2008-07-14

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നാറാണത്ത് ഭ്രാന്തന്റെ പിന്‍‌തുടര്‍ച്ചക്കാര്‍

ബൈജുവിന് ശിഥില ചിന്തകളില്‍ നല്‍കിയ മറുപടി :


ബൈജു , ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ സംശയം ദുരീകരിക്കേണ്ടതായിരുന്നില്ലേ? എന്ന ചോദ്യത്തിന് സാങ്കേതികമായി വേണ്ട എന്ന് തന്നെ ഞാന്‍ ഉത്തരം പറയും . കാരണം ഒന്നാമതായി നമ്മുടെ ഭരണഘടനയില്‍ അങ്ങനെയൊരു പ്രൊവിഷന്‍ ഇല്ല . രാജ്യാന്തരക്കാരാറുകളിലേര്‍പ്പെടുമ്പോള്‍ ഭരണഘടനപ്രകാരം പാര്‍ലമെന്റില്‍ അവ ചര്‍ച്ച ചെയ്യേണ്ടതില്ല . രണ്ടാമത് ഇക്കാര്യത്തില്‍ പാര്‍ട്ടികളുടെ നിലപാടുകളില്‍ ഇരട്ടത്താപ്പും അവസരവാദവും ഉണ്ട് . പിന്നെ നമ്മുടെ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി എം.പി.മാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുന്നതിന് പകരം തങ്ങളുടെ പാര്‍ട്ടികള്‍ക്ക് മൈലേജ് കിട്ടുന്ന പൊറാട്ട് നാടകങ്ങള്‍ അരങ്ങേറ്റാറാണ് പതിവ് എന്ന് ടി.വി.കാണാറുള്ള എനിക്ക് തോന്നിയിട്ടുണ്ട് .

സമാനമായ ഒരു സ്ഥിതി വിശേഷം ഗാട്ട് കരാറിന്റെ ബഹളങ്ങള്‍ക്കിടയിലും ഉണ്ടായി . രാജ്യാന്തരക്കരാറുകളില്‍ ഏര്‍പ്പെടണമെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാര്‍ലമെന്റിന്റെ അനുവാദം വാങ്ങാന്‍ സര്‍ക്കാറിനെ ബാധ്യസ്ഥമാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണം എന്ന് ബി.ജെ.പി. ശക്തിയായി അന്ന് ആവശ്യപ്പെട്ടു . സ്വാഭാവികമായും ഗാട്ട് കരാറിനെതിരായ ഇടത് പക്ഷങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു . ഏതായാലും നരസിംഹറാവു സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെച്ചു . പിന്നീട് ബി.ജെ.പി. ആറ് കൊല്ലം നാട് ഭരിച്ചു .

ഞങ്ങള്‍ ഭരണത്തില്‍ വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഗാട്ട് കരാറില്‍ നിന്ന് പിന്‍‌വാങ്ങും എന്നു കൂടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ബി.ജെ.പി കരാര്‍ റദ്ധാക്കിയതുമില്ല ഭരണഘടന ഭേദഗതി ചെയ്തുമില്ല . ഈ ഒച്ചപ്പാടുകള്‍ക്ക് ഇത്രയേ അര്‍ഥമുള്ളൂ . ഇപ്പോഴും നടക്കാന്‍ പോകുന്നത് അന്നത്തേതിന്റെ തനിയാവര്‍ത്തനമാണ് .

ഇപ്പോള്‍ പ്രകാശ് കാരാട്ട് നടത്തുന്നത് ഒരു നാറാണത്ത് ഭ്രാന്തന്റെ പണിയാണ് . ജൂലായ് 22ന് അദ്ദേഹത്തിന്റെ ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ നിലം പതിച്ചു എന്ന് വെക്കുക . എന്ത് സംഭവിക്കും ? ഈ സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകില്ല എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞിട്ടുണ്ട് . അടുത്ത തെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ വരും . തീര്‍ച്ചയായും ബി.ജെ.പി.യുടെ നേതൃത്വത്തില്‍ NDA അധികാരമേല്‍ക്കും . ആണവക്കരാര്‍ അവര്‍ നടപ്പാക്കും . അഞ്ച് കൊല്ലം ഭരിക്കും . അവര്‍ കോണ്‍ഗ്രസ്സിനെപ്പോലെയല്ല . ആരെയും ഭയപ്പെടില്ല .

ഒരിക്കല്‍ അരുണ്‍ ജയറ്റ്‌ലി പറഞ്ഞത് ഇങ്ങനെ : കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ എന്നാല്‍ എല്ലാ അധികാരങ്ങളുമുള്ള സര്‍ക്കാര്‍ തന്നെയാണ് , സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന എല്ലാം ചെയ്യാന്‍ അധികാരമുണ്ട് എന്ന് . അതേ മാനദണ്ഡം വെച്ച് മന്‍‌മോഹന്‍ സിങ്ങിന്റെ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ ആണവക്കരാറുമായി ഇപ്പോള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇടത് പക്ഷങ്ങളും ബി.ജെ.പി.യും ചേര്‍ന്ന് വെറുതെ വിടുമോ ? അങ്ങനെ അടുത്ത അഞ്ച് വര്‍ഷം ബി.ജെ.പി പുഷ്പം പോലെ ഭരിക്കുകയും അമേരിക്കയുമായും ഇസ്രയേലുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യും . പിന്നെ 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പതിവു പോലെ ഇടത് പക്ഷങ്ങള്‍ക്ക് 60 സീറ്റ് കിട്ടുകയും അവര്‍ എന്ത് വില കൊടുത്തും കോണ്‍ഗ്രസ്സിനെക്കൊണ്ട് ഭരിപ്പിക്കുകയും ചെയ്യും .

അമ്പത് കൊല്ലത്തോളം കോണ്‍ഗ്രസ്സിനെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തലായിരുന്നു ഇടത് പക്ഷങ്ങളുടെ പണി . ഇനി ഒരമ്പത് കൊല്ലത്തേക്ക് ബി.ജെ.പി.യേയും കോണ്‍ഗ്രസ്സിനേയും മാറി മാറി ഭരിപ്പിക്കലും ! ഈ നാറാണത്ത് ഭ്രാന്തന്റെ പരിപാടിയില്‍ അപ്പപ്പോള്‍ പാര്‍ട്ടിയുടെ അടവ് നയങ്ങള്‍ക്ക് ഹല്ലേലുയ പാടലാണ് അണികളുടെ വിനോദം . അത് കൊണ്ട് ബൈജു , ജനങ്ങളുടെ ഒര്‍മ്മശക്തി വളരെ ഹ്രസ്വമായത് കൊണ്ടാണ് മനോജ് അങ്ങനെ ചോദിച്ചതും ഉത്തരം പറയാന്‍ എന്നോട് ബൈജു ആവശ്യപ്പെട്ടതും . ഇതൊക്കെ ഓര്‍ക്കുന്നവര്‍ ആരെങ്കിലുമുണ്ടാവും . പക്ഷെ അവര്‍ ഒന്നും മിണ്ടുകയില്ല . അത് കൊണ്ട് ഇത്തരം പൊറാട്ട് നാടകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും !

11 comments:

അനില്‍@ബ്ലോഗ് // anil said...

മാഷെ,
താങ്കള്‍ എന്താണു പറഞ്ഞു വരുന്നതെന്നു തിരിച്ചറിവോടെതന്നെയാണു ഇതൊക്കെ പറയുന്നതെന്ന് എന്നു തന്നെ വിസ്വസിക്കട്ടെ.
ജനാധിപത്യ വ്യവസ്ഥിതി തന്നെ വേണ്ടാ എന്ന താങ്കളുടെ ചിന്ത രണ്ടാമത്തെ തവണയാണു ഞാന്‍ വായന തുടങ്ങിയ ശേഷം കാണുന്നതു.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണ്ട കര്യമില്ലെന്നു പറഞ്ഞാല്‍ ജനാധിപ്ത്യം വെണ്ടാ എന്നു തന്നെയാണു അര്‍ഥം. പണ്ടു ഭരണഘടന എഴുതുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു പ്രതിസന്ധി മുന്നില്‍ കണ്ടിട്ടുണ്ടാവില്ല. മന്ത്രി സഭ , ജനപ്രതിനിധികള്‍ എന്നെല്ലാം പറഞ്ഞാല്‍ ജനങ്ങളോടു പ്രതിബദ്ധത ഉള്ളവരായിരിക്കും എന്നു എഴുതിയ പാവങ്ങള്‍ ധരിചു പൊയിരിക്കും.ഇന്നു പര്‍ലിമെന്റില്‍ ഉള്ള ഭൂരിപക്ഷം അംഗങ്ങളും വീവിധ വ്യവസായ പ്രമുഖര്‍ , അവരുടെ ബിനാമികള്‍, അവരുടെ കൂലിക്കാര്‍, പിന്നെ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ വാലാട്ടികള്‍ തുടങ്ങിയ ലേബല്‍ ഉള്ള ആള്‍ക്കാരാണു. അന്നിതു മുന്‍ കൂട്ടി കണ്ടില്ല, അല്ലാത്ത പക്ഷം , പാര്‍ലമെന്റിന്റെ അനുവാദം വേണം എന്നു മുന്‍ കൂട്ടി എഴുതി വച്ചേനെ. അമേരിക്കന്‍ പ്രസിഡന്റ്റിനുപൊലും അവിടുത്തെ കൊണ്‍ഗ്രെസ്സ്ന്റെ അനുമതി വേണം പല നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും. ഇതൊക്കെ മറന്നു താങ്കല്‍ ഇത്തരം എഴുത്തുകള്‍ നടത്തരുതു.
പിന്നെ ചില വ്യക്തികള്‍ മോശക്കാരാണെന്നു വച്ചു ഒരു പ്രസ്ഥാനത്തെയൊ ജനായത്ത സമ്പ്രദായത്തെയൊ മോശമെന്നു പറയാന്‍ പറ്റില്ല.അതൊരുതരം കണ്ണടച്ചിരുട്ടാക്കലാകും, താങ്കള്‍ മൊത്തത്തില്‍ ചെയ്യുന്നതതാണെങ്കിലും.
അടിയന്തിരാവസ്ഥയെ താങ്കള്‍ അനുകൂലിക്കയാണെന്നു വരികള്‍ക്കിടയില്‍ വായിക്കാനായി.അതാണു എല്ലാ ചിന്തകള്‍ക്കും അടിസ്ഥാനം എന്നു തൊന്നുന്നു. ഒരു വാശിക്കെടുത്തു കിണറ്റില്‍ ചാടാം,പക്ഷെ എത്ര വാശി പിടിച്ചാലും ചിലപ്പൊള്‍ കയറാന്‍ പറ്റില്ലെന്നു ഒര്‍ക്കുമല്ലൊ.

കടത്തുകാരന്‍/kadathukaaran said...

ആണവക്കരാര്‍ എന്‍ ഡി എ സര്‍ക്കാര്‍ആരംഭിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോകാനുള്ള മന്‍മോഹന്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ തുടക്കത്തിലേ വ്യക്തമായിരുന്നു. എന്നീട്ടും ആ സമയത്തൊന്നും കരാറില്‍ ഒപ്പുവെച്ചാല്‍ പിന്തുണ പിന്‍വലിക്കും എന്ന് പറയാന്‍ സി പി എം ഓ ഇടതുമുന്നണിയോ തയ്യാറായില്ല. മന്‍മോഹന്‍ സിംഗ് സോണിയാഗന്ധിയുമായും ദേശീയ സുരക്ഷാ ഉപ സമിതിയുമായും സംസാരിച്ചതിനു ശേഷംബുഷുമായ് മന്‍മോഹന്‍സിംഗ് കരാര്‍ ഒപ്പുവെച്ചപ്പോള്‍ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍ വലിച്ചില്ല. വിഷയം പാര്‍ലമെന്‍റിനു മുമ്പില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന ആവശ്യത്തെ പിന്തുണക്കാതെ സര്‍ക്കാരിനെ രക്ഷിക്കാനും കരാര്‍ നടത്താനുള്ള സാഹചര്യമൊരുക്കിക്കൊടുത്തു, എന്നിട്ട് അടുത്ത നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യു.പി.എ-ഇടതുമുന്നണി ഏകോപന സമിതിയാക്കാം എന്ന കോണ്‍ഗ്രസ്സിന്‍റെ നിര്‍ദ്ദേശം സ്വീകരിച്ച് ഒരു വര്‍ഷത്തോളം ഒമ്പത് ഏകോപന സമിതി യോഗങ്ങളില്‍ പങ്കെടുത്ത് എന്തെങ്കിലുമൊരു ആദര്‍ശത്തിലൂന്നിയോ ഇപ്പോള്‍ അവകാശപ്പെടുന്ന ജനോപകാരപ്രദമായ വഴികളോ കാണാന്‍ അന്ന് കഴിഞ്ഞില്ല. നന്ദിഗ്രാം സംഭവത്തെ തുടര്‍ന്ന് ആദര്‍ശങ്ങള്‍ക്ക് കാശിയിലേക്കുള്ള വഴികാട്ടിക്കൊടുത്ത് രഹസ്യമായി ചര്‍ച്ചകള്‍ തുടര്‍ന്നുകൊള്ളാന്‍ കോണ്‍ഗ്രസ്സ് ഗവണ്മെന്‍റിന്‍ സമ്മതം കൊടുത്തു.

ജനങ്ങള്‍ മണ്ടന്മാരാണെന്ന് ഉറപ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അഹങ്കാരം മാത്രമാണിതെങ്കിലും അവസാന ഘട്ടത്തില്‍ പിടിച്ച് നില്‍ക്കുവാനുള്ള ഒരു ശ്രമമെന്ന നിലയില്‍ മാത്രമാണ്‍ ഇപ്പോള്‍ പിന്തുണ പിന്‍വലിച്ച് നല്ല പിള്ള ചമയുവാനുള്ള ഇടതുപക്ഷ ശ്രമം. പോകുന്ന പോക്കില്‍ കിട്ടിയതും കൊണ്ട് എടുത്തൊരോട്ടം, കയ്യില്‍ കിട്ടിയതോ മുസ്ലീം പ്രേമം, യഥര്‍ത്ഥ പ്രേമം മുസ്ലീം വര്‍ഗ്ഗിയതയോട് തന്നെ.

Unknown said...

i does agree with what anil writes.. kp sukukaran have no faith in the democratic set up of our country.. as a regular reader of his posts, it is apparant..

NITHYAN said...

അമ്പത് കൊല്ലത്തോളം കോണ്‍ഗ്രസ്സിനെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴ്ത്തലായിരുന്നു ഇടത് പക്ഷങ്ങളുടെ പണി . ഇനി ഒരമ്പത് കൊല്ലത്തേക്ക് ബി.ജെ.പി.യേയും കോണ്‍ഗ്രസ്സിനേയും മാറി മാറി ഭരിപ്പിക്കലും ! ഈ നാറാണത്ത് ഭ്രാന്തന്റെ പരിപാടിയില്‍ അപ്പപ്പോള്‍ പാര്‍ട്ടിയുടെ അടവ് നയങ്ങള്‍ക്ക് ഹല്ലേലുയ പാടലാണ് അണികളുടെ വിനോദം.....
ഒരുനൂറ്‌ പേജില്‍ പറയേണ്ടത്‌ മൊത്തം അസ്സലായി നാലുവരിയിലൊതുക്കിയിരിക്കുന്നു. സുകുമാരേട്ടാ ഒരു വസ്‌തുനിഷ്‌ഠമായ അവലോകനത്തിന്‌ നന്ദി. അഭിവാദ്യങ്ങള്‍

Unknown said...

അനില്‍ , നമ്മുടെ രാജ്യത്ത് കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പോലെ രാഷ്ട്രീയനേതാക്കന്മാര്‍ ജനാധിത്യത്തെ പിച്ചിച്ചീന്തുകയാണ് . പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കണം എന്ന് ഭരണഘടന ഭേദഗതി ചെയ്താല്‍ നമുക്ക് ഒരു രാജ്യവുമായി പോലും കരാരില്‍ ഏര്‍പ്പെടാന്‍ കഴിയില്ല . അത്രമാത്രം പക്വമതികളല്ല നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ . സങ്കുചിതരാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം ദേശീയതാല്പര്യങ്ങള്‍ക്കനുസരിച്ച് ഉയരാന്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ല എന്നവര്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ഒരു ഉദാഹരണം പറയാം . പരോക്ഷമായ ഇടത്-ബി.ജെ.പി. ബാന്ധവം എങ്ങനെ നമ്മുടെ മുന്നോട്ടുള്ള ഗതിയ്ക്ക് തടസ്സമാവാറുണ്ട് എന്നതിന് ഒരു നല്ല തെളിവ് കൂടിയാണ് ഇത് . ജനങ്ങള്‍ക്ക് പൊതുവായ നല്ല കാര്യം ചെയ്യാന്‍ തുനിയുമ്പോള്‍ രാഷ്ട്രീയതാല്പര്യം മുന്‍‌നിര്‍ത്തി നേതാക്കള്‍ ശകുനി വേഷം ധരിക്കുന്നതിന്റെയും മാതൃക .

രാജീവ് ഗാന്ധി പഞ്ചായത്ത്-നഗരപാലിക ബില്‍ തയ്യാറാക്കി പാര്‍ലമെന്റില്‍ ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കി . എന്നാല്‍ രാ‍ജ്യസഭയില്‍ അന്ന് ബി.ജെ.പി,ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം . ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ഇടതും ബി.ജെ.പി.യും ചേര്‍ന്ന് ബില്‍ പരാജയപ്പെടുത്തി . പിന്നീട് നരസിംഹറാവുവാണ് ആ ബില്‍ പാസ്സാക്കി എല്ലാവരും പുകഴ്ത്തുന്ന നിയമമായി മാറിയത് .

ജനങ്ങള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നു . അതില്‍ ഭൂരിപക്ഷം പ്രതിനിധികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നു . സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ദൈനംദിന ഭരണ നിര്‍വ്വഹണം നടത്തുന്നു . അതാണ് ജനാധിപത്യം . ഞാനതില്‍ വിശ്വസിക്കുന്നു . സര്‍ക്കാറിലാണ് എനിക്ക് വിശ്വാസം !

Unknown said...

കടത്തുകാരന്‍ പറയുന്നത് ശരിയാണെന്ന് എല്ലാവര്‍ക്കുമറിയാം . എന്നാല്‍ നേതാവിന്റെ മുഖം രക്ഷിക്കാനുള്ള ബാധ്യത അണികള്‍ക്കുണ്ട് . അത് കൊണ്ട് അവര്‍ ഉറക്കം നടിക്കുന്നു . പക്ഷെ ഒറ്റപ്പെട്ട ചിലരില്‍ നിന്ന് സത്യം തുളുമ്പിപ്പോകും . അതാണ് ബംഗാള്‍ മന്ത്രിയും , പാര്‍ട്ടി സംസ്ഥാന സെക്രട്ടേരിയറ്റ് അംഗവുമായ സുബാഷ് ചക്രബര്‍ത്തി ചോദിച്ചത് , വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാറിനെ പരാജയപ്പെടുത്തിയാല്‍ അടുത്തത് എന്ത് (what is next ?)എന്ന് .

അടുത്തത് ഞാന്‍ പറഞ്ഞല്ലോ , നാറാണത്ത് ഭ്രാന്തനെ പോലെ പാറ ഉരുട്ടിക്കയറ്റുക പിന്നെ താഴോട്ട് ഇടുക . വേറെന്ത് ? പ്രകാശ് കാരാട്ട് പറന്ന് പറന്ന് മായാവതിയെ കാണുന്നു , ചന്ദ്രബാബു നായിഡുവിനെ കാണുന്നു ... എന്നാല്‍ ആ സംസ്ഥാനങ്ങളില്‍ സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ അയാള്‍ ഒന്നും ചെയ്യുന്നത് കാണുന്നുമില്ല . അതെങ്ങനെ, അപ്പോള്‍ ടി.വി.ക്കാര്‍ ചാനലുകളില്‍ അതെല്ലാം കാണിക്കുമോ ? അണികള്‍ സംഭാവന പിരിച്ചുണ്ടാക്കുന്ന കാശ് , പറക്കടാ പറക്ക് അത്ര തന്നെ !

Radheyan said...

പഞ്ചായത്ത് നഗരപാലിക ബില്ലില്‍ കേന്ദ്രം നേരിട്ട് പഞ്ചായത്തുകളെ നിയ്യന്ത്രിക്കുന്ന വ്യവസ്ഥ ഉണ്ടായിരുന്നത് കൊണ്ടാണ് രാജീവ് ഗാന്ധിയുടെ ബില്‍ പരാജയപ്പെട്ടത്.

മൃഗീയ ഭൂരിപക്ഷമുള്ള രാജീവിന്റെ ഗവണ്മെന്റിന് കഴിയാത്തത് ജെ.എം.എം കാരെ കെ.പി എസ് ജനാധിപത്യപ്രകാരം കോഴ കൊടുത്ത് നിലനിര്‍ത്തിയ റാവുവിന് എങ്ങനെ കഴിഞ്ഞു?

മേല്‍പ്പറഞ്ഞ ഭേദഗതി അംഗീകരിച്ചപ്പോള്‍ പ്രതിപക്ഷം കൂടി സഹകരിച്ചു.

വെറുതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കരുത് എന്ന് കരുതി ഇത്രയും പറഞ്ഞതാണ്.ചേട്ടന്‍ പറയുന്നത് കേട്ടാല്‍ പ്രതിപക്ഷം മുഴുവന്‍ വികേന്ദ്രീകരണ വിരുദ്ധരും കോണ്‍ഗ്രസുകാര്‍ മുഴുവാന്‍ വികേന്ദ്രീകരണ വാദികളും എന്ന് തോന്നും.അങ്ങനെയുള്ള വികേന്ദ്രീകരണ വാദികള്‍ എന്തിനാണോ ജില്ലാ കൌണ്‍സില്‍ പിരിച്ച് വിട്ടത്?

Unknown said...

രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത് നഗരപാലിക ബില്ലില്‍ കേന്ദ്രം നേരിട്ട് പഞ്ചായത്തുകളെ നിയന്ത്രിക്കുന്ന വ്യവസ്ഥ ഉണ്ടായിരുന്നു എന്നത് രാധേയന്റെ വ്യാഖ്യാനമാണ് . കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിയമവിധേയമായ ബോഡി ഉണ്ടാവും എന്നതാണ് ഇടത് പക്ഷം എതിര്‍ക്കാന്‍ കാരണം എന്നാണ് എന്റെ ഓര്‍മ്മ . അതില്‍ എന്താണ് തെറ്റ് ? കേന്ദ്രം നേരിട്ടാണ് പഞ്ചായത്തുകള്‍ക്ക് ഫണ്ട് കൊടുക്കുന്നത് . അത് ഓഡിറ്റ് ചെയ്യേണ്ടേ ? ജനകീയാസൂത്രണ പദ്ധതിക്കാലത്ത് ചെലവാക്കിയ പതിനാലായിരം കോടിയിലധികം രൂപ എങ്ങനെയല്ലാം പോയി എന്ന് പില്‍ക്കാലത്ത് നമ്മള്‍ കണ്ടതാണല്ലൊ .

മൂര്‍ത്തി said...

പണ്ട് നചികേതസ്സിന്റെ പോസ്റ്റില്‍ പഞ്ചായത്ത് രാജ് വിഷയത്തില്‍ ഇട്ട കമന്റ് താഴെ ചേര്‍ക്കുന്നു.

പ്രിയ സുകുമാര്‍ജീ,

പഞ്ചായത്തിരാജ് ബില്ല് അദ്യം വന്നപ്പോള്‍ (അറുപത്തിനാലാം ഭരണ ഘടനാ ഭേദഗതി)അത് രാജ്യസഭയില്‍ പരാജയപ്പെട്ടു എന്നത് ഒരു വസ്തുത എന്ന നിലക്ക് ശരിയാണെന്കിലും അതിനു പിന്നിലെ കാരണങ്ങളെപ്പറ്റി പറയാതിരിക്കുന്നത് തെറ്റിദ്ധാരണാജനകം ആവും എന്ന് തോന്നുന്നു.
അന്നതിനുണ്ടായിരുന്ന എതിര്‍പ്പിനെക്കുറിച്ച് ഒരു പരാമര്‍ശം നോക്കുക.

1.4 The first attempt by the Government to confer constitutional status on Panchayati Raj Institutions was the Constitution (64th Amendment) Bill which was introduced in Parliament in July 1989 as a result of efforts of the then Prime Minister Shri Rajiv Gandhi. A Sub-Committee of the Consultative Committee of Parliament under the Chairmanship of Shri P.K.Thungon had made recommendations for strengthening the Panchayati Raj system at the end of 1988. One of the important recommendations of this Sub-Committee was that Panchayati Raj Institutions should be Constitutionally recognised. It was against this backdrop that the 64th Amendment Bill was introduced after nationwide consultations. Though generally welcomed, it faced criticism on two counts. Firstly, it overlooked the States and was seen as an instrument of the Centre to deal directly with Panchayati Raj Institutions and secondly, it was imposing a uniform pattern throughout the country instead of allowing individual States to legislate. The effort to confer Constitutional status to Panchayati Raj Institutions in the form of the 64th Constitution Amendment Bill in August, 1989 was however, unsuccessful ,as the Bill was not approved by the Rajya Sabha. (ലിങ്ക് ഇവിടെ)

Radheyan said...

താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു കേന്ദ്രം നേരിട്ടാണ് ഫണ്ട് കൊടുക്കുന്നത് എന്ന്.അത് തന്നെ എതിര്‍പ്പിന് കാരണം.

അത് ഫെഡറിലിസത്തിന് എതിരാണ് എന്നത് വ്യക്തമല്ലേ.ഇന്നും കേന്ദ്രം ചെയ്യുന്നത് സംസ്ഥാനങ്ങള്‍ക്ക് യോജിക്കാത്ത കേന്ദ്രാവിഷ്കൃത ഫണ്ട് ഉണ്ടാക്കി കേരളം പോലെ വ്യത്യസ്ഥ പരിതസ്ഥിതികള്‍ ഉള്ള സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.

കേന്ദ്രം പഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കുന്നു എങ്കില്‍ അത് സംസ്ഥാനങ്ങളീലൂടെ തന്നെ വേണം. നോര്‍ത്ത് ഈസ്റ്റ് സ്റ്റേറ്റിനും കേരളത്തിനും ഒരു പോലെ സാധ്യമാകുന്ന പദ്ധതികള്‍ അപൂരവ്വമല്ലേ?ഇതൊക്കെ അന്ന് ചര്‍ച്ചക്ക് വന്നതായി ഒന്‍പതാം ക്ലാസില്‍ അന്നു പഠിച്ചിരുന്ന എനിക്ക് ഓര്‍മ്മയുണ്ണ്ട്.അല്ലതെ കേവലം ഓഡിറ്റ് അല്ല പ്രശ്നം.ഇതേ കുറിച്ച് താങ്കള്‍ക്ക് വേണ്ട ലിങ്ക് സഹിതമൊരിക്കല്‍ നചികേതസ്സിന്റെ പോസ്റ്റില്‍ മൂര്‍ത്തി മറ്Rഉപടി ഇട്ടിരുന്നത് വായിച്ചതായി ഓര്‍മ്മ.അപ്പോള്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഞാനല്ല.ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ കീട്ടുക അത്ര ബുദ്ധിമുട്ടല്ല.

Mr. K# said...

100% കറക്ട് സുകുമാരേട്ടാ. ഇടതന്മാര്‍ ആണവകരാറിനെയാണ്‍ എതിര്ക്കുന്നതെന്കില്‍ സര്ക്കാരിനെ വീഴ്ത്തിയിട്ട് കാര്യമില്ല. ബി.ജെ.പി കേറിയാല്‍ അവര്‍ കരാര്‍ പുഷ്പം പോലെ നടപ്പിലാക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് കൂടുതല്‍ കിട്ടാനുള്ള അടവുനയം എന്നതില്‍ കവിഞ്ഞ് പിന്തുണ പിന്‍വലിക്കലിനു വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല.