതിനാല്‍ ഞാനിത് ഉപേക്ഷിക്കില്ല എന്ന് മനസ്സ് പറയും. അതിനെ ധിക്കരിക്കാന്‍ പലര്‍ക്കും കഴിയില്ല. പിന്നെ ഇന്നത്തെ നിലയില്‍ അതിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുന്ന സ്ഥാപിതതാല്പര്യക്കാര്‍ ഏതൊരു മറുപരിശീലനത്തെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും.

പുതിയ ചിന്തകളെ, പുതിയ ഒരു മൂവ്‌മെന്റിനെ കാത്തിരിക്കുന്ന ആളാണ് ഞാന്‍. അത് നിര്‍ദ്ദേശിക്കാനുള്ള ധിഷണ എനിക്കില്ല എന്ന് വിനയപൂര്‍വ്വം പറയട്ടെ. അത് കൊണ്ട് ഈ ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കരുത് എന്നെന്നോട് പറയരുത്. കമ്മ്യൂണിസം മാത്രമാണ് നല്ല ആശയം എന്നെനിക്ക് തോന്നുന്നില്ല. ഗാന്ധിസത്തിലും നബിയിസത്തിലും കൃസ്ത്യനിസത്തിലും ബുദ്ധിസത്തിലും ഒക്കെ നല്ല ആശയങ്ങളുണ്ട്. ആശയങ്ങള്‍ അവ നല്ലതായാല്‍ സ്വാംശീകരിക്കണം എന്ന് തോന്നുന്നു. ജനാധിപത്യപരമായ ഒരു സമന്വയമാണ് ആവശ്യം. ഒരു ആശയം മാത്രം സാര്‍വ്വലൌകികമായി നടപ്പിലാക്കാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ല. അവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്തി. അത് കൊണ്ടാണ് ഇനി ജനാധിപത്യത്തിന്റെ കാലമാണ് എന്ന് പറയുന്നത്. ജനാധിപത്യം എന്ന് പറയുന്നത് അഞ്ച് കൊല്ലം കൂടുമ്പോള്‍ വോട്ട് ചെയ്യാനുള്ള അവസരമല്ല. അത് സഹനത്തിന്റെയും സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതശൈലിയാണ്, ഒരു സംസ്ക്കാരമാണ്.

നമുക്കിനിയും സംവദിക്കാമല്ലൊ,
സ്നേഹപൂര്‍വ്വം,

2008-11-19

മസ്തിഷ്ക്കത്തിന്റെ സ്ഥാനം മസ്സിലുകള്‍ കരസ്ഥമാക്കുന്നത് ?

ബിമിനിത്തിന്റെ നോട്ടുപുസ്തകം എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


റഷ്യയിലെ ബോള്‍ഷെവിക്ക് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ട്രോട്സ്കി.പല കാര്യങ്ങളിലും ലെനിനോട് പോലും അദ്ദേഹത്തിന് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാലും ലെനിന്റെ മരണം വരെ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ട്രോട്സ്കി ലെനിന്റെ മരണത്തോടെ ഒറ്റപ്പെട്ടു. തന്റെ ഏകാധിപത്യത്തിന് ഭീഷണിയാവുമെന്ന് കണ്ട സ്റ്റാലിന്‍ 1928ല്‍ ട്രോട്സ്കിയെ അല്‍മാട്ടിയിലേക്ക് (ഇന്നത്ത കസാക്കിസ്ഥാന്‍)നാട് കടത്തുകയും ഏറെ താമസിയാതെ സോവിയറ്റ് റഷ്യ വിട്ടുപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. തുര്‍ക്കി , നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടി ഒടുവില്‍ മെക്സിക്കോയില്‍ കുടുംബസമേതം താമസം തുടങ്ങിയ ട്രോസ്കിയെ 1940 ആഗസ്റ്റ് 20ന് സ്റ്റാലിന്റെ ഒരു ചാരന്‍ വധിക്കുകയായിരുന്നു.

സ്റ്റാലിന് അനഭിമതനായത് കൊണ്ട് ട്രോട്സ്കി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വര്‍ഗ്ഗവഞ്ചകനും തിരുത്തല്‍ വാദിയുമായിരുന്നു. ട്രോട്സ്കി എന്ന പേര് പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അറപ്പ് ഉളവാക്കുന്നതായിരുന്നു. ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നവരെ ട്രോട്സ്കിയിസ്റ്റ് എന്നാണ് വിശേഷിപ്പിക്കാറുണ്ടായിരുന്നത്.ട്രോട്സ്കിക്ക് ഇന്നും ലോകത്ത് ആരാധകരുണ്ട്. ഒരു പക്ഷെ ട്രോട്സ്കി ആയിരുന്നു സോവിയറ്റ് വിപ്ലവത്തിന്റെ നേതൃത്വസ്ഥാനത്ത് എങ്കില്‍ ലോക ചരിത്രം തികച്ചും വ്യത്യസ്ഥമായേനേ.സ്റ്റാലിന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ റോള്‍ മോഡല്‍ ആയതാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെടാനുള്ള അടിസ്ഥാനകാരണം.

ഔദ്യോഗികകമ്മ്യൂണിസ്റ്റ് ആജ്ഞകള്‍ ശിരസ്സാവഹിക്കാനുള്ള അണികളുടെ മാനസികമായ അടിമത്ത ബോധമാണ് പിണറായിയെ പോലുള്ള ഒരാള്‍ നേതൃസ്ഥാനത്ത് തുടരാന്‍ കാരണം. അച്യുതാനന്ദനും വ്യത്യസ്ഥനൊന്നുമല്ല, ഇപ്പോള്‍ ഒരു രക്തസാക്ഷിപരിവേഷമുണ്ടെങ്കിലും. ആശയനവീകരണം പാര്‍ട്ടിയില്‍ നടക്കാതെ മുരടിച്ച് പോകുന്നു എന്നതാണ് ഇതിന്റെയൊക്കെ ഫലം. അത്കൊണ്ടാണ് തലച്ചോറിന്റെ സ്ഥാനം മസ്സിലുകള്‍ ഏറ്റെടുക്കുന്നത്.

അധികവായനയ്ക്ക് ഇവിടെ!

2008-11-17

ബൈജുവിന് ഒരു തുറന്ന കത്ത് !

പ്രിയപ്പെട്ട ബൈജു,

യാഥാര്‍ത്ഥ്യബോധത്തോടെയാണ് ബൈജു സംസാരിക്കുന്നത് എന്നതില്‍ എനിക്ക് അങ്ങേയറ്റം ചാരിതാര്‍ത്ഥ്യമുണ്ട്. “സോവിയറ്റ് വിപ്ലവത്തില്‍ അതിന്റെ ശൈശവത്തില്‍ തന്നെ ഏകാധിപത്യ പ്രവണതകള്‍ കടന്നു കൂടി വിപ്ലവത്തിന്റെ സത്ത നശിപ്പിക്കപെട്ടിരുന്നു.” ഇതാണ് ശരിയായ നിരീക്ഷണം. ആ ഏകാധിപത്യപ്രവണതകള്‍ ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തുടരുന്നു. അതാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ഉണ്ടാവാനുള്ള കാരണം. ഒരു സി.പി.എം. അനുഭാവിക്ക് ഈ സത്യം മനസ്സിലാവില്ല. അതാണ് ഇന്ത്യയില്‍ സി.പി.എം. മാത്രം എതിര്‍ക്കപ്പെടാനുള്ള ഒരേയൊരു കാരണവും.

സി.പി.എം. എന്ന പാര്‍ട്ടിയുടെ ഉത്ഭവം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാചട്ടക്കൂടിനും അടിസ്ഥാനപ്രമാണങ്ങള്‍ക്കും എതിരായിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുന്നതിന് തുല്യമായിരുന്നു.ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്നിച്ചിതറി പോകാന്‍ കാരണം 1964ലെ ആ പിളര്‍പ്പായിരുന്നു.അന്ന് ആ വേറിട്ട് പോകല്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തലയെഴുത്ത് മാറിയേനേ. ഒരു കണക്കിന് പാര്‍ട്ടിയുടെ ശൈഥില്യം അനിവാര്യമായിരുന്നു. കാരണം ലെനിനെയോ,മാവോവിനെയോ പോലെ മാര്‍ക്സിസത്തെ ഇന്ത്യന്‍ പരിസ്ഥിതികള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച് പ്രയോഗത്തില്‍ വരുത്താന്‍ മൌലികമായി ചിന്തിക്കുന്ന ഒരു നേതാവ് ഇവിടെ ഉണ്ടായില്ല.

എന്നാലും ഭൂരിപക്ഷതീരുമാനത്തിന് ന്യൂനപക്ഷം വഴങ്ങുക എന്ന സംഘടനാതത്വം ലംഘിക്കപ്പെടാതെ പാര്‍ട്ടി അവിഭക്തമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ രാജ്യം ഇക്കാണുന്ന കോലത്തില്‍ അല്ല ഉണ്ടായിരിന്നിരിക്കുക. ഏകാധിപത്യപ്രവണത ഉള്ളവരാണ് പിളര്‍ന്ന് പോയത് എന്ന് പിന്നീടങ്ങോട്ടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പിളര്‍പ്പിന് ശേഷം നേതാക്കള്‍ ഭൂരിപക്ഷം സി.പി.ഐ.യിലും അണികള്‍ ഭൂരിപക്ഷം സി.പി.എമ്മിലുമായിരുന്നു. ആശയപരമായി ആയുധമണിയാത്തത് കൊണ്ടാണ് വൈകാരികമായ കാരണങ്ങളുടെ പുറത്ത് അണികള്‍ സി.പി.എമ്മിന്റെ കൂടെ അണിചേരാന്‍ കാരണമായത്. ശരിയായ ഒരു നേതാവ് അതായത് ഏ.കെ.ജി. തെറ്റായ ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു എന്നതാണ് ആ പിളര്‍പ്പിന്റെ ദുരന്തം. തെറ്റായ ഒരു നേതാവ് അതായത് ഇ.എം.എസ്. ആശയപരമായി ശരിയായ ദിശയില്‍ നയിക്കാമായിരുന്ന ആ ഗ്രൂപ്പിന്റെ നേതാവായി എന്നത് മറ്റൊരു ദുരന്തം. പിണറായിലൂടെ ആ തെറ്റ് ഇപ്പോഴും തുടരുന്നു .

കമ്മ്യൂണിസത്തെപ്പോലെ മാനവീകമായ ഒരു പ്രത്യശാസ്ത്രം ഇതുവരെ ഉണ്ടായിട്ടില്ല എന്നതില്‍ ആര്‍ക്ക് തര്‍ക്കം ബൈജു ? മനുഷ്യന്റെ മനസ്സ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റും വിധം സ്വാര്‍ത്ഥതകളെ പരിമിതപ്പെടുത്താന്‍ തയ്യാറാവുമോ എന്നതിലേ എനിക്ക് സംശയമുള്ളൂ. സോഷ്യലിസം അഥവാ കമ്മ്യൂണിസം എന്ന സാമൂഹിക ശാസ്ത്രത്തെയല്ല പാര്‍ട്ടികളിലെ ഏകാധിപത്യപ്രവണതകളെയാണ് ഞാന്‍ എതിര്‍ക്കുന്നത് എന്ന് ദയവായി മനസ്സിലാക്കുക.

അത് കൊണ്ടാണ് എല്ലാ കമ്മ്യൂണിസ്റ്റ് ആശയക്കാരും പുനരേകീകരിച്ച് ഒരു സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടണം എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത്. ഈ ആശയം പുറത്ത് പറഞ്ഞാല്‍ സി.പി.എം. അതിനെ അടിച്ചമര്‍ത്തും. കാരണം അളവറ്റ ആസ്തിക്ക് മേലെ അടയിരിക്കുകയാണ് അതിന്റെ നേതൃത്വം. അത് സംരക്ഷിക്കാനുള്ള കാവല്‍ ഭടന്മാരാണ് ആ പാര്‍ട്ടിയുടെ അംഗങ്ങള്‍. നഷ്ടപ്പെടാന്‍ ഏറെയുള്ളത് കൊണ്ട് ഇന്നുള്ളതില്‍ ഒരു നേരിയ മാറ്റം പോലും അവര്‍ സഹിക്കുകയില്ല. അത് കൊണ്ടാണ് സി.പി.എം.ഒരു പ്രതിവിപ്ലവസംഘടനയാണെന്ന് ഞാന്‍ പറയുന്നത്.

മുതലാളിത്തം തകരുന്നു എന്ന് ഞാന്‍ പറയില്ല. പാവപ്പെട്ടവന്റെ ചോര കുടിച്ച് അത് ഇപ്പോഴും അനുനിമിഷം വീര്‍ക്കുക തന്നെയാണ്.ഒരു ബദല്‍ മാര്‍ഗ്ഗം കാണാത്തത് കൊണ്ട് അപ്രിയയാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയാണെന്റെ മനസ്സ്.
സസ്നേഹം,
കെ.പി.എസ്.

2008-11-15

ഇങ്ക്വിലാബിന്റെ അര്‍ത്ഥം ?

ബി.ആര്‍.പി.യുടെ ബ്ലോഗ് പോസ്റ്റില്‍ ഞാന്‍ ഒരു രണ്ടു വരിക്കമന്റ് എഴുതി അനങ്ങാതെ ഇരുന്നതായിരുന്നു. നോക്കുമ്പോള്‍ അവിടെ ചര്‍ച്ച ചൂട് പിടിച്ച് വരുന്നു. അത് നല്ലതാണ് . ആശയസംഘട്ടനങ്ങളിലൂടെയേ സമൂഹം നവീകൃതമാവൂ. ഇന്നില്ലാത്തതും അത് തന്നെ. അതിനാല്‍ ജൈവികത നഷ്ടപ്പെട്ട് മൃതപ്രായമാവുകയാണ് സമൂഹം. സംവദിക്കാന്‍ മുന്‍‌വരുന്നവര്‍ക്കാകട്ടെ സഹിഷ്ണുതയും അശേഷം ഇല്ല. അതിനാല്‍ തര്‍ക്കിക്കുക , ഉത്തരം മുട്ടുമ്പോള്‍ ഞഞ്ഞാമിഞ്ഞ പറയുക എന്ന സമീപനമാണ് പൊതുവെ കാണുന്നത് . നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം ഒഴിവാക്കി നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. എവിടെ സാമൂഹ്യജീവിതമുണ്ടോ അവിടെ രാഷ്ട്രീയവുമുണ്ട്. സ്വയം വഴിനടത്താന്‍ ജനങ്ങള്‍ ആവിഷ്ക്കരിക്കുന്ന മാര്‍ഗ്ഗരേഖയാണ് രാഷ്ട്രീയം. അത് നേതാക്കളുടെ ഉപജീവനമാര്‍ഗ്ഗമല്ല, മക്കള്‍ക്ക് ഒസ്യത്തായി എഴുതിവെക്കാനുമുള്ളതല്ല. രാഷ്ട്രീയപരമായി ഒട്ടേറെ പരിണാമങ്ങളും ഗുണപരമായ മുന്നേറ്റങ്ങളും നടന്നേ പറ്റൂ. മാറ്റങ്ങളില്‍ നിന്ന് ഒരു സമൂഹത്തിന് ഏറെക്കാലം മാറി നില്‍ക്കാനാവില്ല. ബി.ആര്‍.പി.യുടെ പ്രസ്തുത പോസ്റ്റില്‍ ഞാന്‍ ഇന്ന് വീണ്ടും ഒരു കമന്റെഴുതി. പലര്‍ക്കും അപ്രിയമായ കമന്റ്. അത് ഇപ്രകാരം :

“കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിക്കാരു അന്യോന്യം പറയുന്നതല്ലാതെ പ്രത്യേക കൊമ്പും വാലുമൊന്നുമില്ല.” എന്ന ഇഞ്ചിയുടെ കമന്റ് അസ്സലായി. ഈ പാര്‍ട്ടിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന പാര്‍ട്ടി സെക്രട്ടരിയുടെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒന്നാന്തരം ഉത്തരമാണാ വാക്കുകള്‍ !

പ്രത്യയശാസ്ത്രപരമായി ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. പണ്ടൊക്കെ നേതാക്കന്മാര്‍ പറയുമായിരുന്നു, ഞങ്ങളുടെ പാര്‍ട്ടി പാവപ്പെട്ടവരുടെ കൈയില്‍ നിന്ന് ചില്ലിക്കാശ് പിരിച്ചെടുത്തിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത് എന്ന്. ആ വാക്കുകളിലെ ഒരു സ്പര്‍ശം ഇന്ന് സ്റ്റോക്ക് മര്‍ക്കറ്റിലെ ലാഭം കൊണ്ടുകൂടിയുമാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ കിട്ടുമോ?

എന്തിനാണ് ഇങ്ങനെ കിട്ടുന്ന പണം ഒക്കെ പാര്‍ട്ടി ഉപയോഗപ്പെടുത്തുക? ഇന്ത്യയൊട്ടാകെ പാര്‍ട്ടിയുടെ ആശയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗപെടുത്തുമോ? ഇല്ലല്ലൊ. കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഇപ്രകാരം പണം സ്വരൂപിച്ച് കൂട്ടുമ്പോള്‍ പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്‌മെന്റ് ആയി രൂപാന്തരം പ്രാപിക്കുന്നു. ഇപ്പോള്‍ അതിന്റെ പ്രതിഫലനം നാട്ടില്‍ കാണാം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇന്ന് നാട്ടില്‍ കാണാന്‍ കഴിയുന്നത് സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെടുന്ന ഒരാളും ഇന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും വേണ്ടുവോളം പ്രദാനം ചെയ്യുന്ന അതിബൃഹത്തായ സഹകരണ ശൃംഖല ഇന്ന് കേരളത്തിലുണ്ട്. ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി അറിയില്ല. ഇതിന്റെ ഒരു ഫലം എന്തെന്ന് വെച്ചാല്‍ ഒന്നും നേടാനില്ലെങ്കില്‍ ആരും രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരുന്നില്ല എന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ അധ:പതിക്കാമോ എന്ന് അതിന്റെ സഹയാത്രികര്‍ ആരും ആലോചിക്കാത്തത് അത്ഭുതം തന്നെ. നാളെ, ഭരണകൂടം പോലും കൊഴിഞ്ഞുപോകേണ്ടതായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ബാധ്യതപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ പിന്‍‌തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെട്ടുകൊണ്ട് ഇത്തരം കച്ചവടങ്ങള്‍ നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പ്രത്യയശാസ്ത്രവ്യഭിചാരമാണ്. ഇതൊന്നും ആര്‍ക്കും പറയാന്‍ അവകാശമുണ്ടാവുമായിരുന്നില്ല അവര്‍ കമ്മ്യൂണിസം പ്രവര്‍ത്തിയില്‍ ഉപേക്ഷിച്ച പോലെ വാക്കിലും ഉപേക്ഷിച്ചിരുന്നുവെങ്കില്‍.

ഇവിടെ പാര്‍ട്ടി പടവലങ്ങ പോലെ താഴോട്ട് വളര്‍ന്ന് ബഹുജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആസ്തി ആകാശം മുട്ടെ വളരുന്നു. ബക്കറ്റെടുത്തും പാട്ടയെടുത്തും അല്ലാതെയും സംഭാവന പിരിക്കലുകള്‍ ഇപ്പോഴും അനുസ്യൂതം തുടരുന്നുമുണ്ട്. പിരിച്ചോട്ടെ,കൊടുക്കുന്നത് കൊണ്ടല്ലെ വാങ്ങുന്നത്. പക്ഷെ ആ പണം എന്തിന് ഉപയോഗിക്കുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ് . ഇന്ത്യയിലെ പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത പ്രദേശങ്ങളില്‍ പ്രസ്സുകള്‍ സ്ഥാപിക്കുന്നുണ്ടോ? പാര്‍ട്ടി ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ച് പാര്‍ട്ടി വളര്‍ത്തുന്നുണ്ടോ? അല്ലാ നിങ്ങള്‍ക്കിനി വളരേണ്ടേ ? പണം മാത്രം കുന്ന് കൂടിയാല്‍ മതിയോ? ഇപ്പോഴും നിങ്ങള്‍ ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തി വിളിക്കുന്ന മുദ്രാവാക്യം എന്താ “ ഇങ്ക്വിലാബ് സിന്താബാദ്” എന്താ അര്‍ത്ഥം “വിപ്ലവം ജയിക്കട്ടെ”. വിപ്ലവം ആര് ജയിപ്പിക്കും സഖാക്കളെ ? ഇതില്‍ നിങ്ങളുടെ പങ്ക് എന്താണ്? കിട്ടുന്ന പൈസയെല്ലാം സ്റ്റോക്ക് മാര്‍ക്കറ്റിലിട്ടും സഹകരണ മേഖലയില്‍ വന്‍ ബിസിനസ്സ് സ്ഥാപനങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മറ്റും ദിനം‌പ്രതി തുടങ്ങി പണം സമ്പാദിച്ചും പണം കാട്ടി അണികളെ പ്രലോഭിപ്പിച്ച് പാ‍ര്‍ട്ടിയെ ഒരു പ്രതിവിപ്ലവ സംഘടനയാക്കി നിലനിര്‍ത്തി സുഖിക്കലോ? ഇതിന് കമ്മ്യൂണിസമെന്നും മാര്‍ക്സിസമെന്നും പേരും വേണോ? എനിക്ക് നാളെ വല്ല ജോലിയും കിട്ടുമെന്ന പ്രതീക്ഷയിലല്ലാതെ , എന്നെങ്കിലും ഇവിടെ സോഷ്യലിസം വരും എന്ന് കരുതി ആരും ഇവിടെ ഇങ്ക്വിലാബ് ഇന്ന് വിളിക്കുന്നില്ല സുഹൃത്തുക്കളേ , അറിയാമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പി.ബി. ലോകത്തുള്ള സകല കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നില്ലെ. ആ പാര്‍ട്ടിയെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അത് കമ്മ്യൂണിസ്റ്റ് വിരോധം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ലേബല്‍ ഉള്ള കാലത്തോളം ആരും ഇങ്ങനെയൊക്കെ പറയും. പാര്‍ട്ടി നന്നായി ശരിയായ പാതയില്‍ എത്തിച്ചേര്‍ന്ന് ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കും എന്ന വ്യാമോഹത്തിലല്ല വിമര്‍ശിക്കുന്നത്. മഹത്തായ ഒരാശയത്തെയും അതില്‍ വിശ്വസിക്കുന്ന അനേകം ശുദ്ധഹൃദയരെയും വഞ്ചിച്ച് സമ്പത്ത് കുന്ന് കൂട്ടി ദുര്‍മ്മേദസ്സ് വന്ന് നടക്കാന്‍ കഴിയാത്ത നേതാക്കളെ തുറന്ന് കാണിക്കാന്‍ വേണ്ടിയാണ്. പണത്തോട് ദുരമൂത്ത പ്രവര്‍ത്തകരും നേതാക്കളും മാത്രമേ ഇനി പാര്‍ട്ടിക്ക് ഉണ്ടാവൂ എന്ന അപകടം തിരിച്ചറിയുകയാണ് ആ പാര്‍ട്ടിയോട് ആത്മാര്‍ത്ഥമായ കൂറ് അല്പമെങ്കിലും ഉള്ളവര്‍ ചെയ്യേണ്ടത് .

എതിര്‍ക്കാനാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേക്കാളും അധ:പതിച്ചത് തന്നെയാണ് ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളും,സംശയമില്ല. എന്നാല്‍ നമുക്കൊരു ശരിയായ പാര്‍ട്ടി വേണ്ടേ? നിങ്ങള്‍ക്കാവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. അല്ലാതെ കമ്മ്യൂണിസവും വേണം പോരാതെ ബ്രായ്ക്കറ്റില്‍ മാര്‍ക്സിസവും വേണം, വിപ്ലവവും സോഷ്യലിസവും വേണം , പണം എത്ര കിട്ടിയാലും പോര ഇതിനൊക്കെ എന്താ പേര്‍ പറയുക ? എന്തെങ്കിലും ചിലത് നിങ്ങള്‍ ഒഴിവാക്കിയേ പറ്റൂ . ഇല്ലെങ്കില്‍ ഇത് തട്ടിപ്പാണ് എന്ന് പറയും ,ഉറപ്പ് !

2008-11-11

രാധേയനോട് എനിക്ക് ചിലത് പറയാനുണ്ട് ...

ഈയ്യിടെ എനിക്ക് തിരുവനന്തപുരം വരെ ഒന്ന് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആഫീസില്‍ ഒരു കാര്യം സാധിച്ചു കിട്ടാനായിരുന്നു. ഞാന്‍ തിരുവനന്തപുരത്തുള്ള സമപ്രായക്കാരനായ ഒരു ബ്ലോഗ്ഗറെ ബന്ധപ്പെട്ടു. അദ്ദേഹം 36 വര്‍ഷം ജോലി ചെയ്ത് ഉയര്‍ന്ന പദവിയില്‍ റിട്ടയര്‍ ചെയ്ത ആഫീസായിരുന്നു അത്. എന്റെ കാര്യം അഞ്ച് മിനിട്ട് കൊണ്ട് അദ്ദേഹം സാധിപ്പിച്ചു തന്നു. എനിക്ക് മറ്റൊരു ആഫീസിലും കാര്യം സാധിക്കാനുണ്ടായിരുന്നു, അവിടെ അദ്ദേഹത്തിന് പിടിപാടില്ലായിരുന്നു. ഏതായാലും രാവിലെ 11 മണി മുതല്‍ ഉച്ച ഒരു മണി വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും ഉച്ചയൂണ് വാങ്ങിത്തന്നിട്ടേ അവര്‍ വിട്ടുള്ളൂ. ഒരു കുട്ടിയുടേത് പോലെ നിഷ്കളങ്കവും കുട്ടിത്തം നിറഞ്ഞതുമായിരുന്നു ആ പ്രായത്തിലും അദ്ദേഹത്തിന്റെ മുഖം എന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ സംസാരം സ്വാഭാവികമായും ബ്ലോഗിലേക്കും ബ്ലോഗ്ഗര്‍മാരിലേക്കും നീണ്ടു. മലയാളം ബ്ലോഗില്‍ അനുഗൃഹീ‍തരായ ചുരുക്കം ബ്ലോഗര്‍മാരുണ്ട്. സുന്ദരമായി എഴുതുന്നവരാണ് മാരീചന്‍, രാജീവ് ചേലനാട്ട്, ബെര്‍ളി തോമസ്, വെള്ളെഴുത്ത്, രാം മോഹന്‍ അങ്ങനെ ചിലര്‍. കിരണ്‍ തോമസ് എപ്പോഴും ഒരു വിവാദവിഷയം, താല്‍ക്കാലികമായ പ്രസക്തി മാത്രമുള്ളത് മാത്രം പോസ്റ്റ് ചെയ്ത് ചര്‍ച്ച കൊഴുപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. അവസാനം ഞങ്ങള്‍ കാണാപ്പുറം നകുലനില്‍ എത്തി. ക്ഷമയോടെയും പക്വമായും വസ്തുതകളുടെ അകമ്പടിയോടെയും പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ അഗ്രഗണ്യനാണ് നകുലന്‍ എന്നതില്‍ ഞങ്ങള്‍ ഏകാഭിപ്രായക്കാരായിരുന്നു. ആ നകുലന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റെഴുതി . ആ കമന്റ് ചിലരെ ചൊടിപ്പിക്കുമെന്നതിനാല്‍ രൂക്ഷമായ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ആ ബ്ലോഗില്‍ കമന്റ് അനോണി ഓപ്ഷന്‍ ഉണ്ട്. അത് തന്നെയാണ് നകുലന്റെ സഹിഷ്ണുതയ്ക്കുള്ള സാക്ഷ്യപത്രവും.

ഞാന്‍ അനിയനെ പോലെ കാണുന്ന ഒരു ബ്ലോഗറാണ് രാധേയന്‍. രാധേയന്റെ ബ്ലോഗുകളും കമന്റുകളും ശ്രദ്ധിക്കാറുമുണ്ട്. ഒരിക്കലും രാധേയന്‍ പരിധി വിടുന്നതായി ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല എഴുത്തില്‍ ഒരു കുലീനത്വവും കാണാറുണ്ട്. രാധേയന്റെ നിലപാടുകളെ വിമര്‍ശിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല. രാധേയന്‍ കുറെയായി എന്റെ വാക്കുകളും പ്രൊഫൈലിലെ വാചകങ്ങള്‍ ചൂണ്ടിക്കാട്ടിയും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഞാന്‍ തന്ത്രപരമായ മൌനം പാലിക്കുകയായിരുന്നു. പരസ്പരബഹുമാനത്തിന്റെ അതിര്‍വരമ്പ് ലംഘിക്കാത്തത് കൊണ്ട് രാധേയന്റെ കമന്റ് എവിടെ കണ്ടാലും ഞാന്‍ വായിക്കും. രാധേയനെ എന്നെങ്കിലും നേരില്‍ കാണണമെന്നെനിക്കാഗ്രഹവുമുണ്ട്. ആ രാധേയന്‍ നകുലന്റെ ബ്ലോഗിലെ എന്റെ കമന്റിന് താഴെക്കാണും വിധം മറുപടിയെഴുതി:

“ സുകുമാരേട്ടാ,കമ്മ്യൂണിസ്റ്റ് വിരോധം ആയിക്കൊള്ളൂ,അതിന് താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്.അതിനായി ഇത്രയൂം ഒരു പതനം വേണ്ടിയിരുന്നില്ല.ഇങ്ങനെയൊക്കെ പലരുടെയും കാക്കി ട്രൌസര്‍ അനാവൃതാമാകുന്നത്, അല്ലേ?”

വായിച്ചിട്ട് എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ച വ്യക്തിപരമായിപ്പോകും എന്നതിനാല്‍ ഞാന്‍ അവിടെ പിന്നെ ഒന്നും മറുപടിയായി എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ കമ്മ്യൂണിസ്റ്റ് വിരോധി ആണെന്ന് മാത്രമായിരിക്കും രാധേയന് എന്നെക്കുറിച്ചുള്ള പരാതി. അല്ലാതെ ഞാന്‍ ഒരു കാക്കി ട്രൌസറുകാരനാണെന്ന് രാധേയന്‍ ഒരിക്കലും കരുതുകയില്ല. നകുലന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാന്‍. എന്നാല്‍ നകുലന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പുമില്ല. സേതുസമുദ്രം പദ്ധതി പോലുള്ള വിഷയങ്ങളില്‍ എനിക്ക് നകുലനോട് എതിര്‍പ്പുമുണ്ട്. എന്നാല്‍ ഒരു ബി.ജെ.പി. അനുഭാവി എന്ന നിലയില്‍ നകുലന് അതൊക്കെ പറയാനുള്ള അര്‍ഹതയെയും അവകാശത്തെയും ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ബി.ജെ.പി. യുടെയോ ആറെസ്സെസ്സിന്റെയോ അനുഭാവിയല്ല. യഥാര്‍ഥ മതേതരത്വത്തിലും ജനാധിപത്യത്തിലും ആണെനിക്ക് താല്പര്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ നിലയ്ക്ക് എനിക്ക് ആഭിമുഖ്യം തോന്നുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് . എന്നാല്‍ ഞാന്‍ ആ പാര്‍ട്ടിയെയും ഇന്നത്തെ നിലയില്‍ അംഗീകരിക്കുന്നില്ല. കാരണം കോണ്‍ഗ്രസ്സ് യഥാര്‍ഥ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേ അല്ല. യഥാകാലം സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത ഒരു സംഘടന എങ്ങനെ രാഷ്ട്രീയപാര്‍ട്ടിയാവും? അക്കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പി.യുമാണ് മാതൃകാപാര്‍ട്ടികള്‍.

രാധേയനും മറ്റ് ചില സുഹൃത്തുക്കളും എന്നെ കമ്മ്യൂണിസ്റ്റ് വിരോധിയും ഇടത് പക്ഷവിരോധിയുമായിട്ടാണ് ചിത്രീകരിക്കുന്നതും വിമര്‍ശിക്കുന്നതും . കേരളത്തില്‍ സി.പി.എം ജനാധിപത്യപരമായല്ല പ്രവര്‍ത്തിക്കുന്നത് . കൈയ്യൂക്ക് കൊണ്ടാണ് അവര്‍ കാര്യം നേടുന്നത്. ഇത് ഞാന്‍ എതിര്‍ക്കുന്നു. ഇപ്പോള്‍ ആ പാര്‍ട്ടി സ്വത്തുക്കളും സമ്പത്തും ആര്‍ജ്ജിക്കുന്നതിന് അമിതമായ ആവേശവും കൌശലവുമാണ് കാണിക്കുന്നത് . ഒരു രാഷ്ട്രീയപ്പാര്‍ട്ടി ക്രമേണ ബിസിനസ്സ് സ്ഥാപനമായി മാറുന്ന കാഴ്ച. ഇതൊക്കെ തുറന്ന് പറയുന്നത് എങ്ങനെ കമ്യൂണിസ്റ്റ്-ഇടത് പക്ഷ വിരോധമാവും ?

സത്യത്തില്‍ കമ്മ്യൂണിസ്റ്റ്-ഇടത് പക്ഷ അനുകൂലികളുടെ നിലപാട് ഇന്ന് എന്താണ് ? സ്വകാര്യമൂലധനം ഉപയോഗിച്ച് പ്രത്യുല്പാദനം നടക്കുന്ന സമ്പ്രദായത്തെ ആണല്ലൊ മുതലാളിത്വം എന്ന് പറയുന്നത് . മുതലാളിത്തം പ്രതിസന്ധിയിലാണ് അത് മരണക്കിടക്കയിലാണ് എന്ന് പറയാന്‍ തുടങ്ങിയിട്ട് എത്രയോ പതിറ്റാണ്ടുകളായി. നാളെയുടെ വാഗ്ദാനമായി ചൂണ്ടിക്കാട്ടപ്പെട്ട സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ഇതിനിടയില്‍ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. ഇപ്പോഴും പറയുന്നു മുതലാളിത്തം തകരുന്നു, സോഷ്യലിസം തിരിച്ചു വരുന്നു എന്ന്. എന്നിട്ട് വികസനത്തിന് സ്വകാര്യമൂലധനം കണ്ടെത്താന്‍ പരക്കം പായുകയും ചെയ്യുന്നു. എത്ര തന്നെ തിന്മകള്‍ അന്തര്‍ലീനമാണെങ്കിലും സ്വകാര്യമൂലധനത്തിന് മാത്രമേ സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കാനാവൂ എന്ന് ഇടത്-വലത് ഭേദമെന്യേ എല്ലാവരും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പ്രയോഗത്തില്‍ സ്വകാര്യമൂലധനം എന്ന മുതലാളിത്തവും പ്രസംഗത്തില്‍ സോഷ്യലിസവും പുല്‍കി ഇടത്-കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം നടിക്കുന്നത് കാപട്യമല്ലെ? ഒരു സ്വപ്നം അഥവാ ആശയം എന്ന നിലയില്‍ ആരെങ്കിലും കമ്മ്യൂണിസത്തെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടഭീകരതകളുടെ ചരിത്രം വായിച്ചറിഞ്ഞവരും ഇന്നും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യൂക്കിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞവരും അതിനെ എതിര്‍ക്കും. അത് കമ്മ്യൂണിസ്റ്റ് വിരോധമാണെന്ന് പറയാനെന്താ സി.പി.ഐ(എം)യുടെ കുത്തകയാണോ കമ്മ്യൂണിസം?

രാധേയനോട് എനിക്കൊന്നേ പറയാനുള്ളൂ. എനിക്ക് മനുഷ്യര്‍ ആരോടും വിരോധമില്ല. മനുഷ്യവിരുദ്ധമായ ആശയങ്ങള്‍, നിലപാടുകള്‍ പലരും പല രീതികളില്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ആ നിലപാടുകളോടാണ് എനിക്ക് വിരോധം. മനുഷ്യര്‍ മനുഷ്യത്വവിരുദ്ധ ആശയങ്ങളുടെ ഇരകളാവുന്നു, അതിലാണെനിക്ക് ദു:ഖം !

2008-11-07

ബക്കറ്റ് പിരിവും സ്റ്റോക്ക് മാര്‍ക്കറ്റ് വരവും !

ബി.ആര്‍.പി. ഭാസ്ക്കറിന്റെ വായന എന്ന ബോഗില്‍ “നിക്ഷേപങ്ങളില്‍ നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം” എന്ന പോസ്റ്റ് വായിക്കാനിടയായി . അധികമാരും ആ പോസ്റ്റ് വായിക്കാനിടയില്ല . സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചും തങ്ങളുടെ പാര്‍ട്ടി വരുമാനം ആര്‍ജ്ജിക്കുന്നുണ്ടെന്ന വിവരം സി.പി.എമ്മിന്റെ അണികളും മനസ്സിലാക്കാനുമിടയില്ല. രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെ ധനമന്ത്രി ചിദംബരമാണ് സാന്ദര്‍ഭികമായി ഈ വിവരം പറഞ്ഞത് . അതിന്റെ റിപ്പോര്‍ട്ട് ഇവിടെ.

2005-2006 സാമ്പത്തിക വര്‍ഷം ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം 1.92 കോടി രൂപ ആണത്രെ. അപ്പോള്‍ നിക്ഷേപം എത്ര കോടി ആയിരിക്കും ? സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട് . അങ്ങനെയാണ് ഈ വിവരം പുറത്തായത് . സി.പി.എമ്മിന്റെ ആസ്ഥിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പലപ്പോഴും പുറത്ത് വരാറ് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തില്‍ ധനം സമ്പാദിക്കുന്നത് എന്തിനാണ് ?

പാവങ്ങളില്‍ നിന്ന് സംഭാവന പിരിച്ചുണ്ടാക്കുന്ന പണം ഇങ്ങനെ ഷേര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ആദായം ഉണ്ടാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും ? അപ്പോള്‍ അവര്‍ക്ക് സോഷ്യലിസം എന്ന തത്വസംഹിതയോട് എന്ത് മാത്രം ആത്മാര്‍ത്ഥതയുണ്ടാവും ? ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ഇത്തരത്തില്‍ വരുമാനം ഉണ്ടാക്കുന്നുണ്ടാവുമോ ? നാളെയും ബക്കറ്റുമെടുത്ത് പിരിവിനിറങ്ങാന്‍ നേതാക്കള്‍ അണികളോട് കല്പിക്കുമ്പോള്‍ അവര്‍ ഇതൊക്കെ ആലോചിക്കേണ്ടതല്ലെ ?