അനില്‍ശ്രീയുടെ 'സ്വ'കാര്യങ്ങള്‍... എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :
ഈ പൊങ്കാലയിടലും ഒന്നും ഭക്തിയല്ല . ഇതിന് ദൈവമായൊന്നും (അങ്ങനെയൊരു ശക്തിയുണ്ടെങ്കില്‍)യാതൊരു ബന്ധവുമില്ല. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന മാനസികവൈകല്യങ്ങളുടെ നിദര്‍ശനങ്ങളാണിതൊക്കെ . ടി.വി.ആണിതൊക്കെ വളര്‍ത്തുന്നത് . ടി.വി.യില്‍ വരുന്നതെന്തും ആളുകള്‍ സ്വീകരിക്കുന്നു . ഇനി വരും വര്‍ഷങ്ങളില്‍ കേരളം മുഴുവനും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല .
ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തിയാണെന്നാണ് വിശ്വാസമുള്ളവര്‍ എല്ലാവരും ഒരേ പോലെ പറയുന്നത് . ആ ശക്തി പ്രപഞ്ചം സൃഷ്ടിച്ച് സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്നു എന്നും പറയുന്നു. എത്ര നല്ല കാര്യം ! എല്ലാ ജീവജലങ്ങളേയും ഒരു ദിവ്യശക്തി സദാ പരിപാലിക്കുന്നു . അങ്ങനെയെങ്കില്‍ അവിടെ നിര്‍ത്തിക്കൂടേ വിശ്വാസവും ഭക്തിയും ? എന്നും പ്രഭാതത്തില്‍ എഴുനേറ്റ് ആ ശക്തിയോട് നന്ദി പറയുന്നേടത്ത് മതിയാക്കിക്കൂടേ വഴിപാടുകള്‍ ? പ്രപഞ്ചം തന്നെ സൃഷ്ടിച്ചെടുത്ത മഹാശക്തിക്ക് നിസ്സാരനായ മനുഷ്യന്‍ കാണിക്കകള്‍ കൊടുക്കേണ്ടതുണ്ടോ ?
പണവും, സ്വര്‍ണ്ണവും, വസ്ത്രങ്ങളും, ആഹാരപദാര്‍ത്ഥങ്ങളും , വീടുകളും എല്ലാം മനുഷ്യരുടെ ആവശ്യങ്ങളാണ് . ഇതൊക്കെ ദൈവത്തിനെന്തിന് ? ദൈവം എന്നാല്‍ സര്‍വ്യാപിയായ ചൈതന്യമാണെന്നല്ലേ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് . ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് അവിടെ ഒരു വിഗ്രഹം സ്ഥാപിച്ചിട്ട് അതിന് ആ സ്ഥലപ്പേരിന്റെ കൂടെ അമ്മ ,ഭഗവതി , അപ്പന്‍ , ദേവി, ദേവന്‍ എന്നിവയിലേതെങ്കിലും ഒരു പേരിട്ടാല്‍ ആ അമ്മയോ അപ്പനോ ദൈവമാകുമോ ?
തീര്‍ച്ചയായും ഇല്ല തന്നെ . ഇങ്ങനെ നാട് നീളെ ശക്തിയുള്ള ഭഗവതിമാരും ഭഗവാന്മാരും ഉണ്ടായി വരുമെന്ന് പറഞ്ഞതാരാണ് ? അങ്ങനെയെങ്കില്‍ ദൈവം എന്നാല്‍ ഒന്നല്ല , പല സ്ഥലത്തും പല പല പേരുകളില്‍ വന്നു കുടിയിരിക്കുന്ന വിവിധ തരം ദൈവങ്ങള്‍ ഉണ്ടെന്ന് പറയാമോ . അതല്ല ദൈവം വേറെ , ഇതൊക്കെ വേറെ വേറെ ശക്തികളാണെന്നാണോ ? ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്ന പോലെ ബാലിശമാണ് . ഇങ്ങനെ ചെയ്യുന്നതിനൊന്നും യാതൊരു ഫലവുമില്ല . ഇത്തരം വഴിപാടുകളില്‍ സംപ്രീതമായി വല്ലതും സാധിപ്പിച്ചു കൊടുക്കുന്ന ഒരു ദൈവശക്തിയും നിലവിലില്ല . ഇതൊക്കെ മനുഷ്യരുടെ ആര്‍ത്തിയും ദുരയും അജ്ഞതയും ദൌര്‍ബ്ബല്യങ്ങളും വെളിവാക്കുന്നു എന്നേയുള്ളൂ. ഒരു ജനസമൂഹം മുഴുവന്‍ മദ്യപാനം,ലോട്ടറിടിക്കറ്റിലുള്ള വ്യാമോഹം,ഭക്തിവൈകൃതങ്ങള്‍,തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കടിമപ്പെട്ട് നട്ടം തിരിയുന്ന കാഴ്ചയാണിന്ന് കേരളത്തില്‍ കാണുന്നത് .
ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ഇന്ന് ആരുമില്ല . കാരണം എല്ലാവരും രാഷ്ട്രീയക്കാരും ,ആത്മീയക്കാരും , മതക്കാരും എല്ലാം തന്നെ ഇന്ന് കച്ചവടക്കാരാണ് .ആര്‍ക്കും ഒന്നും പോര. തങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിച്ച് കോടികള്‍ സമ്പാദിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും . ജീവിതം എത്ര നിസ്സാരവും ക്ഷണികവുമാണെന്ന സത്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നേയില്ല . ആര്‍ക്ക് വേണ്ടിയാണ് അല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പണവും ഭൂമിയും മറ്റുള്ളവരില്‍ നിന്ന് ചുരണ്ടിയെടുത്ത് സമ്പാദിച്ചു കൂട്ടുന്നത് . ഇവരുടെ മക്കള്‍ക്ക് വേണ്ടിയോ ?
ഏതായാലും പൊങ്കാലയിട്ടും ശരണം വിളിച്ച് മല കയറിയും ക്ഷീണിക്കുന്ന ഭക്തര്‍ക്ക് അതിന്റെയൊന്നും പേരില്‍ ഒന്നും കിട്ടാനില്ല . നല്ല മനസ്സിന്റെ ഉടമകളായി ബന്ധുക്കളേയും അയല്‍ക്കാരേയും വഴിയില്‍ കണ്ടുമുട്ടുന്ന സഹജീവികളെയും അകൃത്രിമമായി സ്നേഹിക്കുകയും അവരോട് സുതാര്യമായി പെരുമാറുകയും കിട്ടുന്നതില്‍ കുറച്ച് അവരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവെങ്കില്‍ അല്പം മന:സമാധാനവും സംതൃപ്തിയും ലഭിക്കുമായിരുന്നു . ഈ പ്രകടനപരതയാര്‍ന്ന ഭക്തിക്കോപ്രായങ്ങളും ഉറഞ്ഞു തുള്ളലുകളും മാനസികമായ അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും മാത്രമേ ആളുകളെ നയിക്കൂ . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ചുറ്റിലും ഒരു പത്ത് പേരുണ്ടാവുക എന്നതിലെ സുകൃതം പതിനായിരം അമ്പലങ്ങള്‍ തെണ്ടി നടന്ന് നേര്‍ച്ച ഒപ്പിച്ചാലും കിട്ടുകയില്ല .
ദൈവം എന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ശക്തിയുടെ സ്ഥാനം തങ്ങള്‍ കരുതുന്നതിലും എത്രയോ ഉയരത്തിലാണെന്ന് ഭക്തര്‍ മനസ്സിലാക്കണം . ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇത്തരം അടുപ്പ് കൂട്ടലുകള്‍ കൊണ്ട് കഴിയില്ല എന്നും മനസ്സിലാക്കണം . ആദ്യമായി ദൈവം എത്രയുണ്ടെന്നും അതെന്താണെന്നും ചിന്തിക്കാന്‍ ശ്രമിക്കണം . സിനിമാ-സീരിയല്‍ നടിമാര്‍ പറയും അവര്‍ പൊങ്കാലയിട്ടത് കൊണ്ടാണ് തങ്ങള്‍ക്ക് ഈ ചാന്‍സ് കിട്ടിയതെന്ന് . അതെല്ലാം വെറും പൊളിവചനങ്ങളാണ് .
ഏതായാലും ഞാന്‍ ഇവിടെയിങ്ങനെ നീണ്ട ഒരു കമന്റ് എഴുതിയത് കൊണ്ടൊന്നും ഈ പൊങ്കാല നില്‍ക്കാന്‍ പോകുന്നില്ല . വിവരമുള്ളവര്‍ ഇനി മേലില്‍ ഈ പുകപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊങ്കാലദിവസം മറ്റെവിടെയെങ്കിലും പോകുന്നതായിരിക്കും നല്ല്ലത് .
രണ്ടാമത്തെ കമന്റ് : കാന്താരിക്കുട്ടിക്ക് മറുപടി :
കാന്താരിക്കുട്ടീ , വിശ്വാസങ്ങളുടെ പേരില്‍ പല തട്ടിപ്പുകളും ഇപ്പോള്‍ നാട്ടില്‍ അരങ്ങേറുന്നു. ഈ വിശ്വാസം എന്ന് പറയുന്നത് അത്ര അലംഘനീയവും പാവനവും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണോ ? വിശ്വസിക്കുന്നവര്‍വിശ്വസിച്ചോട്ടേ , നിങ്ങള്‍ എന്തിനാ എതിര്‍ക്കുന്നത് എന്ന് ഇപ്പോള്‍ വ്യാപകമായി പറഞ്ഞു വരുന്നുണ്ട് . അത് ശരിയാണോ ? മറ്റുള്ളവര്‍ ചെയ്യുന്നതും പറയുന്നതും കണ്ടും കേട്ടുമാണ് ഒരാളില്‍ വിശ്വാസങ്ങള്‍ രൂപപ്പെടുന്നത് . അതില്‍ തെറ്റുകള്‍ സംഭവിക്കാം . ആ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ പലരും എല്ലായ്പ്പോഴും ചെയ്തുവരുന്നതാണ് . സമൂഹം ഇന്നത്തെ നിലയില്‍ വളര്‍ന്നത് ഇത്തരം ചൂണ്ടിക്കാട്ടലിലൂടേയും തിരുത്തലിലൂടേയുമല്ലേ ? ബോധപൂര്‍വ്വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അവരെ വിശ്വസിപ്പിച്ച് ചൂഷണത്തിന് ഇരയാക്കുന്നത് ഇന്ന് സാര്‍വ്വത്രികമാണ് .
എന്റെ അറിവില്‍ ഒരു നാല്‍പ്പത് വര്‍ഷം മുന്‍പ് നാട്ടില്‍ പട്ടിണിയും ദരിദ്ര്യവും പകര്‍ച്ച വ്യാധികളുമായിരുന്നു . അന്നൊന്നും ഇത്രയും അമ്പലങ്ങളോ ആചാരങ്ങളോ ഒന്നും ഇല്ലായിരുന്നു . ഇപ്പോള്‍ ഇക്കാണുന്ന സുഭിക്ഷതയിലേക്കെത്തിയത് ആരെങ്കിലും പ്രാര്‍ത്ഥിച്ചത് കൊണ്ടോ വഴിപാടുകള്‍ കഴിച്ചത് കൊണ്ടോ അല്ല. ഓരോ കാലത്തും നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ജീവിതനിലവാരം ഉണ്ടാകുമായിരുന്നോ എന്ന് ആലോചിക്കുന്നത് നല്ലതാണ് . അന്നൊക്കെ വസൂരി വന്നാല്‍ അത് മാരിയമ്മ എന്ന ദേവി വിളയാടിയതാണ് എന്നായിരുന്നു വിശ്വാസം . അതേ പോലെ തുടര്‍ന്നും വിശ്വസിച്ച് ഗോവസൂരി പ്രയോഗത്തെ ആളുകള്‍ തിരസ്കരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ആരെങ്കിലും ബാക്കി കാണുമായിരുന്നോ ?
എത്രയെത്ര വിശ്വാസങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചു ! ഇല്ലെന്ന് പറയാന്‍ പറ്റുമോ ? അതൊന്നും സ്വമേധയാ ഉപേക്ഷിച്ചതല്ല . ചിന്തിക്കുന്നവര്‍ ഓരോ വിശ്വാസങ്ങളിലേയും പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി . ആദ്യമാദ്യം എതിര്‍ത്തു . പിന്നീട് ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ എത്രയോ വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞു . വിശ്വസിക്കുന്നു എന്നത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു മാനസികവ്യാപാരമാണെന്ന് ധരിക്കരുത് .
വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെ വിശ്വാസങ്ങള്‍ക്കെതിരെ സത്യങ്ങളും പ്രചരിപ്പിക്കാമെന്ന് അംഗീകരിക്കണം . വിശ്വാസങ്ങള്‍ എത്ര പൊള്ളയാണെന്നും നിരര്‍ത്ഥകമാണെന്നും ചിരിച്ചു കൊണ്ട് ചൂല്‍ വഴിപാടിനെപ്പറ്റി കാന്താരിക്കുട്ടി പറഞ്ഞല്ലോ . ഭക്തിയും വിശ്വാസവും വഴിപാടും ഒക്കെ തികച്ചും വ്യക്തിപരം തന്നെ . എന്നാല്‍ അതൊക്കെ നടുത്തെരുവില്‍ എത്തുമ്പോള്‍ വിമര്‍ശന വിധേയമാകും . അതില്‍ അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമല്ല. അപ്പോള്‍ മറ്റ് ആചാരങ്ങളെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നത് ശരിയല്ല . ഒരു പ്രത്യേക സംഗതിയെ വിമര്‍ശിക്കുമ്പോള്‍ സമാനമായ മറ്റെല്ലാറ്റിനേയും വിമര്‍ശിച്ചതിന് ശേഷം മാത്രമേയാകാവൂ എന്നത് പ്രായോഗികമല്ല്ലല്ലോ .
നിലവിലുള്ള പല വിശ്വാസങ്ങളും മനുഷ്യന്റെ സാമാന്യ യുക്തിയെ കൊഞ്ഞനം കുത്തുന്നതാണ് . അതൊക്കെ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും . ഇന്നുള്ള വിശ്വാസങ്ങള്‍ പലതും കാലാന്തരത്തില്‍ കൊഴിഞ്ഞു പോവുക തന്നെ ചെയ്യും .
ഞാന്‍ ഒന്ന് ചോദിക്കട്ടെ : ഈ വിശ്വസിക്കുന്നത് സത്യം തന്നെയാവണ്ടേ ? വിശ്വസിച്ചു പോയി എന്നതിന്റെ പേരില്‍ എന്ത് അസംബന്ധങ്ങളും തുടര്‍ന്നും വിശ്വസിക്കണോ ? കുറഞ്ഞ പക്ഷം ഈ വിശ്വാസങ്ങള്‍ ശരിയാണോ എന്ന് ഒന്ന് ആലോചിച്ചു കൂടേ ? മുന്‍പൊക്കെ ചത്തു പോയ ആളുകളുടെ പ്രേതങ്ങള്‍ ജീവിക്കുന്നവരുടെ ശരീരത്തില്‍ പ്രവേശിച്ച് പല വിക്രിയകളും ചെയ്യുന്നത് നാട്ടില്‍ പതിവായിരുന്നു . ആ പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ നാട്ടില്‍ ധാരാളം മന്ത്രവാദികളുമുണ്ടായിരുന്നു . പ്രേതാവാശേത്തില്‍ എല്ലാവര്‍ക്കും വിശ്വാസമായിരുന്നു . ഇന്നോ ? അന്ന് പ്രേതം (പേന കൂടല്‍ എന്ന് എന്റെ നാട്ടില്‍ )കൂടുക എന്ന വിശ്വാസത്തെ എതിര്‍ത്തവരെ കുറ്റം പറയാമോ ?
മനുഷ്യനില്‍ അന്തര്‍ലീനമായ ഭയങ്ങള്‍ നിമിത്തം പല വിശ്വാസങ്ങള്‍ക്കും ഓരോ കാലത്തും ആളുകള്‍ വശംവദരാകുന്നു . അതിനെയൊന്നും എതിര്‍ക്കരുത് എന്ന് പറയരുത് . ഈ ലോകത്ത് വിശ്വസിക്കുക എന്ന ശീലം ഉള്ളവര്‍ മാത്രമായിരുന്നു ഒന്നൊഴിയാതെ എങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് കാന്താരിക്കുട്ടി ഒന്ന് ആലോചിച്ചു നോക്കൂ .....
1 comment:
ഇതു ഭക്തിയാകാം.ഭ്രാന്താകാം.
ജനാധിപത്യം, ആള്‍ക്കൂട്ടാ ആയി രൂപാന്തരം പ്രാപിക്കുന്ന വ്യവസ്ഥിതിയിലേ ഈ ഭ്രാന്തിനു മറ്റു പല ഭ്രാന്തുകളുമായി (പൊളിറ്റിക്കല്‍) താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു കൊച്ചു വട്ടു കേസു പോലും ആകുന്നില്ല.
Post a Comment