2008-08-25

ഗര്‍ഭച്ഛിദ്രവും,കോടതിവിധിയും,ദൈവഹിതവും ...

ബാബുരാജിന്റെ കുറച്ചു കാര്യങ്ങള്‍ എന്ന ബ്ലോഗില്‍ “ ഗര്‍ഭച്ഛിദ്രം , ചില ചിന്തകള്‍ ” എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് താഴെ പെയിസ്റ്റ് ചെയ്യുന്നു . വളരെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായിരുന്നു അത് . എന്നാല്‍ അധികമാരും അവിടെ കമന്റ് എഴുതിക്കണ്ടില്ല . നികേത മേത്തയുടെ ഗര്‍ഭച്ഛിദ്രവും അതുമായി ബന്ധപ്പെട്ട് സജീവചര്‍ച്ച നടക്കുന്ന മറ്റൊരു ബ്ലോഗ് ഇവിടെ .

ഏതായാലും നികിതയ്ക്ക് ഒരു സ്വാഭാവിക ഗര്‍ഭച്ഛിദ്രം സംഭവിച്ചത് നികിത ഹരേഷ്‌ ദമ്പതികള്‍ക്ക് ആശ്വാസമായി . അല്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ ദൈന്യാവസ്ഥ ആ ദമ്പതികളെ ആയുഷ്ക്കാലം വേട്ടയാടുമായിരുന്നു . അവരുടെ കാലശേഷവും ആ കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ദുരിതം പേറി ജീവശ്ചവമായി കഴിയേണ്ടിയിരുന്നു . ഒരു ദൈവവും മരണം വരെ സഹായത്തിനുണ്ടാവുമായിരുന്നില്ല .

ദൈവം എന്നത് ഓരോരുത്തരുടെയും താല്പര്യവും സ്വാര്‍ത്ഥതയും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കല്പികകഥാപാത്രമാണെന്ന് ഇവിടെ വ്യക്തമാവുന്നു . ഗര്‍ഭച്ഛിദ്രം തനിയെ നടന്നപ്പോള്‍ അത് ദൈവത്തിന്റെ കരുണയാണെന്ന് ഹരേഷിന് തോന്നുന്നു . അങ്ങനെയെങ്കില്‍ ദൈവം എന്തിനീ പൊല്ലാപ്പ് ഉണ്ടാക്കി . ഹൃദയവൈകല്യമുള്ള ശിശുവിനെ ഗര്‍ഭം ധരിക്കാനിടയായതില്‍ ദൈവത്തിന് പങ്കില്ലെന്നാണോ ഹരേഷ് കരുതുന്നത് . ഇവിടെ ഹരേഷിന് ഭാര്യയുടെ ഗര്‍ഭച്ഛിദ്രം അനിവാര്യമായിരുന്നു . നിയമം അതിനെ തുണച്ചില്ല . എങ്ങനെയോ ആവട്ടെ അത് നടന്നു . അപ്പോള്‍ ദൈവം തുണച്ചു എന്ന് ഹരേഷ് കരുതുന്നു . മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല . എന്നാല്‍ ഒന്നും ബാധിക്കപ്പെടാനിടയില്ലാത്തവര്‍ക്ക് ആ ശിശു ദൈവത്തിന്റെ സൃഷ്ടിയും ദൈവതുല്യം പരിശുദ്ധവുമാണ് . ദൈവം എന്തിനീ ശിശുവിനെ ഹൃദയവൈകല്യത്തോടെ ജന്മം നല്‍കുന്നു എന്ന് ബാധിക്കപ്പെടാത്തവര്‍ക്ക് തോന്നുകയുമില്ല .

ഇതിനെയാണ് കണ്‍‌വീനിയന്‍സ് ഓഫ് ഗോഡ് എന്ന് പറയുന്നത് . തനിക്കേതാണോ സൌകര്യം അത് തന്നെ ദൈവം . അല്ലാതെ നീതിയും ന്യായവും നോക്കി എല്ലാം നടത്തുന്ന ഒരു ദൈവം ആര്‍ക്കുമില്ല . ഞാനും എന്റെ ദൈവവും . എന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും സമ്പത്തിനും പ്രശസ്തിക്കും കാരണം ദൈവം . അത് നല്‍കിക്കൊണ്ടിരിക്കുന്ന ദൈവത്തിന് മാത്രം നന്ദി . എന്റെ ഉയര്‍ച്ചയില്‍ സമൂഹത്തിന്റെ ഒരു പങ്കുമില്ല . എന്തൊരു നല്ല ദൈവം !

സന്ദര്‍ഭവശാല്‍ നികിത ഹരേഷ്‌ ദമ്പതികള്‍ രക്ഷപ്പെട്ടു . എന്നാല്‍ ഇനിയും ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ദമ്പതികള്‍ക്ക് സംഭവിച്ചാല്‍ അവരുടെ ഗതി ? ദൈവം സഹായിച്ച് സ്വാഭാവികച്ഛിദ്രം നടക്കുമെന്ന് കാത്തിരിക്കണോ ? അതോ ദൈവതുല്യം പരിശുദ്ധമാ‍യ ആ ശിശുവിനെ നരകതുല്യമായ ജീവിതത്തിലേക്ക് ജനിക്കാന്‍ അനുവദിക്കണോ ? ഇവിടെയാണ് ബാബുരാജിന്റെ ഈ പോസ്റ്റിന്റെ പ്രസക്തി . പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ മാനവികമായ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മാത്രം സമൂഹം ഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതാണ് സത്യം .

ഇത് പോലെ തന്നെ മറ്റൊരു പ്രധാനപ്രശ്നവും ചര്‍ച്ചയ്ക്ക് വിധേയമാവാത്തതായുണ്ട് , അതാണ് ദയാവധം . ഇവിടെയും ജീവന്റെ പരിശുദ്ധി എന്ന വാദവുമായാണ് വിശ്വാസികള്‍ പ്രതിരോധിക്കുക . എനിക്കിവരോട് ചോദിക്കാനുള്ളത് , ഓരോ സെക്കന്റിലും ജന്മം പ്രാപിക്കാതെ പോകുന്ന കോടാനുകോടി ബീജകോശങ്ങളെയും അണ്ഡകോശങ്ങളെയും നിങ്ങള്‍ ഏത് കണക്കില്‍ എഴുതിത്തള്ളും എന്നാണ് . ദൈവഹിതത്തില്‍ ഈ ചോദ്യത്തിനുത്തരം ഒളിഞ്ഞിരുപ്പുണ്ടോ ?

നികിത ഹരേഷ്‌ ദമ്പതികളുടെ കാര്യത്തില്‍ സങ്കേതികയില്‍ തൂങ്ങി നിര്‍വികാരമായ വിധി കോടതി പ്രഖ്യാപിച്ചത് ദൌര്‍ഭാഗ്യകരമായിപ്പോയി . ജൂഡീഷ്യല്‍ ഏക്റ്റീവിസം എന്നും കോടതി പരിധി ലംഘിക്കുന്നു എന്നും ഭരണ-പ്രതിപക്ഷഭേദമെന്യേ സകല രാഷ്ട്രീയക്കാരും വിമര്‍ശിക്കുന്ന തരത്തില്‍ എത്ര വിധികള്‍ കോടതികള്‍ നടത്തിയിട്ടുണ്ട് . ചെറിയ ഒരാനുകൂല്യം കോടതി ഇക്കാര്യത്തില്‍ നല്‍കിയിരുന്നുവെങ്കില്‍ ഭാവിയില്‍ സമാനപ്രശ്നം നേരിടുന്നവര്‍ക്കും ആശ്വാസപ്രദമായേനേ . ഇത്തരം ഘട്ടങ്ങളില്‍ കോടതിയെ സമീപിക്കാനല്ലാതെ രാജ്യത്തിലെ നിയമസാമാജികരെ കണ്ട് നിയമനിര്‍മ്മാണം നടത്തിച്ച് ഗര്‍ഭച്ഛിദ്രം അനുവദിച്ചു കിട്ടിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ?

3 comments:

കടവന്‍ said...

good very good

മലമൂട്ടില്‍ മത്തായി said...

ബാബുരാജിന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റില്‍ പറഞ്ഞതു തന്നെ ഇവിടെയും പറയാം. ഈ കേസില്‍ പുതിയ നിയമ നിര്‍മാണം ആവശ്യമാണ്. കോടതിയുടെ നിയമ വ്യാഖ്യാനം വളരെ പരിമിതമായ തോതില്‍ മാത്രം നടക്കുന്ന ഒരു സങ്ങതിയാണ്. ശരിക്കും ഈ കേസില്‍ കോടതിയെ കുറ്റപെടുത്തി സംസാരിച്ചു സമയം കളയുന്നതിനെകാള്‍ നല്ലത്, പുതിയ നിയമത്തിനു വേണ്ടി ശ്രമിക്കുക എന്നതാണ്. ജനാധിപത്യത്തില്‍ നിയമ നിര്‍മാണം എല്ലുപ്പമല്ല എന്ന് സമതികുമ്പോഴും, കോടതികളുടെ കടമ നിയമ പരിപാലനം ആണ്, അല്ലാതെ നിയമ നിര്‍മാണം അല്ല എന്ന് പറയാതെ വയ്യ.

പിന്നെ മാദ്ധ്യമങ്ങളില്‍ വരുന്ന "ജുഡീഷ്യല്‍ അക്ടിവിസതെ" പറ്റിയുള്ള വാര്‍ത്തകള്‍ നല്ല പന്കും തല്പര കക്ഷികള്‍ അവരരവുടെ ആവശ്യങ്ങല്‍കനുസരിച്ചു പടച്ചു വിടുന്നതാണ്. സ്വാശ്രയ കേസില്‍ കോടതി നിയമം പരിപാലിക്കണം എന്ന് ആവശ്യപെടുന്ന സര്‍കാര്‍ പക്ഷെ ബന്ദിന്റെ കാര്യത്തില്‍ "ജുഡീഷ്യല്‍ ആക്റ്റിവിസം" എന്ന് പറഞ്ഞു മുട്ടാ പോക്ക് നയം പിന്തുടരുന്നു.

Unknown said...

കോടതികളുടെ കടമ നിയമങ്ങളുടെ വ്യാഖ്യാനവും പരിപാലനവും മാത്രമണ് , അല്ലാതെ നിയമ നിര്‍മാണം അല്ല എന്നത് ശരി തന്നെയാണ് . ഇവിടെ പക്ഷെ ഗര്‍ഭച്ഛിദ്രനിയമം കാലോചിതമായി പരിഷ്കരിക്കേണ്ട ആവശ്യത്തെപ്പറ്റി കോടതിക്ക് ഒരു സൂചനയെങ്കിലും നല്‍കാമയിരുന്നു . നമ്മുടെ ജനാധിപത്യത്തില്‍ ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ സ്വമേധയാ നടത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ . പിന്നെ ചുരുക്കം ചില ആളുകള്‍ എഴുതിയാലോ പ്രസംഗിച്ചാലോ ഒട്ടും തന്നെ നടക്കുകയുമില്ല . നമ്മുടെ അഭിപ്രായം പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നു .