2008-06-07

സംഘടന കൊണ്ട് ശക്തരാകുന്നത് ആര് , എങ്ങനെ ? ‍

പാച്ചല്ലൂര്‍ പാച്ചന്‍ എന്ന ബ്ലോഗില്‍ “ ടെക്‍നോ പാര്‍ക്ക് എന്താണ് യാഥാര്‍ത്ഥ്യം ” എന്ന പോസ്റ്റില്‍ എഴിതിയ കമന്റ് :


വളരെ പ്രസക്തവും ഹൃദയസ്പര്‍ശിയുമായ ചോദ്യമാണ് ഇത് . നാല്പതിനായിരവും എഴുപത്തയ്യായിരവും ലഘുവായ ജോലികള്‍ ചെയ്ത് ശമ്പളം വാങ്ങി ചെറുപ്പക്കാര്‍ അടിച്ച് പൊളിച്ച് ധൂര്‍ത്തടിക്കുന്നതിന് ബാംഗ്ലൂരില്‍ സാക്ഷ്യം വഹിക്കുന്ന എന്നെ ഈ പോസ്റ്റ് അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു .

എന്നാല്‍ ഇതിന് സംഘടന ഒരു പോംവഴിയാണോ ? അല്ലെങ്കില്‍ സംഘടന ഉണ്ടാക്കിയാല്‍ പ്രശ്നം പരിഹൃതമാണോ ? സംഘടനയൊന്നുമില്ലാതെ തന്നെ ബാംഗ്ലൂരില്‍ ഇത്ര കനത്ത ശമ്പളവും ഏറ്റവും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളും ലഭിക്കുന്നത് എന്ത് കൊണ്ട് ? നമ്മള്‍ മലയാളികള്‍ ഏറ്റവും വെറുക്കുന്ന അമേരിക്കയുടെ കമ്പനികളിലാണ് ഏറ്റവും മാനുഷികമായ തൊഴില്‍ അന്തരീക്ഷവും ,തൊഴില്‍ സംസ്ക്കാരവും കാണാന്‍ കഴിയുക . തൊഴിലാളികളുടെ സംതൃപ്തിയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിദാനം എന്ന് അവര്‍ (അമേരിക്കന്‍ [MNC]കമ്പനി മുതലാളിമാര്‍)കരുതുന്നു . ബാംഗ്ലൂര്‍ ഐ.ടി മേഖലയില്‍ ട്രേഡ് യൂനിയന്‍ ഉണ്ടാക്കാന്‍ വേണ്ടി അഖിലേന്ത്യന്മാര്‍ വന്ന് ദിനരാത്രങ്ങള്‍ കിണഞ്ഞ് പാട് പെട്ടു. പക്ഷെ ഇവിടത്തെ ഐ.ടി.പ്രൊഫഷണലുകള്‍ അവരുടെ ഭഗീരഥപ്രയത്നങ്ങളെ പുച്ഛത്തോടെയാണ് കണ്ടത് എന്ന് മാത്രമല്ല തങ്ങളുടെ കഞ്ഞികുടി ഇവര്‍ മുട്ടിക്കുമോ എന്നും ഭയപ്പെട്ടു .

എന്ത് കൊണ്ട് തൊളിലാളി വര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്മാര്‍ വാണരുളുന്ന കേരളത്തില്‍ അതും തലസ്ഥാനത്ത് ഇത്ര ശോചനീയമായ അവസ്ഥ നിലനില്‍ക്കുന്നു ? ട്രേഡ് യൂനിയന്‍ നേതാക്കന്മാര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ നടക്കുന്ന അനുരജ്ഞനസംഭാഷണങ്ങളില്‍ വെറും ഇടത്തട്ടുകാരന്റെ റോളിലേക്ക് തരം താണു പോയതെന്ത് കൊണ്ട് ?

ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം സംഘടന വേണ്ട എന്നല്ല . സംഘടന വേണം . പക്ഷെ സംഘടനയെ നയിക്കേണ്ടത് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലെ നേതൃഗുണമുള്ള ഒരു തൊഴിലാളി തന്നെയായിരിക്കണം . പാര്‍ട്ടി ട്രേഡ് യൂനിയനിസം , ട്രേഡ് യൂനിയന്‍ നേതാക്കന്മാരെ ട്രേഡ് യൂനിയന്‍ മുതലാളിമാരാക്കി . അതാണ് കേരളത്തിന്റെ ശാപം . അതാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ട്രേഡ് യുനിയന്‍ മുതലാളിമാര്‍ മധ്യവര്‍ത്തികളായി അധ:പതിക്കാന്‍ കാരണം . മേലെ ഒരു അനോണി വന്ന് ഇത്ര ശക്തമായി പ്രതികരിക്കാന്‍ അതാണ് കാരണം . ഇന്ന് കേരളത്തിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവിന് താന്‍ എത്ര സംഘടനയുടെ ഭാരമാണ് വഹിക്കുന്നത് എന്ന് ഓര്‍മ്മയുണ്ടാവാന്‍ വഴിയില്ല. അസിസ്റ്റന്റുമാരായിരിക്കും ഓരോ മീറ്റിങ്ങുകളെപ്പറ്റി ഓര്‍മ്മപ്പെടുത്തുക . ഒരു തൊഴിലാളിയുടെ വേദന മറ്റൊരു തൊഴിലാളിക്കേ മനസ്സിലാവൂ . അത് കൊണ്ട് തൊഴിലാളികളെ നയിക്കേണ്ടത് മറ്റൊരു തൊഴിലാളിയാണ് . ഈ സംസ്കാരം ഉണ്ടായാല്‍ സംഘടന കൊണ്ട് തൊഴിലാളികള്‍ രക്ഷപ്പെടും . അതിന് പക്ഷെ കേരളത്തില്‍ സര്‍വ്വശക്തരായ പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കില്ല .

കേരളത്തിലെ ജനങ്ങളുടെയും തൊഴിലാളികളുടെയും മനോഭാവം ഇപ്പോഴും പഴയ നാടുവാഴിത്തകാലഘട്ടത്തിലെ അടിമത്തബോധത്തില്‍ അധിഷ്ഠിതമാണ് . അത് കൊണ്ടാണ് ഒച്ച വെക്കാന്‍ മാത്രം കഴിയുന്ന നേതാക്കള്‍ സര്‍വ്വശക്തരായത് , യൂനിയന്‍ നേതാക്കള്‍ യൂനിയന്‍ മുതലാളിമാരായത് . ഈ നേതാക്കള്‍ക്ക് സുഖലോലുപരായി ജീവിയ്ക്കണമെങ്കില്‍ ഈ അവസ്ഥ കേരളത്തില്‍ തുടരേണ്ടതുണ്ട് . ഇനിയൊരു ശ്രീനാരായണ ഗുരുവോ , ചട്ടമ്പി സ്വാമിയോ അത് പോലെയുള്ള നിസ്വാര്‍ത്ഥരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളോ ജനിയ്ക്കാന്‍ സാധ്യതയില്ല . മഹാന്മാര്‍ക്ക് ജന്മം നല്‍കുന്നത് അതാത് കാലഘട്ടങ്ങളാണ് .

അത് കൊണ്ട് സംഘടനയുണ്ടാക്കി അതിന്റെ നേതാവാകാന്‍ വേണ്ടി ഒരു മഹാ നേതാവിനെ ക്ഷണിച്ചു കൊണ്ട് വന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല .

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സുകുമാരേട്ടന്‍ തന്ന ലിങ്കിനു നന്ദി..ഫോറത്തിന്റെ കമന്റ് അവിടെ ഇട്ടിട്ടുണ്ട്. ഇതിനു മുന്‍പ് ഈ വിഷയത്തില്‍ വര്‍ക്കേഴ്സ്

ഫോറം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ കൂടുതല്‍ പ്രസക്തമായതായി തോന്നുന്നു.

സുകുമാരേട്ടന്‍ കരുതുന്നതു പോലെ ബാംഗ്ലൂരില്‍ വലിയ ശമ്പളവും “തൊഴിലാളി വര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്മാര്‍ വാണരുളുന്ന

കേരളത്തില്‍ അതും തലസ്ഥാനത്ത് ഇത്ര ശോചനീയമായ അവസ്ഥ“യും അല്ല ഉള്ളത്. എല്ലായിടത്തും ഏറെക്കുറെ ഒരേ

അവസ്ഥ തന്നെയായിരിക്കും. ആ മേഖലയില്‍ ഉള്ള ഒരാള്‍ തന്നെ പറയുമ്പോള്‍ നാം കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങുന്നു

എന്നേ ഉള്ളൂ. ഈ പോസ്റ്റ് വരുന്നതിനു മുന്‍പ് സുകുമാരേട്ടന്‍ കേരളത്തില്‍ “ശോചനീയമായ അവസ്ഥ” ഉണ്ടെന്ന്

സമ്മതിക്കുമായിരുന്നോ? ഇല്ലെന്ന് തോന്നുന്നു.

അമേരിക്കയില്‍ തൊഴിലിടങ്ങളിലെല്ലാം ഭദ്രമാണെന്ന് വിശ്വസിക്കാനും തൊഴിലാളിസ്നേഹികളാണ് എം.എന്‍.സി.

മുതലാളിമാരെന്ന് വിശ്വസിക്കാനും സുകുമാരേട്ടനു അവകാശമുണ്ട്. പക്ഷെ, ഔട്ട് സോര്‍സിങ്ങ് എന്ന വിദ്യയിലൂടെ

അമേരിക്കന്‍ തൊഴിലാളികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതും അവര്‍ തന്നെയല്ലേ? ലാഭം മാത്രമല്ലെ ദരിദ്രരാജ്യങ്ങളിലേക്ക്

തൊഴില്‍ കയറ്റി അയക്കുമ്പോള്‍ മുതലാളിമാര്‍ ലക്ഷ്യമിടുന്നതും? ആ ദരിദ്ര രാജ്യങ്ങളിലെ തൊഴിലിടങ്ങളിലെ ശോചനീയമായ

അവസ്ഥയെക്കുറിച്ച് എത്രയോ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. അതൊക്കെ ചേര്‍ത്ത് വെച്ചു വേണം വായിക്കാന്‍ എന്നു

തോന്നുന്നു.

തൊഴിലാളികള്‍ക്കിടയില്‍ നിന്നു തന്നെ തൊഴിലാളി നേതാക്കള്‍ വരണം എന്ന അഭിപ്രായം തന്നെയാണ് ഞങ്ങള്‍ക്കും.

അതാത് മേഖലയില്‍ അനുഭവവും പ്രായോഗികജ്ഞാനവുമുള്ളവര്‍ക്ക് മാത്രമേ സമര്‍ത്ഥമായ സഘടനാപ്രവര്‍ത്തനം

നേതൃത്വവും കാഴ്ചവയ്ക്കാനാവൂ. അതിന് ഏറ്റവും അത്യന്താപേക്ഷിതം പൊതു പ്രവര്‍ത്തനത്തിനായി സമയവും ഊര്‍ജ്ജവും

ചെലവഴിക്കാനുള്ള ക്ഷമയും മനോഭാവവുമാണ്. സ്വന്തം കരിയര്‍ ഉറപ്പിച്ചെടുക്കാനുള്ള തത്രപ്പാടില്‍ അനീതികള്‍ക്കും

അന്യായങ്ങള്‍ നേരെ കണ്ണടയ്ക്കുന്ന പ്രവണതയാണ് ചുറ്റും കണ്ടു വരുന്നത്. അങ്ങനെയാണ് കൈ നനയാതെ മീന്‍പിടിക്കുന്ന,

പുറത്തു നിന്നുള്ള നേതാക്കളെ സംഘടന മുഴുവനായി ഏല്‍പ്പിക്കുന്ന, അവസ്ഥ ഉണ്ടാവുന്നത്.

ഇതിനര്‍ത്ഥം താങ്കള്‍ സൂചിപ്പിക്കുന്ന പോലെ പുറത്തുള്ള ടി യു നേതാക്കള്‍ എല്ലാം കള്ള നാണയങ്ങക്ക് ആണെന്നല്ല.

ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്? ഇപ്പോഴുള്ള എല്ലാ ടിയു പ്രവര്‍ത്തകരെയും
വെടിവച്ചുകൊന്നുകൊണ്ട് ക്ലീന്‍ സ്ലേറ്റില്‍ നമുക്ക് തുടങ്ങാന്‍ ആവില്ലല്ലോ? കള്ള നാണയങ്ങളെ ഒഴിവാക്കാനും

ആത്മാര്‍ഥതയുള്ളവരെ കണ്ടെത്താനും നമ്മുടെ ജാഗ്രതയല്ലാതെ വേറെ കുറുക്കുവഴികളൊന്നുമില്ല. എന്തായാലും, ടി യു

പ്രവര്‍ത്തനം ഒരു പ്രൊഫഷനായി കൊണ്ടു നടക്കുന്നവരെ വര്‍ക്കേഴ്‌സ് ഫോറം അംഗീകരിക്കുന്നില്ല.എന്നാല്‍

പലപ്പോഴുംഞങ്ങള്‍ക്കു കാണാനായിട്ടുള്ളത് പ്രക്ഷോഭങ്ങള്‍ക്കു നടുവില്‍ ഒരു നയാപൈസ പോലും വാങ്ങാതെ തങ്ങളുടെ

വിലപ്പെട്ട സമയം ചെലവഴിക്കുന്ന ത്യാഗധനരായ സഖാക്കളെയാണ്. അത്തരം പ്രവര്‍ത്തകരെ അകറ്റി നിറുത്തേണ്ടതില്ല

എന്നു തന്നെയാണ് അഭിപ്രായം

സര്‍ക്കാരും മറ്റും കാലകാലങ്ങളില്‍ സ്വീകരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ തൊഴില്‍ മേഖലയെയും

സ്വാധീനിക്കുന്നുണ്ടല്ലോ? സ്വാഭാവികമായും അത്തരം സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ തങ്ങളെ എങ്ങനെയാണ്

ബാധിക്കുന്നതെന്ന് തൊഴിലാളികള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യില്ലേ? അത് തെറ്റാണോ?

പിന്നെ, ഇന്ന് ഒരു മേഖലയും മറ്റൊന്നില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമല്ലാത്തതിനാല്‍ തൊഴിലാളി സംഘടനകള്‍

പലപ്പോഴും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇടവരുന്നുണ്ട്. അത്പോലെ തന്നെ സംഘടിത തൊഴിലാളികള്‍ അസംഘടിത

തൊഴിലളികള്‍ക്കായി കൂടെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഏതൊരു തൊഴിലാളിയും തൊഴിലാളി സംഘടനയും തങ്ങളുടെ

ആവശ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് അസംഘടിതരായ , നാവില്ലാത്ത അനേകായിരങ്ങള്‍ക്കുവേണ്ടി കൂടിയായിരിക്കാന്‍

ശ്രമിക്കേണ്ടതുണ്ട്.

സംഘടന വേണം എന്നത് തന്നെയായിരിക്കണം നമ്മുടെ ചിന്താഗതികളുടെ ഏറ്റവും അടിത്തട്ടില്‍ ഉണ്ടാവേണ്ടത്.

ഐ.ടി.മേഖലയില്‍ ചിലയിടങ്ങളില്‍ തൊഴിലാളികള്‍ സംഘടനാ രൂപീകരണത്തെ എതിര്‍ത്തു എന്നത്

ആഹ്ലാദിക്കപ്പെടേണ്ടതോ കൊണ്ടാടപ്പെടേണ്ടതോ ആയ കാര്യമല്ല. തിരിച്ചറിവിന്റെ ഘട്ടത്തില്‍, ആക്രമണം

തങ്ങള്‍ക്കെതിരെയും തിരിയുന്ന അവസ്ഥയില്‍ വേണ്ട എന്നു പറയുന്നവരും സ്വയം തിരിച്ചറിയും. the earlier the

better.എന്നു മാത്രം പറയട്ടെ. ടെക്നോപാര്‍ക്കിലെ അവസ്ഥയെ സംബന്ധിച്ച പോസ്റ്റിലെ കാര്യങ്ങള്‍ ആ മേഖലയിലും

നടക്കുന്ന തിരിച്ചറിവിന്റെ സൂചനയാണെന്നു കരുതാം.ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്നും ഐസോലേറ്റഡ് ആയി

നില്‍ക്കുവാന്‍ ആര്‍ക്കും തന്നെ സാധ്യമല്ലല്ലോ.

" പാച്ചല്ലൂര്‍ പാച്ചന്‍ " said...

എന്റ്റെ അറിവില്‍ ടെക് നോപാര്‍ക്കില്‍
Toroid Employes Association
Reg; No. 01-30/2002
എന്ന ഒരു തൊഴിലാളി സംഘടന സജീവമായി ഉണ്ടായിരുന്നു.
എന്നാല്‍ സുകുമാരേട്ടന്‍ പറഞ്ഞതുപോലെ ട്രേഡ് യൂന്ണിയന്‍ നേതാക്കന്മാര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ നടക്കുന്ന അനുരജ്ഞനസംഭാഷണങ്ങളില്‍ വെറും ഇടത്തട്ടുകാരന്റെ റോളിലേക്ക് തരം താണു പോയതെന്ത് കൊണ്ട്...
ഇന്ന് നിര്‍ജീവാവസ്തയില്‍ തുടരുന്നു...

Joker said...

ശ്രീ.സുകുമാര്‍

ട്രേഡ് യൂണിയന്റെ പേരും പറഞ്ഞ് അതിലൂടെ അഷ്ടിക്ക് വക സമ്പാദിക്കുന്ന വിരുതന്മാരുണ്ട് എന്ന് വെച്ച് തൊഴിലാളി സംഘടനകളും അതുമായ ബന്ധപ്പെട്ട തൊഴിലാളി നിയമങ്ങളും ഒന്നും ബാധകമാവാത്ത ഒരു സംഗതി എന്ന് വെച്ചാല്‍ അതിനര്‍ഥം അത് കറ തീര്‍ന്ന മുതലാളിത്ത ചൂഷണ വ്യവസ്ഥ എന്‍ തന്നെയാണ്.ഏതൊരു മുതലാളിയുടെയും അല്ലെങ്കില്‍ നിക്ഷേപകന്റെയും ഉദ്ദേശം ലാഭം എന്നത് തന്നെയാണ്.അത് സ്ഥാപനത്തിന്റെ നിലനില്പിന് ആവശ്യവും ആയിരിക്കെ തന്നെ ഈ ഒരു ലക്ഷ്യം എപ്പോഴിക്കെ തൊഴിലാളി അടാക്കമുള്ള (തൊഴിലാളി പ്രശ്നങ്ങള്‍ ,പരിസര മലിനീകരണം).സമൂഹത്തിന് എതിരാവുമ്പോഴൊക്കെ സമൂഹത്തിന് പ്രതികരിക്കേണ്ടിവരും.അത് എം.എന്‍.സി.ആണേ, ഇത് മറ്റേതാണേ.ഇനി നിക്ഷേപകറ് വരില്ലേ എന്നൊക്കെയുള്ള വാദ്ഗതികള്‍ തികഴ്ഴും ബാലിഷമാണ് .മനുഷ്യന്റെ ഒരു സ്വഭാവമനുസരിച്ച് എങ്ങനെയൊക്കെ തന്റെ ലാഭം വര്‍ദ്ദിപ്പിക്കാമോ അങ്ങനെയൊക്കെ അത് വര്‍ദ്ദിപ്പിക്കന്‍ ശ്രമിക്കും അന്ന് തന്നെയാണ്.ഇത് അവര്‍ നേടുന്നത് അടിസ്ഥാന പരമായ ഉല്പാദന ഘടകങ്ങളിലൊന്നായ തൊഴിലാളി ശക്തിയില്‍ കൂടെ തന്നെയ്യാണ്.എന്നാല്‍ മുതലാളി കാട്റ്റിക്കുട്ടുന്ന ഇത്തരം പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ തടയിടുക എന്നതാണ്നിയമങ്ങാളും ട്രേഡ് യൂണിയനും ചെയ്യുന്നത്.തൊഴിലാളി പ്രശ്നങ്ങളും വേദന പ്രശ്നങ്ങളും മറ്റും ഉടലെടുക്കുന്നത് പലപ്പോഴും തൊഴിലാളികളാണ് സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥാപനങ്ങളിലാണ്.യാതൊരു വിധ തൊഴിലാളി പ്രശ്നങ്ങളും ഇല്ലാത്ത നൂറുകണക്കിന് സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലേ.സമയം കിട്ടിയാല്‍ തൊഴിലാളിയെയും അവന്റെ സംഘടാ വ്യവസ്ഥകളെ തള്ളി പ്പ്രയുകയുമ്ം ചെയ്യുക എന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്.അതിന്റെ പിന്നില്‍ ഉള്ള ചൂഷക മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ല.

വര്‍ക്കേഴ്സ് ഫോറത്തിന്റെ വാക്കുകള്‍ കടാമെടുത്തുകൊണ്ട് തന്നെ പറയട്ടേ.അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ചെറുതല്ലാത്ത രീതിയില്‍ തൊഴിലില്ലായ്മ അഭിമുഖീകരിഛ്കു കൊണ്ടിരിക്കുകയാണ്.ലാഭം ഒന്നു മാത്രം ഉദ്ദേശിച്ച് തൊഴില്‍ കയറ്റുമതി ചെയ്യുമ്പോള്‍ അമേരിക്കക്കാരന് നഷ്ടപ്പെടുന്നത് അവന്റ്റ്റെ തൊഴില്‍ സാധ്യതകളാണ്.

എന്തിനും ഏതിനും അമേരിക്കയെ കണ്ടോ അമേരിക്കയോ കണ്ടോ എന്ന് പല്ലവ്വി ഇപ്പോള്‍ പതിവാണ്.അനുദിനം മനുഷ്യാവകാശ ലംഘനങ്ങളും,സാമ്മുഹ്യപ്രശ്നങ്ങളും ,ക്ഷയിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യ്‌വസ്ഥയുമുള്ള,അല്ലെങ്കില്‍ ചൂഷണ രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യത്തെ തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ ആരും ചൂണ്ടിക്കാറിക്കില്ല.എന്നിട്ടും ചൂണ്ടിക്ക്കാണിക്കുന്നു എങ്കില്‍ അതിനര്‍ഥം ബുദ്ധിക്കുറവോ അതോ വസ്തുതകളോടുള്ള ധിക്കാരമോ ആണ്.

തൊഴിലാളികളുടേ അവകാശത്തിന് ഒരു വിലയും കല്പിക്കാത്ത ഒരു വ്യവസ്തിതിയും തൊഴിലാളി പ്രസ്ഥാനത്തിനകത്തുള്ള ജീര്‍ണതകളും രണ്ടായിതന്നെ ചര്‍ച്ച ചെയ്യ്യ്യേണ്ടതുണ്ട്.

യാഥാര്‍ത്യങ്ങളോടുള്ള ഒരു ധിക്കാരമോ ആയിരിക്കും അതിന് കാരണം.

മൂര്‍ത്തി said...

ജോക്കറിന്റെ “തൊഴിലാളികളുടേ അവകാശത്തിന് ഒരു വിലയും കല്പിക്കാത്ത ഒരു വ്യവസ്തിതിയും തൊഴിലാളി പ്രസ്ഥാനത്തിനകത്തുള്ള ജീര്‍ണതകളും രണ്ടായിതന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.“ എന്ന ഈ വരി‍ പ്രസക്തമാണ്.

തൊഴിലാളി പ്രസ്ഥാനങ്ങളിലെ കുഴപ്പങ്ങള്‍ക്കെതിരെ ആവേശത്തോടെ പ്രതികരിക്കുന്നതിനിടയില്‍, ചൂഷണം നമ്മില്‍ പലരും കാണാതെ പോകുന്നു. അറിയാതെയാണെങ്കിലും ചൂഷണം നടത്തുന്നവരെ പിന്തുണക്കുന്നവര്‍ പോലുമാകുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സുകുമാരേട്ടന്റെ ഈ ബ്ലോഗിന്റെ ടെം‌പ്ലേറ്റിനു എന്തോ കുഴപ്പമുണ്ട്. കമന്റിടണമെങ്കില്‍ ഹോം എന്നതില്‍ ക്ലിക്കേണ്ടിയിരിക്കുന്നു. ലിങ്കില്‍ ക്ലിക്കിയാല്‍ വരുന്ന പേജില്‍ കമന്റ് ഓപ്ഷന്‍ കാണുന്നില്ല. കാണുന്നത് കമന്റ് ബോക്സിന്റെ ഒരു ചിത്രം ആണ്. അതില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല. ശരിയാക്കുമല്ലോ. പണ്ടും ഞാന്‍ കമന്റ് ഇടാന്‍ പറ്റാതെ മടങ്ങിയിട്ടുണ്ട്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഓക്കെ മൂര്‍ത്തി , ടെമ്പ്ലേറ്റ് ശരിയാക്കാം . ഞാനിതിന്റെ html എഡിറ്റ് ചെയ്ത് ചില കൂട്ടിച്ചേര്‍ക്കല്‍ ചെയ്തിരുന്നു . പോസ്റ്റിന്റെ പേജില്‍ തന്നെ കമന്റ് വിന്‍ഡോ താഴെയായി വരുന്നതിന് വേണ്ടി . അത് വര്‍ക്ക് ചെയ്തിരുന്നു . പക്ഷെ പോസ്റ്റും കമന്റുകളും ലോഡ് ആയി വരാന്‍ താമസം നേരിട്ടു. അത് കൊണ്ട് ഞാന്‍ കൂട്ടിച്ചേര്‍ത്ത HTML റിമൂവ് ചെയ്യാതെ മറ്റൊരു ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് സെലക്റ്റ് ചെയ്ത് സെയ്‌വ് ചെയ്തു . അതാണ് കാണുന്ന പ്രശ്നം . ഇപ്പോള്‍ മൂര്‍ത്തി പറഞ്ഞപ്പോഴാണ് വീണ്ടും ശ്രദ്ധയില്‍ പെട്ടത് . അതില്‍ അഡീഷനലായി ചേര്‍ത്ത html എടുത്തുകളയണം . സുമേഷ് (മകന്‍)നാട്ടിലാണ് . നാളെ അവന്‍ വന്നിട്ട് ചെയ്യാം . :)


വര്‍ക്കേഴ്സ് ഫോറത്തിന്റെയും ജോക്കറുടെയും കമന്റുകള്‍ വളരെ പ്രസക്തമാണ് . പക്ഷെ വിപുലമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി നമ്മുടെ ട്രേഡ് യുനിയന്‍ രംഗം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട് . നമ്മള്‍ എല്ലാം നീട്ടി വെക്കുകയാണ് . ഒരു ചര്‍ച്ച എവിടെ നിന്നെങ്കിലും തുടങ്ങിയാല്‍ ഒഴിവ്കഴിവുകള്‍ പറഞ്ഞ് ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് എല്ലാവരും . ഈ പോസ്റ്റിനാധാരമായ ടെക്‍നോ പാര്‍ക്കിലെ പ്രശ്നം നോക്കുക !

മുന്‍ വിധികള്‍ മാറ്റി വെച്ച് ക്ലീന്‍ സ്ലേറ്റില്‍ ചര്‍ച്ചകള്‍ തുടങ്ങി നാം പരിഹാരങ്ങളിലേക്ക് എത്തേണ്ടതുണ്ട് .

വര്‍ക്കേഴ്സ് ഫോറത്തിനും ജോക്കര്‍ക്കും നന്ദി !