2008-03-02

മതങ്ങള്‍ പിരിച്ചു വിടണം

ശിഥില ചിന്തകളില്‍ ഇന്നത്തെ കമന്റ് :

പ്രിയ സുഹൃത്തെ ,

എന്റെ നിലപാട് ഞാന്‍ പല സ്ഥലത്തും വ്യക്തമാക്കിയതാണ് . മതം മനുഷ്യന്റെ ശത്രുവാണ് എന്നതാണത് . മതം മാത്രമല്ല , മനുഷ്യനെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഏത് സംഘടനയും മനുഷ്യനെതിരാണ് എന്നതാണ് എന്റെ സുചിന്തിതമായ നിരീക്ഷണം . സംഘടനകള്‍ മനുഷ്യനെ സേവിക്കാനോ മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്കാനോ ആയിരിക്കണം . സംഘടനകള്‍ വെറും ഉപകരണങ്ങള്‍ മാത്രമായിരിക്കണം . അവ മനുഷ്യരെ ഒന്നായി , സമഗ്രമായി കാണണം . സംഘടനകള്‍ പലതായിരിക്കാം . മനുഷ്യന്റെ ആവശ്യത്തിനനുസരിച്ച് അത് മതങ്ങളായോ രാഷ്ട്രീയപാര്‍ട്ടികളായോ , കലാസമിതികളോ , വയോജനവിദ്യാഭ്യാസസ്ഥപനങ്ങളായോ അങ്ങനെ എത്രയോ സംഘടനകള്‍ ഉണ്ടാവാം . സംഘടനകള്‍ക്ക് പുറത്ത് മനുഷ്യന്‍ ഒന്നേയുള്ളൂ . മനുഷ്യരെ സംഘടനകള്‍ക്ക് അകത്താക്കി മനുഷ്യരെ വിഭജിക്കരുത് . ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവന്‍ താന്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യരില്‍ വ്യത്യസ്ഥമായി ആരുമില്ലെന്നും കരുതണം .

സംഘടനകള്‍ മനുഷ്യനെതിരാവുമ്പോള്‍ ആ സംഘടനക്കെതിരെ മനുഷ്യര്‍ ഒറ്റക്കെട്ടായി പൊരുതണം . ഞാന്‍ വീണ്ടും ഉറപ്പിച്ച് പറയുന്നു സംഘടനകള്‍ പലതാവാം , ആ സംഘടനകള്‍ മനുഷ്യന് വേണ്ടിയാണ് , സംഘടനകളില്‍ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വളര്‍ണ്ടിയര്‍മാര്‍ മാത്രമേ പാടുള്ളൂ‍. ഒരു വിഭാഗം ആളുകളെ പങ്കിട്ടെടുത്ത് ഞങ്ങള്‍ ഇന്ന മതക്കാരാണ് , ഇന്ന ജാതിക്കാരാണ് , ഇന്ന പാര്‍ട്ടിക്കാരാണ് എന്ന് പറയരുത് . അവിടെ എല്ലാം തെറ്റും . സത്യത്തില്‍ അങ്ങനെയൊരു വിഭജനത്തിന്റെ ആവശ്യമില്ല .

ലോകത്ത് മനുഷ്യരും മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസംഖ്യം സംഘടനകളും മാത്രമേ പാടുള്ളൂ . മനുഷ്യരെ പങ്കിട്ടെടുത്ത് തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്തരുത് എന്ന് സാരം . ദൌര്‍ഭാഗ്യവശാല്‍ ഇന്ന് മനുഷ്യരെ വിഭജിച്ചെടുത്ത് അവരെ പ്രത്യേകം പ്രത്യേകം മതക്കാരും , മതങ്ങള്‍ക്കുള്ളില്‍ കുറുമതക്കാരായും , ജാതിക്കാരായും പാര്‍ട്ടിക്കാരും ഒക്കെയാക്കി മാറ്റി പുരോഹിതവര്‍ഗ്ഗം , നേതൃവര്‍ഗ്ഗം , ഭാരവാഹി വര്‍ഗ്ഗം , അങ്ങനെ എത്രയോ മേലാളവര്‍ഗ്ഗം മെയ്യനങ്ങാതെ തങ്ങള്‍ക്ക് ഭാഗം വെച്ചു കിട്ടിയ മനുഷ്യരെ വെച്ച് വില പേശിയും അവരെ ചൂഷണം ചെയ്തും സുഖലോലുപരായി അധികാര പ്രമത്തരായി വാഴുന്ന കാഴ്ചയാണ് കാണുന്നത് . ഇതാണ് ചിന്തിക്കുന്ന അനേകം പേരെ പോലെ എന്നെയും അസ്വസ്ഥനാക്കുന്നത് . അത് കൊണ്ട് ഞാന്‍ കിട്ടാവുന്ന എല്ലാ സ്ഥലത്തും എസ്റ്റാബ്ലിഷ്‌മെന്റുകളെ എതിര്‍ക്കുന്നു . ഈ മാനദണ്ഡം വെച്ചാണ് ഹൈന്ദവവര്‍ഗ്ഗീയതയെയും കൃസ്ത്യന്‍-ഇസ്ലാമാദി മതങ്ങളെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പോലും ഞാന്‍ എതിര്‍ക്കുന്നത് .

സത്യത്തില്‍ ഞാന്‍ മേലെ പറഞ്ഞപോലെ തന്നെയുള്ള ഉദ്ദേശലക്ഷ്യങ്ങളോടെ തന്നെയാണ് ഓരോ സംഘടനകളും അതിന്റെ തുടക്കത്തില്‍ രൂപം കൊണ്ടിട്ടുണ്ടാവുക . ഈ മതം ആദ്യമനുഷ്യന്‍ ജനിച്ച ഉടനേ ഉണ്ടായതാണ് , ദൈവം ഉണ്ടാക്കിയതാണ് എന്നൊക്കെ പറയുന്നത് ദുര്‍വ്യാഖ്യാനങ്ങളാണ് . മനുഷ്യരെ വരുതിയില്‍ നിര്‍ത്താന്‍ ഇങ്ങനെ പല ചെപ്പടി വിദ്യകളും പുരോഹിത-നേതൃവര്‍ഗ്ഗം ചെയ്യാറുണ്ട് . മരണപ്പെട്ട ലെനിന്റെ മൃതദേഹം എംബാം ചെയ്ത് കാഴ്ചവസ്തുവാക്കി മാറ്റിയ സ്റ്റാലിന്റെ പ്രവൃത്തി നോക്കുക . ലോകത്ത് ഇന്നും അടിമത്തം നിര്‍ബ്ബാധം പുലരുന്നു . പക്ഷെ അത് ശാരീരികമായ അടിമത്തത്തിന് പകരം അതിനെക്കാളും ഭീകരമായി മാനസികാടിമത്തത്തിന്റെ രൂപത്തിലാണെന്ന് മാത്രം .

ഈ ആധുനീക കാലത്ത് അടിമകള്‍ ഓരോ മതങ്ങളിലുമുള്ള വിശ്വാസികളും ഓരോ പാര്‍ട്ടികളിലുമുള്ള അനുയായികളും ഓരോ സംഘടനകളിലുമുള്ള മെംബര്‍മാരുമാണ് . അടിമയുടമകള്‍ ഓരോ മതത്തിന്റെയും പുരോഹിതന്മാരും ഓരോ പാര്‍ട്ടിയുടെ നേതാക്കന്മാരും ഓരോ സംഘടനയുടെ സെക്രട്ടരി-പ്രസിഡണ്ടുമാരുമാണ് . മനുഷ്യര്‍ ജന്മനാ തുല്യരാണ് . ഭൂമിയിലെ വിഭവങ്ങള്‍ക്ക് എല്ലാവരും സമാവകാശികളാണ് . ഈ അടിമ-ഉടമ വ്യവസ്ഥിതിയാണ് ഇന്നത്തെ പ്രധാനപ്രശ്നം . അടിമകളെ ആര് മോചിപ്പിക്കും ? മോചിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്നവനെ ബന്ധപ്പെട്ട മതമോ , പാര്‍ട്ടിയോ, സംഘടനയോ ഉടനെ ഒരു ഉടമയാക്കും . ഇതാണ് ഇന്നത്തെ വര്‍ഗ്ഗസമരം .

ഇന്ന് കേള്‍ക്കുന്ന എല്ലാ ശബ്ദകോലഹലങ്ങളും ഈ വര്‍ഗ്ഗസമരത്തില്‍ നിന്നാണ് ഉണ്ടാവുന്നത് . ഞാന്‍ ഒരിക്കലും ഒരു ഉടമയാവുകയില്ലെന്ന് മുന്‍പേ തീരുമാനിച്ചതാണ് . അല്ലെങ്കില്‍ എനിക്കും ഏതെങ്കിലും ഒരു സഘടനയില്‍ അംഗത്വം വാങ്ങി ഒരു ലോക്കല്‍ ഉടമയാവാമായിരുന്നു .
നമ്മള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ എല്ലായ്പ്പോഴും എന്ത് ആവശ്യത്തിനും മനുഷ്യരെ മാത്രമാണ് സമീപിക്കുന്നത് . സ്കൂളില്‍ പോകുന്നു , സാധനം വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നു , ചികിത്സക്ക് ആശുപത്രികളില്‍ പോകുന്നു അങ്ങനെ ജീവിതാന്ത്യം വരെ നാമോരുരുത്തരും നിരന്തരം സമീപിക്കുന്നത് മനുഷ്യരെ മാത്രമാണ് . എവിടെയും ആരും മതമോ ജാതിയോ പാര്‍ട്ടിയോ നോക്കേണ്ടിവരുന്നില്ല . അഥവാ അങ്ങനെ നോക്കി ആരെങ്കിലും പോവുകയാണെങ്കില്‍ അവന് ജീവിയ്ക്കാന്‍ കഴിയുകയില്ല. കാരണം മനുഷ്യരുടെ സകല ആവശ്യങ്ങളും നിവൃത്തി ചെയ്യപ്പെടുന്നത് അസംഖ്യം മനുഷ്യരാലാണ് .

ഇവിടെ എവിടെയാണ് മതം ആവശ്യമായി വരുന്നത് . ഇനി ദൈവത്തിന്റെ കാര്യത്തിലാണെങ്കില്‍ , മനുഷ്യനും ദൈവത്തിനും ഇടയില്‍ ഒരു തരകന്റെയോ ഇടനിലക്കാരന്റെയോ ആവശ്യമുണ്ടോ ? ഉണ്ടെങ്കില്‍ അതെന്ത് ദൈവമാണ് ?

വിശ്വാസം എന്നത് ഒരാളില്‍ ബുദ്ധി വളര്‍ച്ച പ്രാപിക്കാത്ത ഒരു പ്രായത്തില്‍ മനസ്സില്‍ കടന്നു കൂടുന്നതാണ് . പ്രായപൂര്‍ത്തി എത്തിയാല്‍ ഓരോ വ്യക്തിയും തന്റെ മനസ്സില്‍ നിന്ന് എല്ലാ വിശ്വാസങ്ങളും ഇറക്കി വെച്ച് സത്യം കണ്ടെത്തി ശരിയായ വസ്തുതകള്‍ വീണ്ടും മനസ്സില്‍ കയറ്റി വെക്കാന്‍ തയ്യാറാവണം . ഇതിനെയാണ് മനസ്സിലാക്കല്‍ എന്ന് പറയുന്നത് . എന്നാല്‍ ഭൂരിപക്ഷം പേരും ഇത്തരമൊരു മാനസികാഭ്യാസത്തിന് മുതിരുന്നില്ല . ഈ മുതിരായ്മയാണ് അടിമകളെ സൃഷ്ടിക്കുന്നത് , അടിമയുടമകളേയും . അടിമകള്‍ അത് മനസ്സിലാക്കുന്നില്ലെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അതിന്റെ സത്യാവസ്ഥ ഉറക്കെ പറയേണ്ടിവരുന്നു . അങ്ങനെയാണ് ചിന്തിക്കുന്നവര്‍ വിശ്വാസികളുടെ ഇരയാവുന്നത് . തങ്ങളുടെ മതം , അല്ലെങ്കില്‍ പാര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ വിശ്വാസികള്‍ക്ക് , അനുയായികള്‍ക്ക് ഹാലിളകുന്നത് ഈ അടിമത്വത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയാത്തത് കൊണ്ടും ഉടമകള്‍ അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് കൊണ്ടുമാണ് .

കഴിഞ്ഞ കാലത്തെ എല്ല്ലാ വിഴുപ്പുകളും വര്‍ത്തമാനകാലത്തെ ജനങ്ങള്‍ ചുമക്കേണ്ടതില്ല . മനുഷ്യനാവശ്യമുള്ളത് മാത്രം നിലനിര്‍ത്തി ബാക്കിയുള്ളത് മുഴുവന്‍ ദൂരെ കളയാന്‍ എല്ലാവരും തയ്യാറാവണം . ഇത് പറയാന്‍ ഇനി പ്രവചകന്മാര്‍ വരില്ല . ആത്മാര്‍ത്ഥതയോടെ പറയുന്ന വാക്കുകള്‍ തിരിച്ചറിയാനെങ്കിലും എല്ലാ‍വര്‍ക്കും കഴിഞ്ഞെങ്കില്‍ !

No comments: