ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തി എന്താണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒട്ടേറെ ബ്ലോഗുകള്‍ ഇന്ന് മലയാളത്തിലുണ്ട് . പതിവായി ബ്ലോഗില്‍ പോസ്റ്റുകള്‍ എഴുതുന്നില്ലെങ്കിലും കമന്റുകളിലൂടെ കാലത്തോട് സക്രിയമായി സംവദിക്കുന്ന ഒട്ടേറെ ബ്ലോഗ്ഗര്‍മാരുമുണ്ട് . അതൊക്കെ പേരെടുത്ത് പറഞ്ഞാല്‍ ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിന് തുനിയുന്നില്ല. എന്നാലും ഞാന്‍ പതിവായി വായിക്കുന്ന “രാജീവ് ചേലനാട്ട് ” മലയാളം ബ്ലോഗിന്റെ അഭിമാനമോ രോമാഞ്ചമോ ആണെന്ന് പറയാന്‍ എനിക്ക് ചാരിതാര്‍ത്ഥ്യമേറെ .
രാജീവിന്റെ “തിബത്തില്‍ നിന്ന് കയ്യെടുക്കൂ ” എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയ കമന്റ് എന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഇവിടെയും ചേര്‍ത്ത് വയ്ക്കുന്നു .
കമന്റ് -1
പോസ്റ്റും കമന്റുകളും സശ്രദ്ധം വായിച്ചു . തിബത്ത് ചൈനയുടെ ഭാഗമല്ല എന്നാണെനിക്ക് ചരിത്രം വായിച്ചിട്ട് തോന്നിയിട്ടുള്ളത് . ഇന്ത്യാ ഗവണ്മെന്റ് അങ്ങനെയൊരു നിലപാട് അതായത് തിബത്ത് ചൈനയുടെ ഭാഗമാണെന്ന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകയാണ് വേണ്ടത് . അല്ലാതെ തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യദാഹത്തെ പരിഹസിക്കുകയോ മറ്റിടങ്ങളിലെ പ്രശ്നങ്ങളുമായി ഏച്ചുകെട്ടി ചൈനയെ ന്യായീകരിക്കുകയോ അല്ല വേണ്ടത് . എന്നെങ്കിലും തിബറ്റന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുക തന്നെ ചെയ്യും എന്ന് കരുതാനാണെനിക്കിഷ്ടം . അതേ പോലെ ചൈനയില്‍ ബഹുകക്ഷി ജനാധിപത്യസമ്പ്രദായവും വന്നേ തീരൂ . കാരണം മനുഷ്യരാശിയുടെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ ഗതി അതാണ് . സോഷ്യലിസത്തിന്റെ ലേബലില്‍ ചില രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഏകകക്ഷിഭരണം പ്രാബല്യത്തില്‍ വരാനിടയായത് ചരിത്രത്തിന്റെ ഒരു വ്യതിയാനം മാത്രമായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത് .. മനുഷ്യന് ചിന്തിക്കുന്ന ജീവിയായത് കൊണ്ടാണ് ഇന്ന് കാണുന്ന ഈ രീതിയില്‍ എത്തിച്ചേര്‍ന്നത് . അത് കൊണ്ട് തന്നെ നൂറ്റാണ്ടുകളോളം ഏകകക്ഷിസര്‍വ്വാധിപത്യം തുടരുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായം കാണുന്നില്ല . മനുഷ്യന് ജന്മനാ സ്വതന്ത്രനാണ് . അവന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല .
മേല്‍ക്കമന്റ് വായിച്ച രാമചന്ദ്രന് ഇങ്ങനെ അഭിപ്രായപ്പെട്ടു :
ശ്രീ കെ പി സുകുമാരന്‍, ഈ സ്വാതന്ത്ര്യം എന്ന വാക്ക് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ? സ്വതന്ത്ര രാഷ്ട്രം? ലാമക്ക് പോലും വേണ്ടല്ലോ സ്വതന്ത്ര രാഷ്ട്രം. ഇനി ലാമയുടെ കയ്യിലല്ല ഇപ്പോള്‍ തിബറ്റുകാരുടെ സ്വാതന്ത്ര്യദാഹം എന്ന് വേണമെങ്കില്‍ വാദിക്കാം...പക്ഷെ നാം ഇപ്പോള്‍ കണ്ടത് ബുദ്ധ സന്യാസിമാര്‍ പോലും അക്രമം കാണിക്കുന്നതല്ലേ? മര്ക്സിസ്റ്റക്രമത്തേക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പ്രതികരിക്കുന്ന താങ്കള്‍ എന്തേ അത് കാണുന്നില്ല? എന്തേ അതിനെ അപലപിക്കാത്തെ? സ്വാതന്ത്ര്യം എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് അക്രമം നടത്താനും വേറിട്ടു പോകാനുമുള്ള സ്വാതന്ത്ര്യം ആണോ?വിട്ടു പോകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രാധാനമല്ലേ ഒന്നിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കാനുള്ള സ്വാതന്ത്ര്യവും ? ഇതിനര്‍ത്ഥം ടിബറ്റന്‍ ജനതയുടെ സാംസ്ക്കാരികവും ദേശീയവുമായ സ്വത്വം സംരക്ഷിക്കപ്പെടേണ്ട എന്നല്ല. ചൈനീസ് ദേശീയത എന്നത് പോലും അന്‍പതിലേറെ ദേശീയ- സാംസ്ക്കാരിക ഉപധാരകള്‍ ചേര്‍ന്നുണ്ടാവുന്നതാണ് എന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് “ഇന്ത്യാ ഗവണ്മെന്റ് അങ്ങനെയൊരു നിലപാട് അതായത് തിബത്ത് ചൈനയുടെ ഭാഗമാണെന്ന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുകയാണ് വേണ്ടത്” എന്ന ആത്മനിഷ്ഠമായ ആഗ്രഹപ്രകടനം നടത്തേണ്ടി വരുന്നത് എന്നു തോന്നുന്നു..ചൈന ഇന്‍ഡ്യയെ ആക്രമിച്ചു എന്നും കമ്യൂണിസ്റ്റുകാര്‍ ദേശദ്രോഹികളാണെന്നും വാദിച്ചുറപ്പിക്കാന് വിവിധ പോസ്റ്റുകളിലൂടെ ശ്രമിച്ച താങ്കള്‍ക്ക് ഏതൊരു രാജ്യവും അതിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കായി തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധങ്ങള്‍ വരെ ഉപയോഗിക്കുന്നതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും?താങ്കളുടെ ഈ വാദമുഖങ്ങള്‍ അനുസരിച്ച് കശ്മീരിലെ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെയും അതിനായി അവിടെ നടക്കുന്ന വിധ്വംസകവും അല്ലാത്തതുമായ വേറിട്ടുപോകല്‍ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതല്ലേ?
അവസാനമായി ഒരു കുസൃതി ചോദ്യം കൂടി. ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന് വാദിച്ചുറപ്പിക്കാന് വിവിധ പോസ്റ്റുകളിലൂടെ ശ്രമിച്ചിട്ടുള്ള താങ്കള്‍ ആ യുദ്ധം കഴിഞ്ഞ ശേഷമല്ലേ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായതും മറ്റും?
രാമചന്ദ്രന് എന്റെ മറുപടി , കമന്റ് - 2 :
പ്രിയ രാമചന്ദ്രന് , എന്നോടുള്ള കുസൃതിച്ചോദ്യത്തിന് മാത്രം ഉത്തരം പറയാം . ഇന്ത്യ-ചൈന ആക്രമണം നടക്കുമ്പോള്‍ എനിക്ക് കേവലം പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു . പിന്നീട് മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചും ദു:ഖങ്ങളെക്കുറിച്ചും തീഷ്ണമായി ചിന്തിച്ചുകൊണ്ടിരുന്ന യൌവ്വനത്തിലാണ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത് . പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വൈരുദ്ധ്യാത്മകഭൌതികവാദം എനിക്ക് വഴികാട്ടിയാവുകയും ചെയ്തു . പിന്നീടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം മുന്‍വിധിയില്ലാതെ വായിക്കാന്‍ എനിക്കവസരം കിട്ടിയത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയില്‍ പിന്നീടെനിക്ക് യോജിക്കാന്‍ കഴിയാതെ പോയത് എന്റെ തെറ്റാണെന്ന് രാമചന്ദ്രന് പറയാന്‍ കഴിയുമോ . നമ്മള് എന്തിനെയൊക്കെ എതിര്‍ക്കുന്നുവോ അതൊക്കെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും , പാര്‍ട്ടികളും ചെയ്തിട്ടുണ്ട്,ചെയ്യുന്നുമുണ്ട് . നമ്മള് ഒരു ഇസം സ്വീകരിക്കുന്നത് ആ ഇസം നമ്മള് ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കരുത് . മറിച്ച് ആ ഇസം മനുഷ്യരാശിക്ക് മാര്‍ഗ്ഗദര്‍ശനമാകുന്നത് കൊണ്ടാണ് . ഒരു പാര്‍ട്ടിയെ നമ്മള് ആദരിക്കുന്നത് , ആ പാര്‍ട്ടി മനുഷ്യമോചനത്തിന് ഒരു ഉപകരണം ആയിരിക്കുന്നത് കൊണ്ട് മാത്രമായിരിക്കണം . മാര്‍ക്സിസത്തിന്റെ ദാര്‍ശനികതലത്തില്‍ നിന്ന്കൊണ്ട് തന്നെയാണ് ഇപ്പോഴും ഞാന്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്നത് . പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാര്‍ക്സിസ്റ്റ് ചിന്തകളുമായി ഇന്ന് ഒരു ബന്ധവുമില്ല എന്നാണെന്റെ വിലയിരുത്തല്‍ . മറ്റേതൊരു പാര്‍ട്ടിയും പോലെ അധികാരം കരസ്ഥമാക്കാനുള്ള ഒരു സംഘടന മാത്രമായിട്ടാണ് ഞാന്‍ കമ്മ്യൂ:പാര്‍ട്ടികളെ കാണുന്നത് . ലോകം ഇന്ന് നില്ക്കുന്ന അവസ്ഥയില്‍ നിന്ന് ഭാവിയിലേക്ക് മാനവികമായ ഒരു സ്ഥിതിയിലേക്ക് പുരോഗമിക്കേണ്ടതുണ്ട് . അതിന് പറ്റിയ ഒരു പ്രത്യയശാസ്ത്രവും നേതൃത്വവും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞാന്‍ .
പ്രസ്തുത പോസ്റ്റില്‍ 68 ഓളം കമന്റുകള്‍ വന്ന് ചര്‍ച്ച ഏതാണ്ട് അതിന്റെ പര്യവസാനത്തില്‍ എത്തിയപ്പോളാണ് ഗുപ്തന് എന്ന ബ്ലോഗ്ഗര്‍ രാമചന്ദ്രന് നല്കിയ മറുപടിയിലെ ഒരു പരാമര്‍ശം എന്റെ സവിശേഷമായ ശ്രദ്ധയ്ക് വിഷയീഭവിച്ചത് . ഞാന്‍ വീണ്ടും താഴെക്കാണും വിധം എഴുതി :
"അന്ധമായ ആഭിമുഖ്യങ്ങള്‍ കൊണ്ട് കാണേണ്ടത് കാണാതെയിരിക്കുകയും അമേരിക്ക എന്നുകേള്‍ക്കുന്നിടത്തൊക്കെ ഹാലിളകി തുള്ളുകയും" എന്ന ഗുപ്തന്റെ നിരീക്ഷണം ശരി വെക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല . ഈയൊരു മനോഭാവം കൊണ്ട് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉള്ള ക്രഡിബിലിറ്റിയും നഷ്ടമാകുന്നു എന്നതല്ലാതെ പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. ശീതസമരകാലഘട്ടം മുതലിങ്ങോട്ട് പൈതൃകമായിക്കിട്ടിയ അമേരിക്കന്‍ വിരോധം ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കാതെ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നേ എനിക്കതേപ്പറ്റി തോന്നിയിട്ടുള്ളൂ . ആണവക്കരാറിനോടുള്ള എതിര്‍പ്പും ഇത്തരമൊരു അന്ധമായ മനോഭാവത്താലാണെന്ന് പറയാതെ വയ്യ. ഒരു പ്രത്യയശാസ്ത്രത്തെ നെഞ്ചേറ്റുകയും ആ പ്രത്യയശാസ്ത്രം ഭരണകൂടത്തിന്റെ ഔദ്യോഗികസിദ്ധാന്തമായി അംഗീകരിക്കപ്പെടുന്നതായി കരുതുകയും ചെയ്യുന്ന രാജ്യങ്ങളോട് സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തേക്കാളും ( സ്വന്തം മാതൃരാജ്യത്ത് ആ പ്രത്യയശാസ്ത്രം ഔദ്യോഗികസിദ്ധാന്തമല്ല എന്ന കാരണത്താല്‍)കൂടുതലായി ഒരു കൂറ് തോന്നുകയും ചെയ്യുക എന്നത് ഒരു സാര്‍വ്വത്രികമായ മന:ശാസ്ത്രസത്യമായി കാണാന്‍ കഴിയും .
എന്ത് തന്നെയായാലും ഭൂമിശാസ്ത്രപരമായ അതിരുകളും ദേശീയതയും ഒക്കെ ചരിത്രം പിന്നിട്ട വഴികളിലെ അടയാളങ്ങള്‍ മാത്രമാണെന്നും അതൊന്നും പരിപാവനമോ അലംഘനീയമോ അല്ലെന്നും ചിന്തിക്കുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട് . ഭൂമിയില്‍ മനുഷ്യന്റെ ജീവിതവും നിലനില്പുമാണ് സര്‍വ്വപ്രധാനമായ സത്യം . ഇന്ന് ലോകം മൊത്തത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങിയിട്ടുണ്ട് . മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രരായി സാര്‍വ്വദേശീയമായി ചിന്തിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും കഴിയാത്തിരിക്കുന്നത് അവരും പ്രത്യയശാസ്ത്രങ്ങളുടെ തടവുകാര്‍ ആയതിനാലാണ് . മനുഷ്യന് വേണ്ടിയാണ് പ്രത്യയശാസ്ത്രങ്ങള്‍ എന്നും , പ്രത്യയശാസ്ത്രങ്ങള്‍ക്ക് വേണ്ടി മനുഷ്യനല്ല എന്നുമുള്ള സത്യം തിരിച്ചറിയുന്നവര്‍ പുസ്തകത്താളുകളില്‍ മാത്രം നിര്‍ജ്ജീവമായിക്കിടക്കുന്ന സിദ്ധാന്തങ്ങളെ തള്ളിക്കളയാനും പുതിയ ദര്‍ശനങ്ങളെ അന്വേഷിക്കാനും തുടങ്ങും . ഇത് സമൂഹത്തില്‍ അനവരതം നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ് . പക്ഷെ , ഭൂതകാലത്തിന് വര്‍ത്തമാനകാലത്തിന്റെ മേലുള്ള പിടിമുറുക്കമാണ് മനുഷ്യരാശിയുടെ പുരോഗതിയിലേക്കുള്ള എക്കാലത്തേയും വിലങ്ങുതടി എന്ന് മാര്‍ക്സ് തന്നെ പറഞ്ഞുവെച്ചിട്ടുണ്ട് . സ്വയം നവീകരണത്തിന് വിധേയമാകാത്ത ഏത് പ്രത്യയശാസ്ത്രവും സംഘടനയും മനുഷ്യപുരോഗതിയുടെ ശത്രുക്കള്‍ ആവും എന്നത് ഒരു സിമ്പിള്‍ ലോജിക്ക് ആണ് . ലോകം ഇന്നൊരു ദശാസന്ധിയിലാണ് . മനുഷ്യന് ഒരു പൂര്‍ണ്ണമനുഷ്യന്‍ ആകണോ അതോ വെറും ഒരു ജൈവറോബോട്ട് ആയാല്‍ മതിയോ എന്ന് ഇവിടെ വെച്ച് തീരുമാനിക്കപ്പെടും !
1 comment:
കൊള്ളാം
Post a Comment