2008-09-30

സാമൂഹ്യപ്രവര്‍ത്തകന്മാരുണ്ടോ ?

കുറെ നാളുകള്‍ക്ക് ശേഷം അങ്കിളിന്റെ ബ്ലോഗില്‍ ഒരു കമന്റ് എഴുതി . അത് ഇവിടെയും കിടക്കട്ടെ :

രണ്ട് കാര്യം ആരും ശ്രദ്ധിക്കുന്നില്ല .

ഒന്ന് : പൌരബോധം എന്ന ഒന്ന് നമുക്ക് ബാധകമല്ല.

രണ്ട് : ആളുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാല്‍ പങ്ക് വയ്ക്കപ്പെട്ടിരിക്കുന്നു . നേതാക്കള്‍ പറയുന്നതാണ് അണികള്‍ക്ക് വേദവാക്യം , അതിനപ്പുറമൊന്നുമില്ല.

കക്ഷിരാഷ്ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ എല്ലാവരുടെയും പ്രശ്നങ്ങളായി കണ്ട് പരിഹാരങ്ങള്‍ക്ക് കൂട്ടായ ശ്രമങ്ങളാണ് വേണ്ടിയിരുന്നത് . ഭരണത്തില്‍ എപ്പോഴും ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു മുന്നണി കാണും . എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആ മുന്നണി അവിടെ തുടരണം എന്നേ അതിനെ താങ്ങി നിര്‍ത്തുന്ന അണികള്‍ക്ക് ഉള്ളൂ.

സര്‍ക്കാര്‍ എന്നാല്‍ നമ്മള്‍ മൊത്തം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംവിധാനം ആണെന്നും , അത് ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥമാണെന്നും അതില്‍ വീഴ്ച വരുത്തിയാല്‍ നമ്മള്‍ പാര്‍ട്ടി നോക്കാതെ ചോദ്യം ചെയ്യണമെന്നും അണികള്‍ക്ക് തോന്നുകയില്ല . പ്രതിപക്ഷത്തിന്റെ അണികള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യുന്ന എന്തും ജനവിരുദ്ധവും ജനദ്രോഹവുമാണ് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ നേതാക്കള്‍ അങ്ങനെ കരുതാനാണ് തങ്ങളുടെ അണികളെ ഉപദേശിക്കുന്നത് . അപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ തീര്‍പ്പ് ആക്കാനുള്ള ഒരു ജനാധിപത്യ സമ്പ്രദായം നമുക്ക് നഷ്ടമാവുന്നു. സര്‍ക്കാറില്‍ നിന്ന് ഒരു അക്കൌണ്ടബിലിറ്റി നാം പൌരസമൂഹം പ്രതീക്ഷിക്കുന്നില്ല എന്ന് സാരം . താന്‍ ആരാധിക്കുന്ന നേതാവ് മന്ത്രിക്കസേരയില്‍ ഇരുന്നാല്‍ മതി എന്നാണ് അഭ്യസ്ഥവിദ്യര്‍ കൂടിയും സധാരണക്കാരും ഒരേ പോലെ ആഗ്രഹിക്കുന്നത് . പിന്നെ എല്ലാ അഴിമതികളും അധാര്‍മ്മികതകളും പരാതി കൂടാതെ സഹിക്കാനുള്ള ക്ഷമയും സഹനശീലവും കൂടി നാം ആര്‍ജ്ജിച്ചിട്ടുമുണ്ട് . പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം ?

(ഇത്രയും എഴുതിയിട്ട് തൃപ്തി വരാഞ്ഞ് വീണ്ടും താഴെക്കാണും വിധം എഴുതി )

അങ്കിള്‍ , മേല്‍ക്കമന്റില്‍ ഒരു പരാതി മാത്രം രേഖപ്പെടുത്തി പോകുന്നത് ശരിയല്ല എന്ന് തോന്നി . താങ്കള്‍ ബ്ലോഗിലൂടെ നിര്‍വ്വഹിക്കുന്ന സേവനം പ്രശംസനീയമാണ് . എന്നാല്‍ അതൊക്കെ വെറും വനരോദനമായിപ്പോകുന്ന സ്ഥിതിയാണിവിടെ. അതിന് കാരണമായി ഞാന്‍ കാണുന്നത് , ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്മാര്‍ കേരളത്തില്‍ തീരെയില്ല എന്നതാണ് . അത്തരം സാമൂഹ്യ സംഘടനകളുമില്ല . രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ മുക്കിനും മൂലയ്ക്കുമുണ്ട് . അവര്‍ക്കൊക്കെ പക്ഷെ പാര്‍ട്ടിപ്പണി തന്നെ ധാരാളമുണ്ട് . സംഭാവന പിരിക്കണം, സമ്മേളനങ്ങള്‍ നടത്തണം പിന്നെ പാര്‍ട്ടി പറയുന്ന നൂറ് കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടാവും . പാര്‍ട്ടിപ്പണി തന്നെയാണ് സാമൂഹ്യസേവനം എന്ന് പലരും തെറ്റായി ധരിക്കുന്നുമുണ്ട് .

ഉപഭോക്തൃസംരക്ഷണ നിയമം , വിവരാവകാശ നിയമം പോലുള്ള നിയമങ്ങളും ഗ്രാമീണ തൊഴിലുറപ്പ് പോലുള്ള പദ്ധതികളും അതിന്റെ സാധ്യതകളും പൊതുജനങ്ങളെ പഠിപ്പിച്ചിരുന്നുവെങ്കില്‍ ഒരു സാമൂഹ്യവിപ്ലവം തന്നെ ഇവിടെ നടന്നേനേ . അതൊന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം മാത്രമേ അവരുടെ കൈവശമുള്ളൂ . അതിനൊക്കെ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും വേണം . നിസ്വാര്‍ത്ഥകരായ സാമൂഹ്യപ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇന്ന് പ്രയാസമുണ്ട് . ഈ രംഗത്ത് ബ്ലോഗിലൂടെ എന്തെങ്കിലും ചെയ്യുവാന്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു കൂട്ടായ്മ , എല്ലാവരുമല്ല മുന്നോട്ട് വരുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു . പക്ഷെ അത് പ്രായോഗികമായില്ല . ഒറ്റപ്പെട്ട നിലയിലും ദുര്‍ബ്ബലമായ സ്വരത്തിലും സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ ധാരാളമുണ്ട് . അവര്‍ അസംഘടിതരായത് കൊണ്ടാണ് അവരുടെ വാക്കുകള്‍ക്ക് ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്. മറ്റെല്ലാവരും സംഘടിതരാണ് . ഇതാണ് ഈ കാലഘട്ടത്തിന്റെ ഒരു ശാപമായി ഞാന്‍ കാണുന്നത് .

4 comments:

ഭൂമിപുത്രി said...

എന്റെ നൂറ് കയ്യൊപ്പ്.
മറ്റൊന്നുകൂടിയുണ്ട് സുകുമാരൻ സാറെ.ഏതു ഇഷ്യൂ ആയാലും,
സമാനരീതിയിൽ ചിന്തിയ്ക്കുന്ന ധാരാളം
പേരുണ്ടെന്നറിയാമെങ്കിലും,ഒന്ന് സംഘടിപ്പിയ്ക്കാനൊന്നും ആരുമിറങ്ങിപ്പുറപ്പെടുന്നില്ല.
‘എന്തിനു വഴിയേ പോകുന്ന വയ്യാവേലി...’ എന്നതാൺ പൊതുവേയുള്ള ചിന്താഗതി.

ഷാജൂന്‍ said...

അതെ, സത്യമാണിത്‌ മണ്ണ്‌ തൊടാതെ ആകാശം നോക്കി 'ഊയാരം' കൂടുന്ന ഒന്നായി പോവാറുണ്ട്‌ ചിലപ്പോള്‍ ബ്ലോഗ്‌ പ്രതികരണങ്ങള്‍. മനുഷ്യബന്ധങ്ങളിലൂടെ മണ്ണുതൊട്ട്‌ പ്രതികരിച്ച്‌ അതിനുള്ള പിന്തുണയായി ബ്ലോഗുകള്‍ വളരുമെന്നാശിക്കാം. (എന്നാല്‍ അത്തരം പ്രതികരണങ്ങള്‍ മലയാളിക്ക്‌ സുപരിചിതമായിരുന്നു താനും അതെങ്ങിനെ തകര്‍ന്നുപോയെന്നത്‌ പഠനവിധേയമാക്കേണ്ടുണ്ട്‌.) ഒരു സംഘടന രൂപികരിച്ചതുകൊണ്ട്‌ അതു നേടിയെടുക്കാനും പറ്റില്ല, പ്രതിബദ്ധതയുള്ള, ഇപ്പോഴും നിലനില്‍ക്കുന്നതിനെ ചലിപ്പിക്കാനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌.

അജ്ഞാതന്‍ said...

എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും കണ്ടില്ലെന്നു കേട്ടില്ലെന്നു പറഞ്ഞു ജീവിക്കുന്നവരായി ഈ ജനത അധപതിച്ചു കഴിഞ്ഞിരിക്കുന്നു...

മുഖം നോക്കാതെ എതിര്‍ക്കാന്‍ ആര്‍ക്കും ഇന്ന കഴിയുന്നില്ല...ഏതെങ്കിലും പാര്‍ട്ടിയുടെ അല്ലെങ്കില്‍ മതത്തിന്റെ ചങ്ങലകളില്‍ ബന്ധിതരാണ് മിക്കവരും....അല്ലാത്തവര്‍ക്കു ഇതൊന്നും ശ്രദ്ധിക്കാന്‍ തന്നെ സമയമില്ലാതായിരിക്കുന്നു.

Joker said...

എന്തിനും ഏതിനും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല. സിനിമയിലായാലും, കഥകളിലായാലും, മിമിക്രിയില്‍ ആയാലും എന്തിലും രാഷ്ട്രീയക്കാരനെ പരിഹസിക്കുന്ന ഒരു ഭാഗമുണ്ടായിരിക്കും. എല്ലാവരും കുറ്റം പറയുന്ന ഈ രാഷ്ട്രീയക്കാരന്‍ ആരുടെ സ്യഷ്ടിയാണ്. നമ്മുടെ തന്നെ സമൂഹത്തിന്റെ സ്യഷ്ടിയാണ് ഈ കാണുന്ന രാഷ്ട്രീയക്കാരന്‍. നമ്മുടെ കുട്ടികളില്‍ ചെറുപ്പം മുതലെ നമ്മള്‍ വളര്‍ത്തിയേടുക്കേണ്ടതായിരുന്നു യഥാര്‍ത്ത രാഷ്ട്രീയ ബോധം.അതിന് പകരം രാഷ്ട്രീയത്തെ തീണ്ടാപാട് അകലെ നിര്‍ത്തി എന്നിട്ട് ഇപ്പോള്‍ ശ്രീ.സുകുമാരനെ പോലുള്ളവര്‍ ഈ പ്രായമെത്തുമ്പോല്‍ ഭ്യങ്കരമായ മഹാബലി ചമഞ്ഞ് അരാഷ്ട്രീയത പ്രസംഗിച്ച് നടക്കുകയാണിപ്പോല്‍ ബ്ലോഗിലെങ്ങും.

ചരിത്രത്തില്‍ നിശ്കളങ്കരും മഹാന്മാരുമായ രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിട്ടുണ്ട് അവരെ നമ്മള്‍ ബഹുമാനിക്കുന്നുമുണ്ട്.എന്നാല്‍ പിന്നീട് വന്ന മുതലാളിത്ത സമൂഹം സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരനെ അവന്റെ ശിങ്കിടിയാക്കി മാറ്റി എന്നതാണ് ചരിത്രം. ഇടതിലും വലതിലും മറ്റ് പാര്‍ട്ടികളിലും എല്ലാം ഇന്ന് കാണുന്ന ശൈഥില്യത്തിന്റെ വേരുകള്‍ തേടി പോയാല്‍ കാണാം. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തെ കൂട്ടി കൊടുപ്പ് നടത്തിയവരെ.

കഴിഞ്ഞ ആണവ കരാറിനെ തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വരെ അമര്‍ സിംഗ അടക്കമുള്‍ല വ്യവ്സായ പ്രമുഖര്‍ ആര്‍ക്കൊക്കെയോ വേണ്ടി ചരട് വലികള്‍ നടത്തി അപഹാസ്യമായ രീതിയില്‍ പാര്‍ലമെന്റുഇല്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചു. ആണവകരാറിന്റെ പിന്നിലെ ബിസിനസ്സ് താല്പര്യങ്ങള്‍ തന്നെയാണ് ഇവരെയൊക്കെ ഇത്രയും അത്യൌത്സാഹം ഉള്ളവരാക്കിയത്. ഈ ആണവ കരാര്‍ വിഷയത്തില്‍ പോലും ഉത്സാഹപൂര്‍വ്വം അരാഷ്ട്രീയ പ്രസംഗം നടത്തി ബ്ലോഗില്‍ ഉടനീളം തെണ്ടിയ സുകുമാരന്‍ മാഷ് തന്നെ ഈ ചാരിത്യ പ്രസംഗം നടത്തണം.

രാഷ്ട്രീയക്കാരനെ കുറ്റം പറയും അത് കഴിഞ്ഞാല്‍ പോയി കോഴയും മോഴയും കൊടുത്ത് കാര്യം നേടും. ഇവിടെ രാഷ്ട്രീയക്കാരനാണോ അവന്‍ ദുശിക്കാനുള്‍ല പ്രഥമ കാരണം. എന്നിട്ട് അവസാനം രാഷ്ട്രീയം ദുഷിച്ചേ രാഷ്ട്രീയം ദുഷിച്ചേ എന്ന് വന രോദനം നടത്തുന്നു.

വോട്ട് ചെയ്യുന്ന ഈ ജനായത്ത സമ്പ്രദാ‍യത്തില്‍ സമൂഹത്തില്‍ പ്രതികരണം പ്രതീക്ഷിച്ചു കൊണ്ടുള്ള നടപടികളില്‍ എന്താണിത്ര അപ്രിയമായിട്ടുള്ളത്. ഇടത് ഭരിക്കുമ്പോല്‍ കൊണ്ടുവരുന്ന കാര്യങ്ങളും വലത് ഭരിക്കുമ്പോള്‍ കൊണ്ടുവരുന്ന കാര്യങ്ങളും ആ രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രം ഉദ്ദേശിച്ചല്ലല്ലോ നടപ്പില്‍ വരുത്തുന്നത്. ചില കാര്യങ്ങള്‍ ഈ ജനായത്ത രീതിയുടെ തന്നെ പോരായ്മകളോ പ്രത്യേകതകളോ ആണ്. ഒരു ഭരണ രീതി രൂ‍പപ്പെട്ട് വരുന്നത് അത് അര്‍ഹിക്കുന്ന ആ സമൂഹത്തിന് പാകപ്പെടുന്ന രീതിയിലായിരിക്കും.

ഭൂമി വാങ്ങുമ്പോള്‍ യഥാര്‍ത്ത വില കാണിക്കില്ല, ആഭരങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് എഴുതിക്കില്ല, വിദേശത്ത് നിന്ന് വരുമ്പോല്‍ ക്സറ്റംസ് ഡ്യ്യട്ടി കൊടുക്കാതെ ഉദ്യ്യോഗസ്ഥന്മാര്‍ക്ക് കൈകൂലി കൊടുക്കും, വൈദ്യതി മീറ്ററില്‍ ക്യത്തിമം കാണിച്ച് മോഷ്ടിക്കും, ഒരു നിലക്കും സത്യ സന്ധത കാണിക്കാന്‍ ആരും തയ്യാറല്ല. സമൂഹം തന്നെ കള്ളന്മാരും കരിഞ്ചന്തക്കാരും ആണ്. പിന്നെ രാഷ്ട്രീയക്കാര്‍ മാത്രം മാനത്ത് പൊട്ടി വീഴുമോ ഹരിശ്ചന്ദ്രന്മാരായിട്ട്.

ചുരുക്കത്തില്‍ സാറിന്റെ ഈ നിലവിളി കേള്‍ക്കുമ്പോള്‍ പറയാന്‍ തോന്നുന്നത്. വ്യകതമായ രാഷ്ട്രീയ ബോധമില്ലാത്ത സമൂഹത്തിന് അനുയോജ്യമായ ഭരണ വ്യവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇങ്ങനെയൊക്കെ മതി എന്ന് കരുതുന്നവരും അല്ലാത്തവരും സമൂഹത്തില്‍ ഉണ്ടായേക്കാം സമൂഹത്തെ മാറ്റി മറിക്കാന്‍ പക്വമായ വ്യക്തിതവങ്ങള്‍ ഒരു പക്ഷേ ഈ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന് വന്നേക്കാം. അങ്ങനെ വരുന്ന ഒരു കാലഘട്ടത്തില്‍ നമുക്ക് മുക്തി ഉണ്ടാവും ഇത്തരം നാശങ്ങളില്‍ നിന്നെല്ലാം.

സാറിനെ പോലെ ആണവ കരാര്‍ പോലെയുള്ള വിഷയങ്ങളില്‍ യുക്തി ഹീനമായ നിലപാടുകള്‍ പുലര്‍ത്തുന്ന. തലമുതിര്‍ന്ന തലമുറയാണ് നമുക്കുള്‍ലതെങ്കില്‍ പിന്നെ. സമുഹം ഇനിയും ദുഷിച്ചാല്‍ ഒന്നും പറയാനില്ല. പറണ്‍ജ് പറണ്‍ജ് അവസാ‍നം മാവേലി ഭരിച്ച കാലത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ വെച്ച് സ്വപ്നം കണ്ട് പ്രസംഗിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പൊകുന്നില്ല.