2008-10-05

സി.പി.എമ്മും ദൈവവിശ്വാസവും !

സി.പി.എമ്മും അബ്ദുള്ളക്കുട്ടിയും പിന്നെ ദൈവവിശ്വാസവും എന്ന തലക്കെട്ടില്‍ പറയാതെ പോകുന്നത് എന്ന ബ്ലോഗില്‍ വളരെ പ്രസക്തമായ ഒരു പോസ്റ്റ് വായിക്കാനിടയായി . ആ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു :

“ സി.പി.എമ്മിനകത്തെ അംഗത്വത്തിന്റെയും ഭരണ വര്‍ഗ്ഗ പാര്‍ട്ടി എന്ന നിലയില്‍ ലഭ്യമാകുന്ന പാര്‍ലമെന്ററി അധികാരത്തിന്റെ ഉന്നത സ്ഥാനമാനങള്‍ കയ്യാളുന്നതിന്റെയും ബലത്തില്‍ സ്വയം മാര്‍ക്സിസ്റ്റായി അവതരിപ്പിക്കുകയും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പ്രതിലോമ വ്യവസ്ഥയുടെ ജീര്‍ണ്ണതകളും മത ദൈവ വിശ്വാനങളുടെ മാര്‍ക്സിസ്റ്റു വിരുദ്ധ ആശയങള്‍ പു:നരുല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പിന്തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ കൈയ്യിലാണു ഇന്നു സി.പി.എം അകപ്പെട്ടിട്ടുള്ളത്. ”

ഇത് വായിച്ച ഞാന്‍ അവിടെയെഴുതിയ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു :


മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ ഇന്ന് മാര്‍ക്സിസ്റ്റ്കാരുണ്ടോ എന്നറിയില്ല. മാര്‍ക്സിസ്റ്റ്കാരന്‍ എന്നാല്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെയും പ്രകൃതിയെയും കാണാനും വിലയിരുത്താനും കഴിയത്തക്ക വിധം ബോധതലം വികസിതമായവന്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത് . മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരനും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഇന്നുള്ളൂ എന്ന് പറയാന്‍ എനിക്ക് മടിയില്ല .

മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ ,മുസ്ലീം വോട്ട് ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി സി.പി.എമ്മിന് വേണമായിരുന്നു . അത് മാത്രമേ അബ്ദുല്ലക്കുട്ടിയും സി.പി.എമ്മും തമ്മിലുണ്ടായിരുന്നുള്ളൂ . ലോട്ടറി അടിച്ച പോലെ എം.പി.സ്ഥാനം നല്‍കുന്ന ആനുകൂല്യങ്ങള്‍ അബ്ദുല്ലക്കുട്ടി വേണ്ടുവോളം ആസ്വദിക്കുകയും ചെയ്യുന്നു . കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലവും അബ്ദുള്ളക്കുട്ടിയും തമ്മിലും അത്രയെ ബന്ധമുള്ളൂ.

ഒരു ബിസിനസ്സ് സ്ഥാപനമായി മാറിയ സി.പി.എമ്മിന് തികച്ചും പ്രതിലോമകരമായ പങ്ക് മാത്രമേ ഇനി കേരള സമൂഹത്തില്‍ വഹിക്കാന്‍ കഴിയൂ . ജനാധിപത്യത്തിന്റെ ദൌര്‍ബ്ബല്യങ്ങളും അവസരങ്ങളും മുതലെടുത്ത് കൊഴുക്കുന്ന ആ പാര്‍ട്ടിക്ക് സമീപഭാവിയിലൊന്നും ഒരു തകര്‍ച്ച സംഭവിക്കാനും പോകുന്നില്ല .

മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല . കാരണം മനുഷ്യമനസ്സ് ഒരു സമത്വസമൂഹനിര്‍മ്മിതിയ്ക്ക് അനുയോജ്യമല്ല . അത് കൊണ്ട് ചൂഷണം അനിവാര്യമായ സാമൂഹ്യനിയമമായി എന്നും നിലനില്‍ക്കും . പക്ഷെ മാര്‍ക്സിയന്‍ ഭൌതിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രപഞ്ചവീക്ഷണം നമുക്കാവശ്യമായിരുന്നു . ചിന്തിക്കുന്നവര്‍ സ്വമേധയാ അവിടെ എത്താനേ ഇനി വഴിയുള്ളൂ . ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ആ ദര്‍ശനം ആരെയും മനസ്സിലാക്കിക്കൊടുക്കുകയില്ല .

മനുഷ്യന്‍ വിശ്വസിക്കുന്ന പോലെയോ , പ്രചരിപ്പിക്കുന്ന പോലെയോ ഒരു ദൈവം എവിടെയുമില്ലെന്ന് അല്പമെങ്കിലും മുന്‍‌വിധിയില്ലാതെ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവും . എന്നാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള ധൈര്യം മിക്കവര്‍ക്കും ഉണ്ടാകില്ല . ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് മാത്രമാണ് വിശ്വാസമെങ്കില്‍ ആ വിശ്വാസം നിരുപദ്രവവും നിര്‍ദ്ദോഷവുമായിരുന്നു .

എന്നാല്‍ ഒരു മനോവിഭ്രാന്തിയായി ഇന്ന് ദൈവവിശ്വാസം മാറിയിരിക്കുന്നു . ആ വിശ്വാസം ഇന്ന് മനസ്സിന് സമാധാനം അല്ല ഭക്തര്‍ക്ക് നല്‍കുന്നത് . ഏത് അമ്പലത്തിലാണ് , പള്ളിയിലാണ് തന്റെ ദുരാഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിച്ചു നല്‍കാന്‍ കഴിവും പ്രാപ്തിയുള്ള ദൈവം ഉള്ളത് എന്ന് ആര്‍ത്തി പിടിച്ച് അലയുന്ന ഭക്തരെയാണ് ഇന്ന് സര്‍വ്വത്ര കാണാന്‍ കഴിയുന്നത് . അത് കൊണ്ടാണ്, ആള്‍ക്കൂട്ടത്തില്‍ പെട്ട് ചവിട്ടിയരക്കപെട്ട് ഭക്തര്‍ കൂട്ടമരണത്തിനിരയാകുന്നത് .

സാമൂഹ്യജീവിതം ജീര്‍ണ്ണതകള്‍ക്കടിമപ്പെട്ട് കൂടുതല്‍ ദുസ്സഹമായി വരികയാണ് ഇന്ന് . ഇതില്‍ നിന്ന് മോചനം ലഭിക്കാനുതകുന്ന തരത്തില്‍ സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പ്രത്യയശാസ്ത്രങ്ങളോ സംഘടനകളോ ഇനി ഉടലെടുക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയാത്ത ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണ് നമ്മള്‍ .

10 comments:

Rajeeve Chelanat said...

ഒട്ടുമിക്ക നിഗമനങ്ങളോടും യോജിക്കാന്‍ കഴിയുന്നുണ്ട് കെ.പി.എസ്. എങ്കിലും, “മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല . കാരണം മനുഷ്യമനസ്സ് ഒരു സമത്വസമൂഹനിര്‍മ്മിതിയ്ക്ക് അനുയോജ്യമല്ല " എന്നൊക്കെയുള്ള വാദഗതികളോട് യോജിക്കാനും ആവുന്നില്ല.

അഭിവാദ്യങ്ങളോടെ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

രാജീവ് , മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക തത്വസംഹിതയ്ക്ക് ഇനി പ്രസക്തിയില്ല എന്ന് പറയാന്‍ കാരണം ആ ദര്‍ശനങ്ങളോട് ആഭിമുഖ്യമില്ലാത്തത് കൊണ്ടോ ഞാന്‍ സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മിതിയ്ക്ക് എതിരായത് കൊണ്ടോ അല്ല . മറിച്ച് മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളെ വിശകലനം ചെയ്ത് ഞാന്‍ എത്തിച്ചേര്‍ന്ന ഒരു നിരീക്ഷണമാണത് . സ്വന്തം കുടുംബത്തില്‍ പോലും സമത്വം സ്ഥാപിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നില്ല . പിന്നെയല്ലെ സമത്വസമൂഹം . സോഷ്യലിസം അവിടെ നില്‍ക്കട്ടെ , സഹജീവികളില്‍ നിന്ന് താനും ഒരു മനുഷ്യനാണെന്ന പരിഗണന പോലും ഇന്ന് പലര്‍ക്കും ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. നാം എല്ലാ നന്മകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു പോവുകയാണ് രാജീവ് . ഇന്ന് ആളുകള്‍ക്ക് , മതങ്ങളോടോ , വിശുദ്ധഗ്രന്ഥങ്ങളോടോ , ദൈവങ്ങളോടോ , പാര്‍ട്ടികളോടോ , സംഘടനകളോടോ ഒക്കെയുള്ള കലശലായ അഭിനിവേശവും ആവേശവുമൊക്കെ അന്തിമവിശകലനത്തില്‍ തന്നോട് തന്നെയുള്ള അഭിനിവേശമാണ് . ഒരു വ്യക്തി പ്രാഥമികമായി ഈ പ്രപഞ്ചത്തെ സ്നേഹിക്കണമായിരുന്നു . പിന്നെ ഈ ഭൂമി , പിന്നെ നമ്മുടെ രാജ്യം , സംസ്ഥാനം , കുടുംബം അങ്ങനെ അവസാനമായേ തന്നെ സ്നേഹിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ . സ്നേഹം തന്നോട് തന്നെ ആദ്യം എന്ന് തുടങ്ങുമ്പോള്‍ അവസാനമായും തന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ . ഇതൊക്കെ ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ് . പ്രയോഗവല്‍ക്കരിക്കാന്‍ കഴിയില്ല . അത് കൊണ്ടാണ് നബിയും,ബുദ്ധനും, മാര്‍ക്സും ഗാന്ധിജിയും അങ്ങനെ എല്ലാ മഹാന്മരും അനന്യരാകുന്നത് . സമൂഹത്തെക്കുറിച്ച് നമുക്കൊക്കെ ഉള്ള അത്ര ആശങ്കള്‍ പലതരം പാര്‍ട്ടികളുടെയും മതങ്ങളുടെയുമൊക്കെ നേതൃസ്ഥാനം കൂടി അലങ്കരിക്കുന്ന ഭാരവാഹികള്‍ക്ക് ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭാ‍രവാഹികളാണ് ഇന്ന് നേതാക്കളായി അറിയപ്പെടുന്നത് . നേതാക്കന്മാര്‍ അപൂര്‍വ്വമായേ ജനിക്കുന്നുള്ളൂ എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് . എനിക്ക് മനസ്സിലുള്ളത് മുഴുവന്‍ വാക്കുകളില്‍ ആവിഷ്കരിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നു .

അഭിവാദ്യങ്ങള്‍ക്ക് നന്ദിയും സ്നേഹവുമുണ്ട് . ഇനിയും കാണാമല്ലൊ !

കല്ലിവല്ലി said...

സ്നേഹം തന്നോട് തന്നെ ആദ്യം എന്ന് തുടങ്ങുമ്പോള്‍ അവസാനമായും തന്നെ മാത്രമേ സ്നേഹിക്കാന്‍ കഴിയൂ എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ താങ്കള്‍ എങ്ങിനെയാണ് ദൈവനിഷേധിയായത്?
ഒറ്റപെടലില്‍ ആ‍ശ്വാസമാകുന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നാത് കൊണ്ട് എന്താണ് നഷ്ടം? ലാഭം കുറേയൊക്കെ ഉണ്ട് താനും.സ്വന്തം കുടുംബവും ആയി നടക്കാനിറങ്ങിയവന്‍ കുരച്ചുവരുന്ന പട്ടിയെക്കാണുംബോള്‍ ആദ്യം സ്വയരക്ഷയാണല്ലോ നോക്കുന്നത്.സ്വാര്‍തത മനുഷ്യസഹജം

അനില്‍@ബ്ലോഗ് said...

മാഷെ മേല്‍ കമന്റിനു നൂറു ശതമാനം യോജിപ്പ് രേഖപ്പെടുത്തട്ടെ.
അഞ്ചാം ക്ലാസ്സില്‍ തുടങ്ങിയതാണ് മുദ്രാവാക്യം വിളികള്‍. തുടര്‍ന്നിങ്ങോട്ട് സര്‍വ്വീസ് സംഘടനാ രംഗം വരെ. കോളേജിലാകട്ടെ , അടിപിടി, സസ്പെന്‍ഷന്‍ ഒക്കെ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.
ഒരു മടുപ്പു ബാധിച്ചിരിക്കുന്നു, ആകമാനം.

എറണാകുളത്ത് നടന്ന എസി.എസ്റ്റി. കണ്വെന്‍ഷന്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.

ഇനി ഇസ്ലാമിക കണ്വെഷനു അധികം ദൂരം ഇല്ലെന്നു തോന്നുന്നു.

കൂടുതല്‍ പറയുന്നില്ല.
വീണ്ടും കാണാം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

കല്ലിവല്ലിയോട് , ഞാന്‍ ദൈവനിഷേധിയല്ല . ദൈവത്തെ ഞാന്‍ എന്തിന് നിഷേധിക്കണം ? ദൈവം എന്നൊരു ശക്തിയുണ്ടെങ്കില്‍ നല്ലതല്ലെ . എന്നാല്‍ എല്ലാവരും പറയുന്ന തരത്തില്‍ ഒരു ശക്തി അഥവാ ദൈവം ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടില്ല . അതാണ് പ്രശ്നം . ഇനി അഥവാ എല്ലാവരും പറയുന്ന തരത്തില്‍ ദൈവം ഉണ്ടെന്ന് തന്നെ വാദത്തിന് വേണ്ടി സമ്മതിക്കാം . ആയ്ക്കോട്ടെ . പ്രവാചകന്മാരെന്തിന് , മതങ്ങളെന്തിന്, പ്രാര്‍ത്ഥിക്കുന്നതെന്തിന് , അമ്പലങ്ങളും പള്ളികളുമെന്തിന് ? അതും കൂടി ദൈവം ആവശ്യമെങ്കില്‍ സൃഷ്ടിക്കുകയില്ലെ . ദൈവത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ എന്തിന് ഇടപെടണം ? ദൈവം പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച് സര്‍വ്വവും പരിപാലിക്കുകയാണെങ്കില്‍ നിസ്സാരനായ മനുഷ്യര്‍ ദൈവത്തിന്റെ കാര്യത്തില്‍ ഇത്രയധികം ആശങ്കപ്പെടുന്നതെന്തിന് , ഇടപെടുന്നതെന്തിന് ? ദൈവം അവിടെയിരുന്ന് പരിപാലിച്ചോട്ടെ , നമുക്ക് നമ്മുടെ കാര്യം നോക്കാം എന്ന് വിചാരിച്ച് സമാധാനത്തോടെ ജീവിച്ചൂടെ ? ദൈവത്തിന് വേണ്ടി ഇത്രമാത്രം ബഹളം വെക്കാന്‍ എന്ത് കാര്യം ? ദൈവത്തെ സര്‍വ്വശക്തനായി സങ്കല്‍പ്പിക്കുക , എന്നിട്ട് ആ സര്‍വ്വശക്തിയെ നിസ്സാരനായ തന്നേക്കാളും ചെറുതാക്കുക അതാണ് ഇന്ന് ദൈവവിശ്വാസികള്‍ ചെയ്യുന്നത്. ഇന്ന് ലോകത്തില്‍ ദൈവവിശ്വാസികളാണ് മൃഗീയഭൂരിപക്ഷം. ദൈവം എന്നൊന്ന് ഇല്ല എന്ന് തിരിച്ചറിഞ്ഞവര്‍ തീരെ ചെറിയ ഒരു ശതമാനമാണ് . ദൈവവിശ്വാസികളാണ് ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും അനീതികളും ചെയ്യുന്നത് . ദൈവവിശ്വാസം മനുഷ്യനെ നല്ലവനാക്കുന്നേയില്ല .

നമുക്ക് വീണ്ടും സംവദിക്കാമല്ലോ ...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

അനില്‍, മുദ്രാവാക്യം വിളികള്‍ അടിപിടികള്‍ സസ്പന്‍ഷന്‍ , ഒച്ച ബഹളം വെക്കല്‍ തുടങ്ങി അല്പസ്വല്പം ക്രിമിനാലിറ്റി പിന്നെ മൈക്കിന്റെ മുന്‍പില്‍ നിന്ന് ഉളുപ്പില്ലാതെ പ്രസംഗിക്കാനുള്ള കഴിവ് ഇത്യാദി ഗുണഗണങ്ങളുള്ളവരാണ് ഒരു മുപ്പത് കൊല്ലത്തിനിപ്പുറം നേതാക്കന്മാരായി വരുന്നത് . അതിന്റെ ഒരു ഗുണം കാണാനുമുണ്ട് .

വീണ്ടും കാണാം,
സസ്നേഹം

Baiju Elikkattoor said...

"ദൈവവിശ്വാസികളാണ് ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും അനീതികളും ചെയ്യുന്നത് . ദൈവവിശ്വാസം മനുഷ്യനെ നല്ലവനാക്കുന്നേയില്ല."

പരമാര്‍ത്ഥം!

നനവ്‌ said...

ആശയങ്ങളോട് യോജിക്കുന്നുവെങ്കിലും ഒരു സംശയം രക്തസാക്ഷിയായി പുറത്താക്കപ്പെടാനുള്ള അതിബുദ്ധിയല്ലെ ഇതിനു പിന്നിൽ..പണം അത്രമാത്രം സ്വാധീനം നേടിക്കഴിഞ്ഞു..മുതലാളിത്തത്തിന്റെ സുരക്ഷിതത്വവും...

കടവന്‍ said...

യോജിക്കാന്‍ കഴിയുന്നുണ്ട്

കടവന്‍ said...

i agreed with kps