2008-07-24

സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

സിമിയുടെ ബ്ലോഗില്‍ ഇന്തോ-യു.എസ്. ആണവക്കരാര്‍ : ഒരു തിരിഞ്ഞു നോട്ടം എന്ന തലക്കെട്ടില്‍ ബി.രാമന്‍ എഴുതിയ ഒരു ലേഖനത്തിന്റെ വിവര്‍ത്തനം പോസ്റ്റ് ചെയ്തിട്ടുണ്ട് . മനോഹരമായ വിവര്‍ത്തനം . സിമി അനുഗൃഹിതനായ ഒരു എഴുത്തുകാരനാണെന്ന് പറയേണ്ടതില്ല . മലയാളം വിക്കിയിലാണ് സിമിയുടെ സംഭാവനകള്‍ ഏറെയുമുള്ളത് . ആ പോസ്റ്റ് വായിച്ച് അവിടെ എഴുതിയ കമന്റ് ഇവിടെയും സൂക്ഷിക്കുന്നു . എന്റെ ഇടത് പക്ഷ സുഹൃത്തുക്കള്‍ എന്നോട് സഹിഷ്ണുത കാട്ടിയേ പറ്റൂ !

വിവര്‍ത്തനം വളരെ നന്നായിരിക്കുന്നു . കമന്റുകള്‍ ഒന്നും വായിക്കാനുള്ള ക്ഷമ കിട്ടിയില്ല . വായിച്ചിട്ടും വലിയ കാര്യമൊന്നുമില്ല . താന്താങ്ങളുടെ പാര്‍ട്ടി നേതാക്കളോ , മത പുരോഹിതന്മാരോ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പറയുന്നുവോ അതേ പോലെ വള്ളി പുള്ളി തെറ്റാതെ പറയാന്‍ ബാധ്യതപ്പെട്ടവരായിരിക്കുമല്ലോ അധികപക്ഷം കമന്റുകളും എഴുതിയിരിക്കുക .
നമ്മുടെ ജനാധിപത്യത്തിന്റെ ഒരു വികൃതരൂപമാണിത് . എല്ലാ പാര്‍ട്ടികളും അണികളും രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയുമാണ് പറയുന്നത് . എന്നാല്‍ ഏതാണ് രാജ്യം ? ആരാണ് ജനങ്ങള്‍ ? ഓരോ പാര്‍ട്ടിക്കും അതിന്റെ അണികള്‍ മാത്രമാണോ ജനങ്ങള്‍ ? ഭരണത്തിലില്ലാത്ത പാര്‍ട്ടി പറയുന്നു ഇത് ജനങ്ങള്‍ക്ക് എതിരാണെന്ന് . അപ്പോള്‍ ഭരണത്തിലുള്ള പാര്‍ട്ടിയുടെ അണികള്‍ ഈ ജനങ്ങളില്‍ പെടുന്നില്ലേ ?

ഈ ലേഖനത്തില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞിരുന്നുവെങ്കില്‍ എത്രയോ വ്യക്തത കിട്ടുമായിരുന്നു . പക്ഷെ അതൊക്കെ ആര് ചെയ്യും . മാധ്യമങ്ങള്‍ക്കും താല്പര്യങ്ങളുണ്ട് ,ഭയങ്ങളുമുണ്ട് .

ഹൈഡ് ആക്റ്റിലെ വ്യവസ്ഥകളെയാണല്ലോ പരമാധികാരം പണയം വെക്കുന്നു എന്ന് പര്‍വ്വതീകരിച്ചു പ്രചരിപ്പിച്ചത് . “ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഖ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. ” എന്ന വാക്യങ്ങളില്‍ എല്ലാം വ്യക്തമല്ലേ ?

ഇവിടെ ഇടത് പക്ഷങ്ങള്‍ സൃഷ്ടിച്ച ശബ്ദകോലഹലങ്ങളില്‍ പ്രതിരോധത്തിലായിപ്പോയി സര്‍ക്കാര്‍ എന്നതാണ് സത്യം . ഒച്ചപ്പാടുകളിലും ബഹളങ്ങളിലും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനങ്ങളാണ് ഇടത് പക്ഷം . അല്ലാതെ മറ്റൊരു ദൌത്യവും ചരിത്രം അവരെ ഏല്‍പ്പിച്ചിട്ടില്ല.
കാലം മാറി , നെഹറുവിന്റെ കാലത്തെ ചേരിചേരാനയം കാലഹരണപ്പെട്ടു . സോഷ്യലിസവും വിപ്ലവും കമ്മ്യൂണിസവും ഒക്കെ മ്യൂസിയത്തില്‍ പോലും ഇടം കിട്ടാത്ത വണ്ണം അപ്രസക്തമായി .

ഇനി ലോകത്ത് ശക്തിപ്പെടേണ്ട ചേരി ജനാധിപത്യച്ചേരിയാണ് . അതിന് നേതൃത്വം കൊടുക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് മുന്‍‌കൈ എടുക്കേണ്ടതുണ്ട് . ഒറ്റപ്പാര്‍ട്ടി ഭരണക്കുത്തകയും , രാജഭരണവും ഷെയ്ക്ക് ഭരണവും തുടങ്ങി ജനങ്ങളുടേതല്ലാത്ത മുഴുവന്‍ ഭരണസമ്പ്രദായങ്ങളും ഈ നൂറ്റാണ്ടില്‍ അവസാനിക്കണം . പാര്‍ട്ടിക്ക് , രാജാവിന് , മതത്തിന് , അടുത്ത നൂറ്റാണ്ടില്‍ ഭരണം കുത്തകയായി ലഭിച്ചുകൂട . ജനങ്ങള്‍ ഭൂരിപക്ഷപ്രകാരം തീരുമാനിക്കുന്ന ഭരണ സംവിധാനങ്ങള്‍ ലോകത്തില്‍ എവിടെയും വന്നേ പറ്റൂ . അതിന് നേതൃത്വം നല്‍കുക എന്ന ദൌത്യം നിര്‍വ്വഹിക്കാന്‍ അമേരിക്കയും ഇന്ത്യയും ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിക്കേണ്ടതുണ്ട് എന്നതാണ് ഈ കാലത്തിന്റെ അനിഷേധ്യ സത്യം .

ആണവക്കരാര്‍ നടപ്പിലാവും എന്ന് ഞാന്‍ കഴിഞ്ഞ കൊല്ലം മുതലേ എന്റെ ബ്ലോഗില്‍ പറഞ്ഞു വരുന്നുണ്ട് . അതില്‍ മാറ്റമൊന്നുമില്ല . കാരണം ഇവിടെ ട്രാക്റ്ററും , സ്റ്റോണ്‍ ക്രഷറും, ടെലിക്കമ്മ്യൂണിക്കേഷനും, ടിവിയും, കമ്പ്യൂട്ടറും എല്ലാം വന്നല്ലോ . ഇനിയും ധാരാളം വരും . ശൂന്യാകാശത്ത് ടൂറിസ്റ്റ് ഹോട്ടലുകള്‍ പോലും വരും . അപ്പോഴും ഇടത് പക്ഷങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് ജനങ്ങളുടെ പേരില്‍ എതിര്‍ക്കാനും ഒച്ച വെക്കാനും ധാരളം ന്യായീകരണങ്ങള്‍ ബാക്കിയുണ്ടാവും . സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

1 comment:

NITHYAN said...

ഇരുമ്പുമറയ്‌ക്കുള്ളിലെ സോവിയറ്റുയൂണിയന്‍ ജന്മമെടുക്കുമ്പോഴും സായിപ്പ്‌ കിടപ്പുമുറിയുടെ വാതിലടച്ചിട്ടില്ല. അതു തകര്‍ന്നുവീഴുന്ന ശബ്ദം കേട്ടിട്ടും അടച്ചിട്ടില്ല. തകര്‍ന്നുവീഴാന്‍ ഇരുമ്പുമറയുണ്ടാകരുത്‌ എന്ന തിരിച്ചറിവ്‌ സായിപ്പ്‌ പണ്ടേ നേടിയിട്ടുണ്ട്‌. എല്ലാവരെയും എക്കാലത്തും വിഡ്ഡികളാക്കാന്‍ പറ്റില്ലെന്ന്‌ അബ്രഹാം പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഹൈഡ്‌ ചെയ്യുക സായിപ്പിനെ സംബന്ധിച്ചിടത്തോളം ലേശം പ്രയാസമുള്ള സംഗതിയാണ്‌. രാത്രി ഹൈഡ്‌ ചെയ്യ്‌ത സംഗതി പുലര്‍ച്ചെ ഉടുതുണിയുരിഞ്ഞ്‌ ഇന്റന്‍നെറ്റില്‍ പരേഡുനടത്തുകയാണ്‌ നടപ്പുസമ്പ്രദായം.